Saturday, July 9, 2011

വിദ്യാഭ്യാസപുരോഗതി യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു: വി എസ്


  • ലോകത്തിനുതന്നെ മാതൃകയായ കേരളത്തിന്റെ വിദ്യാഭ്യാസപുരോഗതി യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.  അനധികൃത സ്കൂളുകള്‍ക്ക് അംഗീകാരം വാങ്ങിയെടുക്കാന്‍ ഇടനിലക്കാരും ഏജന്റുമാരും തലസ്ഥാനത്ത് തമ്പടിച്ചിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസമേഖലയിലെന്നപോലെ സ്കൂള്‍ വിദ്യാഭ്യാസമേഖലയിലും ഇവര്‍ കച്ചവടം ഉറപ്പിച്ചിരിക്കുന്നു. പാഠ്യപദ്ധതി പരിഷ്കരണത്തില്‍ ഇന്ത്യക്കാകെ മാതൃകയായ കേരളത്തിലെ മികച്ച പാഠ്യപദ്ധതിയെയും സര്‍ക്കാര്‍ തള്ളിപ്പറയുന്നു. മുഖ്യമന്ത്രിതന്നെ സിബിഎസ്ഇ സിലബസിന്വേണ്ടി വാദിക്കുകയാണ്. പാഠപുസ്തകസമിതികള്‍ പിരിച്ചുവിടാനാണ് നീക്കം.
  • ആരോപണവിധേയരും പ്രതികളും കുറ്റവാളികളും ചേര്‍ന്നാണ് ഭരണയന്ത്രം തിരിക്കുന്നത്. ഐസ്ക്രീം കേസില്‍ പൊലീസ് ചോദ്യംചെയ്തയാളെ അഡീഷണല്‍ അഡ്വക്കറ്റ് ജനറലാക്കിയായിരുന്നു തുടക്കം. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം പാമൊലിന്‍ കേസില്‍നിന്ന് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കാന്‍ സഹായിച്ച ഉദ്യോഗസ്ഥനെ വിജിലന്‍സ് ഡയറക്ടറാക്കി. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട രണ്ട് മന്ത്രിമാരെ കേസില്‍നിന്ന് രക്ഷിക്കാന്‍ ശ്രമം തുടങ്ങിയത് അതോടെയാണ്. ആരോഗ്യ-വിദ്യാഭ്യാസമന്ത്രിമാര്‍ സ്വന്തം മക്കളുടെ ആരോഗ്യവിദ്യാഭ്യാസം സുരക്ഷിതമാക്കാനാണ് ശ്രമിച്ചത്.
  • പ്രായാധിക്യത്തിന്റെപേരില്‍ ബാലകൃഷ്ണപിള്ളയെ ജയില്‍മോചിതനാക്കുമത്രേ. എഴുപത് കഴിഞ്ഞ ഏതൊരാള്‍ക്കും അഴിമതി നടത്താം, ശിക്ഷയില്ല എന്ന ബില്‍ നിയമസഭയില്‍ കൊണ്ടുവന്നാലും അത്ഭുതപ്പെടാനില്ല. ഇപ്പോള്‍ ടോമിന്‍ തച്ചങ്കരിയുടെ സസ്പെന്‍ഷനും പിന്‍വലിച്ചു. സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശത്ത് പോയി തീവ്രവാദികളുമായി ബന്ധപ്പെട്ടതിന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡറുടെ പരാതിയെ തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി തച്ചങ്കരിക്കെതിരെ അന്വേഷണം നടത്തുമ്പോഴാണ് ഈ തീരുമാനം.
  • ഭരണചക്രം തിരിക്കാന്‍ അഴിമതിക്കാരെ ആവശ്യമുണ്ട് എന്നൊരു പത്രപരസ്യത്തിന്റെ കുറവേയുള്ളൂ ഈ സര്‍ക്കാരിനെന്നും വി എസ് പറഞ്ഞു.

No comments:

Post a Comment