Saturday, September 24, 2022

ധൂര്‍ത്തിന്റെ കേന്ദ്രമായി രാജ്ഭവന്‍; ഇഷ്ടദാനത്തിന് 25 ലക്ഷം

തിരുവനന്തപുരം
ഗവർണറും ഔദ്യോഗിക വസതിയായ രാജ്‌ഭവനും ധൂർത്തിന്റെ കേന്ദ്രമായി. കേട്ടുകേൾവിയില്ലാത്ത ശമ്പളവും ആനുകൂല്യങ്ങളും സൗകര്യങ്ങളുമാണ്‌ കേരള ഗവർണർക്കും പരിവാരങ്ങൾക്കുമായി സംസ്ഥാനം വഹിക്കുന്നത്. ഗവർണറുടെ വാർഷിക ശമ്പളവും ആനുകൂല്യങ്ങളും 42 ലക്ഷം രൂപയാണ്‌. 

രാജ്‌ഭവൻ ചെലവുകൾക്കായി ഈവർഷം ആവശ്യപ്പെട്ടത്‌ 12.70 കോടി രൂപ. ഇത്‌ ബജറ്റിൽ വകയിരുത്തി. കഴിഞ്ഞ വർഷത്തെ ചെലവ്‌ 12.45 കോടി രൂപ. 2020–-21ൽ 9.01 കോടിയും. രാജ്‌ഭവൻ വീട്ടു ചെലവിനു മാത്രമായി ഈ വർഷം മാറ്റി വച്ചത് 4.75 കോടി രൂപയാണ്‌. കഴിഞ്ഞ വർഷം ചെലവ്‌ 3.93 കോടി. 2020–-21ൽ 2.85 കോടിയും.
ഗവർണറുടെ വാഹനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ഈവർഷം 3.80 ലക്ഷം രൂപ ചെലവാക്കി. പെട്രോളിന്‌ 8.8 ലക്ഷം രൂപയും. കഴിഞ്ഞ വർഷം 7.35 ലക്ഷം രൂപ പെട്രോളിനും 6.34 ലക്ഷം രൂപ അറ്റകുറ്റപ്പണിക്കും ഉപയോഗിച്ചു. 2020–-21ൽ പെട്രോളിന്‌‌ 6.75 ലക്ഷമായി. അറ്റകുറ്റപ്പണിക്കായി 6.41 ലക്ഷം രൂപയും നൽകി.

മാസങ്ങൾക്കു മുമ്പ്‌ ഗവർണർക്കായി വാങ്ങിയ മെഴ്‌സിഡെസ്‌ ബെൻസ്‌ കാറിന്‌ സംസ്ഥാന ഖജനാവിൽ നിന്നെടുത്തത് എഴുപത്‌ ലക്ഷത്തിലേറെ രൂപയാണ്. ഇതിനു പുറമെയാണ്‌ വിമാനക്കൂലി. തിരുവനന്തപുരം–-ഡെൽഹി യാത്രകൾക്കായിരുന്നു ചെലവിന്റെ സിംഹഭാഗവും. ഈവർഷം ഇതുവരെയുള്ള ചെലവ്‌ 11.7 ലക്ഷം രൂപ. കഴിഞ്ഞ വർഷം 13 ലക്ഷം രൂപയും.

ഇഷ്ടദാനത്തിന്‌ 25 ലക്ഷം
ഗവർണർക്ക്‌ ഇഷ്ടാനുസരണം ദാനം ചെയ്യാൻ സർക്കാർ കരുതി വയ്‌ക്കേണ്ടത്‌ 25 ലക്ഷം രൂപ. സംസ്ഥാന ബജറ്റ്‌ തയ്യാറാക്കുന്നതിനു മുമ്പ്‌ ഈ വകയിരുത്തൽ നിർദേശം രാജ്‌ഭവനിൽ നിന്നെത്തും. 2020–-21ൽ ഇത്തരത്തിൽ ഗവർണർ ഇഷ്ടക്കാർക്ക്‌ ദാനം നൽകിയത്‌ 13.5 ലക്ഷം രൂപയാണ്.

രാജ്‌ഭവൻ ചെലവിന്‌ നിയന്ത്രണമില്ല
ഗവർണർക്കും അനുചര വൃന്ദത്തിനുമായി ചെലവിടുന്ന തുകയുടെ കണക്കെടുപ്പും പരിശോധനയുമില്ല. സർക്കാരിന്റെ എല്ലാ ചെലവിനും നിയമസഭയുടെ വോട്ടെടുപ്പിലൂടെയുള്ള അംഗീകാരം വേണം. രാജ്‌ഭവന്റെ കാര്യത്തിൽ ഇത്‌ ബാധകമല്ല. നിയമസഭ ഈ ചെലവ്‌ ചർച്ചയും വോട്ടെടുപ്പുമില്ലാതെ തന്നെ പാസാക്കും. ട്രഷറിയിൽ എത്തുന്ന ബില്ല്‌ പാസാക്കുക മാത്രമാണ്‌ ‌സർക്കാരിനാകുക. ട്രഷറിയിൽ പണമില്ലെങ്കിലും രാജ്‌ഭവന്റെ ബിൽ പാസാക്കി പണം നൽകണമെന്നതാണ്‌ വ്യവസ്ഥ. ഇതിന്റെ വിനിയോഗം ഒരുതരത്തിലും പരിശോധനയ്‌ക്ക്‌ വിധേയമാകുന്നില്ല

രാജ്‌ഭവനിൽ പകുതിയും പിൻവാതിൽ നിയമനം
രാജ്ഭവനിൽ ആകെ ജോലി ചെയ്യുന്നത്‌ 144 പേർ. ഇതിൽ 74 പേരുടേതും താൽക്കാലിക നിയമനം. അതും പിൻവാതിലിലൂടെ. ഇഷ്ടക്കാരെയും ആർഎസ്‌എസിന്റെയും ബിജെപിയുടെയും ശുപാർശയുള്ളവരെയും രാജ്‌ഭവനിൽ കുത്തിനിറയ്‌ക്കുന്നു. ഇവരുടെ ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം സംസ്ഥാന സർക്കാർ വഹിക്കണം.  
ഒരുവർഷത്തിൽ ശരാശരി നൂറിൽത്താഴെ ഫയലാണ്‌ രാജ്‌ഭവന്റെ പരിഗണനയ്‌ക്ക്‌ എത്തുന്നത്‌. ഇതിനായാണ്‌ 144 പേർ. പ്രതിമാസം ശരാശരി മുന്നൂറുമുതൽ അഞ്ഞൂറിലധികം ഫയൽ കൈകാര്യം ചെയ്യേണ്ടിവരുന്ന സംസ്ഥാന മന്ത്രിയുടെ ഓഫീസിലും വസതിയിലുമായി പരമാവധി 25 പേർ മാത്രം.  

ഉദ്യോഗസ്ഥവൃന്ദം ഇങ്ങനെ
ഗവർണറുടെ സെക്രട്ടറി ഉൾപ്പെടെ മൂന്ന്‌ അഖിലേന്ത്യാ സർവീസുകാർ രാജ്‌ഭവൻ പേഴ്‌സണൽ സ്റ്റാഫിലുണ്ട്‌. ഒരു ഐഎഎസ്‌ ഓഫീസറും രണ്ട് എഡിസിമാരും ഒരു കൺട്രോളറും. തൊട്ടുതാഴെ ഒരുലക്ഷത്തിനു മുകളിൽ ശമ്പളം വാങ്ങുന്ന രണ്ട് ഡെപ്യൂട്ടി സെക്രട്ടറിമാർ. തൊണ്ണൂറായിരത്തിനു മുകളിൽ ശമ്പളം വാങ്ങുന്ന രണ്ട് അണ്ടർ സെക്രട്ടറിമാർ. പ്രൈവറ്റ് സെക്രട്ടറി, പിആർഒ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, പിഎ, അഡീഷണൽ പിഎ, സെക്ഷൻ ഓഫീസർ, ടൂർ സൂപ്രണ്ട്, 12 അസിസ്റ്റന്റ്, 22 ഓഫീസ് അറ്റൻഡന്റ്, ഗാർഡനർ- 12, ലാസ്കർ -അഞ്ച്‌, ടൈപ്പിസ്റ്റ് -നാല്‌, വെയിറ്റർ -രണ്ട്‌, ഫോട്ടോഗ്രാഫർ, ഗാർഡൻ സൂപ്പർവൈസർ, ഹയർഗ്രേഡ് സെക്ഷൻ ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്‌, മോട്ടോർ സൈക്കിൾ ഡെസ് പാച്ച് റൈഡർ, കുക്ക്, രണ്ട്‌ അലക്കുകാർ, തയ്യൽക്കാരൻ, ബൈൻഡർ, ആശാരി, ഡ്രൈവർ, ക്ലീനർ. ഒരു മെഡിക്കൽ ഓഫീസർ, രണ്ട് സ്റ്റാഫ് നഴ്സ്, ഒരു ഫാർമസിസ്റ്റ്, ഒരു നഴ്സിങ്‌ അസിസ്റ്റന്റ്‌, രണ്ട് ഹോസ്പിറ്റൽ അറ്റൻഡന്റ്‌ എന്നിവരെ ആരോഗ്യ വകുപ്പിൽനിന്ന് ഡെപ്യൂട്ടേഷനിൽ നിയമിച്ചിട്ടുണ്ട്. പ്രതിവർഷം എട്ടുകോടിയോളം രൂപയാണ്‌ പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗങ്ങൾക്ക്‌‌ ശമ്പളവും ആനുകൂല്യവും നൽകേണ്ടത്‌. പുറമെയാണ്‌ 74 താൽക്കാലിക പേഴ്‌സണൽ സ്‌റ്റാഫ്‌ നിയമനം. തൂപ്പുജോലി എന്ന പേരിൽ 24 പേർക്ക്‌ ശമ്പളമുണ്ട്‌. ഗവർണറുടെ സെക്രട്ടറിക്കും അഡീഷണൽ പേഴ്‌സണൽ അസിസ്‌റ്റന്റുണ്ട്. തോട്ടം സൂക്ഷിക്കാൻ ഒമ്പതു പേർ. പാചകത്തിനു മാത്രം മൂന്നുപേർ. അലക്കുകാരുടെ മേൽനോട്ടക്കാരെയും നിയമിച്ചു.

അതിഥി ചെലവ്‌ വേറെ
ഗവർണറുടെ നാട്ടിൽനിന്നും മറ്റും രാജ്‌ഭവനിലെത്തുന്ന അതിഥികളുടെ ചെലവും സംസ്ഥാനം വഹിക്കണം. ഇക്കഴിഞ്ഞ പുതുവത്സരാഘോഷത്തിന് ഗവർണറുടെ ആതിഥേയത്വത്തിൽ കോവളത്ത് എത്തിയത്‌ അമ്പതോളം പേർ. സർക്കാർ ഗസ്റ്റ് ഹൗസ് പൂർണമായും ഇവർക്കായി നീക്കിവച്ചു. എത്തുന്നവർക്കെല്ലാം വാഹനവും ഭക്ഷണവും താമസവുമൊക്കെ സംസ്ഥാനം വഹിക്കണം


Read more: https://www.deshabhimani.com/special/kerala-governor-rajbhavan-expenses/1044569

No comments:

Post a Comment