- പശ്ചിമബംഗാളില്‍ കുടിയൊഴിപ്പിക്കപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന കര്‍ഷകര്‍ക്കുനേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ നാലുപേര്‍ക്ക് പരിക്ക്. ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ ഹഡോയ മേഖലയിലെ ഗോപാല്‍പൂരിലെ ഗാജിതലയിലാണ് ഉടമസ്ഥാവകാശ രേഖയുള്ള ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ടവര്‍ക്കുനേരെ വെടിവച്ചത്. ഭൂമി പിടിച്ചെടുത്ത തൃണമൂല്‍ അക്രമികള്‍ക്കൊപ്പം ചേര്‍ന്നാണ് പൊലീസ് ആക്രമണം. ഒരാഴ്ചയായി ഇവിടെ കര്‍ഷകരെ വീടുകളില്‍ നിന്നും കൃഷിയിടങ്ങളില്‍ നിന്നും കുടിയൊഴിപ്പിക്കുകയാണ്. ഇവര്‍ കൃഷിഭൂമിയിലേക്ക് വരുമ്പോഴാണ് പൊലീസും തൃണമൂല്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ആക്രമിച്ചത്.
- നിരായുധരായ കര്‍ഷകര്‍ക്കു നേരേ പൊലീസ് 12 റൗണ്ട് വെടിവച്ചു. ശനിയാഴ്ച രാത്രി വരെ നാലു കര്‍ഷകരെ പരിക്കുകളോടെ ആശുപത്രികളിലെത്തിച്ചു. ആദിവാസികളായ സഹറബ് സര്‍ദാര്‍ , ദീപാങ്ക് ബേര, കനയ് സര്‍ദാര്‍ , മന്റു സര്‍ദാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗോപാല്‍പൂര്‍ മേഖലയിലെ മുന്‍ഷിഖേരയിലേക്കുള്ള വഴി പൊലീസ് തടഞ്ഞിരുന്നു. പ്രദേശം പൊലീസ് പിടിയിലാണ്. ബാക്കിയിടങ്ങളില്‍ തൃണമൂല്‍ അക്രമികളും കാവല്‍ നിന്നു. ഏറെ ബുദ്ധിമുട്ടിയാണ് വെടിയേറ്റു വീണവരെ കണ്ടെത്തി ആശുപത്രികളിലെത്തിച്ചത്.
- കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ഗോപാല്‍പുര്‍ ഒന്ന്, ഗോപാല്‍പുര്‍ രണ്ട് പഞ്ചായത്തുകളിലെ മുന്‍ഷിഖേര, ബതാഗാചി, തേംതുലിയ, നെബുതല എന്നീ ഗ്രാമങ്ങളിലെ 3500 ഏക്കറോളം ഭൂമിയാണ് പൊലീസിന്റെ സഹായത്തോടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പഴയ ജന്മിമാരും പിടിച്ചെടുത്തത്. ഈ ഭൂമിയുടെ ഉടമസ്ഥരായ പതിനായിരത്തിലധികം കര്‍ഷകരെ ആട്ടിയോടിച്ചു.
- കുടിയൊഴിപ്പിക്കപ്പെട്ട കര്‍ഷകരെ വിവിധ ഭാഗങ്ങളില്‍ ഇടതുമുന്നണിയുടെ സഹായത്തോടെ പാര്‍പ്പിച്ചിരുന്നു. ഗാജിതലയില്‍ ഏകദേശം 1300 കര്‍ഷക കുടുംബമുണ്ടായിരുന്നു. ഇവിടെനിന്ന് ഇവരെ ഒഴിപ്പിക്കാനായി ഹഡോയ, മിനാഘ എന്നിവിടങ്ങളില്‍ നിന്ന് ആയുധധാരികളായ തൃണമൂല്‍ അക്രമികളെത്തി. ഇവര്‍ കര്‍ഷകര്‍ക്കു നേരേ ബോംബെറിഞ്ഞു. ചിതറിയോടിയവരെയും ആക്രമിച്ചു. കര്‍ഷകര്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസിനെ വരുത്തി. പൊലീസ് എത്തിയയുടന്‍ കര്‍ഷകര്‍ക്കു നേരേ മുന്നറിയിപ്പില്ലാതെ വെടിവയ്ക്കുകയായിരുന്നു. ഒപ്പം തൃണമൂലുകാരും വെടിവച്ചു. ചിതറിയോടിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ പിന്തുടര്‍ന്ന് പൊലീസ് വെടിവച്ചു.
- വെടിവയ്പ് അപലപനീയമാണെന്ന് പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്ര പറഞ്ഞു. ദീര്‍ഘമായ സമരങ്ങളിലൂടെ നേടിയെടുത്ത ഭൂമി സംരക്ഷിക്കാനുള്ള പോരാട്ടം തുടരും. സംസ്ഥാന വ്യാപകമായി ഭൂമി കൈയേറ്റത്തിനും അക്രമത്തിനുമെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Sunday, July 10, 2011
ബംഗാളില്‍ മമതയുടെ പോലീസ് കര്‍ഷകര്‍ക്കുനേരെ വെടിവച്ചു; 4 പേര്‍ക്ക് പരിക്ക്
Subscribe to:
Post Comments (Atom)
No comments:
Post a Comment