Wednesday, August 17, 2022

ഇന്ത്യയിലെ ആ മൂന്നാമത്തെ മഹാൻ ആരാണ്? എഴുത്ത് ശിവകുമാർ


---------------------------------------------
ഇരുപതാം നൂറ്റാണ്ടിൽ, ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച  ഇന്ത്യക്കാരായി 1999 ൽ ടൈം മാഗസിൻ തിരഞ്ഞെടുത്ത മഹദ് വ്യക്തികളിൽ രണ്ടു പേരെ  എല്ലാവർക്കുമറിയാം.. മഹാത്മാ ഗാന്ധി, വിശ്വ കവി രവീന്ദ്രനാഥ ടാഗോർ എന്നിവരാണ് ആ രണ്ടുപേർ. 

ഇന്ത്യയുടെ യശസ്സ് ലോകത്തിന് മുൻപിൽ വാനോളം ഉയർത്തിപ്പിടിച്ചവരാണ്  ഗാന്ധിജിയും  ടാഗോറും  എന്നത് നിസ്തർക്കമാണ്.

എന്നാൽ മൂന്നാമത്തെയാളെക്കുറിച്ച്  ഇന്ത്യക്കാരിൽ  ഭൂരിഭാഗം പേർക്കും അറിയില്ല എന്നത് നമ്മളെ, പ്രത്യേകിച്ചും മലയാളികളെ ലജ്ജിപ്പിക്കുന്നതാണ് എന്ന് പറയേണ്ടി വരും.  

 'ജീവിക്കുന്ന ഇതിഹാസ' മെന്ന്  ലോകം ആദരവോടെ വിശേഷിപ്പിക്കുന്ന അദ്ധേഹമൊരു മലയാളിയാണ് എന്നതിൽ  ഓരോ  മലയാളിയും  യഥാർത്ഥത്തിൽ അഭിമാനിക്കേണ്ടതാണ്. 

ഇന്ത്യ  76 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ, കോളനി വാഴ്ചയിൽ നിന്നും  സ്വതന്ത്രമാവാൻ നമ്മൾ നടത്തിയ ത്യാഗോജജ്വല പോരാട്ടങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ, സ്വാതന്ത്ര്യത്തിന് ശേഷം, ഇവിടം വരെയെത്താൻ നമ്മൾ നടന്ന് തീർത്ത കനൽവഴികളും പ്രയത്നങ്ങളും വിസ്മരിക്കപ്പെടുകയുമരുത്. 

 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ലോകത്തെ പത്രങ്ങൾ വിശേഷിപ്പിച്ചത്, ഇന്ത്യ ക്ഷാമത്തിലേക്കും, ദാരിദ്ര്യത്തിലേക്കും, പട്ടിണി മരണത്തിലേക്കുമുള്ള സ്വാതന്ത്ര്യം കഷ്ടപ്പെട്ട് നേടിയെടുത്തു എന്നതാണ്. അതൊരു യാഥാർത്ഥ്യവുമായിരുന്നു. ഒരു നേരത്തെ ഭക്ഷണമെങ്കിലും ജനങ്ങൾക്ക് കൊടുക്കാൻ, അക്കാലത്ത് ദാനമായി  അമേരിക്ക പോലുള്ള രാജ്യങ്ങൾ നൽകുന്ന ധാന്യങ്ങളും ഇറക്കുമതിയും  ഇന്ത്യക്ക് അത്യാവശ്യമായിരുന്നു.

 ഇന്ത്യക്കാർ പട്ടിണി കിടന്ന് മരിക്കാതിരിക്കണമെങ്കിൽ അതിന് മുൻപായി അവരുടെ മുകളിൽ തെർമൽ ന്യൂക്ലിയർ ബോംബ് വീണ് അവർ മരിച്ചിരിക്കണമെന്നാണ്, ലോകത്തെ പ്രശസ്തരായ സാമ്പത്തിക ശാസ്ത്രജ്ഞൻമാരും ജനസംഖ്യാ ശാസ്ത്രജ്ഞൻമാരും ഒരുപോലെ  പരസ്യമായി തന്നെ പറഞ്ഞിരുന്നത്. അതല്ലെങ്കിൽ, ഇന്ത്യക്കാർ  പട്ടിണി കൊണ്ട് ആടുമാടുകളെപ്പോലെ  ചത്തുവീഴുമെന്നായിരുന്നു ലോകരാജ്യങ്ങളുടെ പ്രവചനം. അത് വെറുമൊരു പ്രവചനം മാത്രമായിരുന്നില്ല, മറിച്ച് അതായിരുന്നു സത്യം. ചുരുക്കത്തിൽ, അക്കാലത്തെ കണക്ക് കൂട്ടലിൽ, ഇതെഴുതുന്ന, വായിക്കുന്ന,  ഇപ്പോഴത്തെ ഈ തലമുറ ഭാരതത്തിൽ ഉണ്ടാവാനുള്ള സാദ്ധ്യത വളരെ കുറവായിരുന്നു എന്ന് പറയാം.

എന്നാൽ, ഭാരത ഭൂമി  എന്നും ജനതയെയും സമൂഹത്തെയും ദുരിതത്തിൽ നിന്നും കൈ പിടിച്ചുയർത്തുന്ന മഹദ് വ്യക്തികളാൽ സമ്പന്നമായിരുന്നതാണ് നമുക്ക് ഭാഗ്യമായി മാറിയത്.

കുട്ടനാട്ടിലെ മങ്കൊമ്പിൽ ജനിച്ച്, കുംഭകോണത്ത് സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് തിരുവനന്തപുരം യൂണിവേർസിറ്റി കോളേജിൽ പഠിച്ചു കൊണ്ടിരുന്ന ആ ചെറുപ്പക്കാരൻ്റെയും കുടുംബത്തിൻ്റെയും ആഗ്രഹം,  സ്വന്തം പിതാവിനെ പോലെ, അദ്ധേഹവും മികച്ച ഡോക്ടർ ആവുക എന്നതായിരുന്നു. എന്നാൽ 1942-43 കാലത്ത് ജനങ്ങൾ ഈയാം പാറ്റകൾ പോലെ പട്ടിണി കൊണ്ട് മരിച്ചു വീഴുന്നത്  കാണാനും അറിയാനുമിടയായത് ആ ചെറുപ്പക്കാരനെ ആകെ പിടിച്ചുലച്ചു.

ഒരു സാധാരണ ഡോക്ടർ എന്ന ലക്ഷ്യം മാറ്റി വച്ച്, ഇന്ത്യയുടെ പട്ടിണി മാറ്റുക എന്ന ലക്ഷ്യവുമായാണയാൾ പിന്നീടുള്ള കാലം ജീവിച്ചത്. അതിനായി, മെഡിക്കൽ കോളേജിന് പകരം, പിന്നീടയാൾ പഠിച്ചത്. കോയമ്പത്തൂർ  അഗ്രികൾച്ചർ കോളേജിലായിരുന്നു.

കൃഷി അന്നും ഇന്നും ആകർഷകമായ തൊഴിൽ മേഖല അല്ലാത്തതിനാൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി സിവിൽ സർവ്വീസ് പരീക്ഷയെഴുതി, IPS ലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, അതുപേക്ഷിച്ച് സ്വന്തം ലക്ഷ്യത്തിന് വേണ്ടി ഇറങ്ങിത്തിരിക്കുകയായിരുന്നു ആ ചെറുപ്പക്കാരൻ.

ഡെൽഹിയിലും, നെതർലൻഡ്സിലും, UKയിലും, അമേരിക്കയിലുമൊക്കെ പോസ്റ്റ് ഡോക്ടറൽ  ഗവേഷണവുമായി കഴിഞ്ഞ ശേഷം, അമേരിക്കൻ യൂണിവേഴ്സിറ്റികളുടെ കനപ്പെട്ട  ഓഫറുകൾ നിരസിച്ച്  മടങ്ങിയെത്തി, ഇന്ത്യയുടെ പട്ടിണി മാറ്റിയ, ഹരിതവിപ്ളവത്തിൻ്റെ  ശിൽപ്പിയും അമരക്കാരനുമായി മാറിയ മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന ഡോ. M.S. സ്വാമിനാഥനെക്കുറിച്ച് പറയാതെ ഇന്ത്യൻ ചരിത്രം പൂർണ്ണമാവില്ല തന്നെ. 

  ഇന്ത്യൻ ഹരിത വിപ്ളവത്തിൻ്റെ പിതാവായി വാഴ്ത്തപ്പെടുന്ന ഡോ.M.S സ്വാമിനാഥൻ എന്ന ധിഷണാശാലിയായ, മലയാളി കാർഷിക ശാസ്ത്രജ്ഞൻ്റെ നേതൃത്വത്തിൽ ഇന്ത്യയിൽ നടപ്പിലാക്കിയ ഹരിത വിപ്ളവം പദ്ധതി, ലോകത്തിൻ്റെ സകല പ്രവചനങ്ങളെയും നിഷ്പ്രഭമാക്കി, 1971 ൽ ഇന്ത്യയെ ഭക്ഷ്യ സുരക്ഷയിൽ സ്വയം പര്യാപ്തമായി മാറ്റി.   അതോടെ ധാന്യ ഇറക്കുമതി നിർത്തലാക്കാൻ സാധിച്ചെങ്കിലും  നമുക്കൊക്കെ ഇന്നത്തെ  പോലെ  സുഭിക്ഷമായ രീതിയിൽ ഭക്ഷണം ലഭിക്കാനും, ഭക്ഷ്യവസ്തുക്കളും ധാന്യങ്ങളും കയറ്റുമതി ചെയ്യാനുമുള്ള സാചര്യമൊരുങ്ങാൻ  വീണ്ടും വർഷങ്ങളേറെ വേണ്ടി വന്നു എന്ന് കാണാം.

 മറ്റു മഹദ് വ്യക്തികൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും അസാദ്ധ്യമെന്ന് കരുതിയ ഇന്ത്യയുടെ   ഭക്ഷ്യ സുരക്ഷയെ, സുഭിക്ഷതയെ സാദ്ധ്യമാക്കിത്തീർത്ത ഹരിത വിപ്ളവത്തിൻ്റെ ശിൽപിയും അമരക്കാരനുമായ വ്യക്തി. 97 വയസ്സിലും ഇന്നും ചുറുചുറുക്കോടെ നമ്മോടൊപ്പം ജീവിച്ചിരിക്കുന്നതിൽ നമുക്ക് തീർച്ചയായും അഭിമാനിക്കാം. 

ഇന്ന്, നമ്മുടെ തലമുറ, പട്ടിണിയില്ലാതെ  ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നതിലും, ഭക്ഷ്യ സുരക്ഷയും ഭക്ഷ്യ സുഭിക്ഷതയും ഭാരതത്തിന്    ലഭ്യമായതിനും ഓരോ ഇന്ത്യക്കാരനും ഡോ.MS സ്വാമിനാഥനോട് കടപ്പെട്ടിരിക്കുന്നു എന്ന് നിസ്സംശയം പറയാം. 

മാത്രമല്ല, നമ്മുടെ അയൽ രാജ്യങ്ങളുടെയും അനവധി ഏഷ്യൻ രാജ്യങ്ങളുടെയും പട്ടിണി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തി കൂടിയാണദ്ധേഹം. ഗ്രീൻ  റവല്യൂഷൻ അഥവാ ഹരിത വിപ്ളവം എന്ന ആശയം യഥാർത്ഥത്തിൽ അമേരിക്കക്കാരനായ നോർമൻ ബോർലോഗിൻ്റെതായിരുന്നു.  നോർമനുമായി സഹകരിച്ച് സ്വാമിനാഥൻ ഇന്ത്യയിൽ നടപ്പിലാക്കിയ ഹരിത വിപ്ളവമാണ് പിന്നീട് ഏഷ്യൻ രാജ്യങ്ങൾ ഒന്നടങ്കം ഏറ്റെടുത്തത്.

അതിനെത്തുടർന്ന്, ഹരിത വിപ്ളവത്തിൻ്റെ ഉപജ്ഞാതാവായ നോർമന് നൊബേൽ സമ്മാനം ലഭിച്ചപ്പോൾ, അദ്ധേഹം സ്വാമിനാഥന് എഴുതിയ കത്തിൽ പറയുന്നത്, സ്വാമിനാഥൻ താങ്കൾ  ഇല്ലായിരുന്നുവെങ്കിൽ ഹരിത വിപ്ളവം എന്ന ആശയം വിജയിക്കുകയോ തനിക്ക് നോബേൽ ലഭിക്കുകയോ ഇല്ലായിരുന്നു എന്നാണ്.

കേരളം രൂപീകരിക്കുമ്പോൾ ഏകദേശം 9 ലക്ഷം ഹെക്ടറിൽ നെൽകൃഷി ഉണ്ടായിരുന്നെങ്കിലും  രണ്ടു നേരമെങ്കിലും അരി ഭക്ഷണം കഴിക്കാനാവുന്നവർ കുറവായിരുന്നു. കപ്പയും കാച്ചിലും ചേമ്പും, താളും തകരയും ഒക്കെ കൊണ്ടാണ്  വലിയ വിഭാഗം ജനങ്ങളും ജീവിച്ചിരുന്നത്.

പച്ചില വളവും, ചാണകവും ചാരവും ഉപയോഗിച്ചുള്ള  ജൈവ കൃഷി രീതിയും കാര്യമായ വിളവ് കിട്ടാത്ത, രോഗപ്രതിരോധശേഷിയോ, കീട പ്രതീരോധ ശേഷിയോ, കാലാവസ്ഥാ പ്രതിരോധമോ  ഇല്ലാത്ത, പരമ്പരാഗത വിത്തുകളും, അശാസ്ത്രീയമായ ജലസേചന രീതികളുമാണ്, കൃഷി സ്ഥലം ധാരാളമുണ്ടായിട്ടും നമ്മുടെ  ജനങ്ങളെ പട്ടിണിയിലാക്കിയത്.  

ഡോ. M.S സ്വാമിനാഥൻ്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത അത്യുൽപ്പാദന ശേഷിയുള്ള വിത്തുകളും, മികച്ച രാസവളങ്ങളും, ഫലവത്തായ രാസകീടനാശിനികളും, യന്ത്രങ്ങൾ ഉപയോഗിച്ചുള്ള നിലമൊരുക്കലും, വ്യാപകമായ ജലസേചന പദ്ധതികളുമായി, കൃഷി ശാസ്ത്രീയമായി ചെയ്യുക എന്നതായിരുന്നു ഹരിത വിപ്ളവത്തിൻ്റെ കാതൽ.

ജൈവ കൃഷി രീതിയിൽ നിന്നും ശാസ്ത്രീയ കൃഷിയിലേക്ക് കർഷകർ മാറിയതോടെ, അരി, ഗോതമ്പ്, ബജ്റ, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ ഉൽപ്പാദനത്തിൽ കുതിച്ചു ചാട്ടമുണ്ടായി. സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്തെ 30 കോടി ജനങ്ങൾ ഒക്ഷണം കിട്ടാതെ മരിക്കുമെന്ന് പറഞ്ഞയിടത്ത് നിന്നും , 100 കോടി ജനങ്ങൾ വർദ്ധിച്ച്, ഇപ്പോൾ  135 കോടിയായിട്ടും, പട്ടിണിയില്ലെന്ന് മാത്രമല്ല, നമ്മൾ ഇന്ന് വ്യാപകമായി ഭക്ഷ്യവസ്തുക്കൾ കയറ്റിയയക്കുന്നു എന്നതും  ആശ്ചര്യകരമായ വസ്തുതയാണ്.

ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ധിഷണാശാലിയായ ഡോ.M.S സ്വാമിനാഥൻ്റെ പുഞ്ചിരി തൂകുന്ന മുഖമാണ്, വർഷങ്ങളായി ഭക്ഷണത്തിനിരിക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത്.

പത്മശ്രീ, പത്മഭൂഷൻ, പത്മവിഭൂഷൻ തുടങ്ങി അന്താരാഷ്ട തലത്തിലും എണ്ണമറ്റ അവാർഡുകളും, ഡോക്ടറേറ്റുകളും, ഫെല്ലോഷിപ്പുകളും UN പോലെയുള്ള അന്താരാഷ്ട്ര സംഘടനകളിലും സ്ഥാപനങ്ങളിലും ഉയർന്ന പദവികളും ലഭിച്ചിട്ടുള്ള മറ്റൊരു മലയാളി ഉണ്ടാവില്ല തന്നെ. 

ഈ സ്വാതന്ത്ര്യദിനത്തിൽ, ഇന്ത്യക്ക് വേണ്ടി പോരാടിയ സമര സേനാനികൾക്കൊപ്പം, സ്വതന്ത്ര ഇന്ത്യയെ ദാരിദ്ര്യത്തിൽ നിന്നും, പട്ടിണി മരണത്തിൽ  കരകയറ്റിയ  മലയാളിയായ ഡോ. സ്വമി നാഥനെയും നമുക്ക്  സ്മരിക്കാം. 

നമ്മുടെ യുവ തലമുറയ്ക്ക്   സ്വാതന്ത്ര്യാനന്തര ഭാരതം അഭിമുഖീകരിച്ച പ്രശ്നങ്ങളും അവയൊക്കെ  നമ്മൾ തരണം ചെയ്ത വഴികളും അതിനൊക്കെ നേതൃത്വം നൽകിയവരെയും പരിചയപ്പെടുത്താം.

അരിയും ഗോതമ്പും മറ്റു ഭക്ഷണങ്ങളും സുഭിക്ഷമായി കഴിക്കുമ്പോൾ വല്ലപ്പോഴുമെങ്കിലും ഡോ. M.S സ്വാമിനാഥൻ എന്ന ഹരിത വിപ്ളവത്തിൻ്റെ പിതാവിനെ സ്മരിക്കാം.

ശിവകുമാർ
15.08.2022

No comments:

Post a Comment