Thursday, May 26, 2011

സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കാന്‍ 10 കോടി രൂപ കോഴ


തിരു: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് പുന:സ്ഥാപിക്കാനുള്ള യുഡിഎഫ് സര്‍ക്കാറിന്റെ നീക്കത്തിനു പിന്നില്‍ സ്വകാര്യ പ്രാക്ടീസ് ലോബി വാഗ്ദാനം ചെയ്ത കോടികളുടെ കോഴ. നിരോധനം അട്ടിമറിക്കാന്‍ സ്വകാര്യ പ്രാക്ടീസ് ലോബി ഡോക്ടര്‍മാരില്‍ നിന്ന് പത്തു കോടി രൂപയാണ് സമാഹരിക്കുന്നത്. കേസ് നടത്തിപ്പിനെന്ന പേരില്‍ വലിയ പങ്ക് നേരത്തെ തന്നെ പിരിച്ചിട്ടുണ്ട്. കേസ് നടത്തിയും സമരം സംഘടിപ്പിച്ചും സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയും നിരോധനം പിന്‍വലിപ്പിക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കിയാണ് പണപ്പിരിവ് തുടങ്ങിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 1942 ഡോക്ടര്‍ തസ്തികയാണ് ഉള്ളത്. ഇതില്‍ ആയിരത്തോളം ഡോക്ടര്‍മാരില്‍ നിന്നാണ് പത്തു കോടി രൂപ സമാഹരിക്കുന്നത്. ഒരു ഡോക്ടര്‍ ഒരു ലക്ഷം രൂപ കൊടുത്താല്‍ തന്നെ പത്ത് കോടി രൂപയായി. പലരും അതിലും വലിയ തുക കൊടുക്കുകയോ വാഗ്ദാനം നല്‍കുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ , നിയമനടപടിയിലും സമരത്തിലും സമ്മര്‍ദതന്ത്രത്തിലുമെല്ലാം സംഘടന പരാജയപ്പെട്ടു. അതോടെ സംഘടന പിളര്‍ന്നു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഈ തുക ഉപയോഗിച്ച് സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കുമെന്ന് അന്ന് സംഘടനയുടെ തലപ്പത്തിരുന്ന ചിലര്‍ ഉറപ്പുനല്‍കിയിരുന്നു. നിരോധനം പിന്‍വലിക്കുമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് ആവര്‍ത്തിക്കുകയാണ്. നിരോധനത്തിലൂടെ രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ കിട്ടി തുടങ്ങിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സമയം അധ്യാപകരുടെ സേവനവും ലഭ്യമായി. ചികിത്സ-അക്കാദമിക് രംഗത്തെ ഈ നേട്ടം തകിടംമറിക്കുന്നതാണ് പുതിയ നീക്കം. രാജ്യത്തെ ആരോഗ്യ വിദ്യാഭ്യാസമേഖലയുടെ നിലവാരത്തകര്‍ച്ചയെ കുറിച്ചു നടത്തിയ മിക്ക പഠനവും എത്തിച്ചേര്‍ന്ന പ്രധാന നിഗമനത്തിലൊന്ന് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കണമെന്നാണ്. 1982ല്‍ പാര്‍ലമെന്റ് അംഗീകരിച്ച ആരോഗ്യ നയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് ഘട്ടംഘട്ടമായി അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍കൈയെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1996ല്‍ ടി എന്‍ ജയചന്ദ്രന്‍ കമീഷനും രണ്ടായിരത്തില്‍ പി രാജു എംഎല്‍എ ചെയര്‍മാനായുള്ള നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റിയും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സ്വകാര്യ പ്രാക്ടീസ് നിരോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. 2007ല്‍ ഡോ. ബി ഇക്ബാല്‍ കമ്മിറ്റിയും ഈ ശുപാര്‍ശ നല്‍കി. സ്വകാര്യ പ്രാക്ടീസ് നിര്‍ത്തുമ്പോള്‍ ഡോക്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട വേതനം നല്‍കകേണ്ടതിനാലാണ് തീരുമാനം നീണ്ടുപോയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രശ്നം ഗൗരവമായി ചര്‍ച്ചചെയ്തു. ഡോക്ടര്‍മാര്‍ക്ക് പേഷ്യന്റ് കെയര്‍ അലവന്‍സും നോണ്‍ പ്രാക്ടീസിങ് അലവന്‍സും യുജിസി നിരക്കില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചു. 120 കോടിയോളം രൂപയുടെ അധിക ബാധ്യതയാണ് അത്വഴി സര്‍ക്കാരിനുണ്ടായത്.
കടപ്പാട് ദേശാഭിമാനി മെയ്‌ 26

No comments:

Post a Comment