Monday, May 30, 2011

ലോക്പാല്‍ പരിധിയില്‍ ഉന്നതര്‍ പാടില്ലെന്ന് കേന്ദ്രം


 ലോക്പാല്‍ ബില്‍ സംബന്ധിച്ച് അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൗരസമൂഹത്തിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ തള്ളി. ഇതോടെ ജൂണ്‍ 30നകം ബില്ലിന്റെ കരട് രൂപീകരിക്കുമെന്ന പ്രഖ്യാപനം നടക്കില്ലെന്ന് ഉറപ്പായി. പ്രധാനമന്ത്രി, ജുഡീഷ്യറിയിലെ ഉന്നതര്‍ , എംപിമാര്‍ എന്നിവരെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന പൗരസമൂഹത്തിന്റെ ആവശ്യമാണ് തിങ്കളാഴ്ചത്തെ യോഗത്തില്‍ സമിതി അംഗങ്ങളായ കേന്ദ്രമന്ത്രിമാര്‍ എതിര്‍ത്തത്. സര്‍ക്കാര്‍ അവതരിപ്പിച്ച കരട് ബില്ലില്‍പോലും പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ,അതില്‍നിന്നുപോലും കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോയെന്ന് യോഗശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട പൗരസമൂഹത്തിന്റെ പ്രതിനിധി അരവിന്ദ് കേജറിവാള്‍ പറഞ്ഞു. സര്‍ക്കാരുമായി അടിസ്ഥാനപരമായി വ്യത്യസ്ത വീക്ഷണമാണ് പൗരസമൂഹത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയെയും എംപിമാരെയും ജുഡീഷ്യറിയെയും പരിധിയില്‍ വരുത്താത്ത ലോക്പാല്‍ കൊണ്ട് പ്രയോജനമില്ലെന്ന് അണ്ണാ ഹസാരെ പറഞ്ഞു. സര്‍ക്കാര്‍ ഈ നയം തുടരുന്ന പക്ഷം സമിതിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് അഭിഭാഷകനായ ശാന്തിഭൂഷണ്‍ പറഞ്ഞു. പ്രധാനമന്ത്രിയെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ അദ്ദേഹത്തിന് പിന്നെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന വിചിത്ര വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. പ്രധാനമന്ത്രിക്കെതിരെയുള്ള ആരോപണത്തെക്കുറിച്ച് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന അണ്ണാ ഹസാരെയുടെയും മറ്റും ആവശ്യവും സര്‍ക്കാര്‍ തള്ളി. സിവിസിയും സിബിഐയും ലോക്പാലില്‍ ലയിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ തര്‍ക്കവിഷയങ്ങളെക്കുറിച്ച് രാഷ്ട്രീയ പാര്‍ടികളുടെ അഭിപ്രായം തേടുമെന്ന് യോഗത്തിനുശേഷം ടെലികോംമന്ത്രി കപില്‍ സിബല്‍ പറഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ത്തന്നെ ശക്തമായ ലോക്പാല്‍ ബില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തംഗ ലോക്പാല്‍ സമിതിയുടെ അടുത്ത യോഗം ജൂണ്‍ ആറിന് ചേരും. ധനമന്ത്രി പ്രണബ് മുഖര്‍ജി അധ്യക്ഷനായ യോഗത്തില്‍ സര്‍ക്കാരിനെ പ്രതിനിധാനംചെയ്ത് മന്ത്രിമാരായ പി ചിദംബരം, കപില്‍ സിബല്‍ , വീരപ്പമൊയ്ലി, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരും പൗരസമൂഹത്തെ പ്രതിനിധാനംചെയ്ത് അണ്ണാ ഹസാരെ, അരവിന്ദ് കേജ്റിവാള്‍ , ശാന്തിഭൂഷണ്‍ , പ്രശാന്ത്ഭൂഷണ്‍ , സന്തോഷ് ഹെഗ്ഡെ എന്നിവരും പങ്കെടുത്തു.

No comments:

Post a Comment