Saturday, January 6, 2024

മോദിയുടെ ഗ്യാരന്റി’ ജലരേഖ: താങ്ങുവിലയില്ല, വരുമാനം ഇരട്ടിയായില്ല

മോദിയുടെ ഗ്യാരന്റി’ ജലരേഖയായി മാറിയ അനുഭവമാണ്‌ രാജ്യത്തെ കർഷകർക്ക്‌. സ്വാമിനാഥൻ കമീഷൻ ശുപാർശ പ്രകാരമുള്ള മിനിമം താങ്ങുവില (എംഎസ്‌പി) വാഗ്‌ദാനം ചെയ്‌താണ്‌ 2014ൽ ബിജെപിയും നരേന്ദ്ര മോദിയും വോട്ട്‌ പിടിച്ചത്‌. എന്നാൽ, അധികാരത്തിൽ എത്തിയപ്പോൾ കമീഷൻ ഫോർമുല പ്രകാരമുള്ള എംഎസ്‌പി പ്രായോഗികമല്ലെന്ന നിലപാടാണ്‌ കൃഷിമന്ത്രാലയം സ്വീകരിച്ചത്‌. 2015–-18 കാലത്ത്‌ മഹാരാഷ്‌ട്ര, രാജസ്ഥാൻ, മധ്യപ്രദേശ്‌, ഉത്തർപ്രദേശ്‌, പഞ്ചാബ്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷക പ്രക്ഷോഭങ്ങൾ ഉയർന്നുവന്നു. 2017 ജൂണിൽ മധ്യപ്രദേശിലെ മന്ദ്‌സോറിൽ പൊലീസ്‌ വെടിവയ്‌പിൽ അഞ്ച്‌ കർഷകർ കൊല്ലപ്പെട്ടു.

കൃഷിഭൂമി കോർപറേറ്റുകൾക്ക്‌ അടിയറവയ്‌ക്കാനുള്ള നിയമഭേദഗതിയും മോദി സർക്കാർ കൊണ്ടുവന്നു. 2015ലെ പുതുവർഷദിനത്തിൽ ഇറക്കിയ ഭൂമി ഏറ്റെടുക്കൽ നിയമഭേദഗതി ഓർഡിനൻസിനെതിരെ രാജ്യമെമ്പാടും കർഷകരോഷം അലയടിച്ചു. 2015ലെ ബിഹാർ, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെട്ടതോടെ ഇത്‌ പിൻവലിച്ചു. 
അഞ്ചു വർഷത്തിനകം രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന്‌ 2016ലെ കേന്ദ്ര ബജറ്റിന്റെ തലേന്ന്‌ മോദി പ്രഖ്യാപിച്ചു. 2016–-17 മുതൽ 2022–-23 വരെ പദ്ധതി നടപ്പാക്കാൻ അശോക്‌ ദൽവായ്‌ കമ്മിറ്റിയെയും നിയോഗിച്ചു. 2015–-16 അടിസ്ഥാന വർഷമായും നിശ്ചയിച്ചു. 
ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ റിപ്പോർട്ട്‌ പ്രകാരം 2015–-16ൽ കർഷക കുടുംബങ്ങളിലെ ശരാശരി വാർഷിക വരുമാനം 96,703 രൂപയായിരുന്നു. 2022–-23ൽ വരുമാനം 2,71,378 രൂപയാക്കാനും (പണപ്പെരുപ്പംകൂടി പരിഗണിച്ച്‌) തീരുമാനിച്ചു. എന്നാൽ, 2021ലെ റിപ്പോർട്ട്‌ പ്രകാരം ശരാശരി വാർഷിക വരുമാനം 1,22,616 രൂപ മാത്രമാണ്‌. വളം, വിത്ത്‌ വിലവർധന, വൈദ്യുതിനിരക്ക്‌ വർധന എന്നിവ കാരണം കൃഷിച്ചെലവ്‌ ഉയരുന്നതിനാൽ വരുമാനം ഇടിയുകയാണ്‌. 

No comments:

Post a Comment