- പശ്ചിമബംഗാളില്‍ ഭൂപരിഷ്കരണം വഴി കര്‍ഷകര്‍ക്ക് ലഭിച്ച ഭൂമി ജന്മിമാര്‍ ബലംപ്രയോഗിച്ച് പിടിച്ചെടുക്കുന്നു. ഉത്തര 24 പര്‍ഗാനാസ് ജില്ലയില്‍ ഹറോവ മേഖലയിലെ ഗോപാല്‍പുര്‍ ഒന്ന്, ഗോപാല്‍പുര്‍ രണ്ട് പഞ്ചായത്തുകളില്‍ പഴയ ജന്മിമാരും ഗുണ്ടകളും 2300 കര്‍ഷകരുടെ ഭൂമി ബലമായി പിടിച്ചെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസുകാരുടെ സംരക്ഷണയില്‍ നടക്കുന്ന ഈ അതിക്രമത്തിന് പൊലീസും കൂട്ടുനില്‍ക്കുന്നു. ഹൂഗ്ലി, ബീര്‍ഭും ജില്ലകളുടെ വിവിധ ഭാഗങ്ങളിലും കര്‍ഷകര്‍ ഒഴിപ്പിക്കല്‍ ഭീഷണി നേരിടുകയാണ്.
- സംസ്ഥാനത്ത് ഇടതുമുന്നണി സര്‍ക്കാര്‍ വര്‍ഷങ്ങള്‍കൊണ്ട് യാഥാര്‍ഥ്യമാക്കിയ ഭൂപരിഷ്കരണം തകര്‍ക്കുന്നതിന് മമത സര്‍ക്കാര്‍ നേതൃത്വം കൊടുക്കുകയാണ്. ഗോപാല്‍പുര്‍ ഒന്നില്‍ 1104 കര്‍ഷകര്‍ക്കും ഗോപാല്‍പുര്‍ രണ്ടില്‍ 1205 കര്‍ഷകര്‍ക്കും ഭൂമി നഷ്ടമായി. 25-30 സെന്റ് മാത്രം സ്വന്തമായി ഉള്ളവരെയാണ് ഭൂമിയില്‍നിന്ന് ആട്ടിയോടിച്ചത്. ഇത്തരത്തില്‍ മൊത്തം 990 ഏക്കര്‍ ഭൂമി വീണ്ടും ഭൂപ്രമാണിമാരുടെ കൈയിലെത്തി. ഭൂമി നഷ്ടപ്പെട്ട കര്‍ഷകര്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ല.
- ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് ഭൂസ്വാമിമാര്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഗോപാല്‍പുരിലെ കര്‍ഷകരുടെ അടുത്തെത്തിയത്. ഭൂമിയില്‍നിന്ന് ഒഴിഞ്ഞുപോകണമെന്ന് അവര്‍ കര്‍ഷകരോട് ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് പട്ടയം ലഭിച്ച ഭൂമിയാണിതെന്നും എന്ത് അടിസ്ഥാനത്തിലാണ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്നതെന്നും കര്‍ഷകര്‍ ചോദിച്ചു. കര്‍ഷകര്‍ പട്ടയങ്ങള്‍ കാണിച്ചുകൊടുത്തെങ്കിലും ഇതെല്ലാം മുന്‍ സര്‍ക്കാര്‍കൊടുത്ത കടലാസുകളാണെന്നും അതിനൊന്നും ഇപ്പോള്‍ വിലയില്ലെന്നും പുതിയ സര്‍ക്കാരിന്റെ നിയമം വേറെയാണെന്നും തൃണമൂലുകാര്‍ പറഞ്ഞു. ഉടന്‍ ഒഴിഞ്ഞുപോയില്ലെങ്കില്‍ ജീവനോടെ പിന്നെ പുറത്തുപോകില്ലെന്ന് ഭീഷണിപ്പെടുത്തി. കര്‍ഷകര്‍ ചെറുത്തുനിന്നപ്പോള്‍ ആയുധങ്ങള്‍ കാട്ടി തൃണമൂലുകാര്‍ ആട്ടിപ്പായിക്കുകയായിരുന്നു. പൊലീസുകാര്‍ സ്ഥലത്ത് എത്തിയെങ്കിലും നോക്കിനിന്നു.
- 1980-82 കാലത്ത് മിച്ചഭൂമി ഏറ്റെടുത്തശേഷം ഭൂരഹിത കര്‍ഷകര്‍ക്ക് വിതരണംചെയ്തതാണ് ഇവിടത്തെ കൃഷിഭൂമി. സുന്ദര്‍ബന്‍ മേഖലയ്ക്കടുത്തുള്ള വളക്കൂറുള്ള മണ്ണില്‍ കര്‍ഷകര്‍ വര്‍ഷങ്ങളായി നെല്‍കൃഷി നടത്തുകയാണ്. മിച്ചഭൂമി കൈവശം വച്ച പഴയ ജന്മിമാരും അവരുടെ കുടുംബാംഗങ്ങളുമാണ് ഭൂമി പിടിച്ചെടുക്കുന്നത്. ഉത്തര 24 പര്‍ഗാനാസ് ജില്ലയുടെ പല ഭാഗങ്ങളിലും തൃണമൂല്‍ പ്രവര്‍ത്തകര്‍ കര്‍ഷകരെ സമീപിച്ച് ഭൂമി കൈവശം വയ്ക്കണമെങ്കില്‍ വന്‍ തുക നല്‍കണമെന്ന് ആവശ്യപ്പെടുകയാണ്. നിയമത്തോടും നിയമവാഴ്ചയോടുമുള്ള വെല്ലുവിളിയാണ് ഭൂമി പിടിച്ചെടുക്കലിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്നതെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അമിതാവ നന്ദി "ദേശാഭിമാനി"യോട് പറഞ്ഞു. സംഭവം സംബന്ധിച്ച് അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ടിന് പരാതി നല്‍കിയിട്ടും നടപടിയൊന്നും എടുത്തില്ല. മുഖ്യമന്ത്രിയുടെ ആശിര്‍വാദത്തോടെയല്ലാതെ ഇത്തരമൊരു അക്രമം നടക്കില്ല. പഴയ ജന്മി-നാടുവാഴിത്ത സംവിധാനം പുനഃസ്ഥാപിക്കാനുള്ള നീക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു.
- 1977 മുതല്‍ ഇടതുമുന്നണി സര്‍ക്കാരുകള്‍ നടപ്പാക്കിയ ഭൂപരിഷ്കരണം 30 ലക്ഷം കര്‍ഷകരെയാണ് ഭൂമിയുടെ അവകാശികളാക്കിയത്. 11.3 ലക്ഷം ഏക്കര്‍ ഭൂമി വിതരണംചെയ്തു. ഭൂമി ലഭിച്ചവരില്‍ 37 ശതമാനം പട്ടികജാതിക്കാരാണ്. ഈ നില തുടര്‍ന്നാല്‍ ഭൂപരിഷ്കരണംകൊണ്ട് പശ്ചിമബംഗാള്‍ ആര്‍ജിച്ച നേട്ടങ്ങള്‍ ഇല്ലാതാവുകയും ഭൂമി പഴയ ജന്മിമാരിലും അവരില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് മാഫിയയിലും എത്തുകയും ചെയ്യുമെന്നാണ് പൊതുവെയുള്ള ആശങ്ക.
Thursday, July 7, 2011
ത്രിണമൂലിന്റെ മമത ഭൂസ്വാമിമാരോട്
2300 കര്‍ഷകരുടെ ഭൂമി മുന്‍ജന്മിമാര്‍ പിടിച്ചെടുത്തു
Subscribe to:
Post Comments (Atom)
No comments:
Post a Comment