ജനാധിപത്യം കൂടുതൽ ഉയരങ്ങളിലേക്ക് വളർത്തുകയാണ് ബ്രിട്ടൻ ലക്ഷ്യമാക്കുന്നതെങ്കിൽ എലിസബത്ത് രാജ്ഞിയുടെ മരണം അതിനവസരമാക്കുകയല്ലേ വേണ്ടത്? ഫ്യൂഡൽ വ്യവസ്ഥിതിയുടെ ദുഷിച്ച ശേഷിപ്പായ രാജവാഴ്‌ചയ്‌ക്ക് അന്ത്യമിടാനല്ലേ ജനാധിപത്യ വിശ്വാസികൾ ആഹ്വാനം ചെയ്യേണ്ടത്? എന്നാൽ, അതിൽനിന്ന് വ്യത്യസ്‌തമായ ചിത്രമാണ് പാശ്‌ചാത്യ ജനാധിപത്യവാദികളിൽനിന്നും ബ്രിട്ടനിലെ രാജഭക്തരായ രാഷ്ട്രീയപ്രസ്ഥാനങ്ങളിൽ (പ്രധാനമായും ടോറികൾ)നിന്നും മാധ്യമങ്ങളിൽനിന്നും ഉണ്ടാകുന്നത്. രാജവാഴ്‌ചയെ താങ്ങിനിർത്തുന്നത് ബ്രിട്ടനിലെ സമ്പന്നരും ഭൂസ്വാമിമാരും മാത്രമല്ല, മാധ്യമങ്ങൾ കൂടിയാണെന്ന് വ്യക്തം. ബ്രിട്ടീഷ് ജനതയിൽ രാജഭക്തി കെടാതെ സൂക്ഷിക്കുന്നതിൽ മാധ്യമങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. എലിസബത്തിന്റെ ഭർത്താവ് ഫിലിപ്പ് മരിച്ചപ്പോൾ ലണ്ടനിൽനിന്ന് ഇറങ്ങുന്ന ‘ടൈംസ്’ ദിനപത്രം 14 പേജ് സപ്ലിമെന്റാണത്രെ പുറത്തിറക്കിയത്. ബ്രിട്ടനിലെ ജനാധിപത്യ സർക്കാരിന്റെ ഫണ്ടോടുകൂടി പ്രവർത്തിക്കുന്ന ബിബിസിയാകട്ടെ രണ്ട് മണിക്കൂർ പ്രോഗ്രാമാണ് ഫിലിപ്പിനെക്കുറിച്ച് ചെയ്‌തത്. എലിസബത്താകുമ്പോൾ പറയാനുമില്ല. നിയോലിബറലിസത്തിന്റെ കൊടി ഉയർത്തുന്നവരും രാജവാഴ്‌ചയെ വിട്ടുവീഴ്ചയില്ലാതെ പ്രോൽസാഹിപ്പിക്കുന്ന കാഴ്‌ച രസകരമാണ്.
രാജകുടുംബാംഗങ്ങളുടെ മരണം മാത്രമല്ല, അവരുടെ കിരീടധാരണവും വിവാഹവും പ്രണയവും ഒളിച്ചോട്ടവും രാജവാഴ്ചയെ ഉറപ്പിച്ചു നിർത്താനുള്ള അവസരങ്ങളായാണ് ഭരണവർഗവും മാധ്യമങ്ങളും ഉപയോഗിച്ചിട്ടുള്ളത്. ഡയാന രാജകുമാരിയും ചാൾസും തമ്മിലുള്ള വിവാഹവും വേർപെടലും അവരുടെ അപകടമരണവും എല്ലാം ഇതിനുള്ള മികച്ച ഉദാഹരണങ്ങളാണ്. രാജവാഴ്‌ചയെ മാധ്യമങ്ങൾ പാടിപ്പുകഴ്‌ത്തുമ്പോൾ ലക്ഷക്കണക്കിന് പൗണ്ടാണ് അവർക്ക് ലഭിക്കുന്നതെന്ന ആരോപണവും ഉയരുകയുണ്ടായി. വൻസമ്പത്തുള്ള രാജകുടുംബാംഗങ്ങളെ മൂലധനശക്തികൾക്ക് അവഗണിക്കാൻ കഴിയില്ലെന്നതാണ് സത്യം. ബ്രിട്ടനിൽ ഏറ്റവും കൂടുതൽ സ്വകാര്യസ്വത്തുള്ള വ്യക്തിയാണ് അടുത്ത രാജാവായി കിരീടധാരണം ചെയ്യാൻ പോകുന്ന ചാൾസ് മൂന്നാമൻ. 23 രാജ്യത്തായി 1,35,000 ഏക്കർ ഭൂമിയാണ് ചാൾസിന്റെ പേരിലുള്ളത്. (കോമൺവെൽത്ത് കൂട്ടുകെട്ട് എന്തിനായാണ് നിലനിർത്തപ്പെടുന്നത് എന്നതിന്റെ ഉത്തരവും ഇതിലടങ്ങിയിട്ടുണ്ട്.) എലിസബത്ത് രാജ്ഞിയുടെ വ്യക്തിപരമായ സമ്പാദ്യം 340 ദശലക്ഷം പൗണ്ടാണത്രെ. രാജവാഴ്‌ചയോട് ഏറ്റുമുട്ടി വളർന്നുവികസിച്ച ബ്രിട്ടനിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും രാജ കുടുംബാംഗങ്ങളുടെ മൂലധന താൽപ്പര്യത്തിന് കൂട്ടു നിൽക്കുന്നുവെന്നത് ബ്രിട്ടീഷ് ജനാധിപത്യത്തെ ഒരിക്കലും ശക്തിപ്പെടുത്തുകയില്ലെന്ന് ഉറപ്പിച്ചു പറയാം.
എന്നാൽ, എലിസബത്ത് രാജ്ഞിയുടെ മരണം രാജവാഴ്‌ച തുടരണമോയെന്ന ചർച്ചയ്‌ക്ക് തുടക്കമിടുന്നതിന് നല്ല അവസരമായി കാണുന്ന അപൂർവം മാധ്യമങ്ങളും ബ്രിട്ടനിലുണ്ട്. അതിലൊന്നാണ് ‘ഗാർഡിയൻ’. എലിസബത്ത് രാജ്ഞി മരിച്ചവേളയിൽ എഴുതിയ മുഖപ്രസംഗത്തിൽ ഗാർഡിയൻ ഇങ്ങനെ രേഖപ്പെടുത്തി–-
‘പരമ്പരാഗതമായി ലഭിച്ച വിശേഷാധികാരങ്ങളുടെ ബലത്തിൽ നിർമിക്കപ്പെട്ട രാജവാഴ്‌ച ആധുനികയുഗത്തിന് യോജിച്ചതല്ല.’ അതിനാൽ ‘മാറിയ, മാറിക്കൊണ്ടിരിക്കുന്ന രാജ്യമായ (ബ്രിട്ടനിൽ) രാജവാഴ്‌ചയും മാറണമെന്ന കാര്യം അംഗീകരിച്ചേ മതിയാകൂ.’ കൊളോണിയൽ അധിപനായി ബ്രിട്ടൻ നിലനിൽക്കുന്ന വേളയിൽ രാജവാഴ്‌ചയുടെ കടിഞ്ഞാൺ ഏറ്റെടുത്ത വ്യക്തിയാണ് എലിസബത്ത് രണ്ട്. ഇന്ത്യ ബ്രിട്ടീഷ് കൊളോണിയൽ നുകത്തിൽ നിന്ന് സ്വതന്ത്രമായതിനു ശേഷമാണ് എലിസബത്തിന്റെ കിരീട ധാരണം. തുടർന്നാണ് ഘാന, ഗാമ്പിയ, നമീബിയ, കെനിയ, നൈജീരിയ ഉൾപ്പെടെ ഡസൻ കണക്കിന് കോളനികൾ സ്വതന്ത്രമായത്. ഇപ്പോൾ യൂറോപ്പിലെ ഒരു ശരാശരി ശക്തി മാത്രമാണ് ബ്രിട്ടൻ. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയെന്ന പദവിയും അടുത്തിടെ ബ്രിട്ടന് നഷ്ടമായി. ഈ യാഥാർഥ്യം ഉൾക്കൊണ്ട് രാജവാഴ്‌ചയ്‌ക്ക് അന്ത്യമിടാൻ ഇനിയെങ്കിലും ബ്രിട്ടൻ തയ്യാറാകുമോ?
എന്നാൽ, സോഷ്യലിസ്‌റ്റുകളും കമ്യൂണിസ്‌റ്റുകാരും ലേബർപാർടിയിലെ ഇടതുപക്ഷവും ഈ ആവശ്യം നേരത്തേ തന്നെ ഉന്നയിച്ചിട്ടുണ്ട്. രാജവാഴ്‌ചയ്‌ക്ക് അന്ത്യമിടുകയെന്ന ലക്ഷ്യത്തോടെയുള്ള റിപ്പബ്ലിക്കൻ പ്രസ്ഥാനവും ബ്രിട്ടനിൽ ശക്തി പ്രാപിച്ചു വരികയാണ്. യുവതലമുറയിൽ രാജഭക്തി കുറഞ്ഞു വരുന്നതായി അടുത്തിടെ പുറത്തു വിട്ട ചില സർവേകൾ വ്യക്തമാക്കുന്നു. ‘ദുഷ്‌പ്രഭുത്വത്തിന്റെ അവശിഷ്ടമാണ് രാജവാഴ്‌ച’യെന്നും ‘അധികാരക്രമത്തിന്റെയും കൊള്ളയുടെയും (കൊളോണിയൽ കാലം)വിശിഷ്‌ട സ്‌മാരകം കൂടിയാണിതെന്നു’മുള്ള ഐറിഷ് സോഷ്യലിസ്‌റ്റും ട്രേഡ്‌യൂണിയൻ നേതാവുമായ ജെയിംസ് കൊണോലിയുടെ 1911ൽ പുറത്തുവന്ന നിരീക്ഷണം ഇന്ന് ഏറെ ചർച്ചയാകുന്നുണ്ട്. രാജഭരണം അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന്റെ താൽപ്പര്യം സംരക്ഷിക്കാനായി ഒരിക്കലും നിലകൊള്ളില്ലെന്നും മുതലാളിത്തത്തിന്റെയും ഭൂസ്വാമിമാരുടെയും താൽപ്പര്യം മാത്രമേ സംരക്ഷിക്കുകയുള്ളൂ എന്നുമുള്ള റിപ്പബ്ലിക്കന്മാരുടെ പ്രചാരണം ഇന്ന് ബ്രിട്ടന്റെ പല വേദികളിലും മുഴങ്ങുന്നുമുണ്ട്. ‘നീചവും ജനാധിപത്യ വിരുദ്ധവുമായ സ്ഥാപനമാണ് രാജവാഴ്‌ചയെന്ന’ കൊണോലിയുടെ നിരീക്ഷണം പതുക്കെയാണെങ്കിലും ചർച്ചയാകുന്നത് ജനാധിപത്യ വാദികൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
Read more: https://www.deshabhimani.com/articles/queen-elizabeth-passed-away/1042859
No comments:
Post a Comment