Thursday, June 9, 2022

തീ ഊതിയാൽ പഴങ്കഞ്ഞി ബിരിയാണിയാവുമോ? ഡോ.തോമസ് ഐസക്ക്.

സ്വർണക്കടത്ത് കേസിനു പിന്നിൽ കളിക്കുന്ന ഉപജാപകരോട് ഒരു കാര്യമേ പറയാനുള്ളൂ. കല്ലിൽ കടിച്ചാൽ പല്ലു പോകും. സംശയമുണ്ടെങ്കിൽ ലാവലിൻ ഉപജാപകരോട് ചോദിച്ചു നോക്കൂ.

ഈ ആരോപണങ്ങളും വിവാദങ്ങളുമൊന്നും മുഖ്യമന്ത്രിയെയോ സിപിഐഎമ്മിനെയോ ഒരിഞ്ചുപോലും ബാധിക്കാൻ പോകുന്നില്ല. അങ്ങനെ വല്ല മോഹവും ആർക്കെങ്കിലുമുണ്ടെങ്കിൽ വലിയ നിരാശ നിങ്ങളെ കാത്തിരിപ്പുണ്ട്.

എന്തുകൊണ്ടാണ് ഇത്ര ആത്മവിശ്വാസം? ഇതിനെ കള്ളക്കേസെന്നുപോലും വിളിക്കാനാവില്ല എന്നതുകൊണ്ടു തന്നെ. കള്ളമൊഴി സംഘടിപ്പിച്ചെങ്കിലും ഒരു വ്യാജത്തെളിവുപോലും സൃഷ്ടിക്കാൻ കഴിയാതെ പെട്ടിയും മടക്കിപ്പോയത്  ഇന്ത്യയിലെ കൊടികെട്ടിയ അന്വേഷണ സംഘങ്ങളാണ്. അവർക്കു കൂട്ടിയാൽ കൂടാത്തത് മൂന്നാംകിട ഉപജാപകർക്കും അവരുടെ ആശ്രിതരായ മാധ്യമപ്രവർത്തകർക്കും കഴിയുമെന്ന് സാമാന്യബുദ്ധിയുള്ള ആർക്കെങ്കിലും ചിന്തിക്കാനാവുമോ?

കേസിന്റെ നാൾവഴി പറഞ്ഞു വിശദീകരിച്ചു തരാം. സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷും കൂട്ടരും അറസ്റ്റിലായത് 2020 ജൂലൈ 11നാണ്. കസ്റ്റഡിയിലുള്ള പ്രതികളെ എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും വിവിധ തീയതികളിൽ തുടർച്ചയായി ചോദ്യം ചെയ്തു.  ആരുടെ ചോദ്യം ചെയ്യലിൽ, എപ്പോഴാണ് മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പേരു വന്നത്?

2020 നവംബർ 27നാണ് അത് ആ മൊഴി പിറന്നത്. അതും കസ്റ്റംസിനോട്. അറസ്റ്റിലായി നാലു മാസങ്ങൾക്കു ശേഷം.

കേട്ടുകേൾവിയുടെ രൂപത്തിലാണ് മൊഴി. കറൻസി കടത്തുന്നത് താൻ കണ്ടുവെന്നല്ല സ്വപ്ന പറഞ്ഞത്. സരിത്ത് കണ്ടുവെന്ന് തന്നോടു പറഞ്ഞുവെന്നായിരുന്നു മൊഴി. ആ മൊഴി ഒന്നു സ്ഥിരീകരിച്ചു കിട്ടാൻ എന്തൊക്കെ അഭ്യാസങ്ങളാണ് കസ്റ്റംസ് നടത്തിയത്? തങ്ങൾക്കു വേണ്ട മൊഴി സംഘടിപ്പിക്കാൻ സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഉദ്യോഗസ്ഥനെ ആവും വിധം ഭീഷണിപ്പെടുത്തി നോക്കി. അതു നടക്കാതെ വന്നതോടെ കസ്റ്റംസ് കൈയൊഴിഞ്ഞതാണ് കറൻസി കടത്ത് കേസ്.

എന്നുവെച്ചാൽ തട്ടിക്കൂട്ടിയ മൊഴിയല്ലാതെ, ഒരു തെളിവുമില്ലെന്ന്. ആരോപണം സ്ഥിരീകരിക്കുന്ന വിശ്വസനീയമായ ഒരു സാക്ഷിമൊഴി പോലുമില്ല. തെളിവിന്റെ തുമ്പോ തുരുമ്പോ തട്ടിക്കൂട്ടാൻ സാധിച്ചതുമില്ല. ഇക്കാര്യങ്ങളൊക്കെ 2021 ആഗസ്റ്റിൽ വിശദമായി റിപ്പോർട്ടു ചെയ്യപ്പെട്ട വാർത്തകളുമാണ്. ഇപ്പോൾ ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളും കസ്റ്റഡിയിലുള്ള പ്രതികളിൽ നിന്ന്, അവർ കസ്റ്റഡിയിലായി നാലു മാസങ്ങൾക്കു ശേഷം കസ്റ്റംസ് സംഘടിപ്പിച്ചതാണ്. അതൊക്കെ ഹൈക്കോടതിയിലടക്കം ഹാജരാക്കിയതുമാണ്.

കള്ളം പറയാൻ ഒരുളുപ്പുമില്ലാത്ത കളങ്കബാധിതരും അവരുടെ പിന്നിൽ കളിക്കുന്ന ഉപജാപകരും അവരുടെ ആശ്രിതരായ ഏതാനും മാധ്യമപ്രവർത്തകരും എത്ര തന്നെ വിയർപ്പൊഴുക്കിയാലും പിണറായി വിജയനും സിപിഎമ്മിനും ഒന്നും സംഭവിക്കില്ലെന്ന് ഈ കേസിൽ പലവട്ടം തെളിഞ്ഞതാണ്.

പുതിയ പ്രതിപക്ഷ നേതാവ് തീയൂതിയെന്നുവെച്ച് ഈ പഴങ്കഞ്ഞി ബിരിയാണിയാവുമോ?

No comments:

Post a Comment