Friday, July 8, 2011

ബജറ്റിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയ്ക്കകത്തും പുറത്തും പ്രതിഷേധം

                     
  • കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി ബജറ്റ് അവതരണവേളയില്‍ ഭരണകക്ഷി അംഗങ്ങളുടെ രോഷപ്രകടനം. ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിച്ചുകൊണ്ടിരിക്കെ രോഷാകുലരായ കോണ്‍ഗ്രസ് അംഗങ്ങളെ നിയന്ത്രിക്കാന്‍ സ്പീക്കര്‍ക്ക് ഇടപെടേണ്ടി വന്നു. രണ്ടര മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗവേളയില്‍ ഒരുതവണ പോലും ഭരണകക്ഷി അംഗങ്ങള്‍ കൈയടിച്ച് പ്രോത്സാഹിപ്പിച്ചില്ല. ബജറ്റ് അവതരണം പൂര്‍ത്തിയായശേഷവും അഭിനന്ദനം ഉണ്ടായില്ല.
  • ധനമന്ത്രിയോട് കയര്‍ത്ത് സംസാരിച്ച ഭരണകക്ഷി അംഗങ്ങളെ മന്ത്രി ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും അവര്‍ പോയില്ല. സഭ പിരിഞ്ഞശേഷം പുറത്ത് പരസ്യമായി പ്രതിഷേധിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും പരാതി നല്‍കി. ടി എന്‍ പ്രതാപന്‍ , വി ഡി സതീശന്‍ , ഡൊമിനിക് പ്രസന്റേഷന്‍ , ബെന്നി ബെഹന്നാന്‍ , ഹൈബി ഈഡന്‍ , വി ടി ബല്‍റാം തുടങ്ങിയവര്‍ സഭയ്ക്കകത്തും പുറത്തും പ്രതിഷേധം പ്രകടിപ്പിച്ചപ്പോള്‍ മറ്റു ഭരണകക്ഷി അംഗങ്ങളും മന്ത്രിമാരും അമര്‍ഷം ഉള്ളിലൊതുക്കി. മാണിയുടെ ബജറ്റ് കനത്ത പ്രത്യാഘാതമുണ്ടാക്കുമെന്ന് ടി എന്‍ പ്രതാപന്‍ തുറന്നടിച്ചു. പ്രാദേശികമായ അസന്തുലിതാവസ്ഥ ബജറ്റിലുണ്ട്. നിര്‍ദേശിച്ച പ്രധാന വികസനപദ്ധതികള്‍ ബജറ്റില്‍ വന്നില്ല. ബജറ്റിനെ അനുകൂലിച്ച് സഭയ്ക്കകത്തും പുറത്തും സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പ്രതാപന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി.
  • തീരദേശത്തെ 32 മണ്ഡലങ്ങളെ ബന്ധിപ്പിച്ച് ഫിഷറീസ് വകുപ്പു തയ്യാറാക്കിയ പ്രോജക്ട് മുഖ്യമന്ത്രി നേരിട്ട് മാണിയ്ക്ക് നല്‍കിയെങ്കിലും ബജറ്റില്‍ അതേക്കുറിച്ച് ഒന്നുംപറയാത്തത് പ്രതാപനെയും ഡൊമിനിക് പ്രസന്റേഷനെയും ഹൈബി ഈഡനെയും ചൊടിപ്പിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതിയ്ക്ക് 356 കോടി രൂപ നീക്കിവയ്ക്കുകയും 156 കോടി രൂപ നല്‍കുകയുംചെയ്തു. എന്നാല്‍ , മാണിയുടെ ബജറ്റില്‍ പണമില്ല. തൃശൂര്‍ ജില്ലയെ കഴിഞ്ഞ 15 കൊല്ലത്തിനിടയില്‍ ഇതുപോലെ അവഗണിച്ച് കാലം ഉണ്ടായിട്ടില്ലെന്ന് പ്രതാപന്‍ പറഞ്ഞപ്പോള്‍ ബെന്നി ബെഹന്നാനും ഹൈബി ഈഡനും ഡൊമിനിക് പ്രസന്റേഷനും എറണാകുളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് രംഗത്തിറങ്ങി. മാണിയും ലീഗും ചേര്‍ന്ന് കോണ്‍ഗ്രസിനെ വിഴുങ്ങിയെന്നാണ് ഒരു കോണ്‍ഗ്രസ് എംഎല്‍എ പ്രതികരിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്റെ മരണശേഷമുള്ള ആദ്യ ബജറ്റില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി നിര്‍ദേശിച്ച പദ്ധതികളെ അവഗണിച്ചെന്നും ആക്ഷേപമുയര്‍ന്നു.
    വികസന വണ്ടി പാലാ, പൂഞ്ഞാര്‍ വഴി വേങ്ങര

    •  യുഡിഎഫ് സര്‍ക്കാരിന്റെ കന്നിബജറ്റിന്റെ അവതരണ ശേഷം സഭാതലം വിട്ടിറങ്ങിയ ഭരണകക്ഷി എംഎല്‍എമാരില്‍ മുറുമുറുപ്പ്. വികസനം പാല, പൂഞ്ഞാര്‍ വഴിയാണെന്ന് ഒരു എംഎല്‍എ. അതല്ല പൂഞ്ഞാറും കഴിഞ്ഞ് വേങ്ങര വരെയെത്തിയെന്ന് രാഹുല്‍ ബ്രിഗേഡിലെ യുവ എംഎല്‍എ. പരാതിയും പരിഭവവുമൊക്കെയായി നേതാക്കളെ തെരഞ്ഞുനടക്കുന്ന ഭരണകക്ഷി എംഎല്‍എമാര്‍ക്ക് മണിക്കൂറിനുശേഷം ധനമന്ത്രിയുടെ ആശ്വാസ വചനമെത്തി. "ചില നല്ല എംഎല്‍എമാര്‍ക്കാണ് പരാതി. സാരമില്ല. കോട്ടയം, പാലാ, പൂഞ്ഞാര്‍ എന്നിങ്ങനെ ബജറ്റില്‍ ആവര്‍ത്തിച്ചുവരുന്നതില്‍ ആര്‍ക്കും മനോവേദന വേണ്ട. അഞ്ചുവര്‍ഷക്കാലം ഈ പേര് ഒന്നു കേള്‍ക്കാന്‍ കൊതിച്ചിരിക്കുകയായിരുന്നു. എന്റെ ബജറ്റില്‍ രണ്ടിടത്ത് പാല എന്ന് വന്നെങ്കില്‍ ക്ഷമിച്ചേക്ക്" എന്നായിരുന്നു പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ ധനമന്ത്രിയുടെ പ്രതികരണം. 
    • കോണ്‍ഗ്രസ് എംഎല്‍എമാരുടെ അമര്‍ഷത്തില്‍ കഴമ്പുണ്ടെന്ന് ബജറ്റ് പരിശോധനയില്‍ വ്യക്തം. അഞ്ചുകോടിയില്‍ മൊബിലിറ്റി ഹബ് കോട്ടയത്തിനുമാത്രം. അഞ്ചുകോടിയില്‍ ടൂറിസ്റ്റ് പാത മേമ്പൊടി. പക്ഷേ, റിങ് റോഡുകളുടെ കാര്യത്തില്‍ മാറ്റമുണ്ടായി. അഞ്ചില്‍ രണ്ടുവീതം മാണിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും പാര്‍ടിയുടെ മണ്ഡലങ്ങള്‍ക്ക്. ആറു ബൈപ്പാസുകളില്‍ മൂന്നെണ്ണം സ്വന്തം ജില്ലയ്ക്കായി ധനമന്ത്രി നീക്കിവച്ചു. മീനച്ചില്‍ നദീതട പദ്ധതിക്ക് 25 കോടി വകയിരുത്തി. 325 കോടിനീക്കിവച്ച 48 റോഡുകളില്‍ ഇരുപതോളം തന്റെ പ്രിയ മണ്ഡലങ്ങള്‍ക്കാണ്. തിരുവിതാംകൂര്‍ ഫോക്ലോര്‍ ഗ്രാമത്തിന്റെ ആസ്ഥാനം കാഞ്ഞിരപ്പള്ളിയിലെ മുങ്ങാനിയാണ്. പാണക്കാട്ട് വിദ്യാഭ്യാസ-ആരോഗ്യ ഹബ് നല്‍കി. മലപ്പുറത്തിന് അനുവദിച്ച മെഡിക്കല്‍ കോളേജ് ബോണസ്. ശുദ്ധജല വിതരണ പദ്ധതികള്‍ കോട്ടയത്ത് മാതൃമലയിലും മലപ്പുറത്തെ വേങ്ങരയിലുംമാത്രം. ഹൈപ്പര്‍ മാര്‍ക്കറ്റ്, മുന്‍സിപ്പല്‍ സ്റ്റേഡിയം എന്നിവയും പാലായ്ക്കുണ്ട്. പൂഞ്ഞാറില്‍ കായിക സമുച്ചയവും അനുവദിച്ചിട്ടുണ്ട്. സ്വന്തം പാര്‍ടിക്കാരും ലീഗുകാരും ഒഴികെയുള്ളവര്‍ തന്നെ ആക്ഷേപിച്ചതില്‍ മാണി പരിഭവം പ്രകടിപ്പിച്ചു.

No comments:

Post a Comment