Tuesday, February 28, 2012

തെളിവ് നശിപ്പിക്കാന്‍ അവസരമൊരുക്കി; സര്‍ക്കാര്‍ ഇറ്റലിക്ക് കീഴടങ്ങി


M
തിരു: നിരായുധരായ രണ്ട് മത്സ്യത്തൊഴിലാളികളെ നിഷ്കരുണം വെടിവച്ചുകൊന്ന കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും പൊലീസും ഇന്ത്യന്‍ ശിക്ഷാനിയമം കാറ്റില്‍പ്പറത്തി ഇറ്റലിക്ക് കീഴടങ്ങി. ഇന്ത്യന്‍ നിയമപ്രകാരം എല്ലാ നടപടിയും പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിനു വിരുദ്ധമായാണ് പൊലീസിന്റെ ഓരോ നടപടിയുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കസ്റ്റഡിയിലെടുക്കാനും കപ്പലില്‍നിന്ന് തെളിവ് ശേഖരിക്കാനും ഇറ്റാലിയില്‍നിന്നുള്ള ഉന്നതസംഘം വരുന്നതുവരെ കാത്തുനിന്നത് തെളിവുകള്‍ തേച്ചുമാച്ചുകളയാന്‍ അവസരമൊരുക്കിയെന്ന് ആരോപണമുണ്ട്. അതുപോലെ, മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ബോട്ട് പരിശോധിക്കാന്‍ ഇറ്റാലിയന്‍ സംഘത്തെ അനുവദിച്ചത് പ്രതികള്‍ക്ക് അനുകൂലമായി തെളിവുകള്‍ സൃഷ്ടിക്കാന്‍ സാധ്യത ഒരുക്കി. ഇത് ഇന്ത്യന്‍ ശിക്ഷാനിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നു. കൊലക്കേസില്‍ ഉള്‍പ്പെടെ പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കുന്നത് തെളിവുകള്‍ നശിപ്പിക്കാതിരിക്കാനാണ്. പ്രതികള്‍ക്കോ ബന്ധുക്കള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ വാദിഭാഗത്തിന് എതിരായി തെളിവുകള്‍ സമാഹരിക്കാന്‍ അവകാശമില്ല. ഇങ്ങനെ തെളിവ് ശേഖരിക്കുന്നത് നിയമവിരുദ്ധമാണ്. ഇതിനാണ് പൊലീസ് കൂട്ടുനിന്നത്. ഫെബ്രുവരി 15നാണ് സംഭവം നടന്നത്. അന്നുതന്നെ കേസ് ഒതുക്കാന്‍ ഉന്നതങ്ങളില്‍ ശ്രമം തുടങ്ങിയിരുന്നെങ്കിലും ജനരോഷം ഭയന്ന് രണ്ട് സൈനികരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത് പൊലീസ് കസ്റ്റഡിയില്‍ വിട്ടെങ്കിലും പ്രതികള്‍ക്ക് വിഐപി പരിഗണനയാണ് ലഭിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയതോടൊപ്പം തെളിവുകള്‍ ശേഖരിക്കുന്നതിനുള്ള പരിശോധനാ വാറന്റിന് കോടതിയെ സമീപിക്കണമായിരുന്നു. എന്നാല്‍ , ഒരാഴ്ച കഴിഞ്ഞ് മാത്രമാണ് കോടതിയെ സമീപിച്ചത്. കോടതിയില്‍നിന്ന് വാറന്റ് കിട്ടിയിട്ടും പരിശോധനയ്ക്ക് ഇറ്റാലിയന്‍ സംഘം വരുന്നതുവരെ കാത്തുനിന്നു. പരിശോധന നടന്നത് സംഭവം നടന്ന് പത്ത് ദിവസം കഴിഞ്ഞ് മാത്രം. കപ്പല്‍ പരിശോധനയുടെ വിശദാംശങ്ങള്‍ ഇറ്റാലിയന്‍ സംഘത്തിന് പിന്നീട് നല്‍കിയാല്‍ മതിയായിരുന്നു. അതും വിചാരണക്കോടതി ആവശ്യപ്പെട്ടാല്‍ മാത്രമെന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ത്തന്നെ പറയുന്നു. വെടിയുതിര്‍ത്ത തോക്കുമായി ബന്ധപ്പെട്ട തെളിവുകള്‍ ദൃഢപ്പെടുത്താന്‍ രാസപരിശോധന അനിവാര്യമാണ്. ഇതിനായി തോക്കും അനുബന്ധസാമഗ്രികളും സംഭവം നടന്ന ഉടന്‍ കസ്റ്റഡിയിലെടുക്കേണ്ടതായിരുന്നു. ദിവസങ്ങള്‍ കാത്തിരുന്നത് രാസപരിശോധനാഫലം അട്ടിമറിക്കാന്‍ അവസരമായി. തോക്കില്‍നിന്ന് പുറന്തള്ളുന്ന വെടിമരുന്നിന്റെ അംശം നാവികര്‍ ധരിച്ച ജാക്കറ്റ് പരിശോധനയ്ക്ക് വിധേയമാക്കി തെളിയിക്കാന്‍ കഴിയും. പരിശോധന നീണ്ടത് ജാക്കറ്റിലെ വെടിമരുന്ന് അംശങ്ങള്‍ നീക്കാന്‍ അവസരം നല്‍കും. വൈകിയുള്ള പരിശോധനയുടെ ആധികാരികത ചോദ്യംചെയ്യാനും പ്രതികള്‍ക്ക് കഴിയും. കപ്പലില്‍ പൊലീസ് ഓരോ പരിശോധനയും നടത്തിയത് ഇറ്റാലിയന്‍ സംഘത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങിയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം തെളിവുകള്‍ ശേഖരിക്കാനുള്ള സ്വാതന്ത്ര്യം കേരള പൊലീസിന് ലഭിച്ചില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കടലിലെ അക്രമങ്ങള്‍ സംബന്ധിച്ച കേസുകള്‍ ഇരകളുടെ രാജ്യത്തെ നിയമമനുസരിച്ച് നടത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ വ്യക്തമായ പ്രമേയമുണ്ട്. ഇറ്റലിക്കാര്‍ അക്രമത്തിനിരയായപ്പോള്‍ ഉള്‍പ്പെടെ ഈ പ്രമേയപ്രകാരമാണ് കേസെടുത്തത്. ഈ പ്രമേയമനുസരിച്ച് ഇറ്റാലിയന്‍ സൈനികര്‍ക്കെതിരായ കേസും ഇന്ത്യന്‍ ശിക്ഷാനിയമനുസരിച്ച് തന്നെയാണ് നടത്തേണ്ടത്. ഇതു ലംഘിച്ചാണ് ഇറ്റലിക്ക് കീഴടങ്ങുന്നത്. തോക്കുകള്‍ പരിശോധനയ്ക്ക് കൈമാറി

No comments:

Post a Comment