Saturday, July 16, 2011

പി ജെ ജോസഫിനെതിരായ കേസ് : മാണി കേരളയില്‍ പൊട്ടിത്തെറി



  •  മന്ത്രി പി ജെ ജോസഫിനെതിരെ ഉയര്‍ന്ന അശ്ലീല എസ്എംഎസ് കേസിന്റെ പേരില്‍ കേരള കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമായി. മന്ത്രി പി ജെ ജോസഫും ചീഫ് വിപ്പ് പി സി ജോര്‍ജും ഉള്‍പ്പെട്ട വിവാദത്തില്‍ മറ്റ് നേതാക്കളും രംഗത്തെത്തിയതോടെയാണ് തര്‍ക്കം മുറുകിയത്. വിവാദം ചര്‍ച്ചചെയ്യാന്‍ കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി വ്യാഴാഴ്ച കോട്ടയത്ത് ചേരും. തെരഞ്ഞെടുപ്പിന് മുമ്പ് പി ജെ ജോസഫ് യുവതിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല എസ്എംഎസ് അയച്ച് ശല്യപ്പെടുത്തിയെന്ന് കാണിച്ച് തൊടുപുഴ കോടതിയില്‍ വന്ന കേസാണ് സംഭവങ്ങള്‍ക്ക് തുടക്കം. 
  • ജോസഫിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് വേളയില്‍ യുവതി കോടതിയെ സമീപിച്ചു. പരാതിക്ക് പിന്നില്‍ പി സി ജോര്‍ജും ക്രൈം നന്ദകുമാറുമാണെന്നാണ് ജോസഫ് വിഭാഗം ആരോപിക്കുന്നത്. മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, മോന്‍സ് ജോസഫ് എംഎല്‍എ, ആന്റണി രാജു തുടങ്ങിയവരാണ് പ്രധാനമായും ജോര്‍ജിനെതിരെ രംഗത്തെത്തിയത്. ഗൂഢാലോചന സംബന്ധിച്ച് കേസെടുക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു. ചീഫ് വിപ്പ് മന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പരാതിയെന്നു പറഞ്ഞ ആന്റണി രാജുവും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. പുതിയ വിവാദത്തില്‍ പി സി ജോര്‍ജിന്റെ പങ്കിനെക്കുറിച്ച് പാര്‍ടി തലത്തിലും അന്വേഷിക്കണമെന്ന് മോന്‍സ് ജോസഫും പറഞ്ഞു. 
  • എന്നാല്‍ തനിക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട ഫ്രാന്‍സിസ് ജോര്‍ജിന് വിവരക്കേടാണെന്ന് പി സി ജോര്‍ജ് തിരിച്ചടിച്ചു. ജോസഫിനെതിരെ താന്‍ തെളിവ് ശേഖരിച്ചിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു. പി ജെ ജോസഫിനെതിരെ മൊഴിനല്‍കിയ യുവതി ഭര്‍ത്താവെന്ന് അവകാശപ്പെട്ട റാന്നി സ്വദേശിയായ ജയ്മോന്‍ ലാലുവിനെതിരെയും പിന്നീട് പരാതി നല്‍കിയിരുന്നു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഈ കേസില്‍ അറസ്റ്റിലായ ജയ്മോന്‍ മജിസ്ട്രേട്ടിനുമുന്നില്‍ നല്‍കിയ രഹസ്യമൊഴിയാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ അന്വേഷണ ആവശ്യത്തിന് ബലമേകുന്നത്. പി ജെ ജോസഫിനെതിരെ ലൈംഗിക അപവാദം നടത്താന്‍ പി സി ജോര്‍ജ് എംഎല്‍എയും ക്രൈം നന്ദകുമാറും പ്രേരിപ്പിച്ചതായാണ് ജയ്മോന്റെ മൊഴി. ഇക്കാര്യങ്ങള്‍ അറിയാവുന്ന താന്‍ അവ വെളിപ്പെടുത്തുമെന്ന സാഹചര്യം വന്നപ്പോഴാണ് തനിക്കെതിരെയും കേസ് വന്നതെന്നാണ് ജയ്മോന്റെ വാദം. അതേസമയം പി ജെ ജോസഫിനെതിരെ യുവതി നല്‍കിയ സ്വകാര്യഅന്യായം സംബന്ധിച്ച കേസ് തൊടുപുഴ കോടതി ആഗസ്ത് ഒന്നിലേക്ക് മാറ്റി.
    ഫ്രാന്‍സിസ് ജോര്‍ജിന് വിവരക്കേട്: പി സി ജോര്‍ജ്

      ഫ്രാന്‍സിസ് ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി സി ജോര്‍ജ് എംഎല്‍എ രംഗത്തുവന്നു. പി ജെ ജോസഫിനെ മന്ത്രി സ്ഥാനത്ത് നിന്നു മാറ്റിയിട്ട് ഗുണം കിട്ടാന്‍ സാധ്യതയുള്ളവരാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് പി സി ജോര്‍ജ് പറഞ്ഞു. പി ജെ ജോസഫിനെ താഴെയിറക്കിയതു കൊണ്ട് തനിക്കൊന്നും കിട്ടാനില്ല. ജോസഫിനെതിരെ ആരോപണം ഉന്നയിച്ച സ്ത്രീയെയും എനിക്കറിയില്ല. ഫ്രാന്‍സിസ് ജോര്‍ജിനെ പോലുള്ളവര്‍ക്ക് ആരോപണത്തിന് പിന്നില്‍ ആരാണ് ഉള്ളതെന്ന് വ്യക്തമായി അറിയാമെന്നും ഫ്രാന്‍സിസ് പറയുന്നത് മുഴുവന്‍ വിവരക്കേടാണെന്നും പി സി പറഞ്ഞു. പി ജെ ജോസഫിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പി സി ജോര്‍ജിന് പങ്കുണ്ടെന്ന മുന്‍ എം പി ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരിന്നു ജോര്‍ജ്. ഇതോടെ കേരള കോണ്‍ഗ്രസ് എമ്മിലെ ചേരിപ്പോര് പരസ്യമായി പുറത്തു വന്നിരിക്കുകയാണ്.

No comments:

Post a Comment