Thursday, September 1, 2022

അവസാനിക്കാത്ത ശീതയുദ്ധം #Gorbachev

ഇരുപതാം നൂറ്റാണ്ടിന്റെ രാഷ്ട്രീയ ഭൂമികയെ നിർണയിക്കുകയും നിശ്ചയിക്കുകയും ചെയ്ത ലോക നേതാക്കളിൽ പ്രമുഖനാണ് മിഖായേൽ ഗോർബച്ചേവ്.  1985ൽ സിപിഎസ്‌യു ജനറൽ സെക്രട്ടറി ആയതോടെ സോവിയറ്റ് യൂണിയന്റെ രാഷ്ട്രീയ ഭാഗധേയം അദ്ദേഹത്തിന്റെ കൈകളിലെത്തി.  പ്രസീഡിയം  ഓഫ് സുപ്രീം സോവിയറ്റ് ചെയർമാൻ, സുപ്രീം സോവിയറ്റ് ചെയർമാൻ, സോവിയറ്റ് യൂണിയൻ പ്രസിഡന്റ്‌ എന്നീ പദവികൾ അദ്ദേഹം വഹിച്ചു.

1970കൾ യുഎസ്‌എസ്ആർ–- യുഎസ്എ ബന്ധങ്ങളിൽ മഞ്ഞുരുക്കത്തിന്റെ കാലമായിരുന്നു.  സർവനശീകരണശേഷിയുള്ള ആയുധങ്ങളുടെ നിർമാണത്തിലും വിതരണത്തിലും നിയന്ത്രണങ്ങൾ കൊണ്ടുവന്നു. തന്ത്രപരമായ ആയുധങ്ങൾ കുറയ്ക്കുക (സാൾട്ട് ), സർവനശീകരണശേഷിയുള്ള ആയുധങ്ങളുടെ  ഉൽപ്പാദനം നിർത്തിവയ്ക്കുകയും നിലവിലുള്ളത് നശിപ്പിക്കുകയും ചെയ്യുക (സ്റ്റാർട്ട്) തുടങ്ങിയ കാര്യങ്ങളിൽ വൻശക്തികൾ ധാരണയിലെത്തി. എന്നാൽ, 1980കളിൽ  മുതലാളിത്ത ലോകം കൂടുതൽ ആക്രമണോത്സുകമായ നയങ്ങൾ സ്വീകരിച്ചു. റീഗൻ–-താച്ചർ അച്ചുതണ്ട് സോവിയറ്റ് യൂണിയനെ സൈനികമായും സാമ്പത്തികമായും നേരിട്ട് ആക്രമിച്ചു തകർക്കാനുള്ള പദ്ധതികൾക്ക് രൂപംനൽകി. ഈ സാഹചര്യത്തിലാണ് 1985ൽ മിഖായേൽ ഗോർബച്ചേവ് സിപിഎസ്‌യു ജനറൽ സെക്രട്ടറിയാകുന്നത്‌.

സോവിയറ്റ് ബ്ലോക്കിനെയും സോവിയറ്റ് യൂണിയനെയും വാഴ്‌സ  സൈനികസഖ്യത്തെയും ശാക്തീകരിച്ച് മുതലാളിത്ത ബ്ലോക്കിന്റെ ഭീഷണി നേരിടുന്നതിനു പകരം അമേരിക്കയോട്  പ്രീണന നയമാണ് ഗോർബച്ചേവ് സ്വീകരിച്ചത്.  കിഴക്കൻ യൂറോപ്പിനെയും പടിഞ്ഞാറൻ യൂറോപ്പിനെയും വേർതിരിക്കുന്ന ‘ഇരുമ്പുമറ’ അദ്ദേഹം ഇല്ലാതാക്കി. കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങൾ അതോടെ ഒന്നൊന്നായി നിലംപൊത്തി. ജർമനികളുടെ ഏകീകരണം ഈ ദിശയിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. ബെർലിൻ മതിലിന്റെ തകർച്ച സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ തകർച്ചയായി മാറുമെന്ന് മുൻകൂട്ടി കാണാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. സോഷ്യലിസ്റ്റ് രാജ്യങ്ങൾ മുതലാളിത്ത ലോകത്തിൽ ലയിച്ചില്ലാതാകുകയാണെന്ന വസ്തുത അദ്ദേഹം തിരിച്ചറിഞ്ഞില്ല. ഒരുപക്ഷേ അത്തരമൊരു സാഹചര്യം ഒഴിവാക്കേണ്ടതാണെന്ന്‌ അദ്ദേഹത്തിന് തോന്നിയതുമില്ല എന്നതാണ് വസ്തുത. 

ഗ്ലാസ്‌നോസ്റ്റ്‌, പെരിസ്‌ട്രോയിക്ക
സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ തുടക്കംകുറിച്ചത് ഗോർബച്ചേവിന്റെ ഗ്ലാസ്‌നോസ്റ്റ്‌ (തുറന്ന സമീപനം), പെരിസ്ട്രോയിക്ക (പുനഃസംഘടന) എന്നീ പരിഷ്‌കാരങ്ങളാണ്. രാഷ്ട്രീയ പരിഷ്കാരത്തിന്റെ ഭാഗമായി സിപിഎസ്‌യുവിൽ തുറന്ന ചർച്ചയ്ക്ക് അദ്ദേഹം തുടക്കംകുറിച്ചു. കമ്യൂണിസ്റ്റ് സംഘടനാ രീതികൾക്ക് പകരം ബൂർഷ്വാ രീതികൾ പാർടി ഘടനയിലേക്ക് സന്നിവേശിപ്പിച്ചപ്പോൾ ആന്തരികമായ ഐക്യം നഷ്ടപ്പെട്ടു.  ‘പുതിയ രാഷ്ട്രീയ സംസ്കൃതി’ ലിബറൽ ഡെമോക്രസിയുടെ സോവിയറ്റ് പതിപ്പ് ആയിരുന്നു.  സോവിയറ്റ് രാഷ്ട്രീയസമൂഹം അത്തരമൊരു മാറ്റത്തിന് പര്യാപ്തമായിരുന്നില്ല.  പൊതുസമൂഹത്തിൽ രാഷ്ട്രീയ നയസമീപനങ്ങൾ സംബന്ധിച്ച് ചർച്ച തുടങ്ങിവച്ചത് വിഭാഗീയ, വിഘടന ആശയങ്ങൾക്ക് ശക്തിപകർന്നു. അത് പരിഹരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയോ നേതൃശേഷിയോ ഗോർബച്ചേവിന്‌ ഉണ്ടായിരുന്നില്ല. ചുരുക്കത്തിൽ ലോകത്തിലെ ഏറ്റവും ശക്തമായ സംഘടനാരൂപമായിരുന്ന സിപിഎസ്‌യു ശിഥിലമായി. സിപിഎസ്‌യു ജനറൽ സെക്രട്ടറിയായ ഗോർബച്ചേവ് തന്നെ പാർടി പിരിച്ചുവിടുകയും ചെയ്തു.

പെരിസ്ട്രോയിക്ക എന്നപേരിൽ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങൾ കേന്ദ്രീകൃത സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ ഇല്ലാതാക്കി. മാർക്കറ്റ് സമ്പദ്‌ഘടനയിലേക്കുള്ള പെട്ടെന്നുള്ള മാറ്റം സുനാമിപോലെ സോവിയറ്റ്‌ സാമ്പത്തികരംഗം തകർത്തു. പകരം കടന്നുവന്നത് മാഫിയാ മുതലാളിത്തം ആയിരുന്നു. അതിന്റെ അമരക്കാരനായിരുന്ന ബോറിസ് യെൽസിൻ റഷ്യയെ അമേരിക്കയുടെ സാമന്ത രാജ്യമാക്കി മാറ്റി. 1991ൽ സ്വയംപിരിഞ്ഞുപോകേണ്ട സാഹചര്യം സോവിയറ്റ് യൂണിയന്‌  ഉണ്ടായിരുന്നില്ല. പക്ഷേ, അത് സംഭവിച്ചു. ചരിത്രകാലഘട്ടത്തിൽ മാനവരാശി കണ്ട ഏറ്റവും മഹത്തായ സ്വപ്‌നമാണ് സോവിയറ്റ് യൂണിയന്റെ പതനത്തോടെ ഇല്ലാതായത്.  ഗോർബച്ചേവിന്റെ ‘രാഷ്ട്രീയനയം’ ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിച്ചു. ‘സ്വയം വെറുക്കുന്ന കമ്യൂണിസ്റ്റ്’ (self hating communist) എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്‌. കമ്യൂണിസത്തോട് പ്രത്യയശാസ്ത്രപരമായും വൈകാരികമായും അദ്ദേഹം ബന്ധം പുലർത്തിയിരുന്നില്ലെന്ന് പിൽക്കാല നടപടികൾ തെളിയിച്ചു.

1980കളുടെ രണ്ടാം പാദത്തിൽ മുതലാളിത്ത ലോകത്ത് ഗോർബച്ചേവിന്‌ വൻസ്വീകാര്യത ലഭിച്ചു. അമേരിക്കയിൽ അദ്ദേഹം വൻതോതിൽ കൊണ്ടാടപ്പെട്ടു. ശീതയുദ്ധം അവസാനിപ്പിക്കുകയും സോവിയറ്റ് യൂണിയൻ ശിഥിലമാകുകയും ചെയ്യുമെന്ന തിരിച്ചറിവാണ് ഗോർബച്ചേവിനെ അകമഴിഞ്ഞ് പിന്തുണയ്ക്കാൻ അമേരിക്കയെ പ്രേരിപ്പിച്ച ഘടകം. സോഷ്യലിസ്റ്റ്‌ ബ്ലോക്കിനും സോവിയറ്റ് യൂണിയനും ആന്തരിക വൈരുധ്യങ്ങളും ശിഥിലീകരണ പ്രവണതകളും ഉണ്ടായിരുന്നുവെന്നത് വസ്തുതയാണ്. ഇവയെ അതിജീവിക്കാനുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ വിഭവങ്ങൾ ഈ രാജ്യങ്ങൾക്ക് ഉണ്ടായിരുന്നു. അവ എടുത്തുപയോഗിച്ച് മുന്നേറാനുള്ള കരുത്തുറ്റ രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവമാണ് തകർച്ചയുടെ കാരണം.

മാധ്യമങ്ങൾ ഗോർബച്ചേവിന്റെ മരണം റിപ്പോർട്ട് ചെയ്തത് ശ്രദ്ധിക്കുക–-‘ലാസ്റ്റ്‌ സോവിയറ്റ്‌ ലീഡർ ഹു എൻഡഡ്‌ കോൾഡ് വാർ’ എന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ, -‘സോവിയറ്റ്‌ ലീഡർ ഹു എൻഡഡ്‌ കോൾഡ് വാർ’എന്ന്‌ എൻഡിടിവി.  ബിബിസിയും ഇതേ തലക്കെട്ടാണ് കൊടുത്തിട്ടുള്ളത്. സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടു, ശീതയുദ്ധം അവസാനിപ്പിച്ചു–- ഇതാണ് ഗോർബച്ചേവിന്റെ ഏറ്റവും വലിയ പ്രസക്തി.  ഇതു രണ്ടും പക്ഷേ ഗുണകരമായ ഘടകമല്ല. ശീതയുദ്ധം ഇപ്പോഴും തുടരുകയാണ്. മാത്രമല്ല, ഏകപക്ഷീയമായി ശീതയുദ്ധം അവസാനിപ്പിച്ച് സോവിയറ്റ് യൂണിയൻ പിൻവാങ്ങുകയായിരുന്നു. പരാജയം സ്വയംപ്രഖ്യാപിച്ച പതനം. ശീതയുദ്ധത്തിന്റെ  ഭാഗമായ നാറ്റോ സൈനിക സഖ്യം പിരിച്ചുവിട്ടില്ലെന്ന് മാത്രമല്ല, 1997നു ശേഷം തുടർച്ചയായി പുതിയ അംഗങ്ങളെ ചേർത്ത് വികസിപ്പിക്കുകയാണ്. അപ്പോൾ  എന്തിനാണ് സോവിയറ്റ്‌ യൂണിയൻ പിരിച്ചുവിട്ടത്. ചരിത്രത്തിലെ ദുരന്തമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ.  ഈ ദുരന്തം കൊണ്ടുവന്ന രാഷ്ട്രീയ നേതാവായി ചരിത്രത്തിൽ ഗോർബച്ചേവ് അടയാളപ്പെട്ടു കഴിഞ്ഞു.

ജനറൽ സെക്രട്ടറിയായിരിക്കെ  സിപിഎസ്‌യു പിരിച്ചുവിട്ടു. പ്രസിഡന്റ്‌ ആയിരിക്കെ യുഎസ്‌എസ്‌ആർ പിരിച്ചുവിട്ടു. സോഷ്യലിസ്റ്റ് ബ്ലോക്കിനെ ഇല്ലാതാക്കി. വാഴ്‌സ സഖ്യം പിരിച്ചുവിട്ടു. ‘രാഷ്ട്രീയ ആത്മഹത്യ’എന്ന തരത്തിൽ മാത്രമേ ഗോർബച്ചേവിന്റെ ഈ നടപടികളെ  വിലയിരുത്താനാകൂ. റഷ്യയിൽ അദ്ദേഹം ‘വെറുക്കപ്പെട്ടവനായ’തിന്‌ ചരിത്രം സാക്ഷി. റഷ്യൻ ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിച്ച അദ്ദേഹത്തിന് ഒരു ശതമാനത്തിൽ താഴെയാണ് വോട്ട് ലഭിച്ചത്.

റഷ്യയിൽ സോഷ്യൽ ഡെമോക്രസി കൊണ്ടുവരാനാണ് അദ്ദേഹം ശ്രമിച്ചത്. റഷ്യൻ യുണൈറ്റഡ് സോഷ്യൽ ഡെമോക്രാറ്റിക് പാർടി (2000 2001 )സോഷ്യൽ ഡമോക്രാറ്റിക് പാർടി ഓഫ് റഷ്യ (2001 2007 )യൂണിയൻ ഓഫ് സോഷ്യൽ ഡെമോക്രാറ്റ്സ്  (2007–-2017) എന്നീ പാർടികളിൽ അദ്ദേഹം പ്രവർത്തിച്ചു. റഷ്യയിൽ 1999ൽ പുടിന്റെ ഉദയത്തിനുശേഷം റഷ്യൻ ദേശീയത കരുത്താർജിച്ചു. മദർ റഷ്യ പാർടി സ്വാധീനം നേടിയതോടെ ഗോർബച്ചേവിന്റെ രാഷ്ട്രീയം അഗണ്യകോടിയിൽ തള്ളപ്പെട്ടു. മാത്രമല്ല, റഷ്യ–- അമേരിക്ക ശീതയുദ്ധം പൂർവാധികം ശക്തിയോടെ തിരിച്ചുവരികയും ചെയ്തു. ഉക്രയ്‌ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രൂപപ്പെട്ട റഷ്യ–- ചൈന സഖ്യവും നാറ്റോയുടെ വികസനവും പുതിയ ശീതയുദ്ധങ്ങൾക്കും ചൂടൻ യുദ്ധത്തിനും കാരണമാകാനുള്ള സാധ്യത നിലനിൽക്കുമ്പോഴാണ്, ഏകപക്ഷീയമായി സ്വന്തം രാഷ്ട്രത്തെയും പാർടിയെയും തകർത്ത്‌ ‘ശീതയുദ്ധം’ അവസാനിപ്പിച്ച ഗോർബച്ചേവ് കാലയവനികയ്ക്കുള്ളിൽ മറയുന്നത്. ഗോർബച്ചേവ് പിരിച്ചുവിട്ട കമ്യൂണിസ്റ്റ് പാർടി ഇന്ന് റഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാർടിയാണ്. ചുരുക്കത്തിൽ ഗോർബച്ചേവ് എന്ന സെൽഫ് ഹേറ്റിങ്‌ കമ്യൂണിസ്റ്റ് അവസാനിപ്പിച്ചതെല്ലാം അതിശക്തമായി തിരിച്ചുവരുന്ന കാലത്താണ് അദ്ദേഹത്തിന്റെ മരണമെന്നത് ചരിത്രത്തിലെ കാവ്യനീതിയാണ്‌.

(പാലക്കാട്‌ ഗവ. വിക്‌ടോറിയ കോളേജ്‌ ചരിത്രവിഭാഗം മേധാവിയാണ്‌ ലേഖകൻ)


Read more: https://www.deshabhimani.com/articles/mikhail-gorbachev-soviet-union/1041391



No comments:

Post a Comment