Friday, September 23, 2011

കോലഞ്ചേരി സമരം: ശ്രേഷ്‌ഠ കാതോലിക്ക ബാവയ്‌ക്ക് പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ പിന്തുണ

 കോലഞ്ചേരി പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട്‌ ശ്രേഷ്‌ഠ കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രതിഷേധ സമരത്തിന്‌ ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമമേലധ്യക്ഷനായ പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ പിന്തുണയും ആശീര്‍വാദവും. സമരത്തിനു നേതൃത്വം നല്‍കുന്ന ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവയ്‌ക്ക് പ്രതിസന്ധിയില്‍ തളരാതെ മുന്നോട്ടുപോകാന്‍ സാധിക്കട്ടെയെന്ന്‌ പ്രാര്‍ഥിക്കുന്നതായി പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ അയച്ച കല്‍പനയില്‍ പറയുന്നു. കോലഞ്ചേരി പള്ളിയുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ശ്രേഷ്‌ഠ കാതോലിക്കായുടെ തക്കസമയത്തെ ഇടപെടലിനെ അഭിനന്ദിക്കുന്നു. സുറിയാനി പാരമ്പര്യം കാത്തുസൂക്ഷിക്കാനും അന്തോഖ്യാ സിംഹാസനത്തോടും വിശുദ്ധ പത്രോസിനോടുള്ള ഭയഭക്‌തി ബഹുമാനം മലങ്കരയില്‍ നിലനിര്‍ത്താനും സഭാമക്കള്‍ സഹിക്കുന്ന വേദന നാം തിരിച്ചറിയുന്നു. കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ സമാധാനവും നീതിയുള്ള തീരുമാനമുണ്ടാകാനുള്ള കാത്തിരിപ്പിന്‌ ഫലമുണ്ടാകട്ടെ. ഇതിന്‌ പൂര്‍വിക പിതാക്കന്മാരുടെ പ്രാര്‍ഥനയും തുണയാകും. താന്‍ വിദൂരദേശത്താണ്‌ വസിക്കുന്നതെങ്കിലും തന്റെ പ്രാര്‍ത്ഥനയും അനുഗ്രഹവും നിങ്ങളോടൊപ്പമുണ്ടാകുമെന്നും സത്യത്തില്‍നിന്നു വ്യതിചലിക്കാതെ നീതിക്കായി പ്രവര്‍ത്തിക്കണമെന്നും കല്‍പനയില്‍ ആഹ്വാനം ചെയ്യുന്നു. 'അല്‍പകാലത്തേക്ക്‌ വിവിധ പരീക്ഷകള്‍ നിമിത്തം വ്യസനിക്കേണ്ടിവന്നാലും അതില്‍ ആനന്ദിക്കുവിന്‍ എന്നും അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണത്തേക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കാനുള്ള നിങ്ങളുടെ വിശ്വാസ' മെന്നും വ്യക്‌തമാകുന്ന വിശുദ്ധ പത്രോസിന്റെ ലേഖനത്തിലെ ഭാഗം ഉദ്ധരിച്ചാണ്‌ പാത്രിയര്‍ക്കീസ്‌ ബാവ കല്‍പന അവസാനിപ്പിക്കുന്നത്‌.

No comments:

Post a Comment