Sunday, August 7, 2022

തൊഴിൽരഹിതരുടെ രാജ്യം

മോദിസർക്കാർ ഏറ്റവും വിനാശകരമായ നയങ്ങൾ നടപ്പാക്കിയത്‌ തൊഴിൽ മേഖലയിലാണ്‌. തൊഴിൽസുരക്ഷ എന്നത്‌ സ്വപ്‌നം മാത്രമായി മാറുന്ന അവസ്ഥയിലേക്ക്‌ രാജ്യം എത്തുകയാണ്‌. വർഷം രണ്ട്‌ കോടി പേർക്ക്‌ തൊഴിൽ വാഗ്‌ദാനം ചെയ്‌ത്‌ അധികാരത്തിൽ വന്ന ബിജെപിയുടെ സർക്കാർ എട്ട്‌ വർഷം പിന്നിടുമ്പോൾ രാജ്യത്തെ ജനങ്ങൾ തൊഴിലന്വേഷണം തന്നെ അവസാനിപ്പിക്കുകയാണ്‌.

തൊഴിലെടുക്കാൻ ശേഷിയുള്ള പ്രായപരിധിയിൽ വരുന്ന 90 കോടി പേരിൽ 61.2 ശതമാനവും തൊഴിൽ തേടുന്നത്‌ നിർത്തി. കേന്ദ്ര സർവീസിൽ 10 ലക്ഷം തസ്‌തിക ഒഴിഞ്ഞു കിടക്കുമ്പോൾ കഴിഞ്ഞ എട്ട്‌ വർഷം അപേക്ഷിച്ചവരിൽ 0.33 ശതമാനം പേർക്ക്‌ മാത്രമാണ്‌ നിയമനം ലഭിച്ചത്‌. അതായത്‌, 22.05 കോടി പേർ അപേക്ഷിച്ചപ്പോൾ ജോലി ലഭിച്ചത്‌ 7.22 ലക്ഷം പേർക്ക്‌. സാധാരണക്കാർക്ക്‌ ഏറ്റവും കൂടുതൽ നിയമനം കിട്ടുന്ന ഗ്രൂപ്പ്‌ ‘സി’ വിഭാഗത്തിൽ  8.36 ലക്ഷം തസ്‌തിക ഒഴിഞ്ഞു കിടക്കുകയാണ്‌.


അഞ്ച്‌ വർഷത്തിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണത്തിൽ 2.68 ലക്ഷത്തിന്റെ ഇടിവുണ്ടായി.  2016–--17ൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ  11.29 ലക്ഷം ജീവനക്കാർ ഉണ്ടായിരുന്നു.  2021ൽ ഇത് 8.61 ലക്ഷമായി ചുരുങ്ങിയെന്ന്‌ രാജ്യസഭയിൽ തൊഴിൽ മന്ത്രി രാമേശ്വർ തേലി സമ്മതിച്ചു. 2017-–-18ൽ രാജ്യത്ത്‌ 19.2 ശതമാനം തൊഴിലാളികൾ സംഘടിത മേഖലയിൽ പണിയെടുത്തിരുന്നു. 2019–--20ൽ  ഇത്‌ 17.8 ശതമാനമായി കുത്തനെ കുറഞ്ഞു. സംഘടിത തൊഴിൽ മേഖലകളിൽ നിന്ന് പുറംതള്ളപ്പെട്ടവർ അസംഘടിത മേഖലയിലെ അരക്ഷിതാവസ്ഥയിലേക്ക്‌ എത്തിച്ചേരുകയാണ്‌. രാജ്യത്തെ മൊത്തം തൊഴിലാളികളിൽ 82 ശതമാനം പേരും തൊഴിൽ സുരക്ഷയോ ആനുകൂല്യങ്ങളോ ഇല്ലാതെ അസംഘടിത മേഖലയിലാണ് തൊഴിലെടുക്കുന്നത്. തൊഴിൽ പങ്കാളിത്ത നിരക്ക്‌ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്‌–-38.8 ശതമാനം മാത്രം. തൊഴിൽ നശീകരണ നയമാണ്‌ മോദിസർക്കാർ നടപ്പാക്കുന്നത്‌ എന്നതിന്‌ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്‌ അഗ്നിപഥ്‌. ഈ പദ്ധതി വഴി ലക്ഷക്കണക്കിന്‌  യുവാക്കളെ  നാല്‌ വർഷത്തിനു ശേഷം  അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടും. 20–-24 പ്രായപരിധിയിലുള്ള 42 ശതമാനം പേരും തൊഴിൽ രഹിതരായ രാജ്യത്താണ്‌ വീണ്ടു വിചാരമില്ലാതെ ഈ പദ്ധതി നടപ്പാക്കുന്നത്‌. നാല്‌ പതിറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്‌മയാണ്‌  രാജ്യം അനുഭവിക്കുന്നത്‌. സ്വകാര്യവൽക്കരണവും കരാർവൽക്കരണവും വഴി നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിച്ച്‌ കൂടുതൽ തൊഴിൽ സൃഷ്ടിക്കുമെന്നാണ്‌ സർക്കാർ വാദം. എന്നാൽ കഴിഞ്ഞ ജൂൺ, ജൂലൈ മാസങ്ങളിൽ വ്യവസായ, സേവന മേഖലകളിൽ 80 ലക്ഷം തൊഴിലാണ്‌ നഷ്ടപ്പെട്ടതെന്ന്‌ സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ ഇക്കണോമിയുടെ റിപ്പോർട്ടിൽ പറയുന്നു. തൊഴിൽ വളർച്ച സൃഷ്ടിക്കുന്ന വിധത്തിൽ മൂലധന നിക്ഷേപങ്ങൾ നടത്താൻ സ്വകാര്യ കോർപറേറ്റുകൾ തയ്യാറല്ല. അവർ ഓഹരിക്കമ്പോളത്തിലെ കൊള്ളലാഭത്തിനു പിന്നാലെ പായുകയാണ്‌. അംബാനിയുടെയും അദാനിയുടെയും ആസ്‌തിമൂല്യം പെരുകുമ്പോഴും രാജ്യത്ത് തൊഴിൽവളർച്ച ഇടിയുന്നതിനു കാരണം ഇതാണ്‌.

പെൻഷൻകാരോടും കാരുണ്യമില്ല

പെൻഷൻകാരോടും മോദി സർക്കാരിന്‌ കാരുണ്യമില്ല. ഉയർന്ന ശമ്പളത്തിന്‌  ആനുപാതികമായി ഇപിഎഫ്‌ പെൻഷൻ നൽകണമെന്ന കേരള, രാജസ്ഥാൻ, ഡൽഹി  ഹൈക്കോടതികളുടെ വിധിക്കെതിരെ കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചതും ഈ കേസിൽ കേന്ദ്രം ഉയർത്തുന്ന വാദങ്ങളും ബിജെപി സർക്കാരിന്റെ ഈ   സമീപനത്തിനു തെളിവാണ്‌. ആരോഗ്യമുള്ള കാലമത്രയും അധ്വാനിക്കുകയും വേതനത്തിന്റെ വിഹിതം ഇപിഎഫ്‌ ഫണ്ടിലേക്ക്‌ സംഭാവന നൽകുകയും ചെയ്‌തവരോടാണ്‌ സർക്കാരിന്റെ ക്രൂരത. ഉയർന്ന പെൻഷൻ നൽകിയാൽ 16 ലക്ഷം കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്ന വാദമാണ്‌ കേന്ദ്രം സുപ്രീംകോടതിയിൽ അവതരിപ്പിച്ചത്‌. ഇതിനു പിൻബലം നൽകുന്ന റിപ്പോർട്ടോ കണക്കോ മുന്നോട്ടുവയ്‌ക്കാൻ സർക്കാർ തയ്യാറായില്ല. 16 ലക്ഷം കോടി രൂപയുടെ ബാധ്യത ഉണ്ടാകുമെന്ന വാദത്തിന്‌ എന്താണ്‌ അടിസ്ഥാനമെന്ന്‌ കോടതി ആരാഞ്ഞതോടെ റിപ്പോർട്ട്‌ തയ്യാറാക്കാൻ സമയം തേടിയിരിക്കുകയാണ്‌ കേന്ദ്രം. പെൻഷൻ ഫണ്ടിൽ ഓരോ വർഷവും വൻ തോതിൽ തുക വർധിക്കുകയാണ്‌. 2017 മാർച്ച്‌ 31ന്‌ 3.18 ലക്ഷം കോടി രൂപയായിരുന്നത്‌ 2019 മാർച്ചിൽ 4.37 ലക്ഷം കോടിയായി ഉയർന്നു. 2012–-13ൽ ഇത്‌ 1.83 ലക്ഷം കോടിയായിരുന്നു. ആറ്‌ വർഷത്തിൽ 130 ശതമാനത്തിന്റെ വർധനയാണ്‌. 2012–-13ൽ ഫണ്ടിന്റെ പലിശ വരുമാനം 14,354 കോടി രൂപയായിരുന്നെങ്കിൽ 2018–-19ൽ ഇത്‌ 32, 982 കോടി രൂപയായി. 2018–-19ൽ പെൻഷൻ ഇനത്തിൽ വിതരണം ചെയ്‌തത്‌ 18,843 കോടി രൂപയാണ്‌. ലഭിച്ച പലിശയുടെ 55 ശതമാനം മാത്രം. സഞ്ചിത നിധിയെ പെൻഷൻ വിതരണം ബാധിക്കുന്നില്ലെന്ന്‌ ഇതിൽ നിന്ന്‌ വ്യക്തമാണ്‌.


ഇപിഎഫ്‌ കേസ്‌ ഇത്രയും നീണ്ടു പോകാനും കാരണം കേന്ദ്ര നിലപാടാണ്‌. കേസ്‌ പരിഗണിക്കുന്ന ബെഞ്ചിൽ നിന്ന്‌ ജസ്‌റ്റിസ്‌ രവീന്ദ്ര ഭട്ടിനെ നീക്കാൻ കള്ളക്കളികളുണ്ടായി. ഇതിന്റെ ഫലമായി കേസ്‌ നീണ്ടു പോയി. ഇപ്പോൾ കേസിൽ വാദം കേൾക്കാൻ കൃത്യമായ ബെഞ്ചില്ലാത്ത സ്ഥിതിയാണ്‌. ഇപിഎഫ്‌ നിയമത്തിൽ 2014ൽ വരുത്തിയ ഭേദഗതികളും അത്യന്തം തൊഴിലാളി വിരുദ്ധമായി. പെൻഷൻ കണക്കാക്കാൻ ഒടുവിലത്തെ 12 മാസത്തെ ശമ്പളത്തിന്റെ ശരാശരി പരിഗണിക്കുന്നതിനു പകരം 60 മാസത്തെ ശമ്പളത്തിന്റെ ശരാശരി എടുക്കാൻ തുടങ്ങിയത്‌ പെൻഷൻ തുക കുറയാൻ കാരണമായി. പെൻഷൻ ഫണ്ടിലേക്ക്‌ ഉയർന്ന വിഹിതം നൽകാൻ 2004നു ശേഷം ചേർന്നവർക്ക്‌ കഴിയില്ലെന്ന കട്ട്‌ ഓഫ്‌ ഡേറ്റ്‌ സംവിധാനവും തൊഴിലാളികൾക്ക്‌ തിരിച്ചടിയാണ്‌. വൺ റാങ്ക്‌ വൺ പെൻഷൻ വാഗ്‌ദാനം ചെയ്‌തവരാണ്‌ തൊഴിലാളികൾ രാഷ്‌ട്രനിർമാണത്തിന്‌ നൽകുന്ന സംഭാവന വില കുറച്ച്‌ കാണുന്നത്‌.

വൈദ്യുതി ബിൽ ഉപേക്ഷിച്ചിട്ടില്ല

വൈദ്യുതി മേഖല സ്വകാര്യകോർപറേറ്റുകൾക്ക്‌ തളികയിൽവച്ച്‌ നൽകാനുള്ള ശ്രമം കേന്ദ്രം ഉപേക്ഷിച്ചിട്ടില്ല.  വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണത്തിനുള്ള നിയമഭേദഗതി ബില്ലുമായി മുന്നോട്ടു പോകില്ലെന്ന്‌ സംയുക്ത കിസാൻമോർച്ചയ്‌ക്ക്‌ കേന്ദ്രം വാക്ക്‌ നൽകിയിരുന്നു. മാസങ്ങൾ കഴിഞ്ഞപ്പോൾ കോർപറേറ്റുകളുടെ സമ്മർദത്തിനു വഴങ്ങി വൈദ്യുതി നിയമഭേദഗതി ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ്‌ കേന്ദ്രം. സബ്‌സിഡികൾ പൂർണമായും നിർത്തലാക്കാൻ വ്യവസ്ഥ ചെയ്യുന്ന നിർദിഷ്ട ബില്ലിന്റെ കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരിക കർഷകരും സാധാരണക്കാരുമാണ്‌.  പൊതുജനങ്ങളുടെ പണം ഉപയോഗിച്ച്‌ കെട്ടിപ്പടുത്ത വൈദ്യുതി വിതരണ ശൃംഖലകൾ സ്വകാര്യ കമ്പനികൾക്ക്‌ കൈമാറും. പ്രവർത്തന ലക്ഷ്യം കൊള്ള ലാഭം മാത്രമാകും.
Read more: https://www.deshabhimani.com/articles/unemployment-in-india/1036721



No comments:

Post a Comment