Sunday, February 5, 2012

പുരോഹിതരെ ഊരിയ വാള്‍ ഉറയിലിടൂ!

യേശു  ക്രിസ്തു വിപ്ലവകാരി ആയിരുന്നു എന്ന സി പി ഐ ( എം ) പ്രസ്താവനക്ക് എതിരായി ഒരു സംഘം ക്രൈസ്തവ മത പുരോഹിതന്മാരും കൂട്ടാളികളും ഉയര്‍ത്തുന്ന വിമര്‍ശനം തികച്ചും ഖേദകരം ആണ്.സി.പി ഐ.(എം)-നു സംഭവിച്ച അപചയത്തില്‍ നിന്നും രക്ഷ പെടുവാന്‍ അവര്‍ സൃഷ്ടിച്ച പുതിയ നയം മാറ്റം ആയും ചിലര്‍ ഇതിനെ കാണുന്നു.കുരുടര്‍ ആനയെ കാണുന്നത് പോലെ ആണ്  ഈ പ്രശ്നത്തെ വിമര്‍ശകര്‍ കാണുന്നത് എന്നതാണ് യഥാര്‍ത്ഥ്യം. അരനൂറ്റാണ്ട് മുന്‍പ്  പ്രസിദ്ധ മാര്‍ക്സിസ്റ്റ്‌  ചിന്തകനായ കെ ദാമോദരന്‍ രചിച്ച ,പ്രഭാത്‌ ബുക്ക്‌ പ്രസിദ്ധീകരണം ആയ "ക്രിസ്തുമതവും കമ്മ്യൂണിസവും"എന്ന ലഘു ഗ്രന്ഥത്തില്‍ ആദിമ ക്രൈസ്തവ സഭയും കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രവും ആയുള്ള സാദൃശ്യം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.റോമന്‍ കത്തോലിക്ക സഭക്ക് മൃഗീയ ഭൂരിപക്ഷം ഉള്ള യൂരോപ്പിലാണ് കമ്മ്യൂണിസ്റ്റ്  പ്രത്യയശാസ്ത്രം പിറന്നു വീണത്‌ എന്നത് നാം  മറക്കരുത്.എന്തു കൊണ്ടാണ്   റോമന്‍ കത്തോലിക്ക സഭക്ക് മൃഗീയ ഭൂരിപക്ഷം ഉള്ള ലാറ്റിന്‍ അമേരിക്കന്‍  രാജ്യങ്ങളില്‍ മാര്‍ക്സിസ്റ്റ്‌ പ്രത്യയ ശാസ്ത്രത്തിനു കൂടുതല്‍ സ്വീകാര്യത ഉണ്ടാകുന്നതും, ഒന്നിന് പുറകെ ഒന്നായി മാര്‍ക്സിസ്റ്റ്‌ സര്‍ക്കാരുകള്‍ അധികാരത്തില്‍ എത്തുന്നതും എന്നതിന് ഈ വിമര്‍ശകര്‍ മറുപടി പറയുമോ?   ക്രിസ്തു ദൈവപുത്രന്‍ എന്ന് അവകാശപ്പെട്ടിരുന്നത് പോലെ തന്നെ താന്‍ മനുഷ്യപുത്രന്‍ ആകുന്നു എന്ന്  എത്രയോ പ്രാവശ്യം പ്രസ്താവിച്ചിട്ടുണ്ട് എന്നത് നാം വിസ്മരിക്കരുത്.മനുഷ്യപുത്രന്‍ എന്നനിലയിലുള്ള ക്രിസ്തുവിന്റെ സന്ദേശങ്ങളെ സംബോധന ചെയ്യുവാനുള്ള അവകാശം തങ്ങള്‍ക്കു മാത്രമേ ഉള്ളൂ എന്ന ആത്മീയ വാദികളുടെ നിലപാട്  ശുദ്ധ ഫാസിസം ആണ്.ക്രിസ്തു ആരുടേയും സ്വകാര്യ സ്വത്തല്ല  എന്നത് ആരും മറക്കരുത്. ആദ്യത്തെ മൂന്നു പൊതു സുന്നഹദോസുകള്‍ തൊട്ടു ഇങ്ങോട്ട് ക്രിസ്തുവിന്റെ സ്വഭാവവും, സന്ദേശങ്ങളും സംബന്ധിച്ച് എത്രയോ വ്യത്യസ്തമായ ചിന്താധാരകളാണ്  ക്രൈസ്തവരുടെ ഇടയില്‍ നിലനില്‍ക്കുന്നത് എന്നത്  നാം മറക്കരുത്. വിശ്വ വിശ്രുതനായ ഡോ: പൗലോസ്‌ മോര്‍ ഗ്രീഗോറിയോസ്,തൃശൂര്‍ കല്‍ദായ സഭയുടെ ബിഷപ്പ്   പൗലോസ്‌ മോര്‍ പൗലോസ്‌, മുന്‍ ലോക ക്രൈസ്തവ സഭ കൌണ്‍സില്‍ അധ്യക്ഷന്‍ ഡോ :എം എം തോമസ്‌  എന്നിവര്‍ ക്രൈസ്തവ ദൈവശാസ്ത്രം സംബന്ധിച്ച്  പരമ്പരാഗത ചിന്തകളില്‍ നിന്നും വേറിട്ട ചിന്തകളുടെ ഉടമകള്‍ ആയിരുന്നു എന്നത്  എങ്ങിനെ മറക്കാന്‍ കഴിയും.ഇവര്‍ മാര്‍ക്സിസ്റ്റ്‌  ചിന്തകരോടോത്തു   വേദികള്‍ പങ്കിടുവനും അര്‍ത്ഥപൂര്‍ണ്ണമായ സംവാദങ്ങളില്‍ കൂടി .യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തിയവരും ആയിരുന്നു.ഇന്ത്യയില്‍ ജനാധിപത്യം കശാപ്പു ചെയ്ത്‌ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഈ പുരോഹിത ശ്രേഷ്ടര്‍ ധീരതയോടു കൂടി ചെറുത്തു നിന്നപ്പോള്‍ ഔദ്യോദിക  മത നേതൃത്വങ്ങള്‍ കുംഭകര്‍ണ്ണനെ പോലെ ഉറങ്ങുക ആയിരുന്നു എന്നതല്ലേ ശരി.അക്കാമ്മ ചെറിയാനും ടി എം വര്‍ഗീസും ,കെ സി ജോര്‍ജും പി ടി പുന്നൂസും ഒക്കെ ദേശീയ സ്വാതന്ത്ര്യ വേദികളില്‍ ജ്വലിച്ചു നിന്നപ്പോള്‍ അന്നത്തെ ക്രൈസ്തവ മത പുരോഹിതന്മാര്‍ സര്‍ സി പി ക്ക്  സ്വര്‍ണ്ണ കാസെറ്റില്‍ മംഗല പത്രം സമര്‍പ്പിക്കുക ആയിരുന്നു. എന്ന ചരിത്ര സത്യം ആരും വിസ്മരിക്കരുത്. ഊരിയ വാള്‍ ഉറയിലിടുന്നതാണ് അഭിവന്ന്യ പുരോഹിത ശ്രേഷ്ടര്‍ക്ക് നല്ലത്

No comments:

Post a Comment