Friday, September 30, 2011

മന്ത്രിപറഞ്ഞു വണ്‍സ് എ പപ്പാ..... സാജു പറഞ്ഞു വാട്ട് യു ആര്‍





ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിലെ ക്ലാസ് പകുതിയായതേയുള്ളൂ. മാണി സാറും കുഞ്ഞാലിക്കുട്ടിയും പത്രസമ്മേളനം വിളിച്ചു. സംസാരം മൊത്തം ഇംഗ്ലീഷില്‍. വണ്‍സ് എ പപ്പ.....മെറ്റ് എ മമ്മ....അണ്ടര്‍ എ കോക്കനട്ട് ട്രീ....പപ്പ ആസ്‌ക് ടു മമ്മ....വില്‍ യു മാരി മീ....മമ്മ ടോള്‍ഡ് പപ്പാ....പോടാ തെമ്മാടി....ഈ സ്‌റ്റൈലാണത്രെ മന്ത്രിമാരുടെ ഇംഗ്ലീഷിന്. പത്രസമ്മേളനം കേട്ടപ്പോള്‍ സാജു പോളിന് തോന്നി; ഹൗ ഐ വണ്ടര്‍ വാട്ട് യു ആര്‍ ?

നികുതി, ഭവന വകുപ്പുകള്‍ക്കായുള്ള ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ പ്രകടനം വിലയിരുത്തവെയാണ് സാജു പോള്‍ 'മന്ത്രി ഇംഗ്ലീഷിനെ' ക്കുറിച്ച് പറഞ്ഞത്. മാണിസാറിന്റെ ബജറ്റില്‍ നിന്ന് മണിയോ മമതയോ പ്രതീക്ഷിക്കേണ്ട. നാനൂറ് നാരദന്‍ ചേര്‍ന്നാല്‍ ഒരു ഇയോഗോ എന്ന് കാഥികന്‍ പറഞ്ഞതുപോലെ പത്ത് മാണി ചേര്‍ന്നാലും ഒരു ഐസക് ആകില്ല. എപ്പോ നോക്കിയാലും നൂറ് ദിനം നൂറ് ദിനം എന്ന് പറഞ്ഞുനടക്കുന്നതല്ലാതെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. പദ്മാനാഭ സ്വാമി ക്ഷേത്രം സംരക്ഷിക്കുമെന്നാണ് നൂറുദിന പരിപാടിയില്‍ പറഞ്ഞ ഒരു കാര്യം. ക്ഷേത്രം സംരക്ഷിക്കും എന്നല്ലാതെ ആരെങ്കിലും ഇടിച്ചുനിരത്തുമോയെന്നും സാജു സംശയം പൂണ്ടു. സാജുവിന് ചുട്ടമറുപടിയുമായി പി.കെ.ബഷീര്‍ വന്നു. ''സാജൂ...അനക്കും എനക്കുമൊക്കെ ഇംഗ്ലീഷ് പറയാമ്പറ്റ്വോ ? ഇംഗ്ലീഷ് അറിയാവുന്നവര്‍ക്കേ അത് പറ്റൂ. നായനാരുടേയും എന്റെ വാപ്പയുടേയും ഇംഗ്ലീഷ് കേട്ടിട്ടാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടതെന്ന് എന്നോട് എന്റെ വാപ്പ ( സീതിഹാജി) പറഞ്ഞിട്ടുണ്ട്. ങ്ങളെ കാലത്ത് ബടെ ഭരണംണ്ടായിരുന്നോ ? ആരാന്റെ കുട്ടിയ്ക്ക് പിരാന്ത് വരുമ്പോ കാണാന്‍ നല്ല രസം എന്നല്ലേ വി.എസ്സിന്റെ ചിന്ത. ആരോപണം ഉന്നയിക്കുമ്പോ ഒരു നെലവാരം ബേണ്ടേ?'' ബഷീര്‍ വികാരാധീനനായി. അഞ്ചുസെന്റുള്ള പാവങ്ങള്‍ വീട് വയ്ക്കാന്‍ നേരം തണ്ണീര്‍ത്തട നിയമമെന്നു പറഞ്ഞ് അകറ്റുന്ന സര്‍ക്കാര്‍ നടപടി മാറ്റണമെന്ന ആവശ്യവും ബഷീര്‍ ഉന്നയിച്ചു. സാജുപോളിനുശേഷം സംസാരിക്കാന്‍ പി.സി.ജോര്‍ജ് എഴുന്നേറ്റപ്പോള്‍ പലരും പലതും പ്രതീക്ഷിച്ചു. പതിവിന് വിരുദ്ധമായി ജോര്‍ജ് ശാന്തനായി. പ്രകോപിപ്പിക്കാന്‍ ശ്രമിച്ചവരോട് 'പിന്നീട് നേരിട്ട് കാണുമ്പം പറയാം' എന്ന് കട്ടായം പറഞ്ഞു. പനി എന്ന പ്രശ്‌നത്തിന് കാരണം മാലിന്യമാണെന്നാണ് സകലരും ധരിച്ചിരുന്നത്. പ്രൊഫസര്‍ രവീന്ദ്രനാഥിന്റെ അഭിപ്രായത്തില്‍, മാലിന്യം, പല കാരണങ്ങളില്‍ ഒന്നുമാത്രം. നവലിബറല്‍ പ്രശ്‌നങ്ങളെ നവലിബറല്‍ നയങ്ങള്‍ കൊണ്ട് പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ് നമ്മുടെ ഈ സാമൂഹിക അവസ്ഥയ്ക്ക് കാരണം. ആസൂത്രണകലയെ വികേന്ദ്രീകരണ പരിപ്രേഷ്യത്തില്‍ കാണാന്‍ പറ്റാത്തതിന്റെ പ്രശ്‌നവും യു.ഡി.എഫ് സര്‍ക്കാരിനുണ്ടെന്ന് പ്രൊഫസര്‍ പറഞ്ഞു. പ്രൊഫസറിന്റെ പ്രസംഗം ധ്യാനനിമഗ്‌നനായി കേട്ടുകൊണ്ടിരുന്ന മാണിസാര്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ മറുപടി പറഞ്ഞപ്പോള്‍ ആ ബോംബ് പൊട്ടിച്ചു. കമ്മ്യുണിസ്റ്റ്കാര്‍ക്ക് മാത്രമല്ല കേരള കോണ്‍ഗ്രസ്സുകാര്‍ക്കും സിദ്ധാന്തങ്ങളറിയാമെന്ന് മാണിസാര്‍ കാണിച്ചുകൊടുത്തു. നിയോ ലിബറല്‍ എന്നവാക്ക് 17 തവണ പ്രൊഫസര്‍ ഉദ്ധരിച്ചതായി മാണിസാര്‍ കണ്ടുപിടിച്ചു. നിങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നില്ല. ഇപ്പോള്‍, നിയോ ലിബറലിസത്തിന് ഒരു ബദല്‍സമീപനമുണ്ട്. നിയോ കണ്‍സര്‍വേറ്റിസമെന്നാണ് അതറിയപ്പെടുന്നത് - മാണിസാര്‍ അറിയിച്ചു. തന്റെ ഇഷ്ടവിഷയത്തില്‍ ഇത്തരമൊരു സിദ്ധാന്തം ജനിച്ചത് അറിയാത്തതില്‍ തോമസ് ഐസക് ഞെട്ടി. ഈ സിദ്ധാന്തം ഏത് പുസ്തകത്തിലുണ്ട് സാര്‍ എന്ന് ഐസക് ന്യായമായൊരു സംശയം ചോദിച്ചു. അപ്പോള്‍ സഭ കാത്തിരുന്ന ആ മഹാരഹസ്യം മാണിസാര്‍ പൊട്ടിച്ചു. ''അത് ഞാന്‍ തന്നെ രൂപംകൊടുത്ത തിയറിയാണ്....ഹ....ഹ...ഹ...'' നാളെ മുതല്‍ ഇത് ആഗോള കറന്‍സിയാകുമെന്നും മാണിസാര്‍ പറഞ്ഞു. അതായത് പണ്ട് കണ്ടുപിടിച്ച അഡീഷണാലിറ്റി പോലെ നിത്യവും ലോകൈകര്‍ പറയുന്ന മറ്റൊരു സിദ്ധാന്തമായി നിയോ കണ്‍സര്‍വേറ്റിസവും മാറുമെന്നാണ് മാണിസാര്‍ ഉദ്യേശിച്ചത്. മാണിസാറിന് പിന്നാലെ മറുപടി പറഞ്ഞ മന്ത്രി തിരുവഞ്ചൂര്‍ പ്രതിപക്ഷത്തിന്റെ സകല ആവലാതികള്‍ക്കും റെഡിമെയ്ഡ് പരിഹാരവുമായി രംഗത്തെത്തി.


അഴിമതിയുടെ ആണ്ടവന്‍ കോവിലിലിരുന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ ഭരിച്ചിരുന്നതെന്ന് ശിവദാസന്‍ നായര്‍ ആരോപിച്ചു. നിങ്ങള്‍ കോണ്‍ഗ്രസ്സുകാരുടെ ചെയ്തികള്‍ പറഞ്ഞാല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടിവരുമെന്നും ആ ഗവര്‍ണര്‍ തിവാരി എല്ലാ സംസ്ഥാനങ്ങളിലും ഓടിനടന്ന് ഡി.എന്‍.എ ടെസ്റ്റ് നടത്തുകയാണെന്നും ശിവദാസന്‍ നായര്‍ക്ക് കെ.കെ.ജയച്ചന്ദ്രന്‍ മറുപടി പറഞ്ഞു. ശിഖണ്ഡിയെ മുന്‍നിര്‍ത്തിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭരിക്കുന്നതെന്ന് ജയച്ചന്ദ്രന്‍ പറഞ്ഞപ്പോള്‍, ശിഖണ്ഡിയാരാണെന്ന് കൂട്ടുകാര്‍ ചോദിച്ചു. അത് പി.സി.ജോര്‍ജാണെന്ന് ജയച്ചന്ദ്രന്‍ അറിയിച്ചു. ഒരു ആക്രോശം പ്രതീക്ഷിച്ചെങ്കിലും സകലര്‍ക്കും തെറ്റി. ജോര്‍ജ് മറുപടി പറഞ്ഞു, അതി ശാന്തനായി..... ''എന്നെ ശിഖണ്ഡിയെന്ന് വിളിച്ചാലും കുഴപ്പമില്ല. എന്റെ പേരില്‍ നിങ്ങള്‍ക്ക് ജഡ്ജിയെ ശുംഭനെന്ന് വിളിക്കാനായല്ലോ... അതുമതി''. എല്ലാവര്‍ക്കും അതുമതി.

No comments:

Post a Comment