Thursday, January 4, 2024

മന്നത്ത് പത്മനാഭനും ആനന്ദതീർഥനും.© പ്രൊഫ. വി കാർത്തികേയൻ നായർ


സ്വന്തം സമുദായത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനപ്പുറം അവകാശങ്ങൾ നിഷേധിക്കപ്പെട്ടവർക്കു വേണ്ടി നിലകൊള്ളുകയും പ്രവർത്തിക്കുകയും ചെയ്ത രണ്ട് മഹത് വ്യക്തികളാണ് മന്നത്ത്‌ പത്‌മനാഭനും സ്വാമി ആനന്ദതീർഥനും. ഇരുവരുടെയും ജന്മദിനമാണ് ജനുവരി 2. മന്നത്തിനേക്കാൾ (1878–-1970) ഇരുപത്തേഴു വയസ്സിനിളയതാണ് ആനന്ദതീർഥൻ (1905–-1987). എന്നാൽ, അവരുടെ ലക്ഷ്യത്തിനും പ്രവർത്തനത്തിനും അന്തരമില്ല.

തലശേരിയിലെ ഒരു ഗൗഡ സാരസ്വത കുടുംബത്തിൽ പിറന്ന ആനന്ദഷേണായിയാണ് ഗാന്ധിമാർഗം സ്വീകരിച്ച് ആനന്ദതീർഥനായത്. ജാതി വെളിപ്പെടുത്താൻ വിസമ്മതിച്ച്‌, ഗുരുവായൂരമ്പലത്തിലെ കുളത്തിലിറങ്ങി കുളിച്ചതിനാൽ സവർണ ഗുണ്ടകൾ അദ്ദേഹത്തെ മർദിക്കുകയുണ്ടായി. അത് ഗുരുവായൂരിൽ ക്ഷേത്രപ്രവേശനം അനുവദിക്കുന്നതിനു മുമ്പുള്ള കഥ. എന്നാൽ, സ്വാതന്ത്ര്യലബ്ധിക്കും ഇന്ത്യൻ  ഭരണഘടന നിലവിൽ വന്നതിനും ശേഷം ഗുരുവായൂരിലെ ഊട്ടുപുരയിൽ താഴ്ന്ന ജാതിയിൽപ്പെട്ടവർക്കും ഭക്ഷണം നൽകണമെന്നാവശ്യപ്പെട്ടു കൊണ്ട് സത്യഗ്രഹം നടത്തിയതിനാൽ 1982ൽ അദ്ദേഹത്തിന് വീണ്ടും മർദനമേൽക്കേണ്ടി വന്നു. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയാലും ഇല്ലേലും സവർണബോധവും അയിത്തവും മാറില്ലെന്ന സത്യം ഇപ്പോഴും നിലനിൽക്കുന്നു. ഗാന്ധിയൻ മാർഗത്തിലൂടെ അയിത്താചരണവും വിവേചനവും അവസാനിപ്പിക്കാമെന്ന അടിയുറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. ഉപ്പു സത്യഗ്രഹത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിക്കുകയും ചെയ്തു. അദ്ദേഹം സ്ഥാപിച്ച  ‘ജാതിനാശിനി’ സഭയിലൂടെ മിശ്രവിവാഹവും മിശ്രഭോജനവും പ്രോത്സാഹിപ്പിച്ചു. ഇവ രണ്ടും അയിത്തോച്ചാടനത്തിന്റെ മുന്നുപാധിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ കേരളത്തിൽ ഉദയം ചെയ്ത മധ്യവർഗ ബുദ്ധിജീവികളാണ് സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിനും കൊളോണിയൽ വിരുദ്ധ സ്വാതന്ത്ര്യസമരത്തിനും ജന്മിവിരുദ്ധ കർഷകസമരങ്ങൾക്കും നേതൃത്വം കൊടുത്തത്. സന്യാസിശ്രേഷ്ഠരായ ചട്ടമ്പിസ്വാമിയുടെയും ശ്രീനാരായണഗുരുവിന്റെയും പ്രബോധനങ്ങൾ ജനമധ്യത്തിലെത്തിച്ചതും ഇവർ തന്നെയാണ്.

ജാതി ജന്മി നാടുവാഴി വ്യവസ്ഥയുടെ ഉൽപ്പന്നമായ അയിത്തം സമൂഹത്തിന്റെ പൊതു ശത്രുവാണെന്നും അതിനെ ആട്ടിയോടിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നുമാണ് ഇവർ പ്രഖ്യാപിച്ചത്. ബ്രാഹ്മണൻ നായർക്കും നായർ ഈഴവർക്കും ഈഴവർ പുലയർക്കും അയിത്തം കൽപ്പിച്ചിരുന്ന സമൂഹത്തിൽ ഒരു പൊതു ഇടത്തിന്റെ നിർമിതിക്ക് വിഘാതമായി നിൽക്കുന്നത് അയിത്തമാണെന്നും അതിനെ ഉൻമൂലനം ചെയ്യണമെന്നുമായിരുന്നു മന്നത്ത് പത്‌മനാഭൻ ആഹ്വാനം ചെയ്തത്. സ്വന്തം കുടുംബ ക്ഷേത്രത്തിൽ പുലയ വിഭാഗത്തിൽപ്പെട്ടയാളെ കയറ്റിയതും അമ്മ വിളമ്പിയ ചോറ് പുലയ വിഭാഗക്കാരനുമൊത്ത് കഴിച്ചതും വ്യക്തിപരമായി അദ്ദേഹത്തിന്റെ ഉൽപ്പതിഷ്ണത്വത്തിന്റെ തെളിവാണെങ്കിലും സ്വസമുദായത്തിൽപ്പെട്ട മറ്റുള്ളവർക്ക് അത്തരമൊരു മനോഭാവമില്ലായിരുന്നു. അവരുടെ മനോഭാവത്തിൽ മാറ്റം വരുത്തുകയെന്നതിനർഥം അവർണജനങ്ങളുടെ അവകാശം അംഗീകരിക്കുകയെന്നതാണ്. സ്വസമുദായം അനുഭവിച്ചിരുന്ന എല്ലാ അവകാശങ്ങളും സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങൾക്കും ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള സമരത്തിന്റെ മുന്നണിപ്പോരാളിയായതു കൊണ്ടാണ് മന്നത്ത് പത്‌മനാഭനും ആനന്ദതീർഥനും നവോത്ഥാന നായകരാകുന്നത്.
സ്വസമുദായം അനുഭവിച്ചിരുന്നതും അവർണർക്ക് നിഷേധിച്ചിരുന്നതുമായ രണ്ടവകാശങ്ങളാണ് സഞ്ചാര സ്വാതന്ത്ര്യവും ക്ഷേത്ര പ്രവേശനവും. ജാതി–-മത വ്യത്യാസമില്ലാതെ എല്ലാവർക്കും രാജവീഥികളിലൂടെ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുന്ന 1865ലെ രാജകീയ വിളംബരമുണ്ടായിരുന്നിട്ടും സവർണർ അതനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് 1893ൽ അയ്യൻകാളി വില്ലുവണ്ടി യാത്ര നടത്തിയത്. എന്നിട്ടും പ്രയോജനം കിട്ടാത്തതു കൊണ്ടാണ് മൂന്നു പതിറ്റാണ്ടിനു ശേഷം വൈക്കം സത്യഗ്രഹം സംഘടിപ്പിച്ചത്. മഹാത്മാഗാന്ധിയും ഇ വി രാമസ്വാമി നായ്ക്കരും പഞ്ചാബിലെ അകാലികളും ശ്രീനാരായണഗുരുവും അയ്യൻകാളിയും കെ പി കേശവമേനോനും കേളപ്പനും മന്നവും ടി കെ മാധവനും വേലുക്കുട്ടി അരയനും ഏക മനസ്സോടെ നടത്തിയ സമരമായിരുന്നു വൈക്കം സത്യഗ്രഹം. സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നതിന് സർക്കാരും സവർണരും തടസ്സം പറഞ്ഞത് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിലായിരുന്നു. വിശ്വാസത്തെയും ആചാരത്തെയും മുറുകെപ്പിടിച്ചത് സവർണരായിരുന്നു. സവർണരിലെ മനോഭാവത്തിൽ മാറ്റം വരുത്തുന്നതിനും ഭൂരിപക്ഷം പേരും അയിത്താചാരണത്തിന് എതിരാണെന്ന് തെളിയിക്കുന്നതിനും വേണ്ടിയായിരുന്നു മന്നത്തിന്റെ നേതൃത്വത്തിൽ സവർണജാഥ സംഘടിപ്പിച്ചത്. വൈക്കത്തു നിന്ന് ആരംഭിക്കുമ്പോൾ നൂറു പേരുണ്ടായിരുന്ന ജാഥ തിരുവനന്തപുരത്ത് ശംഖുംമുഖത്ത് അവസാനിക്കുമ്പോൾ ഇരുപതിനായിരം പേരായി വളർന്നിരുന്നു.ബഹുജന ജാഥയ്‌ക്ക് സമൂഹത്തിന്റെ മനോഭാവത്തിൽ എന്തു മാറ്റം വരുത്താൻ കഴിയുമെന്ന് കാണിച്ചു കൊടുത്തതായിരുന്നു സവർണജാഥ. കേരളത്തിലെന്നു മാത്രമല്ല, ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ബഹുജന ജാഥ സംഘടിപ്പിക്കപ്പെടുന്നത്

ജാതിവ്യവസ്ഥയുടെ സത്ത അയിത്തമാണെന്ന് കണ്ടെത്തുകയും അതിനെ ഉൻമൂലനം ചെയ്യുകയാണ് ലക്ഷ്യമെന്നു പ്രഖ്യാപിച്ചതും മന്നമായിരുന്നു. വൈക്കം സത്യഗ്രഹം അവസാനിപ്പിച്ചതിനു ശേഷം 1925 നവംബർ 27ന് ബോട്ടുജട്ടിയിൽ ചേർന്ന ഒരു പൊതുയോഗത്തിൽ അദ്ദേഹം ചെയ്ത പ്രസംഗം അയിത്തോച്ചാടനത്തിന്റെ മാനിഫെസ്റ്റോ ആയിരുന്നു. പ്രസംഗത്തിൽനിന്ന്: ‘എന്തിനാണ് സത്യഗ്രഹം തുടങ്ങിയത്. വഴി നടക്കാനല്ല. അയിത്തം നശിക്കാനാണ്. അയിത്തം നശിച്ചിട്ടില്ല. വഴികളെല്ലാം തുറന്നു കിട്ടി. അയിത്തം വീണ്ടും ഉണ്ടെന്ന് ഗവൺമെന്റ് സമ്മതിക്കുന്നു. അയിത്തം മതിലിനകത്ത് ഒളിച്ചിരിക്കുന്നു. അവിടെ ചെന്ന് പിടികൂടണം. ക്ഷേത്രത്തിൽ കടക്കുക തന്നെ വേണം. ഓടിക്കടക്കാൻ ശ്രമിക്കരുത്. സമാധാനപരമായി പ്രവർത്തിക്കണം.’
വൈക്കം സത്യഗ്രഹം സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി മാത്രമല്ല, അയിത്തോച്ചാടനത്തിനു വേണ്ടിയുള്ളതാണെന്നതു പോലെതന്നെ ക്ഷേത്ര പ്രവേശനം ആരാധനയ്‌ക്കു വേണ്ടി മാത്രമല്ല, അയിത്തോച്ചാടനത്തിനു കൂടിയുള്ളതാണെന്നുമുള്ള പ്രഖ്യാപനമാണ് മന്നത്തിനെ ആചാര്യ പദവിയിലേക്ക് ഉയർത്തുന്നത്. ഈ പ്രഖ്യാപനമാണ് ആറു വർഷത്തിനു ശേഷം ക്ഷേത്ര പ്രവേശനത്തിനു വേണ്ടിയുള്ള ഗുരുവായൂർ സത്യഗ്രഹത്തിലേക്കു നയിച്ചത്. വൈക്കം സത്യഗ്രഹ നേതാക്കൾ തന്നെയാണ് ഗുരുവായൂർ സത്യഗ്രഹ നായകരെന്നതും യാദൃച്ഛികമല്ല.
നമ്പൂതിരി സമുദായത്തിനകത്തെ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി വി ടി ഭട്ടതിരിപ്പാട് നടത്തിയ സമരത്തിനു സമാനമാണ് നായർ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി മന്നം നടത്തിയ സമരവും. തറവാട്ടു കാരണവൻമാരുടെ ആഢ്യത്വം നിലനിർത്താൻ വേണ്ടി സമ്മന്തമെന്ന പേരിൽ നമ്പൂതിരിമാർക്ക് നായർ സ്ത്രീകളെ ദാനം ചെയ്യുന്ന സമ്പ്രദായത്തി എതിരെയുള്ള ഗർജനമാണ് ‘കണ്ടവന്റെ മക്കൾക്ക് ചോറു കൊടുക്കുന്ന ഏർപ്പാടാണ് മരുമക്കത്തായം’ എന്ന വാചകത്തിൽ മുഴങ്ങുന്നത്. പണ്ടാരപ്പാട്ട വിളംബരത്തിലൂടെ കൈവശ ഭൂമിയിൽ ഉടമസ്ഥാവകാശവും പിന്തുടർച്ചാവകാശവും ലഭിച്ച നായരായ പാട്ടക്കുടിയാന്മാരുടെ മക്കളും അനന്തരവന്മാരും തമ്മിലുള്ള വർഗസമരത്തിന്റെ വിജയമാണ് മരുമക്കത്തായം അവസാനിപ്പിച്ചു കൊണ്ടുള്ള 1925ലെ നായർ റെഗുലേഷൻ. പിതൃസ്വത്തിൽ മക്കൾക്ക് അവകാശം വേണമെന്ന എൻഎസ്എസിന്റെ ആവശ്യമാണ് നായർ സ്ത്രീകളെ സംബന്ധം ചെയ്യുന്നതിൽ നിന്ന് നമ്പൂതിരിമാരെ പിന്തിരിപ്പിക്കാൻ ഇടയാക്കിയത്. ഈ രണ്ട് കാര്യത്തിലൂടെ സംഭവിച്ചത് നായർ സ്ത്രീകളുടെ അവകാശസംരക്ഷണവും സ്വാതന്ത്ര്യവുമാണ്. അതോടു കൂടി സംബന്ധമെന്ന ഏർപ്പാട് അവസാനിച്ചെന്ന കാര്യം വസ്തുതയാണ്.
മാറുമറയ്ക്കാതെ വേണം സ്ത്രീയും പുരുഷനും ക്ഷേത്രങ്ങളിൽ പ്രവേശിക്കേണ്ടതെന്ന ആചാരത്തെ മന്നം പരസ്യമായി വെല്ലുവിളിച്ചു. ‘നായർ സ്ത്രീകളെ മാറു മറയ്ക്കാതെ കാണാൻ ആഗ്രഹിക്കുന്ന ഒരു ദേവൻ അമ്പലത്തിലിരിപ്പുണ്ടോ. നമ്മുടെ വംശത്തിന്റെ മാന സംരക്ഷണത്തിനു വേണ്ടി ഇതിനെ ഉടനെ ധ്വംസിക്കേണ്ടതാണ്. ഇതിന് കഴിയുന്നില്ലെങ്കിൽ സഹോദരിമാർ ക്ഷേത്രത്തോട് നിസ്സഹകരിക്കണം’  സ്ത്രീയുടെ സ്വാതന്ത്ര്യവും മാനവും കാത്തു സൂക്ഷിക്കാൻ ആവശ്യമാണെങ്കിൽ ദേവാലയ ബഹിഷ്കരണമാകാമെന്ന പ്രഖ്യാപനം നടത്താൻ മന്നത്തിനല്ലാതെ മറ്റാർക്കാണ് കഴിയുക.

കേരളത്തിലെ രണ്ട് പ്രബല സമുദായങ്ങളായ നായൻമാരും ഈഴവരും തമ്മിൽ പലേടത്തും ലഹളകൾ നടന്നിരുന്നു. കലാപത്തിന്റെ ഫലമായി മർദനമേൽക്കേണ്ടിവരുന്നത് സാധുക്കളാണേലും അതിനു കാരണമാകുന്നത് ഇരു വിഭാഗത്തിലെയും പ്രമാണിമാരുടെ സ്വാർഥതാൽപ്പര്യമാണ്. ഇത് അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് എസ്എൻഡിപി യോഗം നേതാവും കോൺഗ്രസുകാരനുമായിരുന്ന ആർ ശങ്കറുമായി സഹകരിച്ചു കൊണ്ട് മന്നത്ത് പത്‌മനാഭൻ ഹിന്ദു മഹാമണ്ഡലം രൂപീകരിച്ചത്. തൽഫലമായി ലഹളകൾ അവസാനിപ്പിക്കാൻ സാധിച്ചു. എന്നു മാത്രമല്ല 1949ൽ തിരുക്കൊച്ചി സംയോജനത്തെ തുടർന്ന് രൂപീകൃതമായ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധ്യക്ഷനായി മന്നവും അംഗമായി ആർ ശങ്കറും ഉത്തരവാദിത്വം  ഏറ്റെടുത്തതോടെ അണികൾ തമ്മിലുള്ള കലഹം അനാവശ്യമാണെന്ന ബോധ്യം എല്ലാവരിലുമുണ്ടായി. സ്വാതന്ത്ര്യലബ്ധിയെ തുടർന്ന് രാഷ്ട്രീയ സാഹചര്യം മാറുകയും ഭരണഘടന നിലവിൽ വരികയും ചെയ്തതോടു കൂടി സാമുദായിക സംഘടനകൾ രൂപീകരിച്ച കാലഘട്ടത്തിൽ നിന്ന്‌ വ്യത്യസ്തമായ അന്തരീക്ഷം  ഉണ്ടാവുകയാൽ വ്യത്യസ്ത ജാതികളിൽപ്പെട്ടവർ തമ്മിലടിക്കേണ്ട കാര്യമില്ലെന്ന് എല്ലാവർക്കും മനസ്സിലാകുകയും ചെയ്തു.
മന്നത്ത്‌ പത്‌മനാഭനും സ്വാമി ആനന്ദതീർഥനും വ്യത്യസ്ത മാർഗത്തിലൂടെ ആണെങ്കിലും അവർണരുടെയും അവശരുടെയും പ്രശ്നങ്ങൾ പരിഹരിക്കാനാണ് യത്നിച്ചത്. തങ്ങൾക്കു ലഭ്യമായ അവകാശങ്ങൾ സമൂഹത്തിലെ മുഴുവൻ ജനങ്ങൾക്കും ലഭിക്കണമെന്ന ജനാധിപത്യ ബോധവും സമത്വ ബോധവുമാണ് ഇവരെ വ്യത്യസ്തരായ പരിഷ്കർത്താക്കളാക്കുന്നത്. അതു കൊണ്ടാണ് ഇവർ വർത്തമാനകാലത്തും പ്രസക്തരാകുന്നത്.

No comments:

Post a Comment