Thursday, July 14, 2011

സ്വാശ്രയം: വിശ്വാസികള്‍ക്കിടയില്‍ ഹിതപരിശോധക്ക് സഭ തയാറുണ്ടോയെന്ന് ഫസല്‍ ഗഫൂര്‍


സ്വാശ്രയ വിഷയത്തില്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാട് സ്വീകാര്യമാണോ എന്നത് സംബന്ധിച്ച് വിശ്വാസികള്‍ക്കിടയില്‍ ഹിതപരിശോധന നടത്താന്‍ ക്രൈസ്തവ സഭ തയാറുണ്ടോയെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ. ഫസല്‍ ഗഫൂര്‍. സ്വാശ്രയ കരാറില്‍ എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ ഒപ്പിട്ടപ്പോള്‍ ചെറിയ ഗ്രൂപ്പ് മാത്രം ഒപ്പിടാതെ ധിക്കാരം കാണിക്കുകയാണ്.  കോട്ടയത്ത് കെ.പി.എസ് മേനോന്‍ ഹാളില്‍ എം.ഇ.എസ്-എസ്.എന്‍.ഡി.പി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരള സംവരണ സമുദായ മുന്നണി സംഘടിപ്പിച്ച ന്യൂനപക്ഷ അവകാശ സംരക്ഷണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ സര്‍ക്കാറുകളെയും ധിക്കരിക്കുന്ന ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ എല്ലായിടത്തും കേസുകള്‍ കൊടുത്ത് മറ്റുള്ളവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തിലെ സാമൂഹിക പശ്ചാത്തലം കണക്കിലെടുക്കാതെ പുറപ്പെടുവിക്കുന്ന കോടതിവിധികളാണ് ഈ സാഹചര്യമുണ്ടാക്കിയതെന്നും ഫസല്‍ ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.  ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനെതിരായ നീക്കം വര്‍ഗീയ ധ്രുവീകരണമായി കാണാനാകില്ല. ക്രൈസ്തവരായ എം.എ. ബേബി, എ.കെ.ആന്റണി ,ഉമ്മന്‍ ചാണ്ടി എന്നിവരുമായാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഏറ്റുമുട്ടുന്നത്.
ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ വരുന്നതിന് രണ്ട് ദിവസം മുമ്പ് പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ ഇടുകയാണ് അവര്‍ ചെയ്തത്. പ്രവേശം തീര്‍ന്നുവെന്ന് കാണിക്കാന്‍ നടത്തിയ ശ്രമം വഞ്ചനയായിരുന്നെന്ന് ഫസല്‍ ഗഫൂര്‍ ആരോപിച്ചു. സഭയുടെ പേരില്‍ ന്യൂനപക്ഷ പദവി വാങ്ങിയെങ്കിലും ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ ഒരു സ്ഥാപനത്തിലും ഒരു സീറ്റ് പോലും സംവരണമില്ല. എയ്ഡഡ് മേഖലയില്‍ സംവരണം ഏര്‍പ്പെടുത്താന്‍ എസ്.എന്‍.ഡി.പി ശക്തമായ സമരം നടത്തണം.
ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനോട് സര്‍ക്കാറിന് അയഞ്ഞ സമീപനമായിരിക്കുമോ എന്ന് സംശയം തോന്നിയിരുന്നു. മന്ത്രിസഭാ ഉപസമിതിയുടെ രൂപവത്കരണമാണ് ഇതിനിടയാക്കിയത്. കോട്ടയത്തെ വഴികള്‍ ശരിയല്ലെന്നും നേരായവഴി അല്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. ആത്മീയതയുടെ പേരില്‍ നേടുന്ന പണം ജനനന്മക്കുകൂടി ഉപയോഗിച്ചെങ്കില്‍ മാത്രമെ മേന്മയുണ്ടാകൂവെന്ന് വിഷയം അവതരിപ്പിച്ച സംവരണ സമുദായ മുന്നണി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ.സി.കെ.വിദ്യാസാഗര്‍ പറഞ്ഞു.
50: 50 എന്ന നിലയിലേക്ക് ഉന്നത വിദ്യാഭ്യാസ മേഖലയെ കൊണ്ടുവരാന്‍ പ്രയത്‌നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് പി.എച്ച്. നജീബ്  അധ്യക്ഷത വഹിച്ചു. ഡോ. ബി.ഇക്ബാല്‍, ജോസഫ് പുലിക്കുന്നേല്‍, കെ.ഇ.പരീത്, പി.എച്ച്. അബ്ദുസ്സലാം തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment