Thursday, September 1, 2022

ഗോർബച്ചേവിനെ 
ചരിത്രം എന്തുവിളിക്കും #Gorbachev

ലോക രാഷ്ട്രീയത്തെ ഇളക്കി മറിച്ച് സോവിയറ്റ് യൂണിയൻ ചിതറിത്തെറിച്ചത് 1991ലെ ക്രിസ്മസ് നാളിലായിരുന്നു. യുഎസ്‌എസ്‌ആറിനെ നാമാവശേഷമാക്കി ക്രംലിൻ കൊട്ടാരത്തിന്റെ പടികളിറങ്ങുമ്പോൾ ‘തന്റെ ജീവിതദൗത്യം പൂർത്തിയായി’ എന്നായിരുന്നു മിഖായേൽ ഗോർബച്ചേവ്  പ്രതികരിച്ചത്. ശീതയുദ്ധത്തിന് അന്ത്യമിട്ടുവെന്നും സോവിയറ്റ് റിപ്പബ്ലിക്കുകളിൽ ജനാധിപത്യം സ്ഥാപിച്ചുവെന്നുമുള്ള പാശ്ചാത്യ ആഖ്യാനം കടമെടുത്തായിരുന്നു ഗോർബച്ചേവിന്റെ ഈ അവകാശവാദം. എന്നാൽ, 30 വർഷം കഴിഞ്ഞപ്പോൾ പാശ്ചാത്യ ആഖ്യാനം ‘റഷ്യ ഭരിക്കുന്നത് പുടിൻ എന്ന സ്വേച്ഛാധിപതിയാണെന്നും ചൈനയുമായി അമേരിക്ക ശീതയുദ്ധത്തിന് തയ്യാറെടുക്കുകയാണെ’ന്നുമാണ്. ഇത് വ്യക്തമാക്കുന്നത് സോവിയറ്റ് യൂണിയനെ, സോഷ്യലിസ്റ്റ് സർക്കാരിനെ തകർക്കുക മാത്രമായിരുന്നു മുതലാളിത്തത്തിന്റെ ലക്ഷ്യമെന്നായിരുന്നു. അതിന് അവർ ഉപയോഗിച്ച വ്യക്തിത്വമായിരുന്നു ഗോർബച്ചേവ്. അതിനാലാണ് അമേരിക്കൻ വാരികയായ ടൈം 1991 ൽ ദശാബ്ദത്തിലെ പ്രധാന വ്യക്തിയായി ഗോർബച്ചേവിനെ തെരഞ്ഞെടുത്തത്. ന്യൂസ് വീക്ക് ഇങ്ങനെ കുറിച്ചിട്ടു.‘ഗോർബച്ചേവ് ഇല്ലായിരുന്നെങ്കിൽ സോവിയറ്റ് യൂണിയൻ നിലനിൽക്കുമായിരുന്നു’വെന്ന്.

ന്യൂസ് വീക്കിന്റെ നിഗമനത്തെ പൂർണമായും അംഗീകരിക്കാനാകില്ല എങ്കിലും തള്ളിക്കളയാനുമാകില്ല. ആദ്യം മുതലേ റിവിഷനിസത്തോട്‌ താൽപ്പര്യം കാട്ടിയ നേതാവായിരുന്നു ഗോർബച്ചേവ്. സ്റ്റാവ്റോപോൾകാരനായ ഗോർബച്ചേവ് നിയമപഠനത്തിന്‌ മോസ്കോയിൽ എത്തിയപ്പോഴാണ് യങ്‌ കമ്യൂണിസ്റ്റ് ലീഗുമായി ബന്ധപ്പെടുന്നതും കമ്യൂണിസ്റ്റ് പാർടി അംഗമാകുന്നതും.  ക്രൂഷ്‌ചേവായിരുന്നു ഗോർബച്ചേവിന്റെ ഇഷ്ടനേതാവ്. സോവിയറ്റ് കമ്യൂണിസ്റ്റ് പാർടിയുടെ 20–-ാം കോൺഗ്രസിൽ ക്രൂഷ്ചേവ് വർഗ സഹകരണത്തിന്റെ റിവിഷനിസ്റ്റ് പദ്ധതികൾ അവതരിപ്പിച്ചപ്പോൾ അതിനെ പിന്തുണച്ച ഗോർബച്ചേവ് കടുത്ത സ്റ്റാലിൻ വിരോധം പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് നോവോസ്‌തി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.


1971ൽ സിപിഎസ്‌യു കേന്ദ്ര കമ്മിറ്റി അംഗമായ ഗോർബച്ചേവ് 1978ൽ പാർടിയുടെ കൃഷികാര്യ സെക്രട്ടറിയായി. കാർഷികരംഗത്ത് വൻ മൂലധനനിക്ഷേപം ലക്ഷ്യമിട്ട് ആരംഭിച്ച ബ്രിഗേഡ് സമ്പ്രദായത്തിന്റെ പ്രയോക്താവ് ഗോർബച്ചേവ് ആയിരുന്നു. ബ്രഷ്‌നേവ്‌ മരിച്ച്‌ യൂറി ആന്ധ്രപോവ്‌  പാർടി സെക്രട്ടറിയായ ഘട്ടത്തിൽ കൂടുതൽ അധികാരം ലഭിച്ചു. ഈ അവസരം ഉപയോഗിച്ച് പരിഷ്കരണത്തിന് വാദിക്കുന്ന ഒരുവിഭാഗത്തെ പാർടിയിൽ വളർത്തിയെടുത്തു. ചെർണങ്കോയുടെ മരണത്തെത്തുടർന്ന് 1985 മാർച്ച് 11നാണ് സോവിയറ്റ് കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയായി ഗോർബച്ചേവ് ചുമതലയേൽക്കുന്നത്. ഉടൻതന്നെ സോവിയറ്റ് സാമ്പത്തിക, സാമൂഹ്യ വ്യവസ്ഥയിലെ മുരടിപ്പ് മാറ്റാനെന്നപേരിൽ പെരിസ്ട്രോയിക്കയും (പുനഃസംഘടന)  ഗ്ലാസ്‌നോസ്റ്റും (തുറന്ന സമീപനം) മുന്നോട്ടുവയ്ക്കപ്പെട്ടു.

സിപിഎസ്‌യുവിന്റെ 27–-ാം പാർടി കോൺഗ്രസിൽവച്ചാണ് ഗോർബച്ചേവ് തന്റെ പുതിയ ചിന്തകൾ അവതരിപ്പിക്കുന്നത്. 1987ൽ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ 70–-ാം വാർഷികവേളയിൽ ഗോർബച്ചേവ് നടത്തിയ പ്രസംഗം വൈരുധ്യങ്ങളിൽ മാറ്റം വന്നിരിക്കുകയാണെന്ന, മുതലാളിത്ത പുനഃസ്ഥാപനത്തിലേക്ക് നയിക്കുന്ന വാദമുഖങ്ങൾ മുന്നോട്ടുവയ്ക്കപ്പെട്ടു. വർഗസമരത്തിന്റെ  കാലഘട്ടം കഴിഞ്ഞെന്നും സോഷ്യലിസവും സാമ്രാജ്യത്വവും തമ്മിലുള്ള വൈരുധ്യം അപ്രത്യക്ഷമായിരിക്കുന്നുവെന്നും ഗോർബച്ചേവ് വാദിച്ചു. ‘രാഷ്ട്രങ്ങൾ’ തമ്മിലുള്ള ബന്ധങ്ങളിൽനിന്നും പ്രത്യയശാസ്ത്രത്തെ നീക്കംചെയ്യണമെന്നും അദ്ദേഹം വാദിച്ചു. സിപിഎസ്‌യുവിന്റെ 28–-ാം കോൺഗ്രസിലാണ് കേന്ദ്രീകൃത ആസൂത്രണത്തിനു പകരം കമ്പോളവ്യവസ്ഥ  സൃഷ്ടിക്കുന്ന ആഹ്വാനമുണ്ടായത്. ഇതേ കോൺഗ്രസിലാണ് വർഗ മേധാവിത്വത്തിന് ന്യായീകരണമില്ലെന്ന സിദ്ധാന്തവും അവതരിപ്പിക്കപ്പെട്ടത്‌. തൊഴിലാളിവർഗ സാർവദേശീയതയെന്ന ആശയം സോവിയറ്റ് പാർടി ഉപേക്ഷിച്ചു. 29–-ാം പാർടി കോൺഗ്രസിൽ സാമ്രാജ്യത്വമെന്ന പദപ്രയോഗംപോലും ഉപയോഗിക്കപ്പെട്ടില്ല. പെരിസ്ട്രോയിക്കയിലൂടെ പാർടി  സംഘടനയെയും ഗ്ലാസ്‌ നോസ്റ്റിലൂടെ സോവിയറ്റ് യൂണിയനെയും ഗോർബച്ചേവും കൂട്ടരും തകർത്തു. സോവിയറ്റ്‌ യൂണിയൻ 15 റിപ്പബ്ലിക്കുകളായി മാറി. കിഴക്കൻ യൂറോപ്പിലെ യുഗോസ്ലാവിയ അരഡസൻ രാഷ്ട്രങ്ങളായി ചിന്നിച്ചിതറി. ചെക്കോസ്ലോവാക്യ രണ്ടായി. രണ്ടു ജർമനിയും ഒന്നായി. ലോകത്തിന്റെ ഭൂപടംതന്നെ മാറ്റിവരയ്ക്കപ്പെട്ടു. സോഷ്യലിസത്തിന് പലരും ചരമക്കുറിപ്പ് എഴുതി. മുതലാളിത്തത്തിന്റെ വിജയാഘോഷങ്ങളാണ് എങ്ങും മുഴങ്ങിയത്.

ഗോർബച്ചേവിന്റെ തീരുമാനം ആരെയാണ് സന്തോഷിപ്പിച്ചതെന്ന് ഇതിൽനിന്നു വ്യക്തം. ചരിത്രത്തിന്റെ ഗതിമാറ്റിയ, 20–-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാന വ്യക്തികളിലൊരാൾ എന്നൊക്കെയുള്ള വിശേഷണങ്ങളാണ് പാശ്ചാത്യ മാധ്യമങ്ങൾ ഗോർബച്ചേവിനുമേൽ ചൊരിയുന്നത്‌. എന്നാൽ, അതോടൊപ്പം മഹത്തായ ഒരു രാഷ്ട്രത്തെ ശിഥിലമാക്കിയ, പാശ്ചാത്യ മുതലാളിത്ത ആശയങ്ങളെ അന്ധമായി സ്വീകരിച്ച വ്യക്തികൂടിയാണ് ഗോർബച്ചേവ് എന്ന് ചരിത്രം വിലയിരുത്തും. യെൽസിനെപ്പോലുള്ള നേതാക്കളെ വളർത്തിയതിൽ പിൽക്കാലത്ത് ഗോർബച്ചേവ് പശ്ചാത്താപം പ്രകടിപ്പിച്ചെങ്കിലും സോഷ്യലിസ്റ്റ് ചേരിയെ തളർത്തിയതിൽ ഒരിറ്റു കണ്ണുനീർ ഗോർബച്ചേവിൽനിന്നു വീണിട്ടില്ലെന്ന കാര്യം അദ്ദേഹം ഏതു ഭാഗത്താണ് നിലയുറപ്പിച്ചതെന്ന് വ്യക്തമാക്കുന്നു.


Read more: https://www.deshabhimani.com/articles/mikhail-gorbachev-ussr/1041394


No comments:

Post a Comment