നമ്മുടെ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ഇന്ത്യന്‍ പതാകയുടെ ഒരു പൊടി പോലും കാണാന്‍ കഴിയാത്ത ഗ്രാമങ്ങള്‍. കുഴിബോംബുകള്‍ വിതറിയ റോഡുകളുടെ എണ്ണമറ്റ പ്രദേശങ്ങള്‍, ഗറില്ലാ യുദ്ധമുറകള്‍ പരിശീലിക്കുന്ന പ്രത്യേക സേനകള്‍. നമുക്ക് തികച്ചും അപരിചിതമായ ഇന്ത്യന്‍ ദേശീയതയുടെ ഭാഗമല്ലാത്ത മുദ്രാവാക്യങ്ങള്‍. ദേശസ്മരണകള്‍, സമാന്തരകോടതികള്‍, മറ്റ് ഭരണസംവിധാനങ്ങള്‍...ആയിരക്കണക്കിന് ടണ്‍ സ്‌ഫോടകവസ്തുക്കളുടെ വന്‍ശേഖരം ഒളിഞ്ഞിരിക്കുന്ന ഗ്രാമപ്രാന്തങ്ങള്‍..പറഞ്ഞുവരുന്നത് റെഡ് കോറിഡോര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആയിരക്കണക്കിന് സ്‌ക്വയര്‍ കിലോമീറ്ററില്‍ പരന്നുകിടക്കുന്ന ചില മേഖലകളെക്കുറിച്ചാണ്. ഇത് എവിടെയാണെന്നല്ലേ. ഇന്ത്യയില്‍ തന്നെയാണത്. ചെമ്പട്ടുടുത്ത ഗ്രാമങ്ങളായി ഇന്ത്യന്‍ സൈന്യം തന്നെ വിലയിരുത്തിയ നക്‌സല്‍ഗ്രാമങ്ങളെക്കുറിച്ചാണ് പറഞ്ഞുവന്നത്.
ഇന്ത്യയുടെ മൂന്നിലൊന്ന് ഭാഗം വാഴുന്നത് നക്‌സലുകള്‍ നേതൃത്വം നല്‍കുന്ന സമാന്തരഭരണകൂടങ്ങളാണെന്ന സത്യം എത്രപേര്‍ക്കറിയാം. ഒരുപക്ഷേ അവിശ്വസനീയമായി തോന്നാമെങ്കിലും സംഭവം സത്യമാണ്. പാര്‍ട്ടി ഗ്രാമങ്ങള്‍ എന്ന പ്രയോഗം സുപരിചിതമായ മലയാളികളെ പോലെ ഇന്ത്യയുടെ പല മേഖലകളിലും സജീവമാണ് ഈ നക്‌സല്‍ഗ്രാമങ്ങള്‍. എന്നാല്‍ നമ്മുടെ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെയല്ല കാര്യങ്ങള്‍ എന്നുമാത്രം. കോടതിയും പട്ടാളവും അവരുടേത് തന്നെ. എല്ലാം അവര്‍ നിയന്ത്രിക്കുന്നു. ശരിക്കും ഒരു സമാന്തരഭരണകൂടവ്യവസ്ഥ.
മുപ്പതുമുക്കോടി മാവോയിസ്റ്റ് സംഘടനകളുള്ള ഇന്ത്യയിലെ ഈ മേഖലകളെയാണ് റെഡ് കോറിഡോര്‍ എന്ന് സര്‍ക്കാര്‍ പേരിട്ട് വിളിക്കുന്നത്. രാജ്യത്തെ മൊത്തം വിസ്തൃതിയുടെ 40,000 ചതുരശ്ര കിലോമീറ്ററാണ് ഈ സമാന്തരഭരണകൂടങ്ങളുടെ വിസ്തൃതി. അവ 16 സംസ്ഥാനങ്ങളിലായി 194 ഓളം ജില്ലകളിലായി നീണ്ടുപരന്ന് കിടക്കുന്നു. ഇതില്‍ തന്നെ 58 ഓളം ജില്ലകള്‍ ആയുധശേഖരത്തിന്റേയും സ്വയം പ്രഖ്യാപിത പരമാധികാരത്തിന്റെയും സുരക്ഷിതവും പ്രചോദിതവുമായ കേന്ദ്രങ്ങളാണ്. ഓരോ പ്രദേശവും ഭരിക്കുന്നത് ഭിന്നഗ്രൂപ്പുകളാണെന്നത് മറ്റൊരു സത്യം.
ആയിരക്കണക്കിന് ടണ്‍ സ്‌ഫോടകവസ്തുക്കളുടെ വന്‍ ശേഖരമാണ് അത്രതന്നെ സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്തായി ഒളിഞ്ഞുകിടക്കുന്നതെന്ന് ഇന്ത്യന്‍ സൈന്യം തന്നെ നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ്, ബിഹാര്‍, ഒറീസ, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായാണ് നക്‌സല്‍ സംഘടനകളുടെ ശക്തികേന്ദ്രം. അവിടത്തെ പ്രത്യേക സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന ആയുധശേഖരം പലയിടത്തുമുണ്ടെന്നാണ് പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ഓരോ മേഖലയിലും വ്യത്യസ്തം. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രതിരോധരീതികളുടെ കാര്യത്തില്‍ ശക്തമാണിവര്‍. അല്‍പം ആലങ്കാരികമായി പറഞ്ഞാല്‍ മാവോയിസ്റ്റുകള്‍ ആക്രമണത്തിന്റെ കാര്യത്തില്‍ വരെ തനത് സംസ്‌കാരം പുലര്‍ത്തുന്നുവെന്നും പറയാം.
സ്വാഭാവികമായും വനത്തില്‍ നടത്തുന്ന ചെറുത്തുനില്‍പ്പുകളെ സൈനികമായി തോല്‍പ്പിക്കുക എളുപ്പമല്ലെന്ന് ചുരുക്കം. തദ്ദേശീയമായ ഗറില്ലാ ശൈലി തന്നെയാണതിന് കാരണം. മറ്റൊന്ന് ഈ മേഖലയില്‍ മിക്കയിടത്തും കുഴിബോംബുകളുടെ പ്രളയമാണെന്ന് പോലീസ് തന്നെ സമ്മതിക്കുന്നു. പോരാത്തതിന് മിക്ക ഗ്രാമങ്ങളിലും ഗ്രാമീണരുടെ പിന്തുണയും ഇത്തരം സംഘടനകള്‍ക്കാണ്. ഓരോ നക്‌സല്‍ ഗ്രൂപ്പുകളേയും പിടിക്കാനെന്ന പേരില്‍ സൈന്യവും പോലീസും സാധാരണജനങ്ങളുടെ നേരെ സൃഷ്ടിക്കുന്ന അനീതിയാണ് ഗ്രാമങ്ങളുടെ ഈ പിന്തുണയ്ക്ക് കാരണം. ഇത് പലപ്പോഴും ജനങ്ങളെ തങ്ങളുടെ പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗമാക്കുന്നതിന് പ്രേരിപ്പിക്കുന്നുമുണ്ട്. കുഴിബോംബുകള്‍ തിരിച്ചറിയാനുള്ള സംവിധാനങ്ങള്‍ നക്‌സലുകള്‍ തന്നെ അവരുടേതായ രീതിയില്‍ വികസിപ്പിച്ചെടുത്തിട്ടുമുണ്ട്. അതുകൊണ്ട് സൈന്യത്തിന് ഇവിടെയെത്തി അട്ടിമറി നടത്തുക ദുഷ്‌കരമാണ്.
വിവിധ സംസ്ഥാനങ്ങളിലെ സുരക്ഷാസേനയുടെ നിരവധി ആയുധങ്ങളും സ്‌ഫോടകശേഖരവും ട്രക്കുകളും മോഷ്ടിക്കപ്പെട്ടതായി പലപ്പോഴും ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇത് പോകുന്നത് ഇത്തരം നക്‌സല്‍ ഗ്രൂപ്പുകളിലേക്കാണ്. തോക്കുകള്‍, ഗണ്‍ പൗഡര്‍ അടക്കമുള്ള ബോംബ് നിര്‍മ്മിക്കാനുപയോഗിക്കുന്ന വസ്തുക്കള്‍, റിമോട്ട് സംവിധാനങ്ങള്‍ ഇത്തരത്തില്‍ ശേഖരിക്കുന്നവയാണ്. സ്‌റ്റേഷന്‍ ആക്രമണങ്ങള്‍, സൈനിക കേന്ദ്രങ്ങളിലെ മോഷണം, ചെക്ക് പോസ്റ്റുകള്‍ ആക്രമിച്ച് തട്ടിയെടുക്കുക എന്നീ തന്ത്രങ്ങളിലൂടെ വന്‍തോതില്‍ ആയുധശേഖരം കണ്ടെത്തുന്നു. ഗറില്ല സമരമുറ പരിശീലിച്ച ജംഗിള്‍ ആര്‍മിയാണ് മാവോയിസ്റ്റുകളുടെ മറ്റൊരു പ്രത്യേക വിഭാഗം. പുതിയ സാങ്കേതികവിദ്യയും ഇവര്‍ കൈവശപ്പെടുത്തിയിരിക്കുന്നു. ആത്യന്താധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് സ്വന്തം മൊബൈല്‍ സ്‌ക്വാഡുകളെ നിയന്ത്രിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു.
ബ്ലാക്ക് സ്‌ക്വാഡ് എന്ന പേരില്‍ മാവോയിസ്റ്റ് വിഭാഗവും ഇത്തരം ഗ്രൂപ്പുകള്‍ക്ക് ഉണ്ട്. തമിഴ് പുലികളുടെ ശൈലിയിലുള്ള ഇത്തരം സംഘങ്ങള്‍ ഇന്ത്യയിലെ മാവോയിസ്റ്റ് ഗ്രൂപ്പുകളുടെ വലിയ ശക്തിയാണ്. ബ്ലാക് ടൈഗൈഴ്‌സ്, ക്രാന്തി സേന, തിരുമള്‍ ടൈഗേഴ്‌സ്, സീക്രട്ട് ആര്‍മി, ഗ്രേവി ഹൗണ്ട് നക്‌സലൈറ്റ്, ഗ്രീന്‍ ടൈഗേഴ്‌സ് തുടങ്ങിയ വിഭാഗങ്ങളാണവ. ആദിവാസികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ചും നിഷ്‌കളങ്കരായ നാട്ടുകാരെ കൊന്നൊടുക്കുന്നു എന്നും മറ്റും ഇവര്‍ ബോധവല്‍ക്കരണം നടത്തിയും പ്രചരിപ്പിച്ചും ജനങ്ങളെ സൈന്യത്തിനെതിരായി വഴിതിരിച്ചുവിടുന്നതില്‍ വിജയിക്കുന്നു എന്നാണ് ഈ മേഖലകളുടെ സ്വയം പ്രഖ്യാപിതഭരണം അവര്‍ വിജയകരമായി അയല്‍ഗ്രാമങ്ങളിലേക്ക് സംക്രമിപ്പിക്കുന്നതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ജന്‍മുക്തി അടക്കമുള്ള ഗോത്രസേനകളെ ചത്തീസ്ഗഡിലും മറ്റും ഇവര്‍ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.
ബിഹാറില്‍ വരേണ്യവിഭാഗസംരക്ഷണത്തിനായി പുറപ്പെട്ട സ്വയംപ്രഖ്യാപിതസേനയായ രണ്‍വീര്‍സേനക്ക് ബദലായി മാവോയിസ്റ്റുകള്‍ ഇത്തരം ഗ്രൂപ്പുകളെ നേരത്തെ തന്നെ ഉപയോഗപ്പെടുത്തിയിരുന്നു. നക്‌സലുകള്‍ക്കെതിരായ പ്രചാരണങ്ങളും സൈനികനീക്കങ്ങളും അറിയാന്‍ പ്രത്യേക നെറ്റ്‌വര്‍ക്കുകളും മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ സ്ഥാപിക്കുന്നു. ചുരുക്കത്തില്‍ ഇന്ത്യയുടെ തെക്കുനിന്ന് അതായത് ആന്ധ്രയില്‍ നിന്ന് തുടങ്ങുന്ന നക്‌സല്‍ ഗ്രാമങ്ങള്‍ ചത്തീസ്ഗഡിലും ജാര്‍ഖണ്ഡിലുമെല്ലാം അതിന്റെ സജീവാവസ്ഥ കൈവരിച്ച് പടര്‍ന്ന് പന്തലിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. സമാന്തരഭരണകൂടങ്ങള്‍ ഭാവിയില്‍ രാജ്യത്തിന്റെ ഫെഡറല്‍ കെട്ടുറപ്പിനെ തന്നെ ബാധിക്കുമെന്ന സത്യം ഇവിടെ പ്രസക്തമാണ് എന്നുകൂടിയോര്‍ക്കുക.
No comments:
Post a Comment