Friday, February 24, 2012

ഹൈക്കോടതിയില്‍ സര്‍ക്കാരിന് ഇരട്ടപ്രഹരം



മുന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചവരെ നിയമിക്കണം
കൊച്ചി: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ജൂഡീഷ്യല്‍ അംഗങ്ങളായി മുന്‍ സര്‍ക്കാര്‍ ശുപാര്‍ശചെയ്തവരുടെ നിയമനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ജൂഡീഷ്യല്‍ അംഗങ്ങളായി ഹൈക്കോടതി അഭിഭാഷകരായ അശോക് എം ചെറിയാന്‍ , പി വി ആശ എന്നിവരെ നിയമിക്കുന്നതിനുള്ള നടപടികള്‍ അവസാനിപ്പിച്ച സര്‍ക്കാര്‍ നിലപാട് ചോദ്യംചെയ്ത് എന്‍ജിഒ യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് കോടതി ഉത്തരവ്. സെലക്ഷന്‍ കമ്മിറ്റിയും ഗവര്‍ണറും നിയമനത്തിന് അംഗീകാരം നല്‍കിയിട്ടും നടപടികള്‍ പാതിവഴിയില്‍ അവസാനിപ്പിച്ച സര്‍ക്കാര്‍നടപടി രാഷ്ട്രീയപ്രേരിതവും ദുരുദ്ദേശ്യപരവുമാണെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. സെലക്ഷന്‍ കമ്മിറ്റിയുടെയും ഗവര്‍ണറുടെയും ഉത്തരവുകള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഭരണമാറ്റത്തെത്തുടര്‍ന്നാണ് നിലപാടുമാറ്റമെന്ന ആരോപണം ശരിയല്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞു. ജുഡീഷ്യറിയില്‍നിന്നുള്ളവരെ ജൂഡീഷ്യല്‍ അംഗങ്ങളായി നിയമിക്കുക എന്നതാണ് നയമെന്നും ഇത് നയപരമായ സര്‍ക്കാര്‍ തീരുമാനമാണെന്നും എജി വാദിച്ചു. എന്നാല്‍ , സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം പുനഃപരിശോധിക്കാനും നിയമനനടപടികള്‍ ഉപേക്ഷിക്കാനും നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ അംഗീകാരത്തോടെ ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് നല്‍കാനും കേന്ദ്രസര്‍ക്കാര്‍ നിയമന അംഗീകാരത്തിനായി ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനു സമര്‍പ്പിക്കണമെന്നും ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍നായരും പി എസ് ഗോപിനാഥനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. നിയമനത്തിനു ശുപാര്‍ശചെയ്യപ്പെട്ട പേരുകള്‍ ചീഫ് ജസ്റ്റിസ് അംഗീകരിക്കുകയാണെങ്കില്‍ നിയമന വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ചീഫ് ജസ്റ്റിസിന്റെ അംഗീകാരം രാഷ്ട്രപതിക്കു സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍നായര്‍ ട്രിബ്യൂണല്‍ ചെയര്‍മാനായി തുടരുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട ക്വോവാറന്റോ ഹര്‍ജികളും കോടതി തള്ളി.

പൊലീസ് നിഷ്ക്രിയം; കേന്ദ്രസേന വേണം
കൊച്ചി: വിളപ്പില്‍ശാല മാലിന്യപ്രശ്നത്തില്‍ കോടതിയുത്തരവ് നടപ്പാക്കുന്നതില്‍ പൊലീസ് നിഷ്ക്രിയമെന്ന് ഹൈക്കോടതി. പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് പൊലീസ്സംരക്ഷണം അനുവദിച്ചുള്ള കോടതി ഉത്തരവ് നടപ്പാക്കാന്‍ പൊലീസും സര്‍ക്കാരും കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി. ആരും നിയമവാഴ്ചയ്ക്ക് അതീതരല്ല. കേസില്‍ കേന്ദ്രസര്‍ക്കാരിനെയും സിആര്‍പിഎഫിനെയും കക്ഷിചേര്‍ക്കാന്‍ തിരുവനന്തപുരം നഗരസഭയോട് ആവശ്യപ്പെട്ട കോടതി, മാലിന്യപ്ലാന്റിന്റെ പ്രവര്‍ത്തനത്തിനു കേന്ദ്രസേനയെ നിയോഗിക്കുന്ന കാര്യം പരിശോധിക്കുമെന്നും വ്യക്തമാക്കി. പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് കൂടുതല്‍ പൊലീസിനെ നിയോഗിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പൊലീസ് സംരക്ഷണം അനുവദിച്ചിട്ടും ചവര്‍ലോറികള്‍ സമരസമിതിക്കാര്‍ തടഞ്ഞുവെന്നും റോഡില്‍ കുത്തിയിരുന്ന് സമരം നടത്തിയവരെ നീക്കാന്‍ പൊലീസ് നടപടിയെടുത്തില്ലെന്നും നഗരസഭ കോടതിയില്‍ അറിയിച്ചു. സമരത്തിന് നേതൃത്വംനല്‍കിയ പഞ്ചായത്ത് പ്രസിഡന്റ് ശോഭകുമാരിയെ അറസ്റ്റ്ചെയ്തതിനുശേഷം വിട്ടയച്ചു. കോടതിയുത്തരവ് കായികബലംകൊണ്ട് തടസ്സപ്പെടുത്തുകയാണ് സമരസമിതി ചെയ്തതെന്ന് നഗരസഭയുടെ അഭിഭാഷകന്‍ എന്‍ നന്ദകുമാരമേനോന്‍ പറഞ്ഞു. അതേസമയം, പൊലീസ്നടപടി സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. കേസ് അടുത്തയാഴ്ച പരിഗണിക്കും.

No comments:

Post a Comment