Wednesday, January 17, 2024

സംസ്ഥാനത്തിന്റെ ചെലവ്‌ 
336 കോടി: മന്ത്രി ജി ആർ അനിൽ

നീല, വെള്ള കാർഡ് ഉടമകൾക്ക്‌ നൽകേണ്ട ഭക്ഷ്യധാന്യങ്ങളുടെ വിലയിനത്തിൽ മാസം 28 കോടിയുടെ ബാധ്യത സംസ്ഥാന സർക്കാർ വഹിക്കുകയാണെന്ന്‌ മന്ത്രി ജി ആർ അനിൽ പറഞ്ഞു. വർഷം 336 കോടി രൂപയാണ്‌ ഇങ്ങനെ ചെലവഴിക്കുന്നത്‌. ഈ പ്രയാസമുണ്ടാക്കിയത്‌ കോൺഗ്രസ്‌ നേതൃത്വം നൽകിയ രണ്ടാം യുപിഎ സർക്കാരാണ്‌. സാർവത്രിക റേഷൻ നിർത്തലാക്കിയതിന്റെ ദുരിതമാണിത്‌. ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം അനുവദിക്കുന്ന 10.25 മെട്രിക് ടണ്ണും മുൻഗണനേതര വിഭാഗങ്ങൾക്കായുള്ള സംസ്ഥാന പദ്ധതിപ്രകാരമുള്ള നാല്‌ ലക്ഷം ടൺ മെട്രിക് ടൺ ഭക്ഷ്യ ധാന്യങ്ങളുമാണ്‌ പൊതുവിതരണ സംവിധാനം വഴി നൽകുന്നത്. ഇതിൽ മുൻഗണനാ കാർഡുകൾക്കുള്ള ഭക്ഷ്യധാന്യ വിതരണത്തിനാണ്‌ കേന്ദ്ര സർക്കാരിൽനിന്ന്‌ സാമ്പത്തിക സഹായം. 57 ശതമാനം വരുന്ന മുൻഗണനേതര കാർഡുകാർക്ക്‌ റേഷൻ വിതരണത്തിനായുള്ള ചെലവുകൾ പൂർണമായി സംസ്ഥാനമാണ്‌ വഹിക്കുന്നത്‌. ഒരു ക്വിന്റൽ ധാന്യം റേഷൻകടകളിൽ വാതിൽപ്പടിയായി എത്തിക്കാൻ ചരക്കുനീക്ക–-കൈകാര്യചെലവിനായി കേന്ദ്രം നിശ്ചയിച്ചത്‌ 65 രൂപയാണ്‌. ഇതിൽ 32.50 രൂപ മാത്രമാണ്‌ കേന്ദ്രം അനുവദിക്കുന്നത്‌. അതേസമയം സംസ്ഥാനത്ത്‌ ഉണ്ടാകുന്ന യഥാർഥ ചെലവ്‌ 145 രൂപയാണ്‌. ബാക്കി വരുന്ന 112.50 രൂപയും സംസ്ഥാനം ചെലവഴിക്കുന്നു. ഇത്‌ ഒരു ക്വിന്റൽ അരിയുടെ കണക്കാണെന്നും മന്ത്രി വ്യക്തമാക്കി. റേഷൻ ഭക്ഷ്യധാനങ്ങളുടെ ട്രാൻസ്‌പോർട്ടഷൻ ചെലവായി മാസം 16 കോടി വേണ്ടിവരുമ്പോൾ കേന്ദ്രം നൽകുന്നത്‌ 2.7 കോടിമാത്രം. ഇതിന്‌ പുറമേ ഗോഡൗൺ വാടക, ജീവനക്കാരുടെ ശമ്പളം, അനുബന്ധ ചെലവുകൾക്കായി 21 കോടി രൂപയും സംസ്ഥാനം ചെലവഴിക്കുന്നു. വർഷത്തിൽ 252 കോടിയാണ്‌ ഇങ്ങനെയുള്ള ചെലവ്‌. ഇതിൽ 32.4 കോടിയാണ്‌ കേന്ദ്രവിഹിതം. റേഷൻ വ്യാപാരികൾക്ക്‌ കമീഷൻ ഇനത്തിൽ മാസം 27 കോടി രൂപ നൽകുമ്പോൾ കേന്ദ്രം നൽകുന്നത്‌ 4.5 കോടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment