Saturday, January 6, 2024

അയോദ്ധ്യാ രാമക്ഷേത്രം കെ.കെ.മുഹമ്മദിന്റെ വാദം തെറ്റ്© പ്രമോദ് രാമൻ

ഇന്നലെ അയോധ്യയുമായി ബന്ധപ്പെട്ട് എഴുതിയ പോസ്റ്റിന്റെ കമന്റിൽ ആണ് കെ.കെ.മുഹമ്മദ് അവിടെ നടത്തിയ പുരാവസ്തു ഗവേഷണത്തെക്കുറിച്ചു പറയുന്ന വീഡിയോ കണ്ടത്. മാതൃഭൂമി ന്യൂസ് സംപ്രേഷണം ചെയ്ത വിഡിയോ ആണ് അതെന്നാണ് മനസ്സിലാകുന്നത്. പലരും ആ വാദങ്ങൾക്ക് മറുപടി ഉണ്ടോ എന്ന് ചോദിച്ചു. അറിവിൽ പെടുന്ന കാര്യങ്ങൾ സൂചിപ്പിക്കാം.

കെ.കെ.മുഹമ്മദ്‌ അയോധ്യയിൽ ഖനനം നടത്തിയ സ്വതന്ത്ര പുരാവസ്തു ഗവേഷകൻ അല്ല. ബി.ബി.ലാലിന്റെ  (ബ്രാജ് ബാസി ലാൽ ) അസിസ്റ്റന്റ് ആയിട്ടാണ് പ്രവർത്തിച്ചത്. അദ്ദേഹം തന്നെ ആ വിഡിയോയിൽ അത് പറയുന്നുണ്ട്.

അങ്ങനെയെങ്കിൽ പരിശോധിക്കേണ്ടത് ആരാണ് ബി.ബി.ലാൽ എന്നും എന്താണ് അദ്ദേഹം ചെയ്തത് എന്നുമാണ്.

ബി.ബി.ലാൽ ആർക്കിയയോളജിയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഇല്ലാത്ത ആളാണ്. സംസ്‌കൃതത്തിൽ ആണ് എം.എ. പിന്നീട് പ്രശസ്ത ആർക്കിയോളജിസ്റ്റ് മോർട്ടിമർ വീലറുടെ കീഴിൽ ട്രെയിനി ആയിക്കൊണ്ട് 1943ലാണ് ലാൽ ആർക്കിയോളജിയിലേക്ക് വരുന്നത്. 1950നും 52നും ഇടയ്ക്ക് മഹാഭാരതത്തിൽ പറയുന്ന പല സ്ഥലങ്ങളിലും ബി.ബി.ലാൽ ഖനനത്തിന് നേതൃത്വം നൽകി. 1975ൽ അതേ മാതൃകയിൽ രാമായണത്തിൽ പറയുന്ന സ്ഥലങ്ങളിലും പുരാവസ്തു ഖനനത്തിന് പദ്ധതി തയാറാക്കി. അപ്പോഴേക്കും ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ (എ.എസ്.ഐ)യുടെ ഡയറക്ടർ ജനറൽ സ്ഥാനത്ത് നിന്ന് മാറിക്കഴിഞ്ഞിരുന്നു. എന്നിട്ടും എ.എസ്.ഐയും ജിവാജി സർവകലാശാലയും യു.പി. സർക്കാരിന്റെ പുരാവസ്തു വകുപ്പും ആണ് അത് ഫണ്ട് ചെയ്തത്. 1975 മാർച്ച്‌ 31നു പദ്ധതി ഉദ്ഘാടനം ചെയ്തു. അയോധ്യ, ഭരദ്വാജ് ആശ്രമം, നന്ദിഗ്രാം, ചിത്രകൂട്, ശൃംഗവേരപുര എന്നിവിടങ്ങളിൽ ആയിരുന്നു ഖനനം. അതേവർഷം ഈ ഖനനത്തിന്റെ പുരോഗതിയെക്കുറിച്ച് ബി.ബി.ലാൽ ഇങ്ങനെ എഴുതി : " ഇതുവരെ നടത്തിയ ഖനനത്തിൽ അയോധ്യ ക്രിസ്തുവിന് മുൻപ് എട്ടാം നൂറ്റാണ്ടിനുമുൻപ് നിലവിൽ ഉണ്ടായിരുന്നതായി സൂചനയില്ല". ഇവിടെ നിന്ന് നാണയങ്ങളും പാത്രങ്ങളും കണ്ടുകിട്ടിയെങ്കിലും ഒരുവിധത്തിലും ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കിട്ടിയതായി ഈ പ്രാഥമിക പ്രബന്ധത്തിൽ ലാൽ പറയുന്നില്ല. 1979-80 സമയത്ത് പ്രസിദ്ധീകരിച്ച പ്രാഥമിക റിപ്പോർട്ടിലും അതില്ല. 

എന്നാൽ 1990 ഒക്ടോബറിൽ എഴുതിയ (കാലവും രാഷ്ട്രീയവും മാറിയത് ശ്രദ്ധിക്കുമല്ലോ) ലേഖനത്തിൽ ആണ് കെ.കെ.മുഹമ്മദ്‌ ആ വിഡിയോയിൽ പറഞ്ഞ സിദ്ധാന്തം ബി.ബി.ലാൽ അവതരിപ്പിച്ചത്. ആർ.എസ്.എസ്. ബന്ധമുള്ള 'മന്ഥൻ' എന്ന പ്രസിദ്ധീകരണത്തിൽ ആണ് ഈ ലേഖനം വന്നത്. ക്ഷേത്രത്തിന്റേതിന് സമാനമായ തൂണുകളുടെ അവശിഷ്ടങ്ങൾ കിട്ടി എന്നായിരുന്നു വാദം. അപ്പോഴും അതൊരു ആധികാരിക ഗവേഷണ പ്രബന്ധമായിരുന്നില്ല. വിശദമായ പ്രതിപാദ്യം ഇല്ലാതെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ ആർക്കിയോളജി എന്നല്ല ഒരു ശാസ്ത്രശാഖയും ആധികാരികമായി അംഗീകരിക്കാറില്ല. 2008ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിലും ഇത് ആവർത്തിച്ചു. അപ്പോഴേക്കും അവകാശവാദങ്ങൾ കുറേക്കൂടി ശക്തമായി. വിഗ്രഹത്തിന്റെ കഷണങ്ങൾ കിട്ടി എന്നൊക്കെയായി. അതിങ്ങനെ ഓരോ ലേഖനങ്ങളിലും അഭിമുഖങ്ങളിലുമായി വളർന്നു കൊണ്ടിരുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ രൂപമാണ് കെ.കെ.മുഹമ്മദിന്റെ വാദങ്ങൾ. 

വാദങ്ങൾ ഇങ്ങനെ ശക്തിപ്പെടാൻ കാരണമുണ്ട്. ക്ഷേത്രത്തിന്റെ തൂണുകൾ  കിട്ടിയെന്നും ചുമരുകളിൽ ഹൈന്ദവ വിശ്വാസത്തെ ധ്വനിപ്പിക്കുന്ന ശില്പമാതൃകകൾ കണ്ടുവെന്നും മറ്റുമുള്ള കണ്ടെത്തലുകൾ മതേതര ചരിത്രകാരരും പുരാവസ്തു ഗവേഷകരും യുക്തിഭദ്രമായി ചോദ്യം ചെയ്തിരുന്നു. 16-ആം നൂറ്റാണ്ടിൽ മാത്രമല്ല മധ്യകാലഘട്ടത്തിൽ ഉടനീളം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പള്ളികളിലും ഇതര മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലും ഹൈന്ദവഭാവമുള്ള ശില്പങ്ങൾ കാണുന്നത് സാധാരണമാണ് എന്നവർ ചൂണ്ടിക്കാട്ടി. ബുദ്ധിസ്റ്റ്, ജൈന, ശൈവ ആരാധനാലയങ്ങളിലും അവ കാണാം. അവ രാമനുമായോ വിഷ്ണുവുമായോ ബന്ധപ്പെട്ടത് ആണെന്നതിന് ഒരു തെളിവുമില്ല. പേർഷ്യൻ ശില്പമാതൃകകൾ ഇന്ത്യയിൽ പ്രചാരം നേടുന്നത് ഇതിനെല്ലാം ശേഷമാണ് എന്നതുകൊണ്ട്, അക്കാലത്ത് സൗന്ദര്യശാസ്‌ത്രപരമായും ഇത്തരം സെമി ഹൈന്ദവ ശില്പരൂപങ്ങൾ മുസ്ലിം ശിൽപകലയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതിൽ അസാധാരണമായി ഒന്നുമില്ല.

ഉദാഹരണത്തിന്, ഇതോടൊപ്പം ചേർത്തിട്ടുള്ള രണ്ട് ചിത്രങ്ങൾ നോക്കുക. ഫൈസബാദിലെ ഒരു ക്ഷേത്രത്തിലെയും മുസ്ലിം പുരോഹിതനായിരുന്ന മൂസ ആഷിക്കാന്റെ ശവകുടിരത്തിന്റെ അടിഭാഗത്തെയും തൂണുകൾ ആണിവ. 
ബാബരി മസ്ജിദിൽ നിന്ന് കിട്ടിയെന്ന് പറയുന്ന ഹൈന്ദവ തൂൺ മാതൃകകൾ ഇതുപോലെ ഉള്ളതാണ്. (ചിത്രങ്ങൾ ചരിത്രകാരനായ സുശീൽ ശ്രീവാസ്തവയുടെ ശേഖരത്തിൽ നിന്ന് ).

ബി. ബി. ലാലിന്റെ വാദങ്ങൾ ചോദ്യം ചെയ്ത് രണ്ടു ലേഖനങ്ങൾ ആണ് മുന്നിൽ ഉള്ളത്. ഒന്ന്, കുരുക്ഷേത്ര സർവകലാശാലയിലെ പുരാവസ്തുവിഭാഗം പ്രഫസറായിരുന്ന ഡോ.സൂരജ് ഭാൻ എഴുതിയത്. മറ്റൊന്ന്,
ജെ.എൻ.യുവിലെ സെന്റർ ഫോർ ഹിസ്റ്ററിക്കൽ സ്റ്റഡീസിലെ പ്രഫസർ ആയിരുന്ന ആർ.ചമ്പകലക്ഷ്മി എഴുതിയത്. ഡോ. സൂരജ് ഭാൻ എഴുതുന്നു: "ബാബരി മസ്ജിദിന്റെ മതിൽക്കെട്ടിന് പുറത്ത് കുഴിച്ച കിടങ്ങുകളിൽ നിന്ന് ലഭിച്ച, ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടമെന്ന് അവകാശപ്പെടുന്ന,  ഇഷ്ടിക തൂണുകൾക്ക് ബാബരി മസ്ജിദിന്റെ നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ള കൽത്തൂണുകളുമായി സ്ട്രേറ്റിഗ്രാഫിക്കൽ (ശിലാപാളീ ബന്ധം) സ്ഥാപിക്കപ്പെട്ടിട്ടില്ല.  അവ പതിനൊന്നാം നൂറ്റാണ്ടിൽ (രാമക്ഷേത്രം നിലവിൽ വന്നുവെന്ന് അവകാശപ്പെടുന്ന കാലം) പലേടത്തായി നിലവിൽ ഉണ്ടായിരുന്ന കെട്ടിടങ്ങളുമായി ബന്ധമുണ്ടാകാം എന്നല്ലാതെ. അവ ഒരേ കെട്ടിടത്തിന്റെ തുടർച്ചയാണെന്ന് സ്ഥാപിക്കാൻ ഉള്ള തെളിവുകൾ അല്ല ഇവ."

അയോധ്യയിൽ അധിവാസം ആരംഭിക്കുന്നത്  ക്രിസ്തുവിന് മുൻപ് ഏഴാം നൂറ്റാണ്ടിൽ ആണെന്നാണ് ബി.ബി.ലാലിന്റെ തന്നെ കണ്ടെത്തൽ. പട്ടണം എന്ന നിലയ്ക്കുള്ള വികസനം നടക്കുന്നത് ആറാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ ആണ്. പുരാവസ്തുപരമായി നോർത്തേൻ ബ്ളാക്ക് പോളിഷ്ഡ് വെയർ ശില്പഘടനകൾ ആണ് അന്ന് നിലവിലിരുന്നത്. വാല്മീകി രാമായണത്തിൽ പറയുന്നതിനേക്കാൾ ലളിതവും കാലക്രമത്തിൽ മുൻപുള്ളതും ആണ് ഈ ശില്പഘടനകൾ. അതിനാൽ തന്നെ വാല്മീകിയുടെ അയോധ്യ ഇപ്പോഴത്തെ അയോധ്യ തന്നെ ആവണമെന്നില്ല എന്ന് ചൂണ്ടിക്കാട്ടുന്നു ചരിത്രകാരൻ ഡോ.കെ.എൻ.പണിക്കർ. ബി.സി. അഞ്ചാം നൂറ്റാണ്ടിന് ശേഷമുള്ള രാജാക്കന്മാരുടെ വിവരങ്ങൾ ചരിത്രം രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. ദശരഥൻ, രാമൻ എന്നീ പേരുകൾ അതിലില്ല. അതായത്, രാമായണത്തിൽ പറഞ്ഞതെല്ലാം നടന്നതാണെങ്കിൽ അത് അഞ്ചാം നൂറ്റാണ്ടിന് മുൻപ് ആകണം. എന്നാൽ ബി.ബി.ലാലിന്റെ ഗവേഷണ ഫലം അനുസരിച്ച് അതിന് സാധ്യതയുമില്ലെന്ന് കെ.എൻ.പണിക്കർ ചൂണ്ടിക്കാട്ടുന്നു.

കെ.കെ.മുഹമ്മദ്‌ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് മറുവശത്ത് ഇത്രയും കാര്യങ്ങൾ ഉണ്ട്. മുഹമ്മദിന്റെ വാദങ്ങൾ ഇത്രയും ചോദ്യം ചെയ്യപ്പെടുന്നുണ്ട് എന്നിരിക്കെ, മാതൃഭൂമി ന്യൂസ് എങ്ങനെയാണ് അത് ഏകപക്ഷീയമായി സംപ്രേഷണം ചെയ്തത് എന്ന് മനസ്സിലാകുന്നില്ല.

(തുടരേണ്ടി വരും )

No comments:

Post a Comment