Monday, July 11, 2011

മൂവാറ്റുപുഴയാറില്‍ വെള്ളമില്ല, മീനച്ചില്‍ പദ്ധതി മറ്റൊരു പാലാഴി


  • മൂവാറ്റുപുഴയാറില്‍ ആവശ്യത്തിന് വെള്ളമിെല്ലന്നത് പുറത്തുവന്നതോടെ ധനമന്ത്രിയുടെ മീനച്ചില്‍ പദ്ധതിക്ക് മുമ്പ് നടപ്പാക്കാന്‍ ഉദ്ദേശിച്ച പാലാഴി പദ്ധതിയുടെ ഗതിവരുമെന്ന് ഉറപ്പ്. സാങ്കേതിക-പരിസ്ഥിതി-സാമൂഹിക പ്രശ്‌നങ്ങളാല്‍ നിര്‍മാണയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി സാങ്കേതിക വിദഗ്ധര്‍ നേരത്തേ തള്ളിക്കളഞ്ഞ പദ്ധതിയാണ് കെ.എം. മാണി ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച മീനച്ചിലെന്ന് വ്യക്തമാകുന്നു.
  • ചില കരാറുകാരെ സഹായിക്കാന്‍ പൊടിതട്ടിയെടുത്ത പദ്ധതി ഒരുകാലത്തും പ്രായോഗികമാകില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. റബര്‍ കര്‍ഷകരെ സഹായിക്കാനാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് മാണി പാലാഴി പദ്ധതി കൊണ്ടുവന്നത്.
  • 2005ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ 64.5 കോടി  അനുവദിച്ച് ഭരണാനുമതി നല്‍കിയ മീനച്ചില്‍ പദ്ധതി, അതേക്കുറിച്ച് പഠിച്ച വിദഗ്ധകമ്മിറ്റി 2007ല്‍ തള്ളിയിരുന്നു.മൂവാറ്റുപുഴയാറിന്റെ ഭാഗമായ തൊടുപുഴയിലെ അറക്കുളത്ത് തടയണ കെട്ടി വെള്ളം ആറര കിലോമീറ്റര്‍ ദൂരം തുരങ്കം നിര്‍മിച്ച് പാലാക്കടുത്ത് മുന്നിലവ് പഞ്ചായത്തിലെ നരിമറ്റത്ത് എത്തിച്ച് കടപ്പുഴ ആറിലൂടെ മീനച്ചിലാറ്റില്‍ എത്തിക്കുന്നതാണ് പദ്ധതി. പ്രതിദിനം 103 കോടി ലിറ്റര്‍ വെള്ളം ഇത്തരത്തില്‍ മൂവാറ്റുപുഴയാറില്‍നിന്ന് മീനച്ചിലാറ്റിലേക്ക് എത്തിക്കും.
  • മൂവാറ്റുപുഴയാറില്‍ ഇപ്പോള്‍ തന്നെ ആവശ്യത്തിന് ജലലഭ്യത ഇല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയിലേക്കും എറണാകുളം ജില്ലയിലെ തന്നെ ഏഴ് ജലസേചന പദ്ധതികള്‍ക്കും 10 ശുദ്ധജല വിതരണ പദ്ധതികളിലേക്കും മൂവാറ്റുപുഴയാറില്‍നിന്നുള്ള നിരവധി കനാലുകളിലേക്കും ഇപ്പോള്‍തന്നെ ഈ ജലമാണ് ഉപയോഗിക്കുന്നത്.
  • കൂടാതെ ചേര്‍ത്തല കുടിവെള്ള പദ്ധതിയിലേക്കും ഇവിടത്തെ വെള്ളം എത്തിക്കേണ്ടതുണ്ട്. ജനുവരി,ഫെബ്രുവരി,മാര്‍ച്ച്,ഏപ്രില്‍,നവംബര്‍,ഡിസംബര്‍ മാസങ്ങളില്‍ മൂവാറ്റുപുഴയാറില്‍ കുറഞ്ഞ അളവില്‍ മാത്രമാണ് വെള്ളമുള്ളത്. മറ്റ് മാസങ്ങളില്‍ മീനച്ചിലാറ്റിലും ആവശ്യത്തിലേറെ വെള്ളമുണ്ട്. പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ 2006ല്‍ ഇടതുസര്‍ക്കാറാണ് വിദഗ്ധ കമ്മിറ്റിയെ നിയോഗിച്ചത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ,സെന്‍ട്രല്‍ ഫോര്‍ എര്‍ത്ത് സ്റ്റഡീസ്, നബാര്‍ഡ്,കെ.എസ്.ഇ.ബി, ഇറിഗേഷന്‍ വിഭാഗങ്ങളിലെ വിദഗ്ധര്‍ ഉള്‍പ്പെട്ടതായിരുന്നു പഠന സംഘം. ഇവര്‍ ഏകസ്വരത്തില്‍ തന്നെ പദ്ധതി പ്രായോഗികമല്ലെന്ന് വിലയിരുത്തി 2007ല്‍ റിപ്പോര്‍ട്ട് നല്‍കി. മൂവാറ്റുപുഴയാറില്‍നിന്ന് വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലാ ഭാഗത്ത് വെള്ളം എത്തിക്കണമെങ്കില്‍ തന്നെ മീനച്ചിലാറിന് ഇപ്പോഴത്തേതിനേക്കാള്‍ 20 അടി ആഴം കൂട്ടണം. അത് പാരിസ്ഥിതിക ആഘാതത്തിന് ഇടവരുത്തും.
  • മൂവാറ്റുപുഴയാറില്‍ വെള്ളം കുറഞ്ഞ് ആറ് വറ്റിവരളുന്നത് എറണാകുളം ജില്ലയിലടക്കം സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഒപ്പം നിരവധി സാങ്കേതിക പ്രശ്‌നങ്ങളും വിദഗ്ധകമ്മിറ്റി ചൂണ്ടിക്കാട്ടി. ഈ റിപ്പോര്‍ട്ട് നിലവിലിരിക്കേയാണ് മറ്റൊരു വിശകലനമോ പരിശോധനയോ കൂടാതെ സംസ്ഥാന ബജറ്റില്‍ പ്രാഥമിക നടപടിയായി 25 കോടി  അനുവദിച്ചത്. ഇതിന് പിന്നില്‍ ചില കരാറുകാരെ സഹായിക്കാനുള്ള ഗൂഢലക്ഷ്യമുണ്ടെന്ന് ആരോപണം ഉയര്‍ന്നു.15 കൊല്ലംമുമ്പ് കെ.എം. മാണി മുന്‍കൈ എടുത്ത് സഹകരണ മേഖലയില്‍ റബര്‍ കര്‍ഷകരെ സഹായിക്കാന്‍ തയാറാക്കിയ പദ്ധതിയായിരുന്നു പാലാഴി ടയര്‍. മാണി ചെയര്‍മാനായി തുടങ്ങിയ സംസ്ഥാന ടയര്‍ മാനുഫാക്‌ചേഴ്‌സ് കോഓപറേറ്റീവ് സൊസൈറ്റിയുടെ കീഴിലാണ് പാലാഴി ടയേഴ്‌സ് എന്ന പേരില്‍ ടയര്‍ നിര്‍മാണ ഫാക്ടറി തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്. നാലു കോടി രൂപ ഷെയര്‍ പിരിച്ചതായി മാണിതന്നെ അന്ന് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷവും നല്‍കി. ഒപ്പം നിരവധി സഹകരണ ബാങ്കുകളില്‍നിന്നും ലക്ഷങ്ങള്‍ സമാഹരിച്ചു.പാലായിലെ വലവൂരില്‍ 40 ഏക്കര്‍ സ്ഥലം വാങ്ങിയതല്ലാതെ ഒന്നര പതിറ്റാണ്ടായിട്ടും മറ്റൊരു നടപടിയും മുന്നോട്ടുപോയില്ല. മീനച്ചില്‍ പദ്ധതിക്ക് പിന്നിലും ഇത്തരം ലക്ഷ്യങ്ങളാണെന്നാണ് ആക്ഷേപം.
 

No comments:

Post a Comment