Thursday, September 15, 2022

കൊഴിഞ്ഞു തീര്‍ന്ന് കോണ്‍​ഗ്രസ് ; ഗോവയ്‌ക്ക്‌ സമാനമായി 
പത്തിലേറെ സംസ്ഥാനങ്ങളിൽ കൂട്ട കൊഴിഞ്ഞു പോക്ക്‌

ഗോവയ്‌ക്ക്‌ സമാനമായി പത്തിലേറെ സംസ്ഥാനങ്ങളിൽ കോൺഗ്രസിൽനിന്ന്‌ എംഎൽഎമാരുടെ കൂട്ടക്കൊഴിഞ്ഞുപോക്ക്‌. കർണാടക, മധ്യപ്രദേശ്‌, അരുണാചൽ, മണിപ്പുർ, പുതുച്ചേരി, മേഘാലയ എന്നിവിടങ്ങളിൽ എംഎൽഎമാരുടെ കൂട്ടക്കൂറുമാറ്റത്തെ തുടർന്ന്‌ കോൺഗ്രസിന്‌ ഭരണം നഷ്ടമായി. വൈസ്‌പ്രസിഡന്റ്‌ എന്ന നിലയിൽ രാഹുൽ ഗാന്ധി 2013ൽ കോൺഗ്രസിന്റെ അമരത്ത്‌ എത്തിയശേഷമാണ്‌ ഈ നഷ്‌ടങ്ങൾ.

● മധ്യപ്രദേശ്‌–- 15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച്‌ 2018 ൽ കോൺഗ്രസ്‌ അധികാരത്തിലെത്തി. കമൽനാഥ്‌ മുഖ്യമന്ത്രിയായി. 2020 മാർച്ചിൽ 23 എംഎൽഎമാർക്കൊപ്പം ജ്യോതിരാദിത്യ ബിജെപിയിൽ ചേർന്നതോടെ സർക്കാർ നിലംപൊത്തി. 

*കർണാടക–- 2018 തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ  ഒറ്റക്കക്ഷിയായെങ്കിലും കോൺഗ്രസ്‌–-ജെഡിയു സഖ്യം സർക്കാർ രൂപീകരിച്ചു.  2019 നവംബറിൽ 14 കോൺഗ്രസ്‌ എംഎൽഎമാരും മൂന്ന്‌ ജെഡിയു എംഎൽഎമാരും ബിജെപിയിൽ ചേർന്നതോടെ സർക്കാർ വീണു.

● പുതുച്ചേരി–- അഞ്ച്‌ കോൺഗ്രസ്‌ എംഎൽഎമാർ 2021 ൽ ബിജെപിയിൽ ചേർന്നതോടെ നാരായണസ്വാമി സർക്കാർ പുറത്തായി. പിന്നീട്‌ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുപ്പതംഗ സഭയിൽ കോൺഗ്രസിന്റെ അംഗബലം രണ്ടായി.

● ഗോവ–- 2017 തെരഞ്ഞെടുപ്പിൽ 17 സീറ്റുമായി കോൺഗ്രസ്‌ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ചെറുകക്ഷികളെ കൂട്ടുപിടിച്ച്‌ ബിജെപി ഭരണം പിടിച്ചു. പിന്നീട്‌ 12 കോൺഗ്രസ്‌ എംഎൽഎമാർ ബിജെപിയിലും മൂന്നുപേർ തൃണമൂലിലും ചേർന്നതോടെ അംഗബലം രണ്ടായി. ഈ വർഷം നടന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെക്കൊണ്ട്‌ കൂറുമാറ്റവിരുദ്ധ പ്രതിജ്ഞ എടുപ്പിച്ചെങ്കിലും എട്ട്‌ പേർ ബിജെപിയിലേക്ക്‌ പോയി.

● മണിപ്പുർ–-2017 നിയമസഭാ തെരഞ്ഞെടുപ്പിൽ 28 സീറ്റോടെ കോൺഗ്രസ്‌ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ബിജെപി സർക്കാർ രൂപീകരിച്ചു. 12 കോൺഗ്രസ്‌ എംഎൽഎമാർ പിന്നീട്‌ പല ഘട്ടങ്ങളിലായി ബിജെപിയിൽ ചേർന്നു. ഈ വർഷം ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‌ ജയിക്കാനായത്‌ അഞ്ച്‌ സീറ്റിൽ മാത്രം.

● മേഘാലയ–- 21 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന മേഘാലയയിൽ നിലവിൽ കോൺഗ്രസിന്‌ എംഎൽഎമാരില്ല. 12 പേർ തൃണമൂലിലും ഒമ്പതുപേർ ബിജെപി മുന്നണി സർക്കാരിലും ചേർന്നു.

● മറ്റ്‌ സംസ്ഥാനങ്ങൾ–-തെലങ്കാനയിൽ 19 കോൺഗ്രസ്‌ എംഎൽഎമാരിൽ 14 പേർ മറ്റ്‌ പാർടികളിലേക്ക്‌ കൂറുമാറി. അരുണാചലിൽ 60 ൽ 44 സീറ്റുമായി ഭരിച്ച കോൺഗ്രസ്‌ സര്‍ക്കാര്‍ നിലംപൊത്തി. 44 ൽ 43 എംഎൽഎമാർ പിപിഎ എന്ന പാർടിയിൽ ചേർന്നു. വൈകാതെ ഇവരെല്ലാം ബിജെപിയിലെത്തി. ഗുജറാത്തിൽ 77 എംഎൽഎമാരിൽ 14 പേർ കൂറുമാറി. ത്രിപുരയിൽ കോൺഗ്രസിന്റെ ആറ്‌ എംഎൽഎമാർ ആദ്യം തൃണമൂലിലേക്കും പിന്നീട്‌ ബിജെപിയിലേക്കും മാറി. ഉത്തരാഖണ്ഡിൽ മുൻമുഖ്യമന്ത്രി വിജയ്‌ ബഹുഗുണയും എട്ട്‌ എംഎൽഎമാരും 2016 ൽ ബിജെപിയിൽ ചേർന്നു.


Read more: https://www.deshabhimani.com/news/national/news-national-15-09-2022/1044080



No comments:

Post a Comment