Monday, July 11, 2011

കുടുംബ ബജറ്റ് തകരും

  • മണ്ണെണ്ണവിഹിതം വെട്ടിക്കുറച്ചതിനുപിന്നാലെ പാചകവാതക സിലിണ്ടറുകള്‍ പരിമിതപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേരളത്തില്‍ കുടുംബ ബജറ്റുകള്‍ തകിടംമറിക്കും. ഉപയോക്താവിന് സബ്സിഡി നിരക്കില്‍ നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ നാലായി വെട്ടിക്കുറയ്ക്കാനാണ് എണ്ണ- പാചകവാതകം സംബന്ധിച്ച മന്ത്രിതലസമിതിയുടെ ശുപാര്‍ശ. കൂടുതലായി എടുക്കുന്ന സിലിണ്ടറിന് 800 രൂപവീതം നല്‍കേണ്ടി വരുന്നത് സാധാരണക്കാരെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലാക്കും. 
  • രാജ്യത്ത് പാചകവാതകം ഉപയോഗിക്കുന്നവരുടെ ശതമാനക്കണക്കില്‍ കേരളം മുന്നിലാണ്. കേരളത്തിലെ 75 ശതമാനം കുടുംബവും പാചകവാതകം ഉപയോഗിക്കുന്നവരാണ്. അതുകൊണ്ടുതന്നെ സിലിണ്ടറുകള്‍ വെട്ടിക്കുറയ്ക്കുന്നത് കനത്ത ആഘാതമാകും. 21 ദിവസം കഴിഞ്ഞാല്‍ പുതിയ സിലിണ്ടര്‍ കിട്ടാന്‍ ഇപ്പോള്‍ ഉപയോക്താവിന് അര്‍ഹതയുണ്ട്. അത് 91 ദിവസമായാണ് മാറുന്നത്. പല കുടുംബവും ഇപ്പോള്‍ മാസത്തിലൊരിക്കല്‍ സിലിണ്ടര്‍ എടുക്കുന്നുണ്ട്. ചെറിയ കുടുംബങ്ങളാകട്ടെ 40-45 ദിവസമാണ് ഒരു സിലിണ്ടര്‍ ഉപയോഗിക്കുന്നത്. 
  • വൈദ്യുതീകരിച്ച വീടുകള്‍ക്ക് പ്രതിമാസം രണ്ട് ലിറ്റര്‍ മണ്ണെണ്ണ നല്‍കിയിരുന്നത് കഴിഞ്ഞമാസം ഒരു ലിറ്ററായി വെട്ടിക്കുറച്ചിരുന്നു. ഇതിന്റെ പിന്നാലെയായിരുന്നു ഡീസല്‍വില കുത്തനെ വര്‍ധിപ്പിച്ചത്. ഉപഭോക്തൃസംസ്ഥാനമായ കേരളത്തെയാണ് ഇതും കൂടുതല്‍ ബാധിച്ചത്. അരിക്കും പലവ്യഞ്ജനത്തിനും പച്ചക്കറികള്‍ക്കും വിലകുതിച്ചു. ഇതിന്റെയെല്ലാം പിന്നാലെയാണ് പാചകവാതകത്തിലൂടെ പുതിയ ആഘാതം.
  • പാചകവാതകം കിട്ടാതായാല്‍ ആശ്രയിക്കാവുന്ന വിറകിനും തീവിലയാണ്. നഗരങ്ങളില്‍ വിറക് കിട്ടാനുമില്ല. തിരുവനന്തപുരത്ത് ചാലക്കമ്പോളത്തില്‍ അഞ്ച് വിറകുകടയുണ്ടായിരുന്നത് അടച്ചുപൂട്ടി. മരത്തിന്റെ ക്ഷാമവും വിറകുകീറാന്‍ ആളെ കിട്ടാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. പുളി, റബര്‍ തുടങ്ങിയ വിറകിന് കിലോയ്ക്ക് അഞ്ചു രൂപവരെയാണ് വില. മരുത് അടക്കമുള്ള മലവിറക് ഇനങ്ങള്‍ക്ക് എട്ടു രൂപവരെ വിലയുണ്ട്. ടണ്ണിന് 3500 രൂപവരെ നല്‍കിയാണ് വ്യാപാരികളില്‍നിന്ന് തടികള്‍ വാങ്ങുന്നതെന്ന് വിറകുകടക്കാര്‍ പറയുന്നു. അത് കീറിക്കിട്ടണമെങ്കില്‍ ദിവസം ആയിരം രൂപ കൂലികൊടുക്കണം.

No comments:

Post a Comment