234 ദിവസം ട്രഷറിയില്‍ പണം തികയാതെ റിസര്‍ബാങ്കില്‍ നിന്നും വെയ്സ് ആന്റ് മീന്‍സ് അഡ്വാന്‍സ് എടുക്കേണ്ടി വന്നു. 54 ദിവസം അഡ്വാന്‍സ് പരിധിയായ 1400 കോടി രൂപ മറികടന്ന് വായ്പ എടുക്കേണ്ടി വന്നത് കൊണ്ട് ഓവര്‍ ഡ്രാഫ്റ്റിലായി. 2019-20-ലെ കേരള ഖജനാവിലെ സ്ഥിതിയായിരുന്നു ഇത്. 2020-21-ല്‍ 195 ദിവസം വെയ്സ് ആന്റ് മീന്‍സ് അഡ്വാന്‍സിലായി. 34 ദിവസം ഓവര്‍ ഡ്രാഫ്റ്റിലായി.
ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല. നയപരമായ ഒരു തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ സംഭവിച്ചതാണ്. കോവിഡ് കാലത്ത് ജനങ്ങളുടെ വരുമാനം ഇല്ലാതായി. ജീവിതം പ്രതിസന്ധിയിലായി. എന്തുണ്ടായാലും ജനങ്ങളെ സഹായിച്ചേതീരു. കേന്ദ്ര സര്‍ക്കാരും ഇന്ത്യയിലെ ഒട്ടെല്ലാ സംസ്ഥാന സര്‍ക്കാരുകളും ഇങ്ങനെയല്ല ചിന്തിച്ചത്.
ഇതിന്‍റെ ഫലമായി അതിഥി തൊഴിലാളികള്‍ക്ക് അഭയാര്‍ത്ഥികളെ പോലെ തങ്ങളുടെ നാടുകളിലേക്ക് പാലായനം ചെയ്യേണ്ടി വന്നു. കോവിഡുമൂലം മരണ മടഞ്ഞവരുടെ എണ്ണം 50 ലക്ഷം എങ്കിലും വരുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. മരിച്ചവര്‍ക്ക് ചിത ഒരുക്കാന്‍ പോലും പണം ഇല്ലാത്തത് കൊണ്ട് കൂട്ടമായി എരിക്കുന്നതും അത് പോലും ചെയ്യാതെ നദിയില്‍ ഒഴുക്കുന്നതുമെല്ലാം നമ്മള്‍ കണ്ടു.
ഇത്തരം ഒരു ദുര്‍വിധി രാജ്യത്ത് ഉണ്ടായപ്പോള്‍ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളുടെ ട്രഷറികള്‍ എല്ലാം മിച്ചത്തില്‍ ആയിരുന്നു എന്ന് പറഞ്ഞാല്‍ അവിശ്വസനീയം എന്ന് തോന്നാം. ഇതാണ് യാഥാര്‍ത്ഥ്യം. ചില്ലറ തുകയല്ല. ഒന്നര ലക്ഷം കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരുകളുടെ ഖജനാവില്‍ 2020 മാര്‍ച്ചില്‍ മിച്ചമായി ഉണ്ടായിരുന്നത്. ഈ ഒന്നര ലക്ഷം കോടി രൂപ ഇന്ത്യ സര്‍ക്കാരിന്‍റെ ബോണ്ടുകളില്‍ നിക്ഷേപിച്ച് റവന്യു കമ്മി കുറച്ച് നിര്‍ത്താനാണ് അവരുടെ നിയോ ലിബറല്‍ യുക്തി പ്രേരിപ്പിച്ചത്.
ഇത്തരം ഒരു സാമ്പത്തിക നയമല്ല കേരള സര്‍ക്കാര്‍ സ്വീകരിച്ചത്. അനുവദിച്ച വായ്പ മുഴുവന്‍ എടുത്തു അത് മുഴുവന്‍ ജനങ്ങളുടെ സുരക്ഷയ്ക്കായി ചെലവഴിച്ചു. എന്നിട്ട് കേരളത്തിന് അര്‍ഹതപ്പെട്ട വെയ്സ് ആന്റ് മീന്‍സ് അഡ്വാന്‍സും എടുത്തു. പണം ഇല്ലായെന്നത് കൊണ്ട് ഒരു ആവശ്യവും വേണ്ടെന്ന് വെച്ചില്ല. വെയ്സ് ആന്റ് മീന്‍സ് അഡ്വാന്‍സും ഓവര്‍ ഡ്രാഫ്റ്റും പ്രശ്നമെ അല്ല. അവയായിരുന്നില്ല അഭിമാന പ്രശ്നം. ജനങ്ങളുടെ സുരക്ഷയായിരുന്നു കേരളത്തിന്‍റെ അഭിമാനം.
അതുകൊണ്ട് ഇന്ന് മനോരമ പത്രം ഒന്നാം പേജില്‍ എഴുതിയത് വായിച്ചപ്പോള്‍ തമാശയാണ് തോന്നിയത്. "ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുന്നത് തടയാന്‍ ഈ തന്ത്രം പലവട്ടം പ്രയോഗിച്ചിരുന്നു.. ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോയെന്ന ചിത്തപേര് ഒഴിവാക്കാന്‍ സോഫ്ട് വെയറില്‍ ക്രമീകരണം" ഏര്‍പ്പെടുത്തിയിരുന്നു പോലും. ആരുടെ ഭാവന ആണോ ഇത്. എന്തായിരുന്നു നിര്‍ദ്ദേശം എന്ന് നിങ്ങള്‍ക്ക് വേണമെങ്കില്‍ ഫിനാന്‍സ് സെക്രട്ടറിയോട് തന്നെ ചോദിക്കാം. കേരളം പരമാവധി വെയ്സ് ആന്റ് മീന്‍സ് അഡ്വാന്‍സ് എടുക്കണമെന്നതായിരുന്നു നിര്‍ദ്ദേശം. ഇതിന്‍റെ അപകടം നിനച്ചിരിക്കാതെ നമ്മള്‍ ഓവര്‍ ഡ്രാഫ്റ്റില്‍ ആകാം. അത് പ്രശ്നം ആക്കേണ്ടതില്ല. 14 ദിവസത്തിനുള്ള തിരിച്ച് പുറത്ത് കടന്നാല്‍ മതിയല്ലോ. അതൊരു ചീത്തപേരാണെങ്കില്‍ അത് സഹിച്ച് കൊള്ളാം.
മാത്രമല്ല വെയ്സ് ആന്റ് മീന്‍സ് അഡ്വാന്‍സിന് റിപ്പോ റേറ്റ് പലിശയേയുള്ളു. അതായത് അന്ന് 3.5 ശതമാനം. ഇത്ര താഴ്ന്ന പലിശക്കുള്ള 1400 കോടി രൂപ എന്തിന് വേണ്ടെന്ന് വയ്ക്കണം? കൂടാതെ ഇത്രയും വായ്പ എടുക്കാനുള്ള അവകാശം വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലത്ത് നേടിയെടുത്തതാണ്. അന്ന് കേരളത്തിന്‍റെ വെയ്സ് ആന്റ് മീന്‍സ് അഡ്വാന്‍സ് പരിധി 600 കോടി രൂപയായിരുന്നു. സിങ്കിംഗ് ഫണ്ടിലേക്ക് ആ സര്‍ക്കാരിന്‍റെ കാലത്ത് എല്ലാ വര്‍ഷവും പണം നിക്ഷേപിച്ചതിന്‍റെ ഭാഗമായിട്ടാണ് ആനുപാതികമായി കൂടുതല്‍ വെയ്സ് ആന്റ് മീന്‍സ് അഡ്വാന്‍സ് വായ്പ എടുക്കാനുള്ള അവകാശം കിട്ടിയത്. അത് ഉപയോഗപ്പെടുത്തുന്നത് എന്തോ വലിയ അപരാധം എന്ന മട്ടിലാണ് ചില പത്രക്കാരുടെ എഴുത്ത്.
ഏതായാലും അന്ന് ഖജനാവ് തകരുന്നുയെന്ന് ആരും പരിഭ്രാന്തരായില്ല. ഒരു മാധ്യമവും ഖജനാവ് കാലിയായി എന്ന് തലക്കെട്ട് നിരത്തിയുമില്ല. എന്നാല്‍ ഇപ്പോള്‍ ഓണക്കാലത്ത് കേരളത്തിലെ ട്രഷറി വെയ്സ് ആന്റ് മീന്‍സ് അഡ്വാന്‍സിലായി. ചിലപ്പോള്‍ ഓവര്‍ഡ്രാഫ്റ്റ് ആകുമെന്ന സ്ഥിതി വന്നു. എന്താണ് മാധ്യമ കോലാഹലം! എന്താണ് ഈ ഭാവമാറ്റത്തിന് കാരണം?
കാരണം വളരെ വ്യക്തമാണ്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്‍റെ വായ്പ പരിധി വെട്ടികുറക്കുന്നതിന് കേന്ദ്രം കുതന്ത്രങ്ങള്‍ മെനഞ്ഞ് കൊണ്ടിരിക്കുകയാണ്. അതിനുള്ള അന്തരീക്ഷ സൃഷ്ടിക്കുള്ള പ്രചാരണമാണ് ചില മാധ്യമങ്ങളെ കൈക്കലാക്കി ചില തല്‍പ്പര കക്ഷികള്‍ നടത്തി കൊണ്ടിരിക്കുന്നത്. ഇവയുടെ പൊള്ളത്തരം മനസ്സിലാക്കാന്‍ ഒരു വസ്തുത ഓര്‍ത്താല്‍ മതി. ഒരു രഹസ്യ നിരോധനവും ഇന്നും നടപ്പാക്കിയിട്ടില്ല. പക്ഷേ മനോരമ പ്രതീക്ഷിച്ചത് പോലെ ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലുമായില്ല. കാരണം ധനമന്ത്രി പറഞ്ഞത് പോലെ കേന്ദ്രത്തില്‍ നിന്നുള്ള റവന്യു കമ്മി ഗ്രാന്‍റ് ലഭിച്ചു. മാധ്യമക്കാര്‍ സൃഷ്ടിച്ച പ്രതിസന്ധി ആവിയായി.
ഈ മാധ്യമ പ്രവര്‍ത്തകര്‍ മറന്ന് പോകുന്ന ലളിതമായ കാര്യം ട്രഷറിയിലെ പണം ഒരു സ്റ്റോക്ക് അല്ല, ഒരു ഫ്ളോ ആണ്. കേന്ദ്ര സര്‍ക്കാര്‍ പാലം വലിച്ചില്ലെങ്കില്‍ ബഡ്ജറ്റ് കണക്കുകള്‍ സൂചിപ്പിക്കുന്നത് പോലെ ഒരു പ്രതിസന്ധിയും ട്രഷറിയില്‍ ഉണ്ടാകില്ല.
കേരളത്തിൻ്റെ ഖജനാവ് കാലിയായി. ഇപ്പോൾ പൂട്ടും. ഇന്ന് അറിയാം. സോഫ്ട് വെയറിൽ രഹസ്യ നിയന്ത്രണങ്ങൾ... എന്തൊക്കെയായിരുന്നു പുകിൽ?
ഒന്നും സംഭവിച്ചില്ല. സംഭ്രമജനകമായ വാർത്തകൾ സൃഷ്ടിച്ചവർക്കു ചെറുതല്ല ചമ്മൽ. അതുകൊണ്ട് പ്ലേറ്റൊന്നു മാറ്റിയിട്ടുണ്ട്. മാധ്യമം പത്രം ചെറിയൊരു സാമ്പിൾ. “കേന്ദ്രത്തിൻ്റെ 960 കോടിയെത്തി. ഓവർ ഡ്രാഫ്റ്റിൽ നിന്നും രക്ഷപ്പെട്ട് കേരളം”.
റിസർവ്വ് ബാങ്കിൽ നിന്ന് അഡ്വാൻസ് എടുക്കുകയോ ഏതാനും ദിവസം ഓവർ ഡ്രാഫ്റ്റിൽ ആകുകയോ ചെയ്യുന്നത് അത്ര വലിയ മാനക്കേടായി കരുതേണ്ട കാര്യമൊന്നും ഇല്ലായെന്നു കഴിഞ്ഞൊരു പോസ്റ്റിൽ വിശദീകരിച്ചല്ലോ. 2019-20-ൽ ട്രഷറി 234 ദിവസം വെയ്സ് ആന്റ് മീൻസ് അഡ്വാൻസിലായിരുന്നു. 54 ദിവസം ഓവർ ഡ്രാഫ്റ്റിലും. 2020-21-ൽ 195 ദിവസം വെയ്സ് ആന്റ് മീന്‍സ് അഡ്വാൻസിലും 34 ദിവസം ഓവർ ഡ്രാഫ്റ്റിലും. പ്രത്യേകിച്ച് ഒരു അപകടവും ഉണ്ടായില്ല. ആരും ഒന്നും അറിഞ്ഞുമില്ല.
3.5% പലിശയ്ക്ക് 1400 കോടി രൂപ വരെ കിട്ടുന്ന റിസർവ്വ് ബാങ്ക് അഡ്വാൻസ് എന്തിനു വേണ്ടെന്നുവയ്ക്കണം? ഇനി ഓവർ ഡ്രാഫ്റ്റിലേക്കു വീണുപോയാൽ പരിഭ്രമിക്കേണ്ട കാര്യമൊന്നും ഇല്ല. 14 ദിവസത്തിനുള്ളിൽ പുറത്തുകടക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. ഇങ്ങനത്തെ ഒരു അവസ്ഥ എന്തോ വലിയ ഭീകരാവസ്ഥയാണെന്നു ധരിച്ചുവശായ മാധ്യമ പ്രവർത്തകരെക്കുറിച്ച് എന്തു പറയാൻ?
സ്വയം ന്യായീകരിക്കാൻ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഉപായം ഇതിനെക്കാൾ കഷ്ടമാണ്. ഒരു മുൻ മാധ്യമ പ്രവർത്തകൻ എഴുതിയ പോസ്റ്റിനു നൽകിയിരിക്കുന്ന ചിത്രം മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ കൈ പിടിച്ചു നിൽക്കുന്ന ചിത്രമാണ്. സഹായത്തിനുള്ള ദയനീയ അഭ്യർത്ഥനയിൽ കേന്ദ്രം കനിഞ്ഞത്രേ. സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ ദയാ ദാക്ഷണ്യത്തിൽ കഴിയുന്നവരാണെന്ന പൊതുബോധ്യം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം വ്യാഖ്യാനങ്ങൾ.
സൗകര്യത്തിനു വേണ്ടി കൂടുതൽ നികുതി പിരിക്കാനുള്ള അവകാശം കേന്ദ്രത്തിനാണു ഭരണഘടനയിൽ നൽകിയത്. ഈ പിരിക്കുന്ന നികുതിയിൽ ഒരു ഭാഗം സംസ്ഥാനങ്ങൾക്ക ഉള്ളതാണ്. അത് എത്രയെന്നു നിശ്ചയിക്കാൻ അഞ്ച് വർഷം തോറും ധനകാര്യ കമ്മീഷനെ നിശ്ചയിക്കുന്നു. ധനകാര്യ കമ്മീഷന്റെ തീർപ്പു പ്രകാരം കേരളത്തിനു കിട്ടേണ്ടുന്ന അർഹമായ തുകയാണ് 960 കോടി രൂപയുടെ റവന്യു കമ്മി ഗ്രാന്റ്.
ഫിനാൻസ് കമ്മീഷൻ ഗ്രാന്റ് മുൻ കാലങ്ങളിൽ ശമ്പളവുമെല്ലാം കൊടുക്കേണ്ടി വരുന്ന ആദ്യ വാരത്തിൽ തന്നെ ലഭിക്കുമായിരുന്നു. എന്നാൽ മോദി അധികാരത്തിൽ വന്ന ശേഷം ഇത് രണ്ടാം വാരത്തിലേക്കു മാറ്റി. അതു കൊണ്ട് എല്ലാ സംസ്ഥാനങ്ങൾക്കും ശമ്പള ആഴ്ച ഒരു തലവേദനയാണ്. നമുക്ക് കിട്ടേണ്ട തുക വൈകിയാണെങ്കിലും വന്നതുകൊണ്ട് ഓവർ ഡ്രാഫ്റ്റിലേക്കു പോലും പോകേണ്ടി വന്നില്ല. ഇനി ഓവർ ഡ്രാഫ്റ്റിൽ ആയാൽ പോലും ഈ പണം വരുമ്പോൾ അതിനു പുറത്തു കടക്കും. ഇതിന്റെ പേരിലാണ് കഴിഞ്ഞ ഒരാഴ്ചയായുള്ള കോലാഹലം മുഴുവൻ.
കേരളത്തിന്റെ ധനകാര്യ ഞെരുക്കത്തിന്റെ മുഖ്യ കാരണം കേന്ദ്രത്തിൽ നിന്ന് ധനകാര്യ കമ്മീഷന്റെ തീർപ്പു പ്രകാരവും മറ്റു മാർഗ്ഗങ്ങൾ മുഖേനയും നമുക്ക് ലഭിക്കുന്ന ധന സഹായം മറ്റു സംസ്ഥാനങ്ങളേക്കാൾ വളരെ കുറവാണെന്നതാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കു ശരാശരി അവരുടെ റവന്യു വരുമാനത്തിന്റെ 50% കേന്ദ്ര ധന സഹായമായി ലഭിക്കുമ്പോൾ കേരളത്തിനു ലഭിക്കുന്നത് 30 ശതമാനത്തിൽ താഴെയാണ്. ഇതാണ് കേരളത്തിലെ ധനകാര്യ ഞെരുക്കത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം.
ധനകാര്യ കമ്മീഷന്റെ തീർപ്പ് മാനദണ്ഡങ്ങൾ പ്രകാരമല്ലേ? അതിനെ വിവേചനമെന്ന് എങ്ങനെ പറയുമെന്ന ചോദ്യമാണ് ചിലർ ഉയർത്തുക. അതേ മാനദണ്ഡങ്ങൾ നമുക്ക് അനുയോജ്യമല്ലായെന്നതു തന്നെയാണു പ്രശ്നം. കേന്ദ്രം തരുന്ന മൊത്തം ധന സഹായത്തിന്റെ 60-70 ശതമാനം വരും ധനകാര്യ കമ്മീഷന്റേത്. ബാക്കി പദ്ധതി ധനസഹായവും കേന്ദ്രത്തിന്റെ മറ്റു ഗ്രാന്റുകളാണ്. ഇവിടെയാണ് കൊടിയ വിവേചനം.
ബിജെപി അധികാരത്തിൽ വരുന്നതിനു മുമ്പ് പദ്ധതി ധന സഹായം ഗാഡ്ഗിൽ ഫോർമുലയുടെ അടിസ്ഥാനത്തിൽ പ്ലാനിംഗ് കമ്മീഷനാണ് വിതരണം ചെയ്തിരുന്നത്. മോദി പ്ലാനിംഗ് നിർത്തലാക്കി. പദ്ധതി തുക മുഴുവൻ ധനമന്ത്രിയുടെ തന്നിഷ്ട പ്രകാരം കേന്ദ്ര സർക്കാരിന്റെ പദ്ധതികളിലും സംസ്ഥാനങ്ങളിലുമായി വീതംവയ്ക്കുകയാണ്. ബിജെപി സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുക്കുമ്പോൾ കേരളത്തിനു നക്കാപ്പിച്ചയാണ് തരുന്നത്. ഓരോ തെരഞ്ഞെടുപ്പിനു മുമ്പും ഓരോ സംസ്ഥാനത്തും പ്രധാനമന്ത്രി പോയി പ്രഖ്യാപിച്ച പാക്കേജുകളുടെ വലിപ്പം നോക്കിയാൽ മതി എത്ര വിവേചനപരമായിട്ടാണ് കേന്ദ്ര ധന സഹായം നൽകുന്നതെന്നു മനസിലാക്കാൻ.
ഇതൊക്കെ തുറന്നു കാണിക്കുന്നതിനു പകരം ഫിനാൻസ് കമ്മീഷന്റെ തീർപ്പു പ്രകാരം നമുക്കു ലഭിക്കുന്ന അർഹതപ്പെട്ട ഗ്രാന്റു പോലും കേന്ദ്രത്തിന്റെ ഔദാര്യം കൊണ്ടു ലഭിക്കുന്നതാണെന്ന പൊതു ബോധം സൃഷ്ടിക്കാൻ എന്തൊരു പ്രയത്നമാണ് ചില പണ്ഡിതന്മാരും മാധ്യമ പ്രവർത്തകരും കൂടി ചെയ്തു കൊണ്ടിരിക്കുന്നത്.
https://m.facebook.com/story.php?story_fbid=pfbid031DnnKyzGdUJRRrGjDdoxwfYKpo3JzdGuvk4X8hmcLaRtRmzUUzYXg5kWF7uj99nVl&id=100044138484362
No comments:
Post a Comment