Saturday, May 7, 2011

ഇഴഞ്ഞുനീങ്ങുന്ന അന്വേഷണം! കോടതിയും സഹി കെട്ടു!


സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പ് കണ്ടെത്തുന്നതില്‍ ആദായനികുതിവകുപ്പിന് താല്‍പ്പര്യമില്ലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തിയത് നിസ്സാരമായി കാണാന്‍ കഴിയുന്നതല്ല. അന്വേഷണ റിപ്പോര്‍ട്ട് കൃത്യമായി സമയത്ത് സമര്‍പ്പിക്കുന്നതിലും വകുപ്പിന് ഗുരുതരമായ വീഴ്ചവന്നതായി കോടതി ചൂണ്ടിക്കാണിച്ചു. റാഡിയ ടേപ്പിലെ വെളിപ്പെടുത്തല്‍ അന്വേഷിക്കുന്നതിലും ആദായനികുതി വകുപ്പിന് താല്‍പ്പര്യം കാണുന്നില്ലെന്നാണ് ജസ്റ്റിസുമാരായ സിങ്വിയും എ കെ ഗാംഗുലിയും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് വിമര്‍ശിച്ചത്. ആദായ നികുതി വെട്ടിപ്പുകേസല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഇത്രയധികം പൂജ്യങ്ങളുള്ള തുക തങ്ങള്‍ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും ജഡ്ജിമാര്‍ പറഞ്ഞു. ചെറിയ മത്സ്യത്തെ വലയിലാക്കാന്‍ വലിയ താല്‍പ്പര്യം കാണിക്കുന്ന ആദായനികുതിവകുപ്പ് വലിയ മത്സ്യത്തെ കണ്ടില്ലെന്ന് നടിച്ച് ഒഴിവാക്കുന്നതായും ആക്ഷേപമുണ്ടായി. റിലയന്‍സ് ഉടമയായ അനില്‍ അംബാനിയെയും ടാറ്റയെയും ഇതേവരെ ചോദ്യംചെയ്യാതിരുന്ന വിവരം അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയുമുണ്ടായി.
ഹസന്‍ അലിഖാനുമായി ബന്ധപ്പെട്ട കേസന്വേഷണത്തിലെ വീഴ്ച ഇതിനുമുമ്പ് സുപ്രീംകോടതിയുടെ നിശിതമായ വിമര്‍ശത്തിന് വിധേയമായതാണ്. 72000 കോടി രൂപ നികുതി കുടിശ്ശികയുള്ള നികുതിവെട്ടിപ്പുകാരനാണ് ഹസന്‍ അലിഖാന്‍ . 2007ല്‍തന്നെ ഇത് ആദായനികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ്. എന്നാല്‍ , 2011ല്‍ സുപ്രീംകോടതി ഇടപെട്ടപ്പോള്‍മാത്രമാണ് ഹസന്‍ അലിഖാനെ അറസ്റ്റ്ചെയ്യാനും ചോദ്യംചെയ്യാനും തയ്യാറായത്. അതുതന്നെ കേവലം നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട വകുപ്പുമാത്രമാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. അതുകൊണ്ടുതന്നെ ജാമ്യം കിട്ടുകയുംചെയ്തു. പിന്നീട് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് ഇതിനെ ചോദ്യംചെയ്തു. ഹസല്‍ അലിഖാന്‍ കേവലം നികുതി വെട്ടിപ്പ് നടത്തിയ ആള്‍ മാത്രമല്ല, അന്തര്‍ദേശീയ ആയുധകള്ളക്കടത്തുമായി ബന്ധമുള്ള ആളാണെന്നും രാജ്യത്തെ കൊള്ളചെയ്ത് പണം വിദേശബാങ്കില്‍ നിക്ഷേപിച്ച ആളാണെന്നും രാജ്യദ്രോഹക്കുറ്റംചെയ്ത ക്രിമിനലാണെന്നും കോടതി ചൂണ്ടിക്കാണിക്കുകയുണ്ടായി. അതിനുശേഷമാണ് ഹസന്‍അലിഖാനെ വീണ്ടും അറസ്റ്റ്ചെയ്ത് ചോദ്യംചെയ്തതും ജയിലിലടച്ചതും.
സുപ്രീംകോടതിയുടെ പ്രത്യേക മേല്‍നോട്ടത്തിലാണ് 2ജി സ്പെക്ട്രം കേസന്വേഷണം നടത്തുന്നത്. അതുകൊണ്ടുമാത്രമാണ് ഇത്രയെങ്കിലും പുരോഗതി കേസന്വേഷണത്തില്‍ ഉണ്ടായതെന്ന് വ്യക്തം. വന്‍കിട പണക്കാര്‍ക്ക് ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും അന്വേഷണ ഏജന്‍സികളുടെമേലും എത്രത്തോളം സ്വാധീനം ചെലുത്താന്‍ കഴിയുന്നുണ്ടെന്ന് ഇതെല്ലാം തെളിയിക്കുന്നു. അതുകൊണ്ടുതന്നെയാണ് കോര്‍പറേറ്റ് മാനേജ്മെന്റുകളും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും ഭരണാധികാരികളും തമ്മിലുള്ള അവിഹിതമായ കൂട്ടുകെട്ടാണ് രാജ്യം ഭരിക്കുന്നതെന്ന് പറയുന്നത്. ഇത് വെറുതെ ഉന്നയിക്കുന്ന ആരോപണമല്ലെന്നും യഥാര്‍ഥ വസ്തുതയാണെന്നും അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ തെളിയിക്കുന്നു. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനും മാധ്യമങ്ങളെ നിയന്ത്രിക്കാനും ഈ അവിഹിതബന്ധംതന്നെയാണ് സഹായിക്കുന്നത്. ഇത്തരം മാര്‍ഗത്തില്‍ ലഭിക്കുന്ന അഴിമതിപ്പണമാണ് പശ്ചിമബംഗാളിലും കേരളത്തിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് കാലത്ത് ഒഴുകിയത്. അതില്‍ ഒരു ചെറിയ തുകമാത്രമേ വഴിയില്‍ പിടികൂടാന്‍ കഴിഞ്ഞിട്ടുള്ളു. അതിന്റെ വ്യാപ്തിയും സ്വാധീനവും ശരിയായി വിലയിരുത്താന്‍ ഇതൊക്കെ മതിയാകും. ഇതിന് മുമ്പുള്ള പല അഴിമതിക്കേസുകളും തെളിയിക്കപ്പെടാതെ പോയതിന്റെ കാരണവും മറ്റൊന്നല്ല. ഉപവാസംകൊണ്ടോ, ഒരു ബില്ല് പാസാക്കിയതുകൊണ്ടോ മാറുന്നതല്ല ഈ അര്‍ബുദരോഗം എന്ന് തിരിച്ചറിയാന്‍ ഇതൊക്കെ സഹായിക്കും.

No comments:

Post a Comment