Wednesday, May 7, 2025

വിഴിഞ്ഞം തുറമുഖ പദ്ധതി വൈകിപ്പിച്ചത് ആര് ?




വിഴിഞ്ഞം തുറമുഖ നിർമാണത്തിനുള്ള ആദ്യഘട്ട  നടപടികൾ ആരംഭിച്ചത് ഇ കെ നായനാർ (1996-2001) സർക്കാരിൻ്റെ കാലത്താണ്. എന്നാൽ, തുടർന്നു വന്ന എ.കെ ആന്റണി സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിയമാനുസൃത അനുമതികൾ ഒന്നും നേടാതെ ടെൽഡർ നടപടികൾ ആരംഭിച്ചു . നാല് കമ്പനികൾ ടെൻഡർ സമർപ്പിച്ചു. സൂം ഡെവലപ്പേഴ്സ‌ിന്റെ  ചൈന ഉൾപ്പെടെയുള്ള കൺസോർഷ്യത്തിന്റെ ദീർഘാസ് അംഗീകരിച്ചു പ്രധാനമന്ത്രി തറക്കല്ലിടുമെന്ന് ഉമ്മൻചാണ്ടി പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഒന്നും നടന്നില്ല. വിഴിഞ്ഞം പദ്ധതി കേന്ദ്രസർക്കാരിൻ്റെ സാഗരമാല പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുമെന്ന് അന്ന് കേന്ദ്രമന്ത്രിയായിരുന്ന ഒ രാജഗോപാൽ 2004 ജനുവരി 23ന് പ്രഖ്യാപിച്ചെങ്കിലും ബിജെപിയുടെ കേരള വിരുദ്ധത അതിന് തടസ്സമായി അതായത് യൂഡിഎഫും ബിജെപിയും ഒരുപോലെ അലംഭാവം കാട്ടി.
2006 ൽ അധികാരത്തിൽ എത്തിയ വിഎസ് സർക്കാർ  സുരക്ഷാ അനുവാദത്തിനുള്ള അപേക്ഷ പരിഗണിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തി. എന്നാൽ, ചൈനീസ് സർക്കാരിൻ്റെ രണ്ട് കമ്പനി  കൺസോർഷ്യത്തിൽ ഉണ്ടെന്ന തടസ്സവാദം ഉന്നയിച്ച് പ്രതിരോധ മന്ത്രിയായിരുന്ന എ കെ ആൻ്റണി അനുമതി നിഷേധിച്ചു . അമേരിക്കൻ സമ്മർദത്തിന് കേന്ദ്രം വഴങ്ങുകയായിരുന്നു. മുഖ്യമന്ത്രിയുടെ  നേതൃത്വത്തിൽ  പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള സർവ്വകക്ഷി സംഘം അന്ന് പ്രധാനമന്ത്രിയെ കണ്ടു. എന്നിട്ടും നിലപാട് മാറിയില്ല.

ഈ സാഹചര്യത്തിൽ വി എസ് സർക്കാർ 2006 ഡിസംബറിൽ വീണ്ടും സർവകക്ഷിയോഗം വിളിച്ചു റീടെൻഡർ നടപടി ആരംഭിച്ചു. 2007 ഏപ്രിലിൽ ആഗോള സംഗമം സംഘടിപ്പിച്ചു. 15 രാഷ്‌ടങ്ങളിൽ നിന്ന് 43 വിദേശ കമ്പനികൾ പങ്കെടുത്തു. അഞ്ച് കമ്പനികൾ യോഗ്യത നേടി. സർക്കാർ കമ്പനിക്ക് പണം നൽകുന്നതിനു പകരം 115 കോടി സർക്കാരിന് നൽകാമെന്ന് ആയിരുന്നു ലാൻകോ കൊണ്ടപ്പിള്ളിയുടെ ടെൻഡർ നിർദേശം. സ്വാഭാവികമായും ഈ കരാർ അംഗീകരി ച്ച് സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവച്ചു. കേന്ദ്രത്തിൽ നിന്നുള്ള സുരക്ഷാ ക്ലിയറൻസും ലഭിച്ചു. തുടർന്ന്. സ്ഥലം ഏറ്റെടുക്കുന്നതിനും റോഡ്, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുമായി 450 കോടി രൂപ സർക്കാർ അനുവദിച്ചു ഈ സമയം കൊണ്ടപ്പിള്ളിയുടെ ബിസിനസ് എതിരാളിയായ സൂ കൺസോർഷ്യം കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ നിയമയുദ്ധത്തിന് പുറപ്പെട്ടു. തുടർച്ചയായ അനിശ്ചിതത്വവും നിയമക്കുരുക്കും മൂലം ലാൻകോ കൊണ്ടപ്പിള്ളി പിന്മാറി. ഹൈദരാബാദ് കോൺഗ്രസ് (ഐ) എംപിയുടെ നേതൃത്വത്തിലുള്ള കൊണ്ടപ്പിള്ളി കൺസോർഷ്യം പിറകോട്ട് പോയതിനു പിന്നിലുണ്ടായ സമ്മർദ്ദങ്ങളെ സംബന്ധിച്ച് അന്ന് വാർത്തകൾ വന്നു ഫലത്തിൽ പരാതിക്കാരായ സൂം കൺസോർഷ്യം തള്ളപ്പെടുകയും കരാർ കിട്ടിയ കമ്പനി പിന്മാറുകയും ചെയ്തു. വി.എസ് സർക്കാർ ലാൻഡ് ലോർഡ് മോഡൽ രീതിയിൽ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചു. സർക്കാരിന്റെ മുൻകൈയിൽ തുറമുഖം നിർമിക്കുക. പിന്നീട് നടത്തിപ്പിന് പങ്കാളിയെ കണ്ടെത്തുക എന്നതാണ് രീതി. ഹൈദരാബാദിലെ ലാൻകോ കൊണ്ടപ്പിള്ളി പവർ പ്രൈവറ്റ് ലിമിറ്റഡ് മുഖ്യ അംഗമായുള്ള ലാൻകോ ഇൻഫ്രാടെക് ലിമിറ്റഡും മലേഷ്യയിലെ പെമ്പിനാൻ റെഡ്‌സായും ചേർന്ന കൺസോർഷ്യമാണ് ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ നൽകിയത്. അവർ സംസ്ഥാന സർക്കാരിൻ്റെ സഹായമില്ലാതെ തുറമുഖം നിർമിക്കാമെന്നും 30 വർഷത്തിനുശേഷം സംസ്ഥാന സർക്കാരിന് കൈമാറും എന്നുമായിരുന്നു വ്യവസ്ഥ പക്ഷേ, നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിൽ എത്തിയപ്പോൾ കമ്പനിയെ പിന്മാറ്റാൻ ചരടുവലി നടന്നു  അവർ കരാറിൽ നിന്ന് പിന്മാറി. 

ഈ സാഹചര്യത്തിൽ ഇൻ്റർനാഷണൽ ഫിനാൻസ് കോർപറേഷനെ (ഐഎഫ്‌സി) തുറമുഖ കോർപറേഷൻ്റെ കൺസൾട്ടൻസിയായി എൽഡിഎഫ് സർക്കാർ നിയമിച്ചു. ഐഎഫ്‌സിയുടെ നിർദേശ പ്രകാരം ഡ്യൂറി എന്ന ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തെ മാർക്കറ്റ് പഠനത്തിന് ചുമതലപ്പെടുത്തി. ഡ്യൂറി നടത്തിയ വിശദമായ പഠനവും ഐ.എഫ്‌സിയുടെ ശുപാർശയും പരിഗണിച്ചാണ് വിഴിഞ്ഞം തുറമുഖം പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്നത് പ്രായോഗികമല്ലെന്ന നിഗമനത്തിൽ ലാൻഡ് ലോർഡ് പോർട്ടായി വികസി പ്പിക്കാൻ എൽഡിഎഫ് സർക്കാർ ഉറച്ചത്. തുറമുഖത്തിൻ്റെ ഒന്നാം ഘട്ട നിർമാണത്തിനായി 1600 കോ ടി രൂപയും തുറമുഖ നടത്തിപ്പിനായി 900 കോടി രൂപയും ചെലവ് പ്രതീക്ഷിക്കുന്നതായാണ് ഐഎഫ്‌സി കണ്ടെത്തിയത്. അതിൽ 450 കോടി ബജറ്റ് വഴിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ലീഡ് പാർട്ണറായുഉള്ള ബാങ്ക് കൺസോർഷ്യം വഴി 2500 കോടി രൂപയും സമാഹരിക്കുന്നതിന് തിരുമാനിച്ചു. എസ്‌ബിഐ ക്യാപാണ് ഇതിനുള്ള നടപടികളുമായി മുന്നോട്ടു പോയത്.

തുറമുഖ നിർമാണം ആരംഭിക്കാനുള്ള പരിസ്ഥി തി ക്ലിയറൻസിനായി കേന്ദ്ര സർക്കാരിന് അപേഷ സമർപ്പിച്ചു പരിസ്ഥിതി മന്ത്രാലയത്തിൻ്റെ കിഴിലുള്ള 95 എക്സ്‌പർട്ട് അപ്രൈസൽ കമ്മിറ്റി 2011 ജനുവരി 19ന് പരിശോധിക്കുകയും  വല്ലാർപാടം, കുളച്ചൽ, മദ്രാസ്, തൂത്തുക്കുടി തുറമുഖങ്ങൾക്ക് സമീപത്തായതിനാൽ പരിസ്ഥിതി പഠനത്തിന് അനുവാദം നൽകാനാകില്ലെന്നു പറഞ്ഞ് കേരളത്തിന്റെ ആവശ്യം നിരസിക്കുകയും ചെയ്തു. 201 മാർച്ചിൽ വിണ്ടും അപേക്ഷയുമായി കേന്ദ്രത്തെ സമീപിച്ചു. ഈ എതിർപ്പിൻ്റെ പിന്നിലെല്ലാം കളിച്ചത് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ആയിരുന്നു.

എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് തുറമുഖത്തിൻ്റെ ഓപ്പറേറ്റർക്കു വേണ്ടി വിളിച്ച ടെൻഡറിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ടതും കേന്ദ്രാനുമതി ലഭിച്ചതുമായ വെൽസ്‌പൺ ഇൻഫ്രാടെക് ലിമിറ്റഡിൻ്റെ ടെൻഡർ പിന്നീട് അധികാരത്തിൽ എത്തിയ ഉമ്മൻചാണ്ടി സർക്കാർ 2012ൽ റദ്ദാക്കി 2015 ആഗസ്തു വരെ ഒരു നടപടിയും സ്വീകരിച്ചില്ല. കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് ഭരണമായിരുന്നപ്പോഴും പദ്ധതി മുന്നോട്ടു പോയില്ല അന്ന് പ്രതിരോധ മന്ത്രിയായിരുന്ന എ കെ ആൻ്റണി കേരളത്തിലേക്ക് പുതിയൊരു പദ്ധതി കൊണ്ടു വരുന്നതിന് ധൈര്യമില്ലെന്ന് പരസ്യമായി പ്രസ്‌താവിക്കുകയും ചെയ്തു അത്രയ്ക്ക് കെടുകാര്യസ്ഥത നിറഞ്ഞതായിരുന്നു ഉമ്മൻചാണ്ടി ഭരണം.

തുറമുഖത്തിനായി എൽഡിഎഫ്
പ്രക്ഷോഭം

ഈ ഘട്ടത്തിലാണ് വിഴിഞ്ഞം പദ്ധതിക്കു വേണ്ടി ശക്തമായ പ്രക്ഷോഭം എൽഡിഎഫ് സംഘടിപ്പിച്ചത്. വിഴിഞ്ഞം പദ്ധതി അട്ടിമറിക്കുന്ന സർക്കാരിനും അന്താരാഷ്‌ തുറമുഖ ലോബിക്കും എതിരെ 2012 ഒക്ടോബർ 23ന് ജനകീയ കൺവൻഷൻ സംഘടിപ്പിച്ചു. 2013 ഏപ്രിൽ 10ന് വിഴിഞ്ഞം മുതൽ സെക്രട്ടറിയറ്റു വരെ മനുഷ്യച്ചങ്ങല തീർത്തു. പിണറായി വിജയൻ ആദ്യ കണ്ണിയും പന്ന്യൻ രവിന്ദ്രൻ അവസാന കണ്ണിയുമായി. സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ 212 ദിവസം നീണ്ടു നിന്ന സമരം നടത്തി.

ഇതിനിടയിൽ വിഴിഞ്ഞം പദ്ധതി പിപിപി മോഡലിൽ പുനക്രമീകരിക്കാൻ ഉമ്മൻ ചാണ്ടി ആസൂത്രണ കമിഷൻ ഡെപ്യൂട്ടി ചെയർമാന് അയച്ച കത്തിൽ ആവശ്യപ്പെട്ടത് കേരളത്തെ ഞെട്ടിച്ചു. പദ്ധതി ഇപ്പോൾ പിപിപി മോഡൽ ആക്കിയെങ്കിലും ഡ്രഡ്ജിങ്,  റിക്ലമേഷൻ ബർത്ത് നിർമാണം തുടങ്ങിയവ സർക്കാർ നേരിട്ടു തന്നെ നടന്നെത്തുമെന്ന് എഴുതി കൊടുത്താണ് പരിസ്ഥിതി അനുമതി വാങ്ങിയത് ഇതിന്റെ അടിസ്ഥാനത്തിൽ പിപിപി മോഡലിൽ ടെൻഡർ ക്ഷണിച്ചു ടെർമിനൽ ഓപ്പറേഷനു വേണ്ടി മാത്രമല്ല പിപിപി വിളിച്ചത്. പോർട്ട് വികസിപ്പിച്ച് പ്രവർത്തിപ്പിക്കാനും അറ്റകുറ്റപ്പണികൾ നടത്താനുമാണ് പിപിപിക്ക് ബിഡ് വിളിച്ചത്. ഈ നിലയിൽ ടെൻഡർ ഉറപ്പിച്ചാൽ വിഴിഞ്ഞം പോർട്ട് മാത്രമല്ല, കുടലും കപ്പൽച്ചാലും വരെ ബീഡ് ചെയ്തവരുടെ കൈവശമാകും. കാശ് മുടക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് തുറമുഖത്തിൻ്റെ കാര്യത്തിൽ ഒരു നിയന്ത്രണവും ഉണ്ടാകില്ല.

ടെൻഡർ സമർപ്പിക്കാനുള്ള തീയതി മൂന്നുതവണ ദീർഘിപ്പിച്ചു. അഞ്ച് കമ്പനിയാണ് പ്രാഥമികയോഗ്യത നേടിയത്. അദാനി പോർട്സ്, എസ്.ആർ പോ ർട്സ്, ബ്രെ ഇൻഫ്രാസ്‌ട്രക്‌ചർ ഒ.എച്ച്.എൽ കൺ സോർഷ്യം, ഹുണ്ടായ് കൺസോർഷ്യം, ഗാമൺ ഇന്ത്യ എന്നിവയാണത്. അദാനി മാത്രമേ ടെൻഡർ സമർപ്പിച്ചിരുന്നുള്ളൂ 1835 കോടി രൂപ ഗ്രാൻ്റ് ആവശ്യ പ്പെട്ടുള്ള അദാനിയുടെ ടെൻഡർ അംഗീകരിച്ച് നിർമ്മാണം ഏൽപ്പിക്കാൻ ഉമ്മൻചാണ്ടി സർക്കാർ തയ്യാറായി ദുരൂഹമായ വഴികളിലൂടെയാണ് പദ്ധതി അദാനിയുടെ കൈകളിൽ എത്തിയത്. മുഖ്യമന്ത്രി, ഗൗതം - അദാനിയുമായി 2015 മാർച്ച് മൂന്നിന് ഡൽഹിയിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയ വാർത്തകളും ചർച്ചയായി ഏക ടെൻഡർ ആയിരുന്ന ഘട്ടത്തിൽ മലേഷ്യയിൽ നിന്നുണ്ടായ ഓഫർ യുഡിഎഫ്. സർക്കാർ അവഗണിക്കുകയും ചെയ്തു.

പദ്ധതി ചെലവിൻ്റെ ഭൂരിഭാഗവും സർക്കാർ വഹിക്കണമെന്ന  അവസ്ഥയാണ് സംജാതമായത്. 7525 കോടി രൂപ മൊത്തം ചെലവ് പ്രതീക്ഷിച്ച പദ്ധതിക്ക് 2454 കോടി രൂപ മാത്രമായിരുന്നു അദാനി ഗ്രൂപ്പിൻ്റെ വിഹിതം. മൂന്നിലൊന്നിൽ താഴെമാത്രം ചെലവഴിക്കുന്ന അദാനിക്ക് തുറമുഖത്തിനു മേൽ പൂർണ്ണാവകാശം 8000 കോടി രൂപയോളം അന്ന് മാർക്കറ്റ് വിലയുള്ള ഭൂമിയും പശ്ചാത്തല സൗകര്യങ്ങളും ആണ് കരാറിലൂടെ അദാനിക്ക് ലഭിക്കുന്നത് ഈ ഭൂമി പണയപ്പെടുത്തുന്നതിനും വാണിജ്യാവശ്യങ്ങൾക്ക് വിനിയോഗിക്കുന്നതിനും അദാനിക്ക് അവകാശവും നൽകി. 1635 കോടി രൂപ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ലാഭക്ഷമതാ സഹായമാണ്. 3137 കോടി സംസ്ഥാന സർക്കാർ വഹിക്കണം. ഇത്രയൊക്കെ ആനുകുല്യങ്ങൾ നൽകിയിട്ടും സംസ്ഥാന സർക്കാരിന് വരുമാനം കിട്ടാൻ 20 വർഷം കഴിയണം അതിനു ശേഷം വരുമാനത്തിൻ്റെ ഒരു ശതമാനം മാത്രമാണ് സംസ്ഥാനത്തിന് ലഭിക്കുക. പിന്നെയുള്ള ഓരോ വർഷവും ഒരു ശതമാനം വിതം കുട്ടി 40 വർഷം കൊണ്ട് 40 ശതമാനമായി ഉയർത്തും. ഇതിൻ്റെ 40 ശതമാനം കേന്ദ്രത്തിന് നൽകുകയും വേണം.

ഇതാണ് അന്ന് പ്രതിപക്ഷം 
ചൂണ്ടിക്കാട്ടിയത് . ഇതിനെയാണ്  ദേശാഭിമാനിയും പ്രതിപക്ഷവും  'കടൽ കൊള്ള' എന്ന് വിശേഷിപ്പിച്ചത്.  മുതൽ മുടക്കിന് ആനുപാതികമായി ഒരു പ്രത്യക്ഷനേട്ടവും സംസ്ഥാനത്തിന് ലഭിക്കുന്നില്ലെന്ന് പിന്നീട് സി ആൻഡ് എജിയും വ്യക്തമാക്കി. എന്നാൽ, പദ്ധതി നടത്തിപ്പിലെ കൊള്ളയെക്കുറിച്ച് ചൂണ്ടിക്കാട്ടുമ്പോഴും സി പിഐ എമ്മോ എൽഡിഎഫോ വിഴിഞ്ഞം പദ്ധതിക്ക് ഒരിക്കലും എതിരായിരുന്നില്ല. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി സംസ്ഥാന താൽപ്പര്യം സംരക്ഷിച്ച് നടപ്പാക്കണമെന്ന സമീപനമാണ് പാർട്ടി സ്വീകരിച്ചത്. വ്യവഹാരങ്ങളിലേക്ക് പോയി പദ്ധതി വൈകാതിരിക്കാനാണ് അദാനിയുമായുള്ള കരാറുമായി മുന്നോട്ടു പോകാൻ എൽഡിഎഫ് തയ്യാറായത്.

എത്രയോ വർഷങ്ങൾക്കു മുമ്പ് യാഥാർഥ്യം ആകേണ്ടിയിരുന്ന പദ്ധതി വൈകിപ്പിച്ചതും കേരളത്തിന്റെ താരൽപ്പര്യം സംരക്ഷിക്കാൻ ശ്രദ്ധിക്കാതിരുന്നതും കോൺഗ്രസും യുഡിഎഫും ആണെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാകും ആ കുറ്റബോധം കൊണ്ടായിരിക്കണം തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാവ് വിട്ടു നിന്നത്. ബിജെപിയാകട്ടെ കേരളത്തിന് ഗുണകരമായ ഒന്നും ചെയ്തതുമില്ല. വികസനത്തിന് അനുകൂലമായ എൽഡിഎഫിന്റെ സമീപനവും നിശ്ചയദാർഢ്യവുമാണ് പദ്ധതി യാഥാർഥ്യമാകാൻ കാരണം

https://www.deshabhimani.com/epaper/share/681b5a9f0c2d328342e44e34

No comments:

Post a Comment