Monday, February 6, 2012

ക്രിസ്തുചിത്രത്തിന് കീഴിലിരുന്ന് കോഴ വാങ്ങുന്നവരാണ് മതനിന്ദകര്‍ : ജ.കെ ടി തോമസ്



കോട്ടയം: യേശുക്രിസ്തുവിന്റെ ചിത്രത്തിന് കീഴിലിരുന്ന് കോഴ വാങ്ങുന്നവരാണ് യഥാര്‍ഥ മതനിന്ദകരെന്ന് ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു. ക്രിസ്തുവിനെ സുരക്ഷിതസ്ഥാനത്ത് ഇരുത്തിയശേഷം നിയമനത്തിനും വിദ്യാര്‍ഥി പ്രവേശനത്തിനുമടക്കം കോഴ വാങ്ങുന്നവര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയപാര്‍ടിയെ വിമര്‍ശിക്കാന്‍ ധാര്‍മികാവകാശമില്ലെന്നും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അഴീക്കോട് അനുസ്മരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയപാര്‍ടി തങ്ങളുടെ ബോര്‍ഡില്‍ ക്രിസ്തുവിനെ ഉപയോഗിച്ചതിനെ മറ്റ് പാര്‍ടികള്‍ വിമര്‍ശിക്കുന്നത് മനസ്സിലാക്കാം. പക്ഷേ, മത നേതാക്കള്‍ എതിര്‍ക്കുന്നതെന്തിനെന്ന് മനസ്സിലാവുന്നില്ല. അന്ത്യഅത്താഴം മാത്രമല്ല രാമനും സീതയുമെല്ലാം പലതരത്തില്‍ കാര്‍ട്ടൂണുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിപിഐ എം സമ്മേളനത്തോടനുബന്ധിച്ച് ക്രിസ്തുവിന്റെ ചിത്രം വച്ചത് യേശു യഥാര്‍ഥ വിപ്ലവകാരിയായത് കൊണ്ടാണ്. ചിത്രം വച്ചതില്‍ തെറ്റില്ലെന്ന് ക്രിസോസ്റ്റം തിരുമേനി പറഞ്ഞിരുന്നു. ധീരമായ അഭിപ്രായമാണത്. അഴീക്കോട് മാഷുണ്ടായിരുന്നെങ്കില്‍ ആ നിലപാടിനൊപ്പം നിന്ന് പോരാടിയേനെയെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment