Friday, September 9, 2022

മോഹന്‍ ഭഗവത് ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന ഗോള്‍വാള്‍ക്കര്‍ ഇതാണ്

 

മോഹന്‍ ഭഗവത് ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന ഗോള്‍വാള്‍ക്കര്‍ ഇതാണ്

മിശ്രവിവാഹത്തിനോ മതേതര വിവാഹത്തിനോ ആര്‍എസ്എസ് എതിരല്ലെന്നും മഹാരാഷ്ട്രയില്‍ ആദ്യമായി നടന്ന 1942ലെ മിശ്ര വിവാഹത്തിന് ഡോ.അംബേദ്കറോടൊപ്പം ആശംസ അറിയിച്ചവരില്‍ ഒരാള്‍ 'ഗുരുജി' ആയിരുന്നുവെന്നുമാണ് ന്യൂഡല്‍ഹിയില്‍ നടന്ന ആര്‍എസ്എസ് പരിപാടിയില്‍ സര്‍ സംഘചാലക് മോഹന്‍ ഭഗവത് അവകാശപ്പെട്ടത്. ഗുരുജി എന്ന് ഉദ്ദേശിക്കുന്നത് ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍ സംഘചാലകും ഏറ്റവുമധികം കാലം ഈ പദവി വഹിച്ചയാളുമായ എംഎസ് ഗോള്‍വാള്‍ക്കറെയാണ്. ഗോള്‍വാള്‍ക്കറുടെ Bunch of Thoughts അഥവാ വിചാരധാര (1966) ആര്‍എസ്എസിന്റെ 'വിശുദ്ധഗ്രന്ഥ'മാണ്. മറ്റൊരു 'വിശുദ്ധ പുസ്തക'ത്തിന്റെ പേര് We or Our Nationhood Defined (നാം അഥവാ നമ്മുടെ രാഷ്ട്രത്വം നിര്‍വചിക്കപ്പെടുന്നു) എന്നാണ്. എന്നാല്‍ രണ്ടാമത് പറഞ്ഞ പുസ്തകം (വിചാര ധാരയ്ക്ക് മുന്‍പ്, ഗോള്‍വാള്‍ക്കര്‍ ആര്‍എസ്എസ് തലവന്‍ ആകുന്നതിനും മുന്‍പ് 1939ല്‍ പ്രസിദ്ധീകരിച്ചത്) ഇറങ്ങിയിട്ടേയില്ല എന്ന ഭാവമാണ് പതിറ്റാണ്ടുകളായി ആര്‍എസ്എസുകാര്‍ പുലര്‍ത്തുന്നത്.

1947 വരെ ഈ പുസ്തകം ആര്‍എസ്എസുകാര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു എന്നതാണ് വസ്തുത. രാഷ്ട്രത്വ നിര്‍വചന പുസ്തകത്തെ പൊതുമണ്ഡലത്തിലെ ചര്‍ച്ചകളില്‍ നിന്ന് ഒഴിച്ചുനിര്‍ത്താന്‍ ആര്‍എസ്എസ് സവിശേഷമായ താല്‍പര്യം കാണിക്കുന്നു. ഈ പുസ്തകത്തെക്കുറിച്ച് ഡല്‍ഹി യുണിവേഴ്സിറ്റി അധ്യാപകനും എഴുത്തുകാരനുമായ ഡോ.ഷംസുല്‍ ഇസ്ലാം വിശദമായ പഠനം നടത്തുകയും പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട് (Golwalker's We or Our Nationhood Defined - published by Pharos Media). മലയാളത്തില്‍ ഈ പുസ്തകത്തിന്‍റെ പരിഭാഷ ചിന്ത പബ്ളിഷെര്‍സ് പുറത്തിറക്കിയിട്ടുണ്ട്. ഈ പുസ്തകം ഇന്ത്യയിലെ മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും ദലിതരേയും കുറിച്ചുള്ള ആര്‍എസ്എസിന്‍റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുന്നുണ്ട്.

രാഷ്ട്രത്വ നിര്‍വചന പുസ്തകത്തെ തമസ്‌കരിച്ച പോലെ, നേരത്തെ പറഞ്ഞ ഹ്രസ്വമായ പരാമര്‍ശം ഒഴിച്ചുനിര്‍ത്തിയാല്‍ മോഹന്‍ ഭഗവതിന്റെ രണ്ട് ദിവസത്തെ പ്രഭാഷണ പരമ്പരയില്‍ മാധവ് സദാശിവ് ഗോള്‍വാള്‍ക്കറേയും സൗകര്യപൂര്‍വം മാറ്റിനിര്‍ത്തിയിട്ടുണ്ട്. ആര്‍എസ്എസ് എന്താണ്, അതിന്‍റെ പ്രവര്‍ത്തനരീതിയും ലക്ഷ്യങ്ങളും എന്താണ് എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ആണ് മൂന്ന് ദിവസത്തെ പരിപാടി നടത്തിയത് എന്നാണ് പറയുന്നത്. നേരത്തെ വിഭിന്ന ആശയഗതിക്കാരായ വിവിധ മുഖ്യധാര കക്ഷി നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംവാദ പരിപാടിയെക്കുറിച്ച് ആര്‍എസ്എസ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി എതിര്‍ പ്രത്യയശാസ്ത്രക്കാരായ നേതാക്കളെ ആര്‍എസ്എസ് സംവാദത്തിന് ക്ഷണിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏതായാലും ആര്‍എസ്എസ്, ബിജെപി അനുഭാവികള്‍ അല്ലാത്ത ആരും പരിപാടിയില്‍ പങ്കെടുത്തിട്ടില്ല.

എന്തായിരിക്കാം രാജ്യത്തെ ഏറ്റവും വലിയ കേഡര്‍ സംഘടനയായി ആര്‍എസ്എസ് എന്ന ഹിന്ദുത്വ ഫാഷിസ്റ്റ് സംഘടനയെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഗോള്‍വാള്‍ക്കറെ മോഹന്‍ ഭഗവത് ഇത്തരത്തില്‍ മാറ്റിനിര്‍ത്താന്‍ കാരണം? എക്കാലവും ജനങ്ങളെ, പൊതുസമൂഹത്തെ സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ പറഞ്ഞ് അഭിമുഖീകരിക്കാന്‍ വിമുഖത കാണിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. ഇതിന്‍റെ ഭാഗമായാണ് ഗാന്ധി വധത്തെ തുടര്‍ന്ന് ഇന്ത്യന്‍ ജനതയുടെ വെറുപ്പിന് പാത്രമായ ആര്‍എസ്എസ് 1951ല്‍ അഖില്‍ ഭാരതീയ ജനസംഖ് എന്ന പേരില്‍ ഒരു പാര്‍ലമെന്ററി രാഷ്ട്രീയ മുഖമൂടി ഉണ്ടാക്കുന്നതും പിന്നീട് ഇത് ബിജെപിയായും മാറുന്നത്. ഇത്തരത്തില്‍ മുഖംമൂടികളും വേഷപ്രച്ഛന്നതകളും ജനാധിപത്യ ഭാവങ്ങളും ആര്‍എസ്എസ് വിവിധ ഘട്ടങ്ങളില്‍ സൗകര്യം പോലെ എടുത്തണിഞ്ഞിട്ടുണ്ട്. ഇതിന്‍റെ തുടര്‍ച്ചയായി കാണാവുന്നതാണ് മോഹന്‍ ഭഗവതിന്‍റെ പ്രസംഗം.

മുസ്ലീങ്ങളും ഉള്‍പ്പെട്ടതാണ് തങ്ങളുടെ ഹിന്ദുരാഷ്ട്രം എന്ന് ഭഗവത് അവകാശപ്പെട്ടു. എന്നാല്‍ ഗോള്‍വാള്‍ക്കറുടെ ഹിന്ദു രാഷ്ട്രത്തില്‍ മുസ്ലീങ്ങള്‍ക്ക് ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല. അങ്ങേയറ്റം വെറുക്കപ്പെടെണ്ടവരും എതിര്‍ക്കപ്പെടെണ്ടവരുമായ അന്യദേശീയത തന്നെയാണ് ഗോള്‍വാള്‍ക്കറെ സംബന്ധിച്ച് മുസ്ലീങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷ മതവിഭാഗങ്ങള്‍. രാഷ്ട്രത്വ നിര്‍വചന പുസ്തകത്തില്‍ എന്താണ് തന്‍റെയും ആര്‍എസ്എസിന്‍റെയും ഹിന്ദു രാഷ്ട്രം എന്ന് ഗോള്‍വാള്‍ക്കര്‍ വ്യക്തമായി വരച്ചിടുന്നുണ്ട്. സാധാരണഗതിയില്‍ തിരഞ്ഞെടുപ്പ് കാലത്ത് ആര്‍എസ്എസിന് ഇത്തരത്തില്‍ മതേതര പ്രണയം ഉണ്ടാകാറില്ല. എന്നാല്‍ ആര്‍എസ്എസ് മതനിരപേക്ഷതയും സഹിഷ്ണുതയും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സംഘടനയാണ് എന്ന് കാണിക്കാനുള്ള വ്യഗ്രതയാണ് അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കണം എന്ന് പറയുമ്പോളും ഭഗവത് നടത്തുന്നത്.

ALSO READ: ഗോള്‍വാള്‍ക്കര്‍ ദര്‍ശനത്തിലെ മോദി ഭാരതം

ഗോള്‍വാള്‍ക്കറുടെ വിവാദ പരാമര്‍ശങ്ങളെ ആര്‍എസ്എസ് നേരത്തെ കയ്യൊഴിഞ്ഞിരുന്നതായും കാലത്തിനനുസരിച്ച് മാറാന്‍ തയ്യാറുള്ള സംഘടനയാണ് ആര്‍എസ്എസ് എന്നും മോഹന്‍ ഭഗവത് ഇന്നലെ പറഞ്ഞിരുന്നു. ബുദ്ധനും ഛത്രപതി ശിവജിക്കും വിവേകാനന്ദനും ബാലഗംഗാധര തിലകനുമൊപ്പം താന്‍ ആരാധിക്കുന്ന വ്യക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിവാക്കിയിട്ടുള്ള വ്യക്തിയാണ് എംഎസ് ഗോള്‍വാള്‍ക്കര്‍. രാഷ്ട്രത്വ നിര്‍വചന പുസ്തകം പോലുള്ളവ ആര്‍എസ്എസ് പിന്നീട് മറച്ചുവയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഗോള്‍വാള്‍ക്കറുടെ ഏതെങ്കിലും ചിന്തകളെ തങ്ങള്‍ കയ്യൊഴിഞ്ഞതായി ആര്‍എസ്എസ് പരസ്യമായി പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്.

മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരുമാണ് തങ്ങളുടെ ആഭ്യന്തര ശത്രുക്കളും ഭീഷണികളും എന്ന് എന്ന് ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ആദ്യ മിശ്രവിവാഹത്തിന് ആശംസ അറിയിച്ചു എന്ന് മോഹന്‍ ഭഗവത് അവകാശപ്പെടുന്ന ഗോള്‍വാള്‍ക്കറിന് മുസ്ലീങ്ങളോടും ക്രിസ്ത്യാനികളോടും മാത്രമല്ല, കീഴ്ജാതി ഹിന്ദുക്കളോടുമുണ്ടായിരുന്ന വെറുപ്പും അവജ്ഞതയും രാഷ്ട്രത്വ നിര്‍വചന പുസ്തകം വ്യക്തമാക്കുന്നുണ്ട്. കേരളത്തിലെ ജാതിബന്ധങ്ങളെ പറ്റി പറയുന്ന ഭാഗത്തടക്കം ഈ ജാതിവെറിയും ബ്രാഹ്മണ മേധാവിത്തത്തോടുള്ള താല്‍പര്യവും ഗോള്‍വാള്‍ക്കര്‍ മറയില്ലാതെ പ്രകടിപ്പിക്കുന്നുണ്ട്. ആര്‍എസ്എസിന്‍റെ 'ജാതിരഹിത' ചിന്തയെ മഹാത്മ ഗാന്ധിയും ഡോ.അംബേദ്‌കറും അടക്കമുള്ളവര്‍ അഭിനന്ദിച്ചിട്ടുള്ളതായാണ് ആര്‍എസ്എസുകാരുടെ അവകാശവാദം. ഇതേ ആര്‍എസ്എസ് തന്നെയാണ് ജാതി സംവരണം അട്ടിമറിക്കപ്പെടണം എന്ന് പറയുന്നതും.

1961 ജനുവരി രണ്ടിന്റെ ഓര്‍ഗനൈസറില്‍ ജാതിവ്യവസ്ഥ നിലനില്‍ക്കേണ്ടതിന്റെ അനിവാര്യതയെപ്പറ്റിയും ജാതിവ്യവസ്ഥയുടെ യുക്തിയെപ്പറ്റിയും ഗോള്‍വാള്‍ക്കര്‍ എഴുതി.

മോഹന്‍ ഭഗവത് ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന ഗോള്‍വാള്‍ക്കര്‍ ഇതാണ്

എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണ് എന്ന് ഭഗവത് പറയുന്നു. പ്രാചീന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ജനതയുടെ പേര്‍ഷ്യന്‍ ഭാഷയിലെ വിളിപ്പേര് എന്ന മട്ടില്‍ വളരെ വിശാലമെന്ന് തോന്നിക്കുന്ന തരത്തില്‍ ഹിന്ദു, ഹിന്ദുത്വ നിര്‍വചനം നടത്തുന്നതിനാണ് ശ്രമിക്കുന്നത് എന്നാണ് ഭഗവതിന്‍റെ ഭാവം. എന്നാല്‍ ഇന്ത്യയെ വിശുദ്ധ ഭൂമിയായി കാണുന്നവര്‍ മാത്രമാണ് ഇന്ത്യക്കാര്‍ എന്നും മറ്റുള്ളവരെല്ലാം വിദേശീയരും അധിനിവേശ ശക്തികളുമാണെന്നുമാണ് വിഡി സവര്‍ക്കറും എംഎസ് ഗോള്‍വാള്‍ക്കറും പറയുന്നത്. ഇത് തന്നെയാണ് എക്കാലവും ആര്‍എസ്എസിന്‍റെ നിലപാട്. മതനിരപേക്ഷ ജനാധിപത്യത്തേയും ഇന്ത്യന്‍ ഭരണഘടനയേയും ആര്‍എസ്എസ് നേതാക്കള്‍ അംഗീകരിക്കുന്നു എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം ആ സംഘടന ഇല്ലാതാകുന്നു എന്നാണ്. മോദി സര്‍ക്കാരിനെതിരായ ജനവികാരമോ തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള ആശങ്കയോ ഒന്നും ഇത്തരമൊരു ആത്മഹത്യയിലേയ്ക്ക് ആര്‍എസ്എസിനെ നയിക്കാന്‍ ഇടയില്ല.

മോദി സര്‍ക്കാരിന്റെ തണലില്‍ നടക്കുന്ന, പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളെ മോദിയെ പോലെ മോഹന്‍ ഭഗവതും തള്ളിപ്പറഞ്ഞു. സിഗററ്റ് വലി നിര്‍ത്താന്‍ വളരെയെളുപ്പമാണ്, ഞാന്‍ എത്ര പ്രാവശ്യം നിര്‍ത്തിയിരിക്കുന്നു എന്ന് വിഖ്യാത എഴുത്തുകാരന്‍ മാര്‍ക് ട്വെയിന്‍ പറഞ്ഞതുപോലെയൊരു തള്ളിക്കളയലും ഉപേക്ഷിക്കലുമാണിത്. ജയന്ത് സിന്‍ഹമാരായ ബിജെപി കേന്ദ്ര മന്ത്രിമാര്‍, ഇതേസമയം മറ്റൊരു ഭാഗത്ത് ആള്‍ക്കൂട്ട കൊല നടത്തി ജാമ്യത്തില്‍ പുറിത്തിറങ്ങിയ പശുരക്ഷകരെ മാലയിട്ട് സ്വീകരിച്ചുകൊണ്ടിരിക്കും.

Also Read: ഗോള്‍വാള്‍ക്കര്‍ ആര്‍എസ്എസിലേക്ക്- ഭാഗം 2

ഇന്ത്യന്‍ ഭരണഘടനയോട് മോഹന്‍ ഭഗവത് പ്രകടിപ്പിച്ച ബഹുമാനമാണ് മറ്റൊരു കാര്യം. 1949ല്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി അതിന്റെ കരട് സമര്‍പ്പിച്ചപ്പോള്‍ തന്നെ ഭരണഘടനയെക്കുറിച്ച് എന്താണ് തങ്ങളുടെ അഭിപ്രായം എന്ന് ആര്‍എസ്എസ് മുഖപത്രം വ്യക്തമാക്കിയിട്ടുണ്ട്. അംബേദ്കര്‍ കത്തിച്ച മനുസ്മൃതിയെ ബഹുമാനിക്കാത്ത ഭരണഘടനയില്‍ അവര്‍ അസ്വസ്ഥരായിരുന്നു. രണ്ട് വര്‍ഷവും 11 മാസവും 18 ദിവസവുമെടുത്ത് ഭരണഘടനാ നിര്‍മ്മാണ സഭ തയ്യാറാക്കിയ കരട് 1949 നവംബര്‍ 26ന് സമര്‍പ്പിച്ചു. എന്നാല്‍ 1949 നവംബര്‍ മുപ്പതിന് മനുസ്മൃതി ഇന്ത്യയുടെ ഭരണഘടനയാക്കണം എന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് മുഖവാരികയായ ഓര്‍ഗനൈസര്‍ മുഖപ്രസംഗമെഴുതി:

പ്രാചീന ഭാരതത്തിലെ അതുല്യമായ ഭരണഘടനാ രൂപീകരണത്തെ സംബന്ധിച്ച് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്ന ഭരണഘടനയില്‍ യാതൊരു പരാമര്‍ശവുമില്ല. വിധേയത്വവും അനുസരണയും ദൃഢതയും പ്രോത്സാഹിപ്പിക്കുന്ന മനുസ്മൃതിയെ ലോകം മുഴുവന്‍ ആരാധിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാതാക്കള്‍ ഇതിന് ഒരു വിലയും നല്‍കിയിട്ടില്ല - ഓര്‍ഗനൈസര്‍ മുഖപ്രസംഗം പറയുന്നു.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഗോള്‍വാള്‍ക്കര്‍ ഇങ്ങനെ എഴുതി - പാശ്ചാത്യരാജ്യങ്ങളുടെ ഭരണഘടകള്‍ പകര്‍ത്തി അത് ചേര്‍ത്ത് വച്ചതാണ് ഇന്ത്യയുടെ ഭരണഘടന. ഇതില്‍ നമ്മുടേതെന്ന് പറയാന്‍ ഒന്നുമില്ല. നമ്മുടെ ദേശീയ ദൗത്യം എന്താണ് എന്നത് സംബന്ധിച്ച് ജീവിതലക്ഷ്യം സംബന്ധിച്ചോ ഇത് യാതൊന്നും പറയുന്നില്ല.

എന്താണ് തന്റെ മാതൃരാജ്യം എന്ന് ഗോള്‍വാള്‍ക്കര്‍ പറയുന്നു - ഹിന്ദുക്കളുടെ നാടായ മാതൃരാജ്യത്തെ ഞാന്‍ വണങ്ങുന്നു. അഖണ്ഡ ഹിന്ദുരാഷ്ട്രത്തിന്റെ ഭാഗമായ ഞങ്ങള്‍ ഇതിനെ അഭിവാദ്യം ചെയ്യുന്നു.

1947 ഓഗസ്റ്റ് 14ന്റെ ഓര്‍ഗനൈസര്‍ മുഖപ്രസംഗം ഇങ്ങനെ പറയുന്നു: ദേശരാഷ്ട്രത്തിന്റെ, രാഷ്ട്രത്വത്തിന്റെ തെറ്റായ നിര്‍വചനങ്ങള്‍ക്ക് നാം വഴിപ്പെടരുത്. ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമുള്ള ഹിന്ദുസ്ഥാന്‍ ആണ് നമ്മുടെ ലക്ഷ്യം. ഹിന്ദു പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും അടിസ്ഥാനത്തിലായിരിക്കണം രാഷ്ട്രനിര്‍മ്മാണം.

ഇതേ ദിവസത്തെ ഓര്‍ഗനൈസര്‍ ലേഖനം ത്രിവര്‍ണ ദേശീയപതാകയെ തള്ളിപ്പറയുന്നു: "അധികാരമുള്ളവര്‍ ത്രിവര്‍ണ പതാക നമുക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഹിന്ദുക്കള്‍ ഇതിനെ ഒരിക്കലും ബഹുമാനിക്കുകയോ സ്വന്തമെന്ന് കരുതുകയോ ഇല്ല. മൂന്ന് എന്ന അക്കവും വാക്കും തന്നെ അശുഭകരമാണ്. മൂന്ന് വര്‍ണങ്ങളുള്ള ദേശീയപതാക വളരെ മോശമായ മാനസികനിലയുണ്ടാക്കുകയും രാജ്യത്തിന് ഹാനികരമാവുകയും ചെയ്യും".

1948ല്‍ ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍എസ്എസ് നിരോധിക്കപ്പെടുകയും ഗോള്‍വാള്‍ക്കര്‍ അടക്കമുള്ളവര്‍ അറസ്റ്റിലാവുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തു. ഗോള്‍വാള്‍ക്കര്‍ അടക്കമുള്ള ആര്‍എസ്എസ് നേതാക്കള്‍ മോചിപ്പിക്കപ്പെടുന്നത് ഒരു വര്‍ഷത്തിന് ശേഷമാണ്. ജയിലില്‍ നിന്നിറങ്ങിയ ശേഷം ഗോള്‍വാള്‍ക്കര്‍ ഇങ്ങനെ പറഞ്ഞു - ഹിന്ദുക്കളാണ് ഈ രാജ്യത്തിന്റെ ഉടമസ്ഥര്‍. പാഴ്‌സികളും ജൂതരും അതിഥികളാണ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും കൊള്ളക്കാരും. ഇവര്‍ക്കെല്ലാവര്‍ക്കും എങ്ങനെയാണ് ഈ രാജ്യത്ത് തുല്യ അവകാശം നല്‍കുക എന്ന് ഗോള്‍വാള്‍ക്കര്‍ ചോദിച്ചു (1956ല്‍ ബോംബെയിലെ കോളമിസ്റ്റ് ഡിഎഫ് കരാക എഴുതിയത്).

ALSO READ: ആരാണ് ഹിന്ദു? ആര്‍എസ്എസിന്റെ നിര്‍വചനങ്ങള്‍ ഇങ്ങനെയൊക്കെയാണ്- ഭാഗം 7

1950 ജനുവരി 26ന് നിലവില്‍ വന്ന ഭരണഘടനയുടെ ആമുഖത്തില്‍ ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക് ആണ് എന്ന് മാത്രമാണ് പറഞ്ഞിരുന്നത് എന്നും സോഷ്യലിസ്റ്റ്‌, സെക്കുലര്‍ എന്നിവ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ് എന്നും ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ ഇടയ്ക്കിടെ പറയുന്നതാണ്. ഈ സോഷ്യലിസവും സെക്കുലറിസവും പ്രത്യേകം എടുത്ത് പറയേണ്ട കാര്യമുണ്ട് എന്ന് സ്വതന്ത്ര ഇന്ത്യയുടെയോ ഭരണഘടനയുടേയോ ശില്‍പ്പികള്‍ക്ക് പ്രത്യേകം തോന്നാത്തത് കൊണ്ടും അത് ഇന്ത്യന്‍ റിപ്പബ്ലിക്കിന്‍റെ അന്തസത്തയാണ് എന്ന് ബോധ്യമുള്ളത് കൊണ്ടും അത് അന്ന് പ്രത്യേകം എഴുതിവച്ചില്ല. എന്നാല്‍ 'ഗരീബി ഹഠാവോ' കാലത്ത് സോഷ്യലിസം വേവിച്ച് പാകം ചെയ്ത് വിതരണം ചെയേണ്ടി വന്നപ്പോള്‍ ഇന്ദിര ഗാന്ധി ഇത് രണ്ടും കൂട്ടിച്ചേര്‍ത്തു. അപ്പോഴേക്ക് എംഎസ് ഗോള്‍വാള്‍ക്കര്‍ മരിച്ചിരുന്നെങ്കിലും ഗോള്‍വാള്‍ക്കര്‍ സ്വപ്നം കണ്ടിരുന്ന ഹിന്ദുത്വ രാഷ്ട്ര വിത്തുകള്‍ വ്യാപകമായി വിതയ്ക്കപ്പെട്ടിരുന്നു.

ഇന്ത്യയെ ഭാരതം എന്നാണ് ആര്‍എസ്എസ് വിശേഷിപ്പിക്കുന്നത്. ആകാശവാണിയും ഇങ്ങനെയാണ് പറയുന്നത്. ഔദ്യോഗികമായി ഇന്ത്യക്ക് ഭാരത്‌ എന്ന പേരുമുള്ളതുകൊണ്ട് ഇതില്‍ തെറ്റ് പറയാന്‍ കഴില്ല താനും. എന്നാല്‍ ഭാരതീയന്‍ എന്ന് പോലും ഈ നാട്ടിലെ പൗരന്മാരെ വിശേഷിപ്പിക്കുന്നത് ശരിയല്ല എന്ന് പറഞ്ഞയാളാണ് ഗോള്‍വാള്‍ക്കര്‍. ഈ നാട്ടില്‍ ജീവിക്കുന്ന മുസ്ലീം, ഹിന്ദു, പാഴ്‌സി തുടങ്ങിയ എല്ലാ സമുദായങ്ങളിലും പെട്ടയാളുകള്‍ക്കൊക്കെ ബാധകമായ വാക്കായ ‘ഇന്ത്യന്‍’ എന്നതിന്റെ തര്‍ജ്ജമ കൂടിയാണ് ‘ഭാരതീയന്‍’ എന്നുള്ളത് കൊണ്ട് അത് ഹിന്ദുസമൂഹത്തെ വിശേഷിപ്പിക്കാന്‍ അപര്യാപ്തമാണ് എന്ന് ഗോള്‍വാള്‍ക്കര്‍ പറഞ്ഞു. അതുകൊണ്ട് ആ വാക്ക് ”നമ്മുടെ പ്രത്യേകമായ സമൂഹത്തെ വിശേഷിപ്പിക്കാനായി ഉപയോഗിക്കുമ്പോള്‍ തെറ്റിദ്ധാരണകള്‍ക്ക് വഴി വയ്ക്കും. ‘ഹിന്ദു’വെന്ന വാക്കിന് മാത്രമേ നമ്മള്‍ പറയാന്‍ ശ്രമിക്കുന്ന അര്‍ത്ഥം പൂര്‍ണ്ണമായും ശരിയായും ക്കാനാവൂ.”- ഗോള്‍വാള്‍ക്കര്‍ പറയുന്നു.

മോഹന്‍ ഭഗവത് എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കള്‍ ആണ് എന്ന് പറയുമ്പോള്‍ അതിനെ ന്യായീകരിച്ചും വിശദീകരിച്ചുകൊണ്ടും എന്‍ഡിടിവിയിലെ ഒപ്പീനിയന്‍ കോളത്തില്‍ ആര്‍എസ്എസ് ചിന്തകന്‍ ആര്‍ ബാലശങ്കര്‍ പറയുന്നത് അമേരിക്കയും യൂറോപ്പും എത്രമാത്രം ക്രിസ്ത്യന്‍ കേന്ദ്രീകൃതമാണോ, അത്രമാത്രം ഹിന്ദു കേന്ദ്രീകൃതമാകണം ഇന്ത്യ എന്നാണ്. ഒരേ സ്വരങ്ങളില്‍, പല ഭാഷകളില്‍ ഒരേ അന്തസത്തയുള്ള കാര്യം തന്നെയാണ് ഗോള്‍വാള്‍ക്കറും ഭഗവതും ബാലശങ്കറുമെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നത് - വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും വര്‍ഗീയ ധ്രുവീകരണത്തിന്റേയും ഭാഗമായി പടുത്തുയര്‍ത്താന്‍ ഉദ്ദേശിക്കുന്ന ഹിന്ദുത്വ രാഷ്ട്രം എന്ന സ്വപ്‌നത്തെക്കുറിച്ച്. ഭഗവത് പറയുന്നത് കേട്ട് ആര്‍എസ്എസ് അതിന്റെ അടിസ്ഥാനാശയങ്ങളില്‍ വിട്ടുവീഴ്ചയ്‌ക്കൊരുങ്ങുന്നു എന്ന തെറ്റിദ്ധാരണ ആര്‍ക്കും വേണ്ടെന്ന് ബാലശങ്കര്‍ വ്യക്തമാക്കുന്നു. ആര്‍എസ്എസിന്റെ അടിസ്ഥാന ആശയങ്ങള്‍ എന്താണ് എന്ന് അതിന്റെ ഇതുവരെയുള്ള ചരിത്രവും പ്രവര്‍ത്തനങ്ങളും ഇടപെടലുകളും ഗോള്‍വാള്‍ക്കര്‍ അടക്കമുള്ളവര്‍ രേഖപ്പെടുത്തിയിട്ടുള്ള അതിന്റെ പ്രത്യയശാസ്ത്ര പദ്ധതിയും വ്യക്തമാക്കുന്നുണ്ട്.

https://www.azhimukham.com/india-the-instigator-how-ms-golwalkars-virulent-ideology-underpins-modis-india-by-caravan-full-article/

     


No comments:

Post a Comment