Sunday, September 11, 2022

വലുപ്പത്തിൽ എന്തുകാര്യം ?

ഇന്ത്യ, ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌ വ്യവസ്ഥയായി പ്രഖ്യാപിക്കപ്പെട്ടതാണ് കേന്ദ്ര സർക്കാരിന്റെയും കോർപറേറ്റ് മാധ്യമങ്ങളുടെയും ഇപ്പോഴഞ്ഞെ ആഘോഷം. 2029 ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌ വ്യവസ്ഥയാകുമെന്ന പ്രവചനവും  വലിയതോതിൽ കൊട്ടി ഘോഷിക്കുന്നുണ്ട്. ബ്രിട്ടനാണ് ഇതുവരെ അഞ്ചാം സ്ഥാനത്ത്‌ ഉണ്ടായിരുന്നത്. സെപ്തംബർ രണ്ടിന് ഐഎംഎഫ് പ്രസിദ്ധീകരിച്ച കണക്കു പ്രകാരം ഇന്ത്യ ബ്രിട്ടനെ മറികടന്നു. ഇന്ത്യക്കു മുന്നിൽ ഇപ്പോഴുള്ളത് അമേരിക്ക, ചൈന, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങൾ. ഈ പറയുന്ന മുന്നേറ്റത്തിലെ ഗണിത ശാസ്ത്രം മാറ്റി വച്ചാൽ വസ്തുത എന്താണ്? അതാണ് പരിശോധിക്കേണ്ടത്.

രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട് അഥവാ ജിഡിപി) കണക്കു വച്ചാണ്  സമ്പദ്‌ വ്യവസ്ഥയുടെ വലുപ്പം കണക്കാക്കുന്നത്. ഐഎംഎഫ് റിപ്പോർട്ടു പ്രകാരം  നടപ്പു ധന വർഷത്തിലെ മാർച്ചിൽ അവസാനിച്ച  ആദ്യ പാദത്തിൽ ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദനം പണ മൂല്യത്തിൽ 85,470 കോടി ഡോളറാണ്. ബ്രിട്ടന്റേത് 81,600 കോടി ഡോളറും. നടപ്പു വർഷമാകെ എടുത്താൽ ഇന്ത്യയുടെ ജിഡിപി 3.53 ലക്ഷം കോടി ഡോളറും ബ്രിട്ടന്റേത് 3.38 ലക്ഷം കോടി ഡോളറും ആയിരിക്കുമെന്നും വിലയിരുത്തിയിട്ടുണ്ട്. ഇതിൽ മനസ്സിലാക്കേണ്ട വസ്തുത, 139  കോടിയിലേറെ ജനങ്ങളുള്ള  ഇന്ത്യയുടെ മൊത്തം ആഭ്യന്തരോൽപ്പാദനം  ആറരക്കോടിയിലേറെ മാത്രം ജനസംഖ്യയുള്ള ബ്രിട്ടനെ മറികടക്കുന്നതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്നതാണ്. എന്നാൽ, ആളോഹരി വരുമാനത്തിന്റെ (പ്രതിശീർഷ വരുമാനം) സ്ഥിതി എന്താണ്? അതല്ലേ പ്രധാനം. ഇക്കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം എവിടെ? 2021ലെ കണക്കുപ്രകാരം 193 രാജ്യത്തിന്റെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 145. ബ്രിട്ടന്റെ സ്ഥാനം 22. ഐഎംഎഫ് കണക്കുപ്രകാരം തന്നെ 2021ൽ ബ്രിട്ടീഷുകാരന്റെ ശരാശരി ആളോഹരി വരുമാനം 47,203 ഡോളർ എങ്കിൽ ഇന്ത്യക്കാരന്റേത് 2283 ഡോളർ. സമ്പദ്‌വ്യവസ്ഥയുടെ വലുപ്പമല്ല പ്രധാനമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. അതായത്, സമ്പദ്‌വ്യവസ്ഥ വലുതായെന്നു പറയുമ്പോൾ തന്നെ ഇന്ത്യക്കാരന്റെ ശരാശരി വരുമാനം ബ്രിട്ടീഷുകാരന്റേതിനേക്കാൾ താഴെയാണ്.

ഈ ആളോഹരി വരുമാനവും യാഥാർഥ്യം പ്രതിഫലിപ്പിക്കുന്നതല്ലെന്നത് മറ്റൊരു വിഷയം. രാജ്യത്തിന്റെ മൊത്തം വരുമാനത്തെ ജനസംഖ്യ കൊണ്ട് ഭാഗിക്കുന്നതാണ് ശരാശരി ആളോഹരി വരുമാനം. സമ്പന്നന്റെ കോടികളും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ചെറിയ തുട്ടുകളും അടങ്ങുന്നതാണ് മൊത്തം ദേശീയ വരുമാനം. അതിനെ ജനങ്ങളുടെ എണ്ണം കൊണ്ട് ഹരിച്ചുകിട്ടുന്ന തുകയ്‌ക്ക് യാഥാർഥ്യവുമായി ഒരുബന്ധവുമില്ല. ശരാശരി ആളോഹരി വരുമാനത്തിന്റെ കണക്കും  സാധാരണ ഇന്ത്യക്കാരുടെ യഥാർഥ വരുമാനവും തമ്മിൽ വലിയ അന്തരമുണ്ട്.

ആഭ്യന്തര ഉൽപ്പാദനവും ദേശീയ വരുമാനവുമൊക്കെ പ്രധാനം തന്നെ. പക്ഷേ, അതിന്റെ ഏറ്റക്കുറച്ചിൽ സാമ്പത്തിക പുരോഗതിയുടെ സൂചനയായി കണക്കാക്കുമ്പോൾ സമ്പത്തും വരുമാനവും എങ്ങനെ വിതരണം ചെയ്യപ്പെടുന്നു എന്നത് പ്രധാനമാകുന്നു. ആർക്ക് എന്തിന്റെയൊക്കെ ഉടമസ്ഥത, ആര് എന്തു ചെയ്യുന്നു, ആർക്ക് എന്തുകിട്ടുന്നു എന്നൊന്നും പരിശോധിക്കാതെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ ഗണിത ശാസ്ത്രം മാത്രം പറയുന്നത്  സമ്പദ്‌ വ്യവസ്ഥയുടെയോ ജന ജീവിതത്തിന്റെയോ യഥാർഥ ചിത്രമാകുന്നില്ല. ജീവൻ സംരക്ഷിക്കുകയെന്ന അടിസ്ഥാന ആവശ്യത്തിൽ നിന്നാണ് സാമ്പത്തിക പ്രവർത്തനങ്ങളും സമ്പദ്‌വ്യവസ്ഥ (economy) തന്നെയും രൂപപ്പെടുന്നത്. ഇന്ന് ആഗോള സമ്പദ്‌വ്യവസ്ഥയുടെയും അവയെ നിയന്ത്രിക്കുന്ന ഐഎംഎഫ്, ലോക ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെയും നിർണായക ലക്ഷ്യം സമ്പന്നരുടെ ധനാർജനമാണ്. 1991ൽ നവഉദാര സാമ്പത്തികനയം നടപ്പാക്കിയതു മുതൽ ഏറ്റവും അസമമായ സാമ്പത്തിക വളർച്ചയാണ് ഇന്ത്യയിൽ സംഭവിക്കുന്നത്. 2022ലെ ലോക അസമത്വ റിപ്പോർട്ടു പ്രകാരം അതി ഭീകരമായ അസമത്വം നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. സമ്പന്നർ തടിച്ചു കൊഴുക്കുന്നു. ദരിദ്രർ വീണ്ടും ദരിദ്രരാകുന്നു.  ഇന്ത്യയുടെ മൊത്തം ദേശീയ വരുമാനത്തിന്റെ 57 ശതമാനവും സമ്പന്നരായ 10 ശതമാനത്തിന്റെ കൈയിലാണ്. അതേസമയം, അടിത്തട്ടിലെ 50 ശതമാനം ജനങ്ങൾക്ക് ദേശീയ വരുമാനത്തിലെ പങ്ക് ആറു ശതമാനം ശതമാനം മാത്രം. ഇതിനർഥം സാമ്പത്തിക വളർച്ചയുടെ സിംഹ ഭാഗവും അതിസമ്പന്നർ കൈയടക്കുന്നു എന്നാണ്. 2020-ൽ ശതകോടീശ്വരന്മാരുടെ എണ്ണം 102 ആയിരുന്നെങ്കിൽ 2021ൽ 142 ആയി. 

അടിസ്ഥാനപരമായ ചോദ്യം ബഹുഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യരുടെ ജീവിതത്തിൽ എന്തു പുരോഗതിയുണ്ടായി എന്നതാണ്. ഇക്കാര്യത്തിൽ ഇന്ത്യയുടെ പിന്നാക്കാവസ്ഥ വെളിപ്പെടുത്തുന്നതാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഏറ്റവും ഒടുവിൽ പുറത്തു വന്ന മനുഷ്യശേഷി വികസനസൂചിക. 2021ൽ 191 രാജ്യത്തിന്റെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 132. ലോകത്ത് 131 രാജ്യത്തിന്റെ പിന്നിലാണ് ഇന്ത്യ. ഇന്ത്യ ലോക മഹാശക്തിയായി വളരുന്നുവെന്ന് പെരുമ്പറ കൊട്ടുന്നവർ ഇതേ കുറിച്ചൊന്നും മിണ്ടുന്നില്ല. ജനകോടികൾ അനുഭവിക്കുന്ന ദാരിദ്ര്യം,  ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ, ഉൽപ്പാദനവും വരുമാനത്തിന്റെ വിതരണവും എങ്ങനെ നടക്കുന്നു, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി സമ്പദ്‌വ്യവസ്ഥയിലെ അടിസ്ഥാന പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഗണിതശാസ്ത്രത്തിന്റെ ആവശ്യമൊന്നുമില്ല. പക്ഷേ, മുഖ്യധാരാ സാമ്പത്തിക ശാസ്ത്രം പലപ്പോഴും ഗണിത ശാസ്ത്രത്തിന്റെ അഭ്യാസമായി മാറുന്നു. അതു കൊണ്ടു തന്നെ, വലുപ്പപദവിയിൽ വലിയ കാര്യമൊന്നുമില്ല.

എന്താണ്‌ ജിഡിപി
ഒരു രാജ്യത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിന് മുഖ്യധാരാ സാമ്പത്തിക ശാസ്ത്രത്തിന്റെ പ്രധാന അളവുകോലാണ് ഒരു നിശ്ചിത കാലയളവിലെ (ഒരു ധനവർഷം) മൊത്തം ആഭ്യന്തരോൽപ്പാദനം (ജിഡിപി). മറ്റൊരു തരത്തിൽ പറഞ്ഞാൽ നിശ്ചിത കാലയളവിൽ ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യം. മിക്കവാറും ഡോളർ നിരക്കിലാണ് കണക്കാക്കുന്നത്. ഒരു ധനവർഷത്തിൽ മൂന്നുമാസം കൂടുമ്പോൾ ജിഡിപി വളർച്ച നിരക്ക് പ്രഖ്യാപിക്കും. ഒടുവിൽ വർഷത്തിലെ മൊത്തം നിരക്ക്. ഇത് എത്രയെന്ന പ്രവചനങ്ങളും ഇടയ്ക്കിടെയുണ്ടാകും.  എന്നാൽ, സമ്പദ്‌വ്യവസ്ഥയുടെ യഥാർഥ ചിത്രം ഇതിൽ തെളിയുന്നില്ല
Read more: https://www.deshabhimani.com/articles/news-articles-12-09-2022/1043243

No comments:

Post a Comment