Sunday, June 26, 2022

കേരളം കടക്കെണിയിലോ ? ഡോ. ൊതോമസ് ഐസക്ക് എഴുതുന്നു

റിസർവ്വ് ബാങ്ക് മാസികയിലെ സംസ്ഥാനങ്ങളുടെ കടത്തെ സംബന്ധിച്ച ലേഖനം വീണ്ടും കേരളത്തിന്റെ കടക്കെണിയെക്കുറിച്ചുള്ള ആശങ്കകളെ ഊതിവീർപ്പിച്ചിരിക്കുകയാണ്. ഡോ. കെ.പി. കണ്ണനെ പോലുള്ള സാമ്പത്തിക വിദഗ്ദർ നമ്മൾ കടക്കെണിയിലേക്കാണെന്ന് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. പത്രങ്ങൾ പലതും മുഖപ്രസംഗങ്ങൾ തന്നെ എഴുതി. ഇത്തരമൊരു ചർച്ച വളർത്തിയെടുക്കുന്നത് അത്ര നിഷ്കളങ്കമായ ഒരു അഭ്യാസമല്ല. സംസ്ഥാന അധികാരങ്ങളുടെമേൽ കടുത്ത കൂച്ചുവിലങ്ങ് ഇടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണ് കേന്ദ്രസർക്കാർ ഇത്തരം ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നത്.

ലേഖനത്തിന്റെ തുടക്കം കേരളത്തിന്റെ കടം-ജിഡിപി തോത് 37 ശതമാനമായി ഉയർന്നതാണ്. പഞ്ചാബും രാജസ്ഥാനും മാത്രമേയുള്ളൂ കേരളത്തിന്റെ മുന്നിൽ. 2020-21/2022-23 വർഷങ്ങളാണ് പരിഗണിക്കുന്നത്. അതായത് കോവിഡുകാലം. കോവിഡുകാലത്ത് ദേശീയ വരുമാനം ഇടിഞ്ഞു. ജനങ്ങളുടെ വാങ്ങൽ കഴിവ് തകർന്നു. ഇക്കാലത്ത് സർക്കാരും ചെലവ് ചുരുക്കിയാൽ സാമ്പത്തിക തകർച്ച അതിരൂക്ഷമാകും. അതുകൊണ്ടാണ് കേന്ദ്രസർക്കാർ സംസ്ഥാന വായ്പാ പരിധി 3 ശതമാനത്തിൽ നിന്ന് 5 ശതമാനമായി ഉയർത്തിയത്. 2021-22-ലും വായ്പാ പരിധി ഉയർത്തി അനുവദിച്ചു. ഈ അനുവദനീയ വായ്പയാണ് കേരള സർക്കാർ എടുത്തു ചെലവഴിച്ചത്.

അങ്ങനെ സംസ്ഥാന സർക്കാർ എടുക്കുന്ന വായ്പാ തുക ഉയർന്നു. അതേസമയം ദേശീയ വരുമാനം കേവലമായിട്ടു തന്നെ ഇടിഞ്ഞു. കേരളത്തിൽ -7 ശതമാനമാണ് വരുമാനം ഇടിഞ്ഞത്. സ്വാഭാവികമായും കടവും ജിഡിപിയുമായിട്ടുള്ള തോത് ഉയരും. ഇതിൽ ഭയപ്പെടാനൊന്നുമില്ല. വരും വർഷങ്ങളിൽ വായ്പയെടുക്കുന്ന തോത് 5 ശതമാനത്തിൽ നിന്ന് 3 ശതമാനമായി താഴും. അതേസമയം, സംസ്ഥാന ജിഡിപി വളർച്ച പഴയ നിലയിലേക്ക് ഉയരും. കടം-ജിഡിപി തോത് താഴും. 

ഇതു തന്നെയാണു ലോകത്തെമ്പാടും നടക്കുന്നത്. ഐഎംഎഫിന്റെ കണക്കു പ്രകാരം ആഗോള കടം 226 ലക്ഷം കോടി ഡോളറായിട്ടുണ്ട്. ഇത് ആഗോള ജിഡിപിയുടെ 256 ശതമാനമാണ്. കോവിഡു കാലത്ത് 28 ശതമാന പോയിന്റാണ് ഉയർന്നത്. ഈ കണക്കിൽ സർക്കാരുകളുടെ മാത്രമല്ല, സ്വകാര്യ വ്യക്തികളുടെയും സ്ഥാനങ്ങളുടെയും കടവും ഉൾപ്പെടും.

സർക്കാരുകളുടെ കടം മാത്രമെടുത്താൽ ആഗോള വരുമാനത്തിന്റെ 99 ശതമാനം വരും. വികസിത രാജ്യങ്ങളിൽ ഇത് 124 ശതമാനം വരും. 2008-ലെ കുഴപ്പത്തിനു മുമ്പ് ഇത് 70 ശതമാനം മാത്രമായിരുന്നു. ഇന്ത്യ അടക്കമുള്ള എമർജിംഗ് രാജ്യങ്ങളുടെ കടം അവരുടെ ദേശീയ വരുമാനത്തിന്റെ 65 ശതമാനം വരും. ഇതാണ് അവസ്ഥ. അപ്പോഴാണ് കേരളത്തിന്റെ കടഭാരം സംസ്ഥാന ജിഡിപിയുടെ 37 ശതമാനം വന്നൂവെന്നു പറഞ്ഞ് പരിഭ്രമിപ്പിക്കുന്നത്.

കേരളവും മറ്റു പല സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം ഇതാണ്. ഭൂരിപക്ഷം സംസ്ഥാനങ്ങളും ഈ വായ്പാ അവകാശം ഉപയോഗിച്ചില്ല. എടുത്ത വായ്പയിൽ ഏതാണ്ട് 1.5 ലക്ഷം കോടി രൂപ ചെലവാക്കാതെ ഇന്ത്യാ സർക്കാരിനു തന്നെ മടക്കിക്കൊടുത്തു (ഇന്ത്യാ സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിച്ചു). കേരളമാവട്ടെ അനുവദിച്ച വായ്പ പൂർണ്ണമായി എടുക്കുകയും ജനങ്ങൾക്കു സഹായം നൽകുകയും ചെയ്തു. 

കേരള സർക്കാരിന്റെ വിമർശകർ നൽകുന്ന ഉപദേശം എന്താണ്?

കോവിഡു കാലത്ത് വായ്പയെടുത്ത് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കിയത് തെറ്റായിപ്പോയി എന്നാണോ? അതോ മറ്റു സംസ്ഥാനങ്ങളെപ്പോലെ വായ്പ എടുത്താലും റവന്യു കമ്മി കൂടുമെന്നു പേടിച്ച് ചെലവാക്കാതെ കേന്ദ്രസർക്കാരിന്റെ കടപ്പത്രങ്ങളിൽ ചുരുങ്ങിയ പലിശയ്ക്കു നിക്ഷേപിക്കണമായിരുന്നോ?

ധനകാര്യ കമ്മീഷൻ നിർദ്ദേശിച്ച 30 ശതമാനത്തെ താൽക്കാലികമായി അധികരിച്ചത് വലിയ പാതകമൊന്നും അല്ല. ലോകത്തെമ്പാടും ഇതു തന്നെയാണ് അരങ്ങേറിയത്. ഇന്നത്തെ ബഹളത്തിന്റെ ദുരുദ്യോശം എന്താണെന്നു ചോദിച്ചാൽ ഫിനാൻസ് കമ്മീഷന്റെ കടം സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ നിർബന്ധമായി പാലിക്കേണ്ടവ അല്ല. അവ നിർബന്ധിതമാക്കാനുള്ള കുത്സിത നീക്കം കേന്ദ്രസർക്കാർ തുടങ്ങിക്കഴിഞ്ഞു. അതുപ്രകാരം കേരളം പോലുള്ള സംസ്ഥാനങ്ങളുടെ വായ്പയെടുക്കാനുള്ള അവകാശങ്ങൾ കർശനമായി പരിമിതപ്പെടുത്തി കടത്തോത് 30 ശതമാനത്തിലേക്കു താഴ്ത്തണം. ധനകാര്യ കമ്മീഷൻ ചെയർമാൻ എൻ.കെ. സിംഗ് അധ്യക്ഷനായുള്ള ധനഉത്തരവാദിത്വ റിവ്യു കമ്മിറ്റി കട-ജിഡിപി തോത് 25 ശതമാനം ആക്കണമെന്നാണു നിർദ്ദേശിച്ചിരുന്നത്. കടക്കെണിയെക്കുറിച്ചു ഭീതി സൃഷ്ടിച്ച് ഇത്തരം നിബന്ധനകൾ സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളാണു നടക്കുന്നത്.

#കേരളംകടക്കെണി 1


https://m.facebook.com/story.php?story_fbid=pfbid02ZHGUzV1sjPqLMVnTRXUwrr2Us9ULMaXmHKuPjfMhCZDrtbA7Kwefrx37XmaBbzgsl&id=100044138484362

കേരളം കടക്കെണിയിലേക്കാണോ? താങ്ങാനാവാത്ത കടഭാരമാണോ നാം ഏറ്റെടുത്തിട്ടുള്ളത്? നമ്മുടെ കടം സുസ്ഥിരമാണോ? (Is our debt sustainable?) ഇതാണു കാതലായ പ്രശ്നം. റിസർവ്വ് ബാങ്ക് റിപ്പോർട്ട് നിഷേധാത്മകമായ ഉത്തരമാണു നൽകുന്നത്. ഇത് റിസർവ്വ് ബാങ്ക് റിപ്പോർട്ടിലെ വസ്തുതകളെ തമസ്കരിച്ചുകൊണ്ടുള്ള ദുരുദ്ദേശ നിഗമനം മാത്രമാണ്.

കടം സുസ്ഥിരമാണോ എന്നതിന് സാമ്പത്തിക ശാസ്ത്രത്തിൽ ഉത്തരം ഡോമർ എന്ന പണ്ഡിതന്റെ സൂത്രവാക്യമാണ്. കടത്തിന്റെ പലിശ നിരക്ക് ജിഡിപി വളർച്ചാ നിരക്കിനേക്കാൾ താഴ്ന്നതാണെങ്കിൽ കടം സുസ്ഥിരമാണ്. റിസർവ്വ് ബാങ്ക് ഇതു പരിശോധിക്കുന്നുണ്ട്. അവരുടെ പ്രസ്താവന ഉദ്ദരിക്കട്ടെ: “ഈ അഞ്ച് സംസ്ഥാനങ്ങളുടെ കട സുസ്ഥിരതയെക്കുറിച്ചുള്ള വിശകലനം ഡോമർ സുസ്ഥിര നിബന്ധന (അതായത് കടത്തിന്റെ യഥാർത്ഥ പലിശ നിരക്ക് യഥാർത്ഥ ജിഡിപിയുടെ വളർച്ചാ നിരക്കിനേക്കാൾ താഴെയായിരിക്കണം: r-g<0) ഈ സംസ്ഥാനങ്ങളിൽ 2020-21 ഒഴികെ എല്ലാ വർഷങ്ങളിലും പാലിക്കുന്നുണ്ട്.” എന്നാലും കേരളം കടക്കെണിയിലേക്കാണ്!

ഇത്തരമൊരു വങ്കൻ നിഗമനത്തിൽ എത്താൻ ആധാരമാക്കുന്നത് മറ്റൊരു മാനദണ്ഡം വച്ചാണ്. ഇപ്പോൾ ഐഎംഎഫ് പറയുന്നത് സർക്കാരിന്റെ പ്രൈമറി ബാലൻസ് കടബാധ്യതയുടെ വർദ്ധനവിനേക്കാൾ വേഗതയിൽ മെച്ചപ്പെടുന്നില്ലെങ്കിൽ കടക്കെണിയിൽ ആകുമെന്നാണ്. പ്രൈമറി ബാലൻസ് എന്നു പറഞ്ഞാൽ ധനക്കമ്മിയിൽ നിന്ന് പലിശ ചെലവ് കിഴിക്കുമ്പോൾ ലഭിക്കുന്നതാണ്, അഥവാ total revenue less expenditure excluding gross interest payments. ഇതുസംബന്ധിച്ച പ്രവണത വിലയിരുത്താൻ ഇക്കണോ മെട്രിക് റിഗ്രഷൻ വിശകലനത്തെയാണ് ഉപയോഗപ്പെടുത്തുന്നത്.

മൂന്നുതരത്തിൽ കണക്കുകൂട്ടി. ആദ്യത്തെ കണക്കുകൂട്ടലിൽ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പരിഗണിച്ചു. രണ്ടാമത്തെ കണക്കുകൂട്ടലിൽ ഏറ്റവും കൂടുതൽ കടഭാരമുള്ള 10 സംസ്ഥാനങ്ങളെയാണ് എടുത്തത്. ഈ രണ്ടു വിശകലനത്തിലും കടഭാരവും പ്രൈമറി ബാലൻസും ഒരേപോലെ ഉയരുന്ന പ്രവണത പ്രകടമാണ്. Co-efficient-ന്റെ ചിഹ്നം പോസിറ്റീവ് ആണ്. അതുകൊണ്ട് രാജ്യത്തെ മൊത്തം സംസ്ഥാനങ്ങളുടെയും കടം എടുത്താൽ പോക്ക് കടക്കെണിയിലേക്ക് അല്ല. കടം സുസ്ഥിരമാണ്. 

മൂന്നാമത്തെ കണക്കുകൂട്ടലിൽ ഏറ്റവും കൂടുതൽ കടഭാരമുള്ള കേരളം, പശ്ചിമബംഗാൾ, പഞ്ചാബ്, ബീഹാർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളെയാണ് പരിഗണിച്ചത്. ഇത്തവണ കടഭാരം ഉയരുന്നുണ്ട് പക്ഷേ പ്രൈമറി ബാലൻസ് താഴുന്നു. Co-efficient നെഗറ്റീവ് ആണ്. എന്നാൽ ഒരുകാര്യം റിപ്പോർട്ടിൽതന്നെ പറയുന്നുണ്ട്. ഈ പ്രവണത ഗണിതശാസ്ത്രപരമായി സാധുതയില്ലാത്തതാണ്. 

“The coefficient of Dt-1 turns out to be negative for the 5 most indebted states, though lacks statistical significance, implying that rising debt ratios have no significant impact on the primary balance ratios of these states.” പക്ഷേ അടുത്ത വാചകം വളരെ പുണ്യപ്പെട്ടതാണ്. “Thus, it can be concluded from the analysis that while the aggregate state government debt in India is still sustainable, the public debt of the 5 most indebted states does not satisfy the sustainability condition”. ഇതുപോലെ പൂർവ്വാപരവിരുദ്ധമായ പ്രസ്താവനകൾ ഒരേ ഖണ്ഡികയിൽ എങ്ങനെ എഴുതിച്ചേർക്കാൻ കഴിഞ്ഞൂവെന്നത് മനസിലാക്കാനാവുന്നില്ല.

ഇക്കണോമെട്രിക്സ് പഠിക്കുന്ന ഏതൊരു കുട്ടിക്കും അറിയാവുന്ന ഒരു കാര്യമാണ് ഗണിതശാസ്ത്രപരമായി സാധുതയില്ലാത്ത (statistically not significant) കണക്കിന്റെ അടിസ്ഥാനത്തിൽ ഒരു നിഗമനത്തിൽ എത്താൻ കഴിയില്ല. എന്നാൽ അതാണ് റിസർവ്വ് ബാങ്കിന്റെ പഠനം ചെയ്തിരിക്കുന്നത്. ഗണിതശാസ്ത്രപരമായി സാധുതയില്ലായെന്നു പ്രസ്താവിച്ചിട്ട് അഞ്ച് സംസ്ഥാനങ്ങൾ കടസുസ്ഥിര നിബന്ധന (debt sustainability condition) പാലിക്കുന്നില്ലായെന്ന എമണ്ടൻ തീരുമാനം പ്രഖ്യാപിക്കുന്നു.

സാമ്പത്തികശാസ്ത്രം അറിയാത്തതിനു മാധ്യമപ്രവർത്തകരെ കുറ്റംപറയുന്നില്ല. അവർക്കു പ്രമാണം റിസർവ്വ് ബാങ്കിന്റെ പ്രഖ്യാപനമാണല്ലോ. പക്ഷേ പ്രൊഫ. കെ.പി. കണ്ണന് ഈ ഇളവ് നൽകാനാവില്ല. ഒരുപക്ഷേ അദ്ദേഹം മനോരമയിൽ ലേഖനം എഴുതും മുമ്പ് റിസർവ്വ് ബാങ്കിന്റെ പഠനം വായിച്ചു കാണില്ല. സാരപാഠം ഇതാണ് – കാളപെറ്റൂവെന്ന് കേൾക്കുമ്പോഴേക്കും കയർ എടുക്കാൻ ഓടരുത്.

ചിത്രം കടപ്പാട്: മനോരമ

#കേരളംകടക്കെണി 2
https://m.facebook.com/story.php?story_fbid=pfbid0EWt1zgb1CAbfTxuzvAwnQAb7Ee3pWcj3wsLJTeiYcVtLSqDqMxMmdLgqJZASoy7Al&id=100044138484362

2026-27 ആകുമ്പോൾ കേരളത്തിന്റെ കടം ജിഡിപിയുടെ എത്ര ശതമാനം വരും? ഇപ്പോൾ അവതരിപ്പിക്കുന്ന കേരള ബജറ്റ് പ്രകാരം 2022-23-ലായിരിക്കും ഇത് ഏറ്റവും ഉയർന്ന തോതിൽ വരിക. 37.18 അതുകഴിഞ്ഞാൽ കടത്തോത് കുറഞ്ഞുവരും. 2024-25-ൽ അത് 35.7 ശതമാനമേ വരൂ.

എന്നാൽ എന്റെ കണക്കുകൂട്ടൽ 2024-25 ആകുമ്പോഴേക്കും അത് 32-33 ശതമാനമായി താഴുമെന്നാണ്. കാരണം ബജറ്റ് രേഖയിലെ അനുമാനം ധനക്കമ്മി 3.5 ശതമാനംവച്ച് തുടരുമെന്നുള്ളതാണ്. ഇതിനുള്ള ഒരു അവകാശവും സംസ്ഥാന സർക്കാരിന് ഉണ്ടാവില്ല. 3 ശതമാനത്തിന് അപ്പുറം വായ്പയെടുക്കാൻ കഴിയുകയില്ല.

എന്നാൽ റിസർവ്വ് ബാങ്കിന്റെ പഠനം പറയുന്നത് രാജസ്ഥാൻ, കേരളം, ബംഗാൾ എന്നിവയുടെ കടം 2026-27-ൽ ഈ സംസ്ഥാനങ്ങളുടെ ജിഡിപിയുടെ 35 ശതമാനത്തിൽ അധികം വരുമെന്നാണ്. ദൗർഭാഗ്യവശാൽ ഈ പ്രൊജക്ഷന്റെ അനുമാനങ്ങൾ പഠനത്തിൽ ലഭ്യമല്ല.

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (ഗിഫ്റ്റ്) ആർബിഐ പഠനത്തിന്റെ ഒരു വിമർശന പ്രബന്ധം തയ്യാറാക്കുന്നുണ്ട്. അതിൽ അവർ കേരളത്തിന്റെ കടബാധ്യതയുടെ ഭാവി പ്രവണതകളെ പ്രവചിക്കുന്നുണ്ട്. 2001-22 കാലത്തെ പ്രവണതകളുടെ അടിസ്ഥാനത്തിലാണ് പ്രൊജക്ഷൻ. ഇതുസംബന്ധിച്ച ഗ്രാഫാണ് ചിത്രത്തിൽ നൽകിയിട്ടുള്ള കേരളത്തിന്റെ ജിഎസ്ഡിപി കോവിഡിനു മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ താഴ്ന്ന നിലയിലേ വർദ്ധിക്കുന്നുള്ളൂ. എന്നിരുന്നാൽ തന്നെയും 3 ശതമാനം വീതം ഓരോ വർഷവും കടം വാങ്ങിക്കൊണ്ടിരുന്നാൽ 2026-27 ആകുമ്പോൾ കേരളത്തിന്റെ കടം ജിഡിപിയുടെ 30 ശതമാനമായി കുറയും. ഇതാണ് യാഥാർത്ഥ്യം. (ചിത്രത്തിന്റെ അവസാനമുള്ള ഭാവി രേഖയുടെ ഭാഗത്ത് നൽകിയിരിക്കുന്ന വ്യത്യസ്ത നിറങ്ങൾ കണക്കു കൂട്ടലിന്റെ confidence interval-നെയാണു സൂചിപ്പിക്കുന്നത്. നമ്മുടെ ആവശ്യത്തിന് കറുത്ത രേഖയെ പിന്തുടർന്നാൽ മതി).

ഗിഫ്റ്റിന്റെ ഇതേ പഠനത്തിൽ വിവിധ ആധികാരിക പഠനങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിന്റെ കടം-ജിഡിപി തോതിൽ വന്ന മാറ്റങ്ങൾ നൽകുന്നുണ്ട്. 1997-98/2003-04 കാലത്ത് ഇത് 31.8 ശതമാനം ആയിരുന്നു. കേരളത്തിന്റെ റാങ്ക് ഏഴാമത്തേത് ആയിരുന്നു. 2004-05/2011-12 കാലത്ത് ഇത് 33.3 ശതമാനം ആയി ഉയർന്നു. കേരളത്തിന്റെ റാങ്ക് ഏഴായിതന്നെ തുടർന്നു. 2012-13/2015-26 കാലത്ത് ഇത് 31.5 ശതമാനം ആയി കുറഞ്ഞു. റാങ്ക് നാലാമത്തേത് ആയി. 2016-17/2019-20 കാലത്ത് വീണ്ടും 30.83 ശതമാനം ആയി കുറഞ്ഞു. റാങ്ക് ആറാമത്തേതായി. കോവിഡ് കാലത്ത് ഇത് കുത്തനെ ഉയർന്നു. 2026-27 ആകുമ്പോഴേക്കും ഇതു വീണ്ടും 30 ശതമാനമായി താഴും. (ഗിഫ്റ്റിന്റെ പഠനത്തിന്റെ അവസാനരൂപം അടുത്ത ദിവസങ്ങളിൽ ലഭ്യമാകും).

എന്തുകൊണ്ട് കടം-ജിഡിപി തോത് കുറയുമെന്നുള്ളത് ഒന്നുകൂടി വിശദീകരിക്കട്ടെ. കേരള സർക്കാർ സ്വീകരിക്കുന്ന സാമ്പത്തിക ഉത്തേജക നടപടികളും കിഫ്ബിയുടെ ഭീമമായ നിക്ഷേപവുംമൂലം കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെ വേഗത വർദ്ധിക്കും. അതേസമയം ഒരു കാരണവശാലും കേരളത്തിന് ഇനി 3 ശതമാനത്തിന് അപ്പുറം വായ്പയെടുക്കാൻ ആവില്ല. ഓഫ് ബജറ്റ് വായ്പയോ ട്രഷറി സേവിംഗ്സ് ബാങ്ക് വഴിയുള്ള വായ്പയോ ഇനി സാധ്യമല്ല. ഈ പശ്ചാത്തലത്തിൽ കടം-ജിഡിപി തോത് കുറയാതെ നിർവ്വാഹമില്ല. കേരളം മാത്രമല്ല ഇന്ത്യയിലെ ഒരു സംസ്ഥാനവും കടക്കെണിയിൽചെന്നു വീഴില്ല.

#കേരളംകടക്കെണി 3 

https://m.facebook.com/story.php?story_fbid=pfbid02ZHGUzV1sjPqLMVnTRXUwrr2Us9ULMaXmHKuPjfMhCZDrtbA7Kwefrx37XmaBbzgsl&id=100044138484362

No comments:

Post a Comment