Monday, September 12, 2022

ദൗത്യം തിരിയാതെ ജോഡോ യാത്ര

മൃത സഞ്‌ജീവനി തേടിയുള്ള രാഹുൽ ഗാന്ധിയുടെ ഭാരത്‌ ജോഡോ യാത്ര കേരളത്തിൽ പര്യടനത്തിലാണ്‌. യാത്ര ദിവസങ്ങൾ പിന്നിടുമ്പോഴും അതിന്റെ രാഷ്‌ട്രീയ ദൗത്യത്തെക്കുറിച്ച്‌ ചിത്രം വ്യക്തമായിട്ടില്ലെന്നത്‌ വസ്‌തുതയാണ്‌. തട്ടുകടയിൽ കയറി ചായകുടി, തൊഴിലുറപ്പു തൊഴിലാളികളുമായി കുശലം, കൈനോട്ടം ഇങ്ങനെയുള്ള പതിവ്‌ ഗിമ്മിക്കും കൊച്ചു വർത്തമാനത്തിന് അപ്പുറം ഗൗരവമേറിയ രാഷ്‌ട്രീയ വിഷയങ്ങളിൽ ദുരൂഹമായ മൗനം പുലർത്തുകയാണ്‌. അതുകൊണ്ടു തന്നെ കേരളത്തിലെ ഇടതു വിരുദ്ധ മാധ്യമങ്ങളുടെ വാഴ്‌ത്തുപാട്ടല്ലാതെ ദേശീയ തലത്തിൽ ജോഡോ യാത്ര ഇതുവരെ ചർച്ചയായിട്ടില്ല.

ബിജെപിയെ വരിഞ്ഞു മുറുക്കാനാണ്‌ യാത്രയെന്ന്‌ അവകാശപ്പെടുമ്പോഴും അവർക്ക്‌ ശക്തമായ വേരോട്ടമുള്ള ഗുജറാത്ത്‌ അടക്കമുള്ള സംസ്ഥാനങ്ങളെ ഒഴിവാക്കിയാണ്‌ ജോഡോ യാത്ര കടന്നു പോകുന്നത്‌. കന്യാകുമാരി മുതൽ കശ്‌മീർ വരെയെന്ന്‌ പറയുന്നതല്ലാതെ ആകെ 12 സംസ്ഥാനത്തിൽ മാത്രമാണ്‌ പര്യടനം. അതിൽ ഏഴും ബിജെപിക്ക്‌ കടന്നു കയറാൻ കഴിയാത്തവയാണ്‌. ബിജെപി ശക്തമായ സംസ്ഥാനങ്ങളെ ഒഴിവാക്കി യാത്രയുടെ റൂട്ട്‌ തയ്യാറാക്കിയതിനു പിന്നിലും ചിലതെല്ലാം ഒളിഞ്ഞിരിപ്പുണ്ട്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‌ കൂടുതൽ സീറ്റ്‌ കിട്ടിയത്‌ കേരളത്തിലാണ്‌. രാഹുൽ ഗാന്ധിക്കു പോലും ലോക്‌സഭയിൽ എത്താനായത്‌ കേരളത്തിൽ മത്സരിച്ചതിനാലാണ്‌.

പക്ഷേ,  2019ലെ ആ  രാഷ്‌ട്രീയ സാഹചര്യം  പാടെ മാറിയെന്ന്‌ കോൺഗ്രസ്‌ നേതൃത്വത്തിനും അറിയാം. ഇത്‌ മറികടക്കാനുള്ള കുറുക്കുവഴി തേടുകയാണ്‌ ഇവിടത്തെ നേതൃത്വം. കേരളത്തിലെ ഇടതുപക്ഷ മാതൃക ബിജെപിക്ക്‌ ശക്തമായ ബദലാണെന്ന സന്ദേശം രാജ്യത്താകെ ചർച്ച ചെയ്യപ്പെടുകയാണ്‌ എന്നതാണ്‌ യാഥാർഥ്യം. ഇത്‌ തിരിച്ചറിയാൻ കഴിയാതെയാണ്‌ രാഹുൽ ഗാന്ധിയെ ആനയിച്ച്‌ കേരളത്തിൽ 18 ദിവസം ജോഡോ യാത്രയ്‌ക്ക്‌ കെപിസിസി നേതൃത്വം ഒരുമ്പെട്ടിരിക്കുന്നത്‌. യുപിയിൽ ഒരു ദിവസമാണ്‌ യാത്ര. ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ കാലു കുത്താൻ പോലും തുനിയാത്തപ്പോഴാണ്‌ കേരളത്തിൽ 18 ദിവസത്തെ യാത്ര. കോൺഗ്രസ്‌ ബിജെപിയെയല്ല, ബിജെപി വിരുദ്ധ രാഷ്‌ട്രീയ മുഖമുദ്രയെയാണ്‌ ഭയക്കുന്നതെന്ന്‌ ഇക്കാര്യം സാക്ഷ്യപ്പെടുത്തും.

ജോഡോ അഥവാ കണ്ടെയ്‌നർ, കാരവൻ യാത്ര

ജോഡോ യാത്ര അഞ്ചു ദിവസം പിന്നിടുമ്പോഴും കേന്ദ്ര സർക്കാരിനെയോ ബിജെപിയെയോ നേരിട്ടു വിമർശിക്കാൻ രാഹുൽ ഗാന്ധി തയ്യാറായിട്ടില്ല എന്നതാണ്‌ ശ്രദ്ധേയം. രാഷ്‌ട്രീയം പറയാതെ ഇങ്ങനെയൊരു യാത്ര നടത്തിയിട്ട്‌ എന്തു പ്രയോജനമെന്ന്‌ കോൺഗ്രസുകാർ തന്നെ നെറ്റി ചുളിക്കുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും തടി മിടുക്ക്‌ കാട്ടിയതു കൊണ്ട്‌ രാജ്യം നേരിടുന്ന വെല്ലുവിളിയെ എങ്ങനെ നേരിടുമെന്നതാണ്‌ ഉയരുന്ന ചോദ്യം. ഇതിന്‌ മറുപടി നൽകുന്നതിനു പകരം തമിഴ്‌നാട്ടിലെയും കേരളത്തിലെയും ആൾക്കൂട്ടത്തിന്റെ അളവുകോൽ വച്ച്‌ യാത്ര ഇപ്പോഴേ വിജയിച്ചെന്ന വീരവാദം മുഴക്കുകയാണ്‌ കെ സി വേണുഗോപാലിനെപ്പോലുള്ള നേതാക്കൾ.

കേരളം കടന്നാൽ  ആളനക്കമില്ലാത്ത ദയനീയ അവസ്ഥയിലാണ്‌ കോൺഗ്രസ്‌ എന്നതാണ്‌ യാഥാർഥ്യം. ഭാരത്‌ ജോഡോ യാത്ര തെരഞ്ഞെടുപ്പ്‌ ലക്ഷ്യമാക്കി അല്ലെന്ന വാദമുഖമാണ്‌ ഇപ്പോൾ കോൺഗ്രസ്‌ നേതൃത്വം നിരത്തുന്നത്‌. യാത്രയുടെ നായകൻ മാത്രമല്ല, കോൺഗ്രസ്‌ നേതൃത്വം അപ്പാടെ സങ്കീർണമായ രാഷ്‌ട്രീയ സ്ഥിതിയിൽ നിന്ന്‌ മുഖം തിരിച്ചിരിക്കുക ആണെന്ന്‌ ഇത്‌ ബോധ്യപ്പെടുത്തുന്നു. ജനങ്ങളുടെ അടിത്തട്ടിൽ ചെന്ന്‌ അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ രാഹുൽ ഗാന്ധി പറയുന്നതും കേന്ദ്ര വിരുദ്ധ രാഷ്‌ട്രീയത്തിൽ നിന്ന്‌ ശ്രദ്ധ തിരിക്കാനാണ്‌.

രാഷ്‌ട്രീയ വിഷയങ്ങളോട്‌ മുഖം തിരിക്കുമ്പോഴും ജോഡോ യാത്രയുടെ ആർഭാടത്തിന്‌ ഒട്ടും കുറവില്ല. ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള കണ്ടെയ്‌നറുകളുടെയും കാരവനുകളുടെയും അകമ്പടിയിലാണ്‌ രാഹുൽ ഗാന്ധിയുടെയും ജാഥാംഗങ്ങളുടെയും യാത്ര. രാഹുലിന്റെ രാത്രി ഉറക്കവും വിശ്രമവും ആഡംബര കാരവനിലാണ്‌. മറ്റു ജാഥാംഗങ്ങൾക്കു വേണ്ടിയാണ്‌ കണ്ടെയ്‌നർ.സ്‌കൂൾ വളപ്പുകളിലും മറ്റുമാണ്‌ ഇവയുടെ പാർക്കിങ്‌. ചരക്ക്‌ ഗതാഗതത്തിനുള്ള കണ്ടെയ്‌നറുകൾ ലക്ഷങ്ങൾ ചെലവിട്ട്‌ രൂപ മാറ്റം വരുത്തിയിരിക്കുകയാണ്‌. ഇതിനുമുമ്പ്‌ പല ജാഥകൾക്കും കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു കണ്ടെയ്‌നർ‐കാരവൻ യാത്ര ആദ്യമാണ്‌. കണ്ടെയ്‌നർ യാത്ര കോൺഗ്രസിന്‌ ഊർജം പകരുമോ ഊർദ്ധ ശ്വാസമായി മാറുമോ എന്നത്‌ കാണാനിരിക്കുന്നതേയുള്ളൂ.

യുപിയിൽ തകർത്തെറിഞ്ഞ കിസാൻയാത്ര

ഉത്തർപ്രദേശിൽ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി രാഹുൽ ഗാന്ധി നടത്തിയ കിസാൻ യാത്ര കോൺഗ്രസ്‌ നേതൃത്വത്തിന്‌ ഇപ്പോഴും പേടി സ്വപ്‌നമാണ്‌. 2016 അവസാനമാണ്‌ അന്ന്‌ എഐസിസി വൈസ്‌ പ്രസിഡന്റ്‌ ആയിരുന്ന രാഹുൽ ഗാന്ധി 26 ദിവസം നീണ്ട യാത്ര നടത്തിയത്‌. കോൺഗ്രസിനെ മുൻ നിരയിൽ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞപ്പോൾ കോൺഗ്രസിനു കിട്ടിയത്‌ കേവലം ഏഴു സീറ്റ്‌. കടക്കെണിയിലായ കർഷകരുടെ കടം എഴുതി തള്ളുക എന്ന മുദ്രാവാക്യവുമായി 26 ദിവസം കൊണ്ട്‌ 3438 കിലോമീറ്റർ യാത്രയാണ്‌ നടത്തിയത്‌. വാഹനത്തിലും പദയാത്രയായും ഒക്കെയാണ്‌ അന്നത്തെ യാത്ര. ഈ അനുഭവത്തിന്റെ കൂടി വെളിച്ചത്തിലാണോ ബിജെപി വിരുദ്ധ രാഷ്‌ട്രീയം പറയാതെയും ജനകീയ വിഷയങ്ങൾ അവഗണിച്ചും ജോഡോ യാത്രയെന്ന്‌ സംശയിക്കുന്നത്‌ കുറ്റമായി കാണാൻ കഴിയില്ല.

കോൺഗ്രസ്‌ അതിന്റെ ചരിത്രത്തിലെ ഗുരുതരമായ നേതൃപ്രതിസന്ധി അഭിമുഖീകരിക്കുകയാണ്‌. നെഹ്‌റു കുടുംബത്തിന്‌ പുറത്തു നിന്ന്‌ ഒരാൾ കോൺഗ്രസ്‌ അധ്യക്ഷനാകുമോ മറിച്ച്‌ സംഭവിക്കുമോ എന്നതാണ്‌ സജീവമായി നിൽക്കുന്ന വിഷയം. കോൺഗ്രസിന്റെ കടിഞ്ഞാൺ നഷ്ടമായാൽ കനത്ത വെല്ലുവിളിയാകുമെന്ന്‌ സോണിയ ഭക്തർ ഭയക്കുന്നു. വീണ്ടും പ്രസിഡന്റ്‌ ആകാനില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ മനസ്സ്‌ മാറ്റാനുള്ള ശ്രമത്തിലാണ്‌ ഒരുവിഭാഗം നേതാക്കൾ. രാഹുൽ സന്നദ്ധനായില്ലെങ്കിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിനെ രംഗത്തിറക്കി പാർടിനേതൃത്വം തങ്ങളുടെ അധീനതയിൽ നിർത്താനുള്ള തന്ത്രങ്ങളാണ്‌ ഒരുവശത്ത്‌.

കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്ത്‌ മത്സരമുണ്ടാകണമെന്ന വാദവുമായി ശശി തരൂർ അടക്കമുള്ള ജി23 പക്ഷ നേതാക്കൾ രംഗത്ത്‌ സജീവമാണ്‌. ഹൈക്കമാൻഡ്‌ ആരെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുമെന്നാണ്‌ എല്ലാവരും ഉറ്റുനോക്കുന്നത്‌. ഗലോട്ടിനെ നിർദേശിച്ചാൽ മത്സരം ഉറപ്പാണെന്ന  സൂചനയാണ്‌ പലരും നൽകുന്നത്‌. ഈ നേതൃ പ്രതിസന്ധി മറി കടക്കാനുള്ള അവസരമായി രാഹുലിന്റെ യാത്രയെ കണക്കിലെടുക്കുന്നവരും ഉണ്ട്‌. എന്തായാലും ഭാരത്‌ ജോഡോ യാത്ര കോൺഗ്രസ്‌ രാഷ്‌ട്രീയത്തിൽ ഒരുചലനവും സൃഷ്ടിക്കാതെ കടന്നു പോകാനേ തരമുള്ളൂ.


Read more: https://www.deshabhimani.com/articles/bharat-jodo-journey/1043410



No comments:

Post a Comment