Wednesday, January 17, 2024

കേരളത്തിന്റെ വികസന
സാധ്യതകൾ, വെല്ലുവിളികൾ ജയൻ ജോസ് തോമസ്

കേരളത്തിന്റെ വികസന സാധ്യതകൾക്ക് ഒരു വെല്ലുവിളിയായി ഉയർന്നുകൊണ്ടിരിക്കുകയാണ് സംസ്ഥാനം നേരിടുന്ന ധനപ്രതിസന്ധി. ഒരു വശത്ത്, സർക്കാർ നടത്തിപ്പുകളുടെ ധാരാളിത്തമാണ് പ്രതിസന്ധിക്കു കാരണമെന്ന്‌ വിമർശകർ ആരോപിക്കുമ്പോൾ, കേന്ദ്രനയങ്ങളാണ്‌ പ്രശ്‌നമെന്ന്‌ സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഒന്ന് ആലോചിച്ചാൽ, കേരളം നേരിടുന്ന അതേ പ്രശ്നങ്ങൾതന്നെയാണ് ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും സാമ്പത്തികമായി നേരിടുന്നത്. അടിസ്ഥാനപരമായി ഈ പ്രശ്നങ്ങളുടെ എല്ലാം കാരണം "സാമ്പത്തിക അസന്തുലിതാവസ്ഥ' യാണ്; അതായത് ഭൂരിഭാഗം നികുതികളും ഉയർത്താനുള്ള അധികാരം കേന്ദ്ര സർക്കാരിന്റെ പരിധിയിലായിരിക്കുമ്പോഴും ചെലവിന്റെ വലിയൊരു ഭാഗം സംസ്ഥാന സർക്കാരുകളാണ് വഹിക്കുന്നത്. സംസ്ഥാന ചരക്കു സേവന നികുതി (എസ്ജിഎസ്ടി) ഒഴിച്ചു നിർത്തിയാൽ, സംസ്ഥാനങ്ങളുടെ പ്രധാന വരുമാനസ്രോതസ്സുകൾ ഇവയെല്ലാമാണ്: വസ്തു ഇടപാടുകളുടെയും വാഹനങ്ങളുടെയും സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും; മദ്യംപോലുള്ള ഏതാനും ഉൽപ്പന്നങ്ങളുടെ വിൽപ്പന നികുതിയും എക്സൈസ് തീരുവയും; പിന്നെ ഖനന പാട്ടം, ലോട്ടറി മുതലായവയിൽനിന്നുള്ള വരുമാനവും. വരുമാനത്തിന് പുറത്തുവരുന്ന അധികച്ചെലവുകളുടെ ഒരു ഭാഗം കേന്ദ്ര സർക്കാരിൽനിന്നുള്ള സാമ്പത്തിക കൈമാറ്റങ്ങൾ, ഗ്രാന്റുകൾ, വായ്പകൾ എന്നിവയിലൂടെയും മറ്റൊരു ഭാഗം കടം എടുക്കുന്നതും വഴിയാണ് സംസ്ഥാനങ്ങൾ മറികടക്കുന്നത്. ധന കമീഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിലവിൽ കേന്ദ്രം സമാഹരിക്കുന്ന നികുതിയുടെ വിഹിതം സംസ്ഥാനങ്ങൾക്ക് കൈമാറുന്നത്. നേരത്തേ സംസ്ഥാനങ്ങൾക്ക് സ്വതന്ത്രമായി നികുതി നിരക്കുകൾ നിശ്ചയിക്കാമായിരുന്നെങ്കിലും, ഏകീകൃത നികുതി നിരക്കുകൾ നിലവിൽ വന്നതോടെ, പ്രധാനമായും 2017 മുതലുള്ള ജിഎസ്ടിയോടെ അത് അവസാനിച്ചു. ദുർബലപ്പെടുന്ന സാമ്പത്തിക സ്വയംഭരണാധികാരം നിലവിൽ കേന്ദ്ര പദ്ധതികളുടെ (സിഎസ്‌എസ്) 40 ശതമാനം സംസ്ഥാനങ്ങൾ വഹിക്കണം. അല്ലാത്ത പക്ഷം ഈ സ്കീമുകൾക്കായി അനുവദിച്ച ഫണ്ടുകൾ മൊത്തത്തിൽ നഷ്‌ടപ്പെടും. ഇതിലെ മറ്റൊരു വാസ്തവം എന്താണെന്നു വച്ചാൽ സിഎസ്‌എസിനു കീഴിലുള്ള പല പദ്ധതികളും സംസ്ഥാനങ്ങളുടെ വ്യത്യസ്തമായ വികസന രൂപരേഖകൾക്ക് അനുയോജ്യമായിരിക്കില്ല. മാത്രമല്ല, സിഎസ്‌എസ് പ്രയോജനപ്പെടുത്തുന്നതിന് നിർദേശിച്ചിട്ടുള്ള ചില മാനദണ്ഡങ്ങളോട് സംസ്ഥാനങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളതുമാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി കേന്ദ്ര സർക്കാർ പിരിച്ചെടുക്കുന്ന നികുതികളിലെ സർചാർജുകളുടെയും സെസുകളുടെയും വിഹിതത്തിൽ വർധനയുണ്ടായിട്ടുണ്ടെങ്കിലും, അവ സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതില്ല. ഇവയെല്ലാം സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണത്തെ ദുർബലപ്പെടുത്തുകയാണ് ചെയ്തത്. 2021–-- 22 സാമ്പത്തിക വർഷത്തിൽ, എസ്‌ജിഎസ്‌ടി, വിൽപ്പന നികുതി, ലോട്ടറി എന്നിവയിൽ നിന്നെല്ലാമായി കേരളം 68,800 കോടി രൂപയുടെ വരുമാനം സ്വയം സമാഹരിച്ചു. റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം വരുമാന സമാഹരണ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. അതോടൊപ്പംതന്നെ ആളോഹരി അടിസ്ഥാനത്തിൽ സർക്കാർ പണം ഏറ്റവും കൂടുതൽ ചെലവഴിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നുമാണ് കേരളം. വികസന പ്രവർത്തനങ്ങൾക്കായി കേരളത്തിലെ പ്രതിശീർഷ റവന്യു ചെലവുകൾ (ദൈനംദിന പ്രവർത്തനങ്ങൾക്ക്) എല്ലാ സംസ്ഥാനങ്ങളുടെയും ശരാശരിയേക്കാൾ 1.3 മടങ്ങ് കൂടുതലാണ്. ഇതിൽ ആരോഗ്യത്തിന്റെ കാര്യത്തിൽ 1.9 മടങ്ങും സാമൂഹ്യക്ഷേമത്തിൽ 3.7 മടങ്ങും. സാമൂഹ്യ സേവനങ്ങൾക്കായിമാത്രം കേരളത്തിന്റെ റവന്യു ചെലവുകൾ 50,700 കോടി വരും. ഇത് സംസ്ഥാനം സ്വന്തമായി സമാഹരിച്ച എല്ലാ വരുമാനത്തിന്റെയും ഏകദേശം നാലിൽ മൂന്ന് ഭാഗം വരും (എല്ലാ കണക്കുകളും 2021–--22 പ്രകാരം). പത്താം ധന കമീഷന്റെ കാലയളവിൽ (1995 മുതൽ 2000 വരെ) കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ നികുതിയിൽ കേരളത്തിന്റെ വിഹിതം 3.88 ശതമാനം ആയിരുന്നുവെങ്കിൽ അത് 15–--ാം ധന കമീഷന്റെ കാലയളവിൽ (2021 മുതൽ 2026 വരെ) 1.93 ശതമാനമായി കുറഞ്ഞു. ജനസംഖ്യാടിസ്ഥാനത്തിൽ കേരളത്തിന്‌ ലഭിക്കേണ്ട വിഹിതത്തേക്കാൾ കുറവാണിത്‌. 2021-ൽ ഇന്ത്യൻ ജനസംഖ്യയനുസരിച്ചുള്ള അനുപാതം 2.6 ശതമാനമായിരുന്നു. മതിയായ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാത്തത് കേരളത്തിന്റെ വളർച്ചാ സാധ്യതകളെ പ്രതികൂലമായി ബാധിക്കുകയാണ്‌. വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടനയായി ഉയർന്നുവരാനുള്ള കേരളത്തിന്റെ സാധ്യതകൾ സാക്ഷാൽക്കരിക്കണമെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ മുതലായവയിൽ വലിയ നിക്ഷേപം ആവശ്യമാണ്. ഈ മേഖലയിൽ മൂലധന ചെലവ് വർധിപ്പിക്കേണ്ടതുണ്ട്‌. സംസ്ഥാനത്തിന്റെ റവന്യു ചെലവിന്റെ 48.8 ശതമാനം സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനും വേണ്ടി ചെലവഴിക്കേണ്ടതുണ്ട്‌. ഇതുസംബന്ധിച്ച് പല ചർച്ചകളും ധാരാളം ഭിന്നാഭിപ്രായങ്ങളും ഉയർന്നു വന്നിട്ടുണ്ട്. കേരളത്തിൽ ഏതാണ്ട് 5,26,000 സർക്കാർ ജീവനക്കാരുണ്ട്, അവരിൽ പകുതിയും വിദ്യാഭ്യാസ മേഖലയിലോ ആരോഗ്യമേഖലയിലോ ജോലി ചെയ്യുന്നവരാണ്. മറ്റൊരു പ്രധാന കാര്യം കേരളത്തിലെ സർക്കാർ ജീവനക്കാരിൽ പകുതിയും സ്ത്രീകളാണ് എന്നുള്ളതാണ്. അതേസമയം, ദേശീയ ശരാശരി നോക്കിയാൽ സർക്കാർ ജീവനക്കാരിൽ ആറിൽ ഒന്നേ വനിതകൾ ഉള്ളൂ എന്ന് ഓർക്കണം. കേരളത്തിന്റെ സാമൂഹ്യനേട്ടങ്ങളുടെ ഒരു പ്രധാന മൂലശക്തി ഇവിടത്തെ പൊതുമേഖലയിലുള്ള ജീവനക്കാരും അവരുടെ ഇടപെടലുകളുമാണ്. എന്നാൽ, ഇനി വരുന്ന കാലത്ത്, സർക്കാരിന് കൂടുതൽ ആവശ്യംവരിക ധാരാളം പ്രൊഫഷണലുകളും അനലിസ്റ്റുകളും അടങ്ങിയ ഒരു തൊഴിൽസേനയെയാണ്. കേരളത്തിൽ വിദ്യാഭ്യാസത്തിനായി അനുവദിക്കുന്ന തുകയുടെ നാലിലൊന്നു മാത്രമാണ് ഉന്നത വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നത്. ഉയർന്ന നിലവാരമുള്ള, ഉന്നത വിദ്യാഭ്യാസത്തിനുള്ള ആവശ്യക്കാരുടെ എണ്ണവും സ്കൂളിൽ പോകുന്ന കുട്ടികളുടെ എണ്ണവും കണക്കിലെടുത്ത്‌ നിലവിലുള്ള സാമ്പത്തിക വിഭജനം പുനക്രമീകരിക്കേണ്ടിയിരിക്കുന്നു. ജനങ്ങളിൽനിന്ന് കടം എടുക്കുക ഭാവി കേരളത്തിനായി പുതിയ സാമ്പത്തികസ്രോതസ്സുകൾ തേടേണ്ടിയിരിക്കുന്നു. അതിനുള്ള ഒരു മാർഗം ജനങ്ങളിൽനിന്ന്‌ കടം എടുക്കുന്നതാണ്. ഇതിന്റെ ആദ്യ പടി എന്നോണം സംസ്ഥാനത്തിനകത്തുള്ള സമ്പാദ്യങ്ങൾ സമാഹരിക്കണം. നിലവിൽ മലയാളികൾ തങ്ങളുടെ സമ്പാദ്യങ്ങൾ ചെലവഴിക്കുന്നത് ആഡംബര വീടുകളിലും വാഹനങ്ങളിലും ആഭരണങ്ങളിലുമാണ്. ഈ സ്ഥിതി മാറിയേ തീരൂ. വാണിജ്യ, സഹകരണ ബാങ്കുകളോടൊപ്പം കിഫ്‌ബിയുടെ സഹായവും സമ്പാദ്യ സമാഹരണത്തിനായി ഉപയോഗപ്പെടുത്താം. എന്നിരുന്നാലും, സർക്കാരിന്റെ കടമെടുത്തുള്ള ചെലവുകൾ എല്ലായ്‌പ്പോഴും അപകടകരമാണെന്ന പൊതുബോധമാണ് പുരോഗതിക്കു തടസ്സമായി നിൽക്കുന്നത്. സംസ്ഥാനത്തിന്റെ കടബാധ്യത (എസ്ഡിപിയുടെ 38.6 ശതമാനം) ഉയർന്നതാണെന്ന് പറഞ്ഞ്‌ കൂടുതൽ വായ്പകൾ തേടാനുള്ള കേരളത്തിന്റെ പദ്ധതികൾ കേന്ദ്രം നിരസിക്കുകയാണ്‌. എന്നാൽ, കേരളത്തിന്റെ വികസന സാധ്യതകൾ പരിഗണിക്കുമ്പോൾ കടമെടുത്ത് നടപ്പാക്കുന്ന സർക്കാർ പദ്ധതികൾകൊണ്ട് പുതിയ വരുമാനവും ജോലികളും സൃഷ്ടിക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ, കടമെടുത്ത് നടത്തുന്ന വികസനപ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള ആശങ്കകൾ ഒരു പരിധിവരെ അനാവശ്യമാണ്. പുതിയ ജോലികളും സാമ്പത്തിക പ്രവർത്തനങ്ങളും പുതിയ സമ്പാദ്യങ്ങൾക്കു വഴിതെളിക്കും. കടം വീട്ടാൻ അത് ധാരാളം മതിയാകും. ആശങ്കകൾ ഒഴിവാക്കാൻ സംസ്ഥാന സർക്കാർതന്നെ മുൻകൈ എടുത്ത് കേരളത്തിന്റെ ഭാവി സമ്പദ്ഘടനയെക്കുറിച്ചുള്ള ഒരു വിശദമായ രൂപരേഖ തയ്യാറാക്കേണ്ടത് അനിവാര്യമാണ്. (‘ദ ഹിന്ദു’ വിനോട്‌ കടപ്പാട്‌. പരിഭാഷ: ജേക്കബ് ജോഷി) (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹിയിലെ ഇക്കണോമിക്സ് പ്രൊഫസറാണ്‌ ലേഖകൻ)

No comments:

Post a Comment