Wednesday, June 8, 2022

ഇഡിയെ രംഗത്തിറക്കാൻ രാഷ്‌ട്രീയ ഗൂഢനീക്കം ; അണിയറയിൽ ബിജെപി, അരങ്ങത്ത്‌ കോൺഗ്രസ്‌

സ്വർണക്കടത്ത്‌ കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്‌ന സുരേഷിന്റെ ആരോപണത്തിന്‌ പിന്നിൽ ചുരുളഴിയുന്നത്‌ ഞെട്ടിക്കുന്ന രാഷ്‌ട്രീയ ഗൂഢാലോചന. ബിജെപി അണിയറയിൽ തയ്യാറാക്കിയ തിരക്കഥ ഏറ്റെടുത്താണ്‌ കോൺഗ്രസ്‌  സമരനാടകവുമായി അരങ്ങത്തുള്ളത്‌. നാഷണൽ ഹെറാൾഡ്‌ കേസിൽ സോണിയയെയും രാഹുലിനെയും ചോദ്യം ചെയ്യാൻ  13ന്‌ ഹാജരാകാൻ ഇഡി നോട്ടീസ്‌ നൽകിയിരിക്കെയാണ്‌ ഇവിടെ ബിജെപിയുമായി കൈകോർത്ത്‌ കോൺഗ്രസ്‌ നേതൃത്വം രാഷ്‌ട്രീയ നീക്കം നടത്തുന്നത്‌.  

അറസ്‌റ്റിലായശേഷം എൻഐഎയും കസ്‌റ്റംസും ആവശ്യപ്പെട്ടപ്രകാരം രണ്ടുവട്ടം മജിസ്‌ട്രേട്ട്‌ സ്വപ്‌നയുടെ രഹസ്യമൊഴി എടുത്തിട്ടുണ്ട്‌. മൊഴിപകർപ്പ്‌ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളിയിരുന്നു.  ഒന്നര വർഷം കിണഞ്ഞ്‌ ശ്രമിച്ചിട്ടും മുഖ്യമന്ത്രിയിലേക്ക്‌ അന്വേഷണമെത്തിക്കാനുള്ള തെളിവോ മൊഴികളോ ഇഡി ഉൾപ്പെടെയുള്ള ഏജൻസികൾക്ക്‌ കിട്ടിയില്ല. കറൻസി കടത്തിയെന്ന ആരോപണത്തിൽ പ്രതികളുടെ മൊഴിയല്ലാതെ തെളിവില്ലെന്ന്‌ കസ്‌റ്റംസ്‌ കോടതിയെയും അറിയിച്ചു. ഇഡിയെ രംഗത്തിറക്കി വീണ്ടും രാഷ്‌ട്രീയ വേട്ട നടത്താനുള്ള തിരക്കഥയാണ്‌ സ്വപ്‌നയുടെ രംഗപ്രവേശത്തിന്‌ പിന്നിൽ. സ്വർണക്കടത്ത്‌ കേസിൽ  കേന്ദ്ര ഏജൻസികൾക്ക്‌ പിടിവള്ളി കിട്ടിയത്‌ ഇപ്പോഴാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ അവകാശവാദം ഇതിന്റെ തെളിവാണ്‌.


ജാമ്യത്തിൽ പുറത്തിറങ്ങിയ സ്വപ്‌നയ്‌ക്കും സരിത്തിനും  പാലക്കാട്ട്‌ ആർഎസ്‌എസ്‌ നിയന്ത്രണത്തിലുള്ള  സ്ഥാപനത്തിൽ ജോലി നൽകിയതും ആഡംബര ഫ്ലാറ്റിൽ താമസമൊരുക്കിയതും ആസൂത്രിതമാണ്‌. കേന്ദ്രമന്ത്രിയടക്കമുള്ളവർ ഇതിനായി ചരട്‌വലി നടത്തിയ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്‌. സ്വർണക്കടത്ത്‌ കേസ്‌ വീണ്ടും സജീവമാക്കി സംസ്ഥാന സർക്കാരിനെയും രാഷ്‌ട്രീയ നേതൃത്വത്തെയും സംശയമുനയിൽ നിർത്താനുള്ള നീക്കമാണ്‌ പിന്നിൽ. ബിജെപിയുടെ ഈ ആക്രമണത്തിന്‌ മൂർച്ചകൂട്ടാനാണ്‌ കോൺഗ്രസ്‌ നേതൃത്വത്തിന്റെ നീക്കം.

2021 ജൂലൈയിൽ കസ്‌റ്റംസിന്‌ സ്വപ്‌ന ഇതേ മൊഴി നൽകിയതാണ്‌. നവംബറിൽ സ്വപ്‌നയെ ഇഡി ഏഴുമണിക്കൂർ ചോദ്യംചെയ്‌തപ്പോഴും മുഖ്യമന്ത്രിക്കെതിരെ ഒന്നും പറഞ്ഞില്ല. കസ്‌റ്റഡിയിൽ നിരന്തം ചോദ്യം ചെയ്‌തപ്പോഴും മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്‌ന വിസമ്മതിച്ചു. മുഖ്യമന്ത്രിക്ക്‌ പങ്കുണ്ടെന്ന്‌ പറഞ്ഞാൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്നുവരെ അന്ന്‌ വാഗ്‌ദാനവും നൽകിയെന്നും സ്വപ്‌ന ഇതേ മാധ്യമങ്ങൾക്ക്‌ മുന്നിലുൾപ്പെടെ തുറന്നുപറഞ്ഞതാണ്‌. അതിനൊക്കെ ശേഷമാണ്‌ പൊടുന്നനെ ബിജെപി ഇടപെട്ട്‌ സ്വപ്‌നയ്‌ക്കും സരിത്തിനും ജോലി നൽകിയതും ‘നിയമസഹായം’ ഒരുക്കിയതും.


Read more: https://www.deshabhimani.com/news/kerala/gold-smuggling-congress-bjp-drama/1024877

No comments:

Post a Comment