മുൻകൂർ ജാമ്യം: ഇത്തിരി നീളമുള്ള പോസ്റ്റാണ്
ബഹുമാനപ്പെട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി നടത്തിയ അഭിമുഖത്തിന്റെ പേരിൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വാസമുള്ള എല്ലാ ആളുകളും നന്ദിയുള്ളവരായിരിക്കേണ്ടതാണ്.
ഭരണഘടനയെയും നിയമത്തെയും പ്രതിരോധിക്കുക സംരക്ഷിക്കുക എന്നതൊക്കെ തന്റെ ഉത്തരവാദിത്തമാണെന്ന് സി എ എ പ്രക്ഷോഭത്തിന്റെ കാലത്തുതുടങ്ങി പറഞ്ഞുകൊണ്ടിരിക്കുന്ന സംസ്‌ഥാനത്തെ ഏറ്റവും വലിയ ഭരണഘടനാ പദവിയിലിരിക്കുന്ന ശ്രീ ഖാൻ പലപ്പോഴും ഭരണഘടനയുടെ സാരം മനസിലാക്കിത്തന്നെയാണോ പെരുമാറുന്നതെന്ന് ഞാൻ പലപ്പോഴും അമ്പരന്നിട്ടുണ്ട്. ഭരണഘടനയെക്കുറിച്ചും നിയമത്തെക്കുറിച്ചുമൊക്കെയുള്ള അദ്ദേഹത്തിൻറെ ധാരണ വളരെ പരിമിതമാണോ എന്ന് സംശയിക്കാൻ പാകത്തിലുള്ള വർത്തമാനമാണ് ഇപ്പോൾ അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിട്ടുള്ളത്.
രണ്ടുമൂന്നു ചോദ്യങ്ങളും ഉത്തരങ്ങളും ഉദാഹരിക്കാം.
ചോദ്യം: താങ്കൾ ചുമതലയേറ്റശേഷം രാജ്ഭവൻ ഒരു രാഷ്ട്രീയ അധികാരകേന്ദ്രമായിരിക്കുന്നു. താങ്കളുടെ മുന്ഗാമികളുടെ കാലത്തു അങ്ങിനെയല്ലായിരുന്നു....
ഉത്തരം: "മറ്റാരുമായും താരതമ്യപ്പെടുത്തുന്നത് ഇനിക്കിഷ്ടമുള്ള കാര്യമല്ല. ഓരോ മനുഷ്യനും ജനിക്കുന്നത് ഓരോതരം സ്വഭാവവും മനോഭാവവുമായാണ്. ഓരോരുത്തരും അവരവരുടെ സഹജമായ സ്വഭാവത്തിനനുസരിച്ചാണ് പെരുമാറുന്നത്. എന്റെ സഹജസ്വഭാവം വേറെ ആയിരിക്കും."
എന്റെ സംശയം അങ്ങിനെ സഹജസ്വഭാവമനുസരിച്ച് പ്രവർത്തിക്കാൻ അധികാരമുള്ള ഒരു സ്‌ഥാപനമാണോ ഗവർണർ എന്നാണ്.
പണ്ട് സ്വാതി തിരുനാൾ മഹാരാജാവ് സംഗീതത്തെയും മറ്റു കലകളെയും പ്രോത്സാഹിപ്പിച്ചിരുന്നു; ശ്രീമൂലം തിരുനാൾ ജനാധിപത്യ ക്രമത്തിന് പരിമിതമായെങ്കിലും തുടക്കം കുറിച്ചു എന്നൊക്കെ കേട്ടിട്ടുണ്ട്. ഓരോരുത്തരുടെ സഹജസ്വഭാവം.
അങ്ങിനെയാണോ ഗവർണർ പെരുമാറേണ്ടത്? ആലങ്കാരികമായി പറഞ്ഞാൽ ഒന്ന് ആഞ്ഞു ശ്വാസമെടുക്കണമെങ്കിൽ മന്ത്രിസഭയുടെ അനുവാദം വേണം ഗവർണ്ണർക്ക്. ഭരണഘടന എടുത്തുനോക്കാം, സുപ്രീം കോടതിയുടെയും രാജ്യത്തുള്ള ഹൈക്കോടതികളുടെയും വിധികൾ എടുത്തു പരിശോധിക്കാം. സഹജസ്വഭാവം അനുസരിച്ചല്ല അധികാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഗവർണർ പെരുമാറേണ്ടത്; ഭരണഘടന പ്രകാരമാണ്.
ഗവർണ്ണറുടെ സഹജ സ്വഭാവമനുസരിച്ച് അധികാര കേന്ദ്രമാകാൻ രാജ്ഭവന് ഒരവകാശവുമില്ല. തീരുമാനങ്ങളെടുക്കാനുള്ള എല്ലാ അധികാരവും മന്ത്രിസഭയ്ക്കാണ്.
ഒന്നുകിൽ താൻ "സംരക്ഷിക്കാൻ" ബാധ്യതപ്പെട്ട ഭരണഘടനയോടും നിയമത്തോടുമുള്ള അറിവില്ലായ്മ, അല്ലെങ്കിൽ അവയോടുള്ള പുച്ഛം. അതാണ് ആ മറുപടിയിലുള്ളത്, അല്ലാതെ അവയെക്കുറിച്ചുള്ള ജനാധിപത്യപരമായ ധാരണയല്ല. അതുറപ്പ്.
***
ചോദ്യം: സർവ്വകലാശാലയുടെ ചാൻസലർ എന്ന നിലയിൽ താങ്കളുടെ അധികാരം വെട്ടിക്കുറയ്ക്കാൻ സർക്കാർ ശ്രമിക്കുകയാണ്...
ഉത്തരം: "ഗവർണറുടെ അധികാരം ഇല്ലാതാക്കാനുള്ള അവകാശം സംസ്‌ഥാന സർക്കാരിനില്ല. ഗവർണ്ണറുടെ അധികാരങ്ങൾ ഭരണഘടനയിൽനിന്ന് ലഭിക്കുന്നതാണ്, ഭരണഘടന മാറ്റാൻ സംശയത്തിനു അവകാശമില്ല. സർവ്വകലാശാലകളുടെ സ്വയംഭരണാവകാശം എന്ന ആശയം ഉയർത്തിപ്പിടിക്കാനും എക്സിക്യുടിവിന്റെ ഇടപെടലിൽനിന്നു വിമുക്തമാക്കാനുമാണ് ഗവർണറെ ചാന്സലറാക്കിയത്."
ദയനീയമാണ് സാർ, താങ്കൾ സംരക്ഷിക്കുമെന്ന് പറയുന്ന ഭരണഘടനയെയും നിയമത്തെയും കുറിച്ചുള്ള താങ്കളുടെ ധാരണ.
ഗവർണ്ണർക്കുള്ള അധികാരങ്ങൾ ഭരണഘടന നൽകുന്നതാണ്, തർക്കമില്ല. ആ അധികാരങ്ങൾ എടുത്തുമാറ്റാൻ നിയമസഭയ്ക്ക് അധികാരവുമില്ല. പക്ഷെ അക്കൂട്ടത്തിൽ സർവ്വകലാശാല ചാൻസലറുടെ അധികാരങ്ങളില്ല. ഭരണഘടനയിൽ 'ഒരു സംസ്‌ഥാനത്തെ ഗവർണ്ണർ ആ സംസ്‌ഥാനത്തെ ചാന്സലറായിരിക്കും' എന്നില്ല; എന്നാൽ ഓരോ സർവ്വകലാശാലയും സ്‌ഥാപിക്കാൻ നിയമസഭ പാസാക്കുന്ന നിയമത്തിൽ അതുണ്ട്. കണ്ണൂർ സർവ്വകലാശാലയുടെ ചാൻസലറായി ഗവർണറെ നിശ്ചയിച്ചത് ഭരണഘടനയല്ല, കേരള നിയമസഭാ പാസാക്കിയ കണ്ണൂർ സർവ്വകലാശാല നിയമം, 1996, ആണ്. അന്ന് മുഖ്യമന്ത്രിയോ സ്പീക്കറോ സാഹിത്യ അക്കാദമിയുടെ അധ്യക്ഷനോ ചാൻസലറാകണമെന്നു നിയമസഭാ തീരുമാനിച്ചിരുന്നെകിൽ അവരായിരുന്നേനെ ചാൻസലർ.
എന്നുവച്ചാൽ,
സർവ്വകലാശാലകൾക്കു ചാൻസലറായി ഗവർണ്ണർ വേണമെന്ന് സംസ്‌ഥാന നിയമസഭ തീരുമാനിക്കുന്നതാണ്, ഭരണഘടനയിലുള്ളതല്ല. ചാൻസലർക്ക് എന്തൊക്കെ അധികാരങ്ങൾ വേണമെന്ന് തീരുമാനിക്കുന്നതും നിയമസഭയാണ്, ഭരണഘടനയല്ല. തമിഴ്‌നാടും പശ്ചിമ ബംഗാളും അടക്കം പല സംസ്‌ഥാന നിയമസഭകളും ആ തീരുമാനങ്ങൾ മാറ്റിയിട്ടുണ്ട്.. ഗുജറാത്തിൽ ചാൻസലർ ഗവർണറാണ്, പക്ഷെ വൈസ് ചാൻസലറെ നിയമിക്കാനുള്ള അധികാരമില്ല; ആ നിയമം കൊണ്ടുവന്നത് മോദിജി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്. അത്തരം തീരുമാനങ്ങൾ ഭരണഘടനപരമാണോ എന്ന് തീരുമാനിക്കാനുള്ള അവകാശമുള്ള കോടതികൾ ഇന്നുവരെ വിപരീതാഭിപ്രായം പറഞ്ഞിട്ടില്ല.
ഒരാൾക്ക് ഒരു അധികാരം കൊടുത്ത അധികാരകേന്ദ്രരത്തിനു, ഇവിടെ നിന്നുയമസഭയ്ക്കു, അതെടുത്തുമാറ്റാനും കഴിയും എന്നത് പ്രാഥമികമായ നിയമപരിജ്ഞാനത്തിന്റെ ഭാഗമല്ലേ? അതുപോലും ഇല്ലാതെയാണോ അങ്ങ് ഭരണഘടനയെയും നിയമത്തെയും "പരിരക്ഷിക്കാനും പ്രതിരോധിക്കാനും" പോകുന്നത്?
ഉത്തരത്തിലെ അടുത്ത വാചകം:
"എക്സിക്യുട്ടിവിന്റെ ഇടപെടലിൽനിന്നു വിമുക്തമാക്കാനുമാണ് ഗവർണറെ ചാന്സലറാക്കിയത്".
അടിപൊളി!
ആരാണ് ഗവർണർ? ഭരണഘടന പറയുന്നതെന്താണ്?
ആർട്ടിക്കിൾ 154 (1) സംസ്‌ഥാനത്തിന്റെ ഭരണാധികാരം:
സംസ്‌ഥാനത്തിന്റെ ഭരണ നിർവ്വഹണാധികാരം ഗവർണറിൽ നിക്ഷിപ്തമായിരിയ്ക്കുന്നു; അദ്ദേഹം അത് നേരിട്ടോ കീഴുദ്യോഗസ്‌ഥന്മാരിൽക്കൂടിയോ ഈ ഭരണഘടന പ്രകാരം നിർവ്വഹിക്കുന്നു.
(The executive power of the State shall be vested in the Governor and shall be exercised by him either directly or through officers subordinate to him in accordance with this Constitution).
എന്നുവച്ചാൽ സംസ്‌ഥാനത്തിന്റെ ഭരണത്തലവനാണ്, എക്സിക്യുട്ടിവിന്റെ തലവനാണ് അദ്ദേഹം.
എന്നുവച്ചാൽ എക്സിക്യുട്ടിവിന്റെ ഇടപെടലിൽനിന്നു സർവകലാശാലകളെ വിമുക്തമാക്കാൻ എക്സിക്യുട്ടിവിന്റെ തലവനെ നിയമിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. നല്ല (നിയമ)ബോധം!
(അപ്പോൾ നിങ്ങളിൽ ചിലർക്കെങ്കിലും സംശയം തോന്നും; അപ്പോൾ അദ്ദേഹം പറയുന്നത് ശരിയല്ലേ, എക്സിക്യുട്ടിവിന്റെ തലവൻ എന്ന നിലയ്ക്ക് ഗവർണ്ണർക്ക് അധികാരമില്ലേയെന്ന്. അതിനാണ് "ഈ ഭരണഘടനപ്രകാരം" അദ്ദേഹം അധികാരം ഉപയോഗിക്കും എന്നെഴുതിവച്ചിരിക്കുന്നത്. "ഈ ഭരണഘടനപ്രകാരം" എല്ലാ നയപരമായ തീരുമാനങ്ങളും എടുക്കാനുള്ള അവകാശം മന്ത്രിസഭയ്ക്കാണ്. ഭരണഘടനാ നിർമ്മാണ സഭയിൽ അത് വ്യക്തമാക്കിയിട്ടുണ്ട്; കോടതിവിധികൾ അതുറപ്പിച്ചിട്ടുണ്ട്. ജനങ്ങൾ അധികാരത്തിൽ കൊണ്ടുവന്നിട്ടുള്ള മന്ത്രിസഭയ്ക്കുമേൽ ഒരധികാരവുമില്ല ഗവർണ്ണർക്ക്.)
എന്നുവച്ചാൽ എക്സിക്യുടിവിന്റെ തലവനാണ് ഗവർണ്ണർ; എന്നാൽ അധികാരം പ്രയോഗിക്കുന്നത് മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചായിരിക്കണം. കാരണം മന്ത്രിസഭ ജനങ്ങൾ തെരഞ്ഞെടുക്കുന്ന നിയമസഭയോട് ഉത്തരവാദപ്പെട്ടിരിക്കുന്നു)
***
ചോദ്യം:
നിയമസഭാ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ ഒരു ഭരണഘടനാപ്രതിസന്ധി ഉടലെടുക്കും. എന്താണ് പ്രതിവിധി?
ഉത്തരം:
"എനിക്കറിയില്ല. പ്രതിവിധി എന്താണ് എന്ന് പറയാനല്ല ഞാനിവിടെ ഇരിക്കുന്നത്. എന്റെ ഉത്തരവാദിത്തം നിറവേറ്റാനാണ് ഞാൻ ഇവിടെയിരിക്കുന്നത്. ഞാൻ ഒപ്പിടുന്ന ഓരോ രേഖയും നമ്മുടെ ഭരണഘടനയും നിയമവും അനുസരിച്ചാണ് എന്നുറപ്പാകുക മാത്രമാണ് എന്റെ ഉത്തരവാദിത്തം."
ഒരു ബിൽ മുൻപിൽ വരുമ്പോൾ ഗവർണ്ണർക്ക് എന്തൊക്കെ ചെയ്യാം എന്നാണ് ഭരണഘടന പറയുന്നത്?
ആർട്ടിക്കിൾ 200.
ഒപ്പിടാം; സമ്മതം കൊടുക്കാതിരിക്കാം, രാഷ്ട്രപതിയ്ക്കയക്കാം.
വിസമ്മതമാണ് എങ്കിൽ ഇന്നയിന്ന കാരണങ്ങൾകൊണ്ട് നിയമസഭ ബിൽ വീണ്ടും പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടു എത്രയും വേഗം (as soon as possible ) നിയമസഭയ്ക്ക് തിരിച്ചയക്കാം; ഗവർണർ നിർദ്ദേശിക്കുന്ന ഭേദഗതിയോടെയോ അല്ലാതെയോ നിയമസഭ ബിൽ വീണ്ടും പാസ്സാക്കിയാൽ ഒപ്പിടണം (he Governor shall not withhold assent therefrom).
തിരിച്ചയക്കാതെയുമിരിക്കാം. എന്നുവച്ചാൽ അതിന്മേൽ അടയിരിക്കാം.
അല്ലാതെ ഒരു നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിച്ചു അന്തിമ വിധി പ്രസ്താവിക്കാൻ ഗവർണറെ ഭരണഘടന ചുമതലപ്പെടുത്തിയിട്ടില്ല. അതിനു ചുമതലപ്പെടുത്തിയിട്ടുള്ള സ്‌ഥാപനങ്ങൾ ഭരണഘടനാ കോടതികളായ ഹൈക്കോടതികളും സുപ്രീം കോടതിയും ആണ്. പരിശോധിക്കുകയാണ് എന്ന വ്യാജേന ബില്ലിന്മേൽ അടയിരിക്കാം, അങ്ങിനെ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കാം. കാരണം ഭരണഘടന വായിച്ചാലറിയാം തീരുമാനം പെട്ടെന്നുണ്ടാകേണ്ടതാണ്. അസംബ്ലിയ്ക്കയക്കുന്നുണ്ട്നെകിൽ അത് പെട്ടെന്ന് വേണം എന്നും വീണ്ടും പാസാക്കിയാൽ അതിൽ ഒപ്പുവയ്ക്കാതിരിക്കരുത് എന്നുമാണ് ഭരണഘടനാ പറഞ്ഞിട്ടുള്ളത്.
അതുകൊണ്ടു ഭരണഘടനാ പ്രതിസന്ധിയ്ക്കു ഗവർണ്ണർ പരിഹാരം കാണേണ്ട ഒരാവശ്യവുമില്ല. അദ്ദേഹത്തിന് എന്ത് തീരുമാനം വേണമെങ്കിലും എടുക്കാം. തീരുമാനമെടുക്കാതെയിരുന്നു ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കാതിരുന്നാൽ മതി.
***
എനിക്ക് ആ അഭിമുഖത്തിൽ ലോജിക്കലായി തോന്നിയ ഏക കാര്യം മുഖ്യമന്ത്രി ഗവർണറെ നേരിട്ട് കാണുന്നതിനുപകരം ഓഫീസിൽനിന്നു ആളെ അയക്കുന്നു എന്ന പരാതിയാണ്.
ഭരണകാര്യങ്ങൾ മുഖ്യമന്ത്രി ഗവർണറെ അറിയിക്കണമെന്ന് ഭരണഘടനാ വ്യവസ്‌ഥയുള്ളതാണ്; നേരിട്ട് ചെല്ലണമെന്ന് നിര്ബന്ധമൊന്നും ഇല്ലെങ്കിലും. ജസ്റ്റിസ് സദാശിവം ശവർണ്ണരായിരുന്നപ്പോൾ പിണറായി വിജയൻ അത്യാവശ്യം പോകുമായിരുന്നു എന്നാണ് ഞാൻ അറിഞ്ഞിട്ടുള്ളത്. സ്‌ഥിരം ചൊറിഞ്ഞുകൊണ്ടിരിക്കുന്ന ഒരാളെ പോയി കാണുക എന്നത് ഒരു സുഖമുള്ള ഏർപ്പാടല്ല, എങ്കിലും ഒക്കുപ്പെഷണൽ ഹസാഡ് വകുപ്പിൽപ്പെടുത്തിയെങ്കിലും ഗവർണറെ ഇടയ്ക്കിടെ കാണാൻ മുഖ്യമന്ത്രി തയാറാകണം എന്ന് ഞാൻ പറയും.
***
ഈ സംസ്‌ഥാനത്തെ ജനങ്ങളുടെ സേവനത്തിനു സ്വയം സമർപ്പിക്കുന്നു എന്ന് പ്രതിജ്‌ഞ ചെയ്‌തുകൂടിയാണ് ഗവർണർ ആ സ്‌ഥാനമേൽക്കുന്നത്. അങ്ങിനെയൊക്കെയാണോ ചെയ്യുന്നത് എന്നത് അദ്ദേഹം തന്നെ ആലോചിക്കേണ്ട കാര്യമാണ്. അദ്ദേഹം അത് ആലോചിച്ചില്ലെങ്കിൽ ആലോചിക്കണം എന്ന് അദ്ദേഹത്തെ ഓർമ്മിപ്പിക്കാനുള്ള ഉത്തരവാദിത്തം സംസ്‌ഥാനത്തെ രാഷ്ട്രീയ നേതൃത്വങ്ങൾക്കുണ്ട്; ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും.
https://m.facebook.com/story.php?story_fbid=pfbid02FU4x1JFrMLU5nE3BkUtcfpERHMipFjCMNGFdh8NoAJxg9KtMdhwWPajYn8d4UN83l&id=1099650480
No comments:
Post a Comment