Monday, July 11, 2011

ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നിലപാട് അപമാനം: മോര്‍ മിലിത്തിയോസ്

  •  സ്വാശ്രയ വിദ്യാഭ്യാസവിഷയത്തില്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നിലപാട് നാടിനും ക്രൈസ്തവസമുദായത്തിനും അപമാനമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപോലീത്ത പറഞ്ഞു. സേവനം എന്ന കാഴ്ചപ്പാടില്‍നിന്ന് വ്യതിചലിച്ച് വിദ്യാഭ്യാസത്തെ തനി കച്ചവടമാക്കുന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് സഭയുടെ പേര് ഭൂഷണമല്ല. വിശുദ്ധവസ്ത്രമണിഞ്ഞ് ക്രിസ്ത്യാനി എന്നു പറഞ്ഞ് മറ്റുള്ളവരുടെ മുന്നില്‍ നില്‍ക്കാനാവാത്ത വിധം കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ അഭിവന്ദ്യപിതാക്കന്മാര്‍ കച്ചവടവല്‍ക്കരിച്ചു. കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുമാസമായി വിദേശസന്ദര്‍ശനത്തിലായിരുന്നു താന്‍ . ഗള്‍ഫ്രാജ്യങ്ങളിലടക്കം നിരവധി ക്രൈസ്തവ സഹോദരന്മാര്‍ കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടവിഷയത്തില്‍ രോഷംകൊള്ളുന്നത് കാണാന്‍ കഴിഞ്ഞു.
  • വിദ്യാഭ്യാസകാര്യത്തില്‍ ഒരിടത്തും ക്രിസ്തീയധാര്‍മികത കാണാത്തത് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനും വൈദ്യസഹായത്തിനും നിലകൊള്ളുന്നതാണ് ക്രൈസ്തവപാരമ്പര്യം. ഈ അടിസ്ഥാനതത്വത്തിലൂന്നിയുള്ള ദീര്‍ഘകാലത്തെ പ്രവര്‍ത്തനം കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ ക്രൈസ്തവസമുദായത്തിന് വലിയ സ്വാധീനം നേടിക്കൊടുത്തു. ന്യൂനപക്ഷ അവകാശം എന്നതിലുപരി പൊതുസമൂഹത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു ഇത്. ഇതുവഴി വലിയ അംഗീകാരവും പ്രശംസയും സമുദായത്തിനുണ്ടായി. ഇ എം എസിനെപ്പോലെയും കെ ആര്‍ നാരായണനെപ്പോലെയുമുള്ള മഹാപ്രതിഭകള്‍ ക്രൈസ്തവസ്ഥാപനങ്ങളില്‍ പഠിച്ചവരാണ്. ഈ സല്‍പ്പേരിനെയെല്ലാം കളഞ്ഞുകുളിക്കുന്ന പ്രവണതയാണ് ഇന്നു കാണുന്നത്.
  • ഇന്നത്തെ വിദ്യാഭ്യാസനയത്തില്‍ സാമൂഹികമായ പരിഷ്കരണലക്ഷ്യം ഇല്ലെന്നു മാത്രമല്ല, എംഇഎസിനെപ്പോലുള്ള മുസ്ലിം സ്ഥാപനങ്ങളുടെ ധാര്‍മികനിലവാരം പുലര്‍ത്താന്‍ ക്രൈസ്തവര്‍ക്കാവുന്നില്ല. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നാലു മെഡിക്കല്‍ കോളേജുകള്‍ സ്വന്തം ഇഷ്ടപ്രകാരം പ്രവേശനം നടത്തുന്നതും മറ്റു 11 കോളേജുകള്‍ 50 ശതമാനം സീറ്റ് സര്‍ക്കാരിനു വിട്ടുനല്‍കിയതും ഇക്കാര്യം വ്യക്തമാക്കുന്നു. 
  • എ കെ ആന്റണി മുന്നോട്ടുവച്ച 50:50 എന്ന മാനദണ്ഡത്തില്‍നിന്ന് സഭാമേധാവികള്‍ പിറകോട്ടുപോയതാണ് ഇന്നത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനകാരണം. അന്ന് വാക്കാലുളള ധാരണ രേഖാമൂലം ഉണ്ടാക്കാത്തതിന്റെയും പിന്നീടു വന്ന ചില കോടതിവിധികളുടെയും ബലത്തിലാണ് ഇന്ന് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മുന്നോട്ടുപോകുന്നത്. കോടതിവിധികളുടെ പിന്‍ബലമല്ല ക്രൈസ്തവസമൂഹം അവലംബമാക്കേണ്ടത്. "ചെറിയവനില്‍ ഒരാള്‍ക്ക് ചെയ്യുന്നത് ക്രിസ്തുവിനുവേണ്ടി ചെയ്യുകയാണ്" എന്ന ബൈബിള്‍വചനം പിതാക്കന്മാര്‍ ഓര്‍ക്കേണ്ടതാണ്. വൈകിയ വേളയിലെങ്കിലും തെറ്റുതിരുത്താന്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ തയ്യാറാകേണ്ടതാണ്. ന്യൂനപക്ഷ അവകാശത്തിന്റെ പേരുപറഞ്ഞ് ഇടതുപക്ഷത്തെ കുറ്റപ്പെടുത്തി മുന്നോട്ടുപോകുന്ന സമീപനം അധികകാലം സമൂഹത്തില്‍ വിലപ്പോവില്ലെന്നും മോര്‍ മിലിത്തിയോസ് ഓര്‍മപ്പെടുത്തി.

No comments:

Post a Comment