Friday, May 13, 2011

ഖജനാവ് ഭദ്രം; 1500 കോടി നീക്കിയിരിപ്പ്


തിരു: വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അരങ്ങൊഴിയുന്നത് പുതിയ സര്‍ക്കാരിന് ശക്തമായ സാമ്പത്തിക അടിത്തറ ഒരുക്കിയശേഷം. വികസനപദ്ധതികളുടെ കുത്തൊഴുക്ക് സൃഷ്ടിച്ചിട്ടും മെയ് 11ന്റെ കണക്കുപ്രകാരം ഖജനാവിലെ നീക്കിയിരിപ്പ് 1473 കോടി രൂപ. മെയ് 15ന് വിവിധ വിഭാഗം വ്യാപാരികള്‍ നികുതി ഒടുക്കുന്ന ദിവസമായതിനാല്‍ പുതിയ സര്‍ക്കാര്‍ വരുമ്പോഴേക്കും നീക്കിയിരിപ്പ് 2000 കോടിയിലെത്തും. 2006-ല്‍ 2500-3000 കോടി രൂപയുടെ കുടിശ്ശികയുണ്ടാക്കിയാണ് യുഡിഎഫ് ഭരണമൊഴിഞ്ഞത്. കരാറുകാരുടെ ബില്ലടക്കം എല്ലാ കുടിശ്ശികയും സര്‍ക്കാര്‍ തീര്‍ത്തു. സര്‍ക്കാര്‍ജീവനക്കാരുടെ ക്ഷാമബത്ത കൊടുത്തുതീര്‍ത്തു. രണ്ടു രൂപ അരിവിതരണം അടക്കം പൊതുവിതരണത്തിനുള്ള തുകയും കൊടുത്തു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ഡലങ്ങള്‍ക്ക് ആദ്യം ഒരു കോടിയും പിന്നീട് അഞ്ചു കോടിയുമാണ് നല്‍കിയതെങ്കില്‍ കഴിഞ്ഞവര്‍ഷം 15 കോടി രൂപ നല്‍കി. ചെലവു ചരുക്കാതെ, വരുമാനം വര്‍ധിപ്പിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ധനസ്ഥിതി മെച്ചപ്പെടുത്തിയത്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനവികസന മേഖലകള്‍ക്കും മുന്തിയ പരിഗണന നല്‍കി. പരമ്പരാഗതമേഖലയ്ക്കും സാമൂഹ്യക്ഷേമ ചെലവുകള്‍ക്കും കൈയയച്ച സഹായമാണ് നല്‍കിയത്. 120 രൂപയായിരുന്ന ക്ഷേമപെന്‍ഷനുകള്‍ 400 രൂപയാക്കി. പുതുതായി വിവിധ വിഭാഗങ്ങളെ ക്ഷേപദ്ധതിക്കു കീഴിലാക്കി. വിവിധ കടാശ്വാസപദ്ധതികള്‍ക്കായി 500 കോടിയിലേറെ ചെലവിട്ടു. പദ്ധതി-പദ്ധതിയിതര ചെലവുകള്‍ക്ക് ഇന്ന് നിയന്ത്രണമില്ല. ട്രഷറിപൂട്ടലും കുടിശ്ശികയുമെല്ലാം പഴങ്കഥയായി. വാളയാര്‍ മാതൃക അടക്കമുള്ള ശക്തമായ നടപടി ധനസ്ഥിതി ഭദ്രമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. യുഡിഎഫ് കാലത്ത് കരാറുകാര്‍ക്കുള്ള കുടിശ്ശികമാത്രം 1200 കോടി രൂപയായിരുന്നു. പണം വകയിരുത്താതെ യുഡിഎഫ് സര്‍ക്കാര്‍ അവസാനകാലത്ത് നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചതും എല്‍ഡിഎഫ് സര്‍ക്കാരിനു ബാധ്യതയായി. മൂന്നു രൂപ അരി അവര്‍ വിതരണംചെയ്ത വകയില്‍ 150 കോടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊടുത്തുതീര്‍ത്തത്. വയനാട്ടിലെ കര്‍ഷകര്‍ക്കുള്ള പലിശയിളവ് പാക്കേജില്‍ 150 കോടിയും കുടിശ്ശിക വരുത്തിയിരുന്നു. യുഡിഎഫ് ഭരണത്തില്‍ 2001, 2002 വര്‍ഷങ്ങളിലായി ഒറ്റ ദിവസംമാത്രമാണ് ഖജനാവില്‍ മിച്ചമുണ്ടായത്. 2003ല്‍ 30 ദിവസവും 2004ല്‍ മൂന്നുദിവസവും 2005ല്‍ 40 ദിവസവുമാണ് ഖജനാവ് മിച്ചം കാണിച്ചത്.

No comments:

Post a Comment