- വിദേശബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ച ശതകോടികളുടെ കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനും അത് തിരിച്ചുപിടിക്കാനും സുപ്രീംകോടതി പ്രത്യേകാന്വേഷണ സംഘത്തെ (എസ്ഐടി) നിയമിച്ചു. എസ്ഐടി വേണ്ടെന്ന കേന്ദ്രവാദം കോടതി തള്ളി. കള്ളപ്പണക്കേസില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും കാരണംകാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്ത എല്ലാവരുടെയും പേരുവിവരം വെളിപ്പെടുത്താനും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ബി സുദര്‍ശന്‍റെഡ്ഡി, എസ് എസ് നിജ്ജാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്്.
- കള്ളപ്പണം കണ്ടെത്തുന്നതിലും തിരികെ കൊണ്ടുവരുന്നതിലും കേന്ദ്രം ആത്മാര്‍ഥത കാട്ടുന്നില്ലെന്ന് കോടതി പറഞ്ഞു. ആഗസ്ത് 15നുശേഷം കേസ് വീണ്ടും പരിഗണിക്കും. എന്തെങ്കിലും നിര്‍ദേശം വേണ്ടതുണ്ടെങ്കില്‍ ആ ഘട്ടത്തില്‍ നല്‍കുമെന്നും ജസ്റ്റിസ് സുദര്‍ശന്‍റെഡ്ഡി തയ്യാറാക്കിയ വിധിന്യായത്തില്‍ പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്‍ രാംജെത്മലാനിയടക്കം ഒരു സംഘം പ്രമുഖര്‍ 2009ല്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ വിശദവാദം കേട്ടശേഷമാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്.
- കേന്ദ്രനിലപാടെല്ലാം തള്ളിയ ഉത്തരവ് സര്‍ക്കാരിന് കനത്ത തിരിച്ചടിയായി. സുപ്രീംകോടതി മുന്‍ ജഡ്ജിമാരായ ജസ്റ്റിസ് ബി പി ജീവന്‍റെഡ്ഡി അധ്യക്ഷനും ജസ്റ്റിസ് എം ബി ഷാ ഉപാധ്യക്ഷനുമായാണ് എസ്ഐടി രൂപീകരിച്ചത്. കള്ളപ്പണക്കേസുകള്‍ അന്വേഷിക്കാന്‍ കേന്ദ്രം നേരത്തെ നിയമിച്ച ഉന്നതതലസമിതിയെ (എച്ച്എല്‍സി) സുപ്രീംകോടതി എസ്ഐടിയുടെ ഭാഗമാക്കി മാറ്റി. റോ ഡയറക്ടറെ കൂടി എസ്ഐടിയുടെ ഭാഗമാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. കള്ളപ്പണക്കേസുകള്‍ അന്വേഷിക്കുക, മേല്‍നോട്ടം നിര്‍വഹിക്കുക, ഇന്ത്യയിലെ അറിയപ്പെടുന്ന കള്ളപ്പണക്കാരായ ഹസന്‍ അലിഖാന്‍ , കപൂരിയമാര്‍ എന്നിവരുമായി ബന്ധപ്പെട്ട എല്ലാ കേസും പരിശോധിക്കുക തുടങ്ങിയവയാണ് എസ്ഐടിയുടെ ഉത്തരവാദിത്തം. കള്ളപ്പണം തടയുന്നതിന് വ്യവസ്ഥാപിത സംവിധാനങ്ങള്‍ കൊണ്ടുവരുന്നതടക്കം സമഗ്രകര്‍മ പദ്ധതി തയ്യാറാക്കാന്‍ കോടതി എസ്ഐടിയോട് നിര്‍ദേശിച്ചു. അതത് സമയം വിവരങ്ങള്‍ കോടതിയെ ധരിപ്പിക്കണം. കോടതിയുടെ പ്രത്യേക നിര്‍ദേശങ്ങള്‍ പാലിക്കണം. എല്ലാ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളും എസ്ഐടിയെ സഹായിക്കണം.
- എസ്ഐടിയെ നിയമിച്ച് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിക്കണം. ഇന്ത്യക്കാരായ കള്ളപ്പണക്കാരുടെ ഇപ്പോള്‍ ലഭ്യമായ പേരുകള്‍ വെളിപ്പെടുത്തുന്നതില്‍ നിയമതടസ്സമില്ലെന്ന് കോടതി പറഞ്ഞു. ജര്‍മനിയുമായി ഒപ്പുവച്ച ഇരട്ടനികുതി ഒഴിവാക്കല്‍ കരാര്‍ ഇതിനു തടസ്സമല്ല. ലീച്ച്സ്റ്റെന്‍സ്റ്റെയിന്‍ ബാങ്കില്‍ പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേരുകളാണ് ലഭിച്ചത്. ലീച്ച്സ്റ്റെന്‍സ്റ്റെയിന്‍ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്. ജര്‍മനിയുമായുള്ള കരാര്‍ ഇവരുടെ കാര്യത്തില്‍ ബാധകമാക്കേണ്ടതില്ല. ജര്‍മനി വഴിയാണ് കള്ളപ്പണക്കാരുടെ പേര് ലഭിച്ചതെന്നു മാത്രമേയുള്ളൂ. സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും അന്വേഷണം പൂര്‍ത്തിയാക്കുകയും ചെയ്തവരുടെ പേരുവിവരം വെളിപ്പെടുത്തണം. സര്‍ക്കാര്‍ തലത്തില്‍ നടപടി ആരംഭിക്കാത്തവരുടെ പേരുവിവരം ഇപ്പോള്‍ വെളിപ്പെടുത്തേണ്ട. കള്ളപ്പണത്തിന്റെ വ്യാപനം ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായ പ്രതിഭാസമാണെന്ന് കോടതി നിരീക്ഷിച്ചു.
- ഒരു രാഷ്ട്രം മൃദുവാണോ ശക്തമാണോയെന്നതിന് ഉദാഹരണമായി കള്ളപ്പണത്തെ കാണാം. രാജ്യത്തിന്റെ വൈദേശിക-ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന അങ്ങേയറ്റം അപകടകരമായ പ്രതിഭാസമാണ് ഇത്. ഇക്കാര്യത്തില്‍ കേന്ദ്രം വേണ്ടത്ര ഗൗരവം കാട്ടാതിരുന്നത് ഗുരുതര വീഴ്ചയാണ്. കടുത്ത അതൃപ്തി ഇക്കാര്യത്തില്‍ കോടതിക്കുണ്ട്. കോടതി ഇടപെട്ടശേഷം മാത്രമാണ് കേന്ദ്രം എന്തെങ്കിലും നടപടി സ്വീകരിച്ചത്. എന്നാല്‍ , ഇതുതന്നെ പര്യാപ്തമല്ല-സുപ്രീംകോടതി നിരീക്ഷിച്ചു.
Monday, July 4, 2011
കള്ളപ്പണം: അന്വേഷണത്തിന് സുപ്രീംകോടതി സംഘം
Subscribe to:
Post Comments (Atom)
No comments:
Post a Comment