Thursday, September 1, 2022

ലോകായുക്തയും ചാൻസലറും - പി ഡി ടി ആചാരി എഴുതുന്നു #lokayuktha

ലോകായുക്തയും ചാൻസലറും കേരളത്തിലെ പൊതു ചർച്ചകളിൽ പ്രമുഖമായ സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്. ഈ ചർച്ചകളൊക്കെ ശ്രദ്ധിച്ചാൽ ഏതോ ദിവ്യത്വ പരിവേഷം പൊതു സമൂഹം ഈ അധികാര സ്ഥാപനങ്ങൾക്ക് നൽകിയിരുന്നതായി തോന്നിപ്പോകും. ഒരുപക്ഷേ അതും കേരളീയ സമൂഹത്തിന്റെ  പ്രത്യേകതയാകാം. കുറച്ചു നാളുകൾക്ക് മുമ്പ് ഇഡിയോട് ചിലർ ഏതാണ്ടൊരു ആരാധനാ മനോഭാവം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, ഈ ചർച്ചകളിലും ആരാധനകളിലുമെല്ലാം വ്യാപൃതരായവർ ഈ അധികാര സ്ഥാപനങ്ങളുടെ യഥാർഥ സ്വഭാവം എന്താണെന്ന് മനസ്സിലാക്കുന്ന കാര്യത്തിൽ പരാജയപ്പെട്ടിരുന്നു എന്നുള്ള കാര്യം നമ്മെ അലോസരപ്പെടുത്തേണ്ടതാണ്‌.

ലോകായുക്ത എന്ന സ്ഥാപനത്തെക്കുറിച്ച് സൂക്ഷ്മവും യുക്തിസഹവുമായ ഒരു പഠനം ഈ ചർച്ചകളിൽ പ്രതിഫലിച്ചില്ല. ലോകായുക്ത, ലോക്പാൽ എന്നീ സ്ഥാപനങ്ങൾ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ അഴിമതിയെ കുറിച്ച് സമഗ്രവും ഫലപ്രദവുമായ അന്വേഷണം നടത്താൻ വേണ്ടി നിയമംമൂലം ഉണ്ടാക്കിയിരിക്കുന്നവയാണ്.  ലോക്പാൽ; പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാർ, പാർലമെന്റ്‌ അംഗങ്ങൾ തുടങ്ങിയവർക്ക് എതിരായ അഴിമതി ആരോപണങ്ങളെ  കുറിച്ചുള്ള അന്വേഷണമാണ് നടത്തുന്നത്. ലോകായുക്തയാകട്ടെ ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരിയായ മുഖ്യമന്ത്രി, മന്ത്രിമാർ, നിയമസഭാ സാമാജികർ എന്നിവർക്കെതിരായ അഴിമതി ആരോപണങ്ങളാണ് അന്വേഷിക്കുന്നത്. പക്ഷേ, രണ്ടു കൂട്ടരും നടത്തുന്നത് അന്വേഷണമാണ്‌. അപ്പോൾ കേന്ദ്രത്തിൽ ലോക്പാലും സംസ്ഥാനത്ത്‌ ലോകായുക്തയും അടിസ്ഥാനപരമായി അന്വേഷണ ഏജൻസികൾ മാത്രമാണ്. ഇപ്പോൾ രണ്ട് ഏജൻസിയുടെയും തലപ്പത്തുള്ളവർ സുപ്രീംകോടതിയിൽ നിന്നും വിരമിച്ച ന്യായാധിപന്മാരും ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് ആയിരിക്കും. ഒരുകാര്യം നാം മനസ്സിലാക്കേണ്ടത് ലോക്പാലിന്റെയും ലോകായുക്തയുടെയും തലവന്മാർ ജഡ്ജിമാർ ആണെങ്കിലും ഈ സ്ഥാപനങ്ങൾ കോടതികളല്ല. ഉയർന്ന തലത്തിലുള്ള അന്വേഷണ ഏജൻസികൾ മാത്രമാണ്. അന്വേഷണ ഏജൻസിയുടെ ചുമതല മുൻ ജഡ്ജിമാരെ ഏൽപ്പിക്കുന്നതിന് കാരണമുണ്ട്.  പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കുമൊക്കെ എതിരായുള്ള അന്വേഷണം സാദാ പൊലീസിനെ കൊണ്ട് നടക്കുകയില്ലെന്ന കാര്യം സാമാന്യ ബുദ്ധിയുള്ളവർക്ക്  മനസ്സിലാക്കാവുന്നതാണ്. നിഷ്‌പക്ഷവും ഫലപ്രദവുമായ അന്വേഷണം ഉറപ്പുവരുത്തണമെങ്കിൽ ജഡ്ജിമാരുടെ അധ്യക്ഷതയിലുള്ള അന്വേഷണ സ്ഥാപനങ്ങൾ ഉണ്ടാകണമെന്നുള്ള ബോധ്യം നിയമ നിർമാതാക്കൾക്ക്‌ ഉണ്ടായിരുന്നു. അതു കൊണ്ടാണ് ഈ രണ്ടു സ്ഥാപനത്തിന്റെയും തലപ്പത്ത് ജഡ്ജിമാർ വന്നത്.

പക്ഷേ, ജഡ്ജിമാർ വന്നതു കൊണ്ട് അന്വേഷണ ഏജൻസിക്ക്‌ കോടതിയുടെ അധികാരങ്ങൾ ഒന്നുമില്ലെന്ന് നാം പ്രത്യേകം മനസ്സിലാക്കണം. ഈ സന്ദർഭത്തിൽ കേരള നിയമസഭയിൽ നടന്ന രസകരമായ ഒരു നിയമ തർക്കം ഓർമിപ്പിക്കുകയാണ്. തർക്കം ‘ജുഡീഷ്യൽ പ്രൊസീഡിങ്‌’ എന്ന വാക്കിനെ ചൊല്ലിയായിരുന്നു. അതായത് ലോകായുക്തയുടെ അന്വേഷണനടപടികൾ ജുഡീഷ്യൽ സ്വഭാവമുള്ള നടപടികൾ ആയിരിക്കുമെന്ന് നിയമത്തിൽ പറഞ്ഞിരിക്കുന്നതു കൊണ്ട് ലോകായുക്തയ്ക്ക് ജുഡീഷ്യൽ അധികാരമുണ്ടെന്നുള്ള ഒരു നിഗമനത്തിന്റെ  അടിസ്ഥാനത്തിലുള്ള വാദമായിരുന്നു അവിടെ കേട്ടത്. പക്ഷേ, ആ വാദത്തിന്‌ നിയമത്തിന്റെ പിൻബലമോ യുക്തിയുടെ ഭദ്രതയോ ഇല്ല.  ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 193–-ാം വകുപ്പിൽ ജുഡീഷ്യൽ പ്രൊസീഡിങ്‌ എന്താണെന്ന് വിശദീകരിച്ചിട്ടുണ്ട്.

അതിൽ പറയുന്നത് കോടതിയുടെ മുമ്പ്‌ നിശ്ചിതമായ നിയമ വ്യവസ്ഥയനുസരിച്ച് നടക്കുന്ന അന്വേഷണമാണ് ജുഡീഷ്യൽ പ്രൊസീഡിങ്‌സ്‌ എന്ന് വിളിക്കപ്പെടുന്നത്. അതു പോലെ തന്നെ ക്രിമിനൽ പ്രൊസീജിയർ കോഡിന്റെ 2 (ഐ)വകുപ്പിൽ പറയുന്നത്‌ ജുഡീഷ്യൽ പ്രൊസീഡിങ്‌സ്‌ എന്നു വച്ചാൽ സത്യം ചെയ്യിച്ച് നിയമാനുസൃതം തെളിവ് എടുക്കുന്ന എല്ലാ നടപടിയും ഉൾപ്പെടുമെന്നാണ്. മേൽപ്പറഞ്ഞ നിർവചനങ്ങളിൽ നിന്നും ഒരുകാര്യം വ്യക്തമാക്കുന്നു. ലോക്പാൽ, ലോകായുക്ത എന്നീ സ്ഥാപനങ്ങൾ അന്വേഷണ ഏജൻസികളാണ്. അവർക്ക് ജുഡീഷ്യൽ അധികാരങ്ങളില്ല.   ആ അധികാരം നമ്മുടെ ഭരണഘടന അനുസരിച്ച് കോടതികൾക്ക് ഉള്ളതാണ്.

ലോകായുക്തയുടെ റിപ്പോർട്ട് അന്വേഷണ റിപ്പോർട്ടാണ്. തീർപ്പു കൽപ്പിക്കുന്ന റിപ്പോർട്ടല്ല. ലോകായുക്ത ചെയ്യേണ്ടത് ആ റിപ്പോർട്ട് കോടതിക്ക്  മുമ്പിൽ സമർപ്പിക്കുക എന്നുള്ളതാണ്. അന്വേഷണവും പ്രോസിക്യൂഷനും ലോക്പാലാണ് ചെയ്യുന്നത്.  മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരെ മാറ്റാൻ ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരവും നിയമപരമായി ലോകായുക്തയ്‌ക്ക്‌ ഇല്ല.  അന്വേഷണ ഏജൻസിക്ക് ശിക്ഷാവിധി നടപ്പാക്കാനുള്ള അധികാരം ഒരു നിയമ വ്യവസ്ഥയിലും കാണുകയില്ല. അതു കൊണ്ടു തന്നെ കേരള ലോകായുക്തയ്‌ക്ക്‌ അങ്ങനെയൊരു അധികാരം നൽകിയത് അത്ഭുതകരമായ കാര്യമാണ്. അത് എന്നേ മാറ്റേണ്ടതായിരുന്നു.  ഇപ്പോൾ അത് മാറ്റിയതു മൂലം നിയമത്തിൽ ഉണ്ടായിരുന്ന അസന്തുലനം മാറ്റിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് പ്രത്യേകം പറയട്ടെ.

ലോകായുക്ത അന്വേഷിക്കുന്നത് അഴിമതി നിരോധന നിയമത്തിനു കീഴിൽ വരുന്ന കേസുകളും  ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ 70–-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന കുറ്റകൃത്യങ്ങളുമാണ്. ഈ രണ്ടു നിയമത്തിലും ഉൾപ്പെട്ടിരിക്കുന്നത് ഭരണകൂടത്തിന്റെ ഭാഗമായ ആളുകളാണ്. രാഷ്ട്രീയകക്ഷികളോ  ട്രേഡ് യൂണിയനുകളോ ഒന്നുമല്ല. അതു കൊണ്ട്  ഇവരുടെ പ്രവർത്തനം അന്വേഷിക്കേണ്ട ഒരു ചുമതലയും ലോകായുക്തയ്ക്ക് നൽകാൻ നിയമപരമായി സാധിക്കുമായിരുന്നില്ല. അതേതായാലും മാറ്റിയത് നന്നായി.

അവസാനമായി ചാൻസലറുടെ പ്രശ്നം. ചാൻസലർ തന്റെ അധികാരങ്ങൾ കുറയ്ക്കുന്ന ഒരു നിയമത്തിലും ഒപ്പുവയ്ക്കുകയില്ലെന്ന രീതിയിലുള്ള പരസ്യ പ്രസ്താവന പല പ്രാവശ്യം നടത്തി.  സർവകലാശാലകളുടെ അധികാരഘടന നിർണയിക്കുന്നത് നിയമസഭയാണ്. ഗവർണർ ഇനിമേൽ ചാൻസലർ ആയിരിക്കുകയില്ലെന്ന് തീരുമാനിക്കാനും ചാൻസലറുടെ അധികാരങ്ങൾ എന്തൊക്കെ ആയിരിക്കണമെന്ന് തീരുമാനിക്കാനുള്ള ഉത്തരവാദിത്വം നിയമസഭയ്‌ക്കാണ്. അതുകൊണ്ടു തന്നെ തന്റെ അധികാരങ്ങൾ കുറയ്ക്കുന്നുവെന്നും അങ്ങനെ ചെയ്താൽ താൻ ബില്ലിൽ ഒപ്പുവയ്‌ക്കാൻ ഇല്ലെന്നുമുള്ള പ്രസ്താവനകൾ യുക്തിസഹമല്ല. നിയമമുണ്ടാക്കുന്ന നിയമസഭയാണ്‌ അത്‌ തീരുമാനിക്കുന്നത്.  ചാൻസലർ പദവി നിയമത്തിന്റെ സൃഷ്ടിയാണ്. ദൈവദത്തമോ പാരമ്പര്യമായി ലഭിച്ചതോ അല്ല.

സർവകലാശാലകളുടെ അധികാര സ്ഥാപനങ്ങളിൽ വളരെയധികം പേർ സർക്കാരിനെ പ്രതിനിധാനം ചെയ്യുന്നവരാണ്. സർവകലാശാലകളുടെ സ്വയംഭരണം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നത് അക്കാദമി കൗൺസലിങ്‌ ഘടനയിലാണ്.  ചാൻസലർക്ക്  യഥേഷ്ടം പ്രവർത്തിക്കാനുള്ള സംവിധാനമെന്നല്ല. വൈസ് ചാൻസലർ തെരഞ്ഞെടുക്കുന്ന സബ്കമ്മിറ്റി മൂന്നിൽ നിന്ന്‌ അഞ്ചാക്കിയത് സ്വയം ഭരണത്തെ നഷ്ടപ്പെടുത്തുന്നില്ല. മറിച്ച് കുറേക്കൂടി ജനാധിപത്യപരമായ ഒരു പ്രക്രിയയാണ്‌. നിലവിലിരിക്കുന്ന നിയമത്തിൽ  തന്നെ മൂന്നംഗങ്ങൾ ഒരാളിനെ തെരഞ്ഞെടുത്താൽ ചാൻസലർ അത് അംഗീകരിച്ചേ മതിയാകൂ. വിയോജിക്കാനുള്ള സ്വാതന്ത്ര്യമില്ല. തന്റെ അധികാരം പോകുന്നുവെന്നുള്ള പരാതി വൈകാരികമായ പ്രതികരണമായേ കണക്കാക്കാൻ പറ്റൂ.

(ലോക്‌സഭാ മുൻ സെക്രട്ടറി ജനറലാണ്‌ 
ലേഖകൻ)


Read more: https://www.deshabhimani.com/articles/kerala-lokayuktha-pdt-achari/1041611



No comments:

Post a Comment