Tuesday, May 3, 2011

'വോട്ടിങ് നടന്നിരുന്നെങ്കില്‍ രാജ്യം നാണം കെട്ടേനെ'



തിരുവനന്തപുരം: സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോ സള്‍ഫാന്‍ വിഷയത്തില്‍ വോട്ടെടുപ്പ് നടന്നിരുന്നെങ്കില്‍ ഇന്ത്യ നാണം കെടുമായിരുന്നെന്ന് സംസ്ഥാന പ്രതിനിധികളായി കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ഡോ. മുഹമ്മദ് അശീലും ജയകുമാറും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കണ്‍വെന്‍ഷന്റെ ആദ്യ മൂന്ന് ദിവസങ്ങളിലും ശക്തമായ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടാണ് കേന്ദ്ര പ്രതിനിധികള്‍ സ്വീകരിച്ചത്. ഭൂരിഭാഗം രാഷ്ട്ര പ്രതിനിധികളും എന്‍ഡോസള്‍ഫാനെതിരാണെന്ന് ബോധ്യമായതോടെയാണ് ഇവര്‍ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതരായത്. ഇതോടെ രാജ്യത്തിന്റെ തല കുനിയാതെ സമന്വയത്തിലൂടെ യോഗ നടപടികള്‍ പൂര്‍ത്തിയാക്കാനായെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.
172 രാഷ്ട്രങ്ങളില്‍ 22 രാജ്യങ്ങളാണ് നിരോധത്തില്‍ ഇളവ് ആവശ്യപ്പെട്ടത്. നിയമ ബാധ്യതയുള്ള നിബന്ധനകളോടെയാണ് നിരോധം എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാക്കിയത്. ഏത് രാജ്യത്തിനും വിളകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ഇളവ് ആവശ്യപ്പെടാം. അഞ്ച് വര്‍ഷം കഴിഞ്ഞ് ഇളവ് നീട്ടാനും ആവശ്യപ്പെടാം. പക്ഷേ, ഇതിന്റെ കാരണം ഇതുസംബന്ധിച്ച കമ്മിറ്റിയെ ബോധ്യപ്പെടുത്തേണ്ടി വരും. എന്‍ഡോസള്‍ഫാന്‍ നിരോധിച്ച രാഷ്ട്രങ്ങളില്‍ ഇതിന് ബദലായി ഉപയോഗിക്കുന്ന കീടനാശിനികള്‍ പരിശോധിച്ച് അടുത്ത ഒക്‌ടോബറില്‍ കമ്മിറ്റി പട്ടിക തയാറാക്കും. എന്‍ഡോസള്‍ഫാന് പകരം കീടനാശിനി തയാറാക്കുന്നതിനുള്ള സാമ്പത്തിക ബാധ്യത കമ്മിറ്റി വഹിക്കാനും തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടന്ന ഉപവാസവും ഇന്റര്‍നെറ്റിലൂടെയും മാധ്യമങ്ങളിലൂടെയും നടന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രചാരണവും ലോകരാഷ്ട്രങ്ങളുടെ നിലപാട് അനുകൂലമാകാന്‍ സഹായിച്ചതായി ഡോ. മുഹമ്മദ് അശീല്‍, ജയകുമാര്‍ എന്നിവര്‍ വ്യക്തമാക്കി.


No comments:

Post a Comment