Thursday, May 22, 2025

മുന്നേറ്റത്തിൻ്റെ പുതിയ അധ്യായം ©പുത്തലത്ത് ദിനേശൻ



മുന്നേറ്റത്തിൻ്റെ പുതിയ അധ്യായം

പുത്തലത്ത് ദിനേശൻ

കേരളത്തിലെ എൽഡിഎഫ് സർക്കാർ ഒമ്പതു വർഷത്തെ ഭരണം പൂർത്തിയാക്കി 10-ാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. അതിന്റെ ഭാഗമായുള്ള സർക്കാരിൻ്റെ ആഘോഷ പരിപാടികൾ ഇന്ന് സമാപിക്കും. ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച് ജനാധിപത്യത്തിന് പുതിയ മുഖം നൽകിയ പിണറായി സർക്കാർ സംവാദത്തിന്റെയും ജനകീയ മുന്നേറ്റത്തിന്റെയും പുതിയ മാതൃകയാണ് വാർഷികാഘോഷത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

സംസ്ഥാന രൂപീകരണത്തിലും വികാസത്തിലും കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഇടപെടലിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ എൽഡിഎഫ് സർക്കാർ സർ സി പി മുന്നോട്ടുവച്ച സ്വതന്ത്ര തിരുവിതാംകൂറെന്ന കാഴ്ചപ്പാടിനെതിരായ കമ്യൂണിസ്റ്റുകാരുടെ പോരാട്ടമാണ് ഇന്നത്തെ കേരളത്തെ രുപപ്പെടുത്തിയതിൽ സുപ്രധാന പങ്കുവഹിച്ചത്. സംസ്ഥാന രൂപീകരണത്തോടൊപ്പം തന്നെ ജന ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള പോരാട്ടങ്ങളും പ്രവർത്തനങ്ങളും പാർട്ടി നടത്തി. പാർലമെന്ററി സംവിധാനങ്ങളെയും അതിനായി എക്കാലവും ഉപയോഗപ്പെടുത്തി. മലബാർ ഡിസ്ട്രിക്ട് ബോർഡിലുൾപ്പെടെ നടത്തിയ ഇടപെടൽ ഇതിന്റെ ഭാഗമാണ്. ആ അനുഭവങ്ങളുടെയടക്കം പശ്ചാത്തലത്തിൽ നിന്നു കൊണ്ടാണ് 1956ൽ തൃശൂരിൽ ചേർന്ന കമ്യൂണിസ്റ്റ് പാർടി സംസ്ഥാന സമ്മേളനം 'പുതിയ കേരളം പടുത്തുയർത്താൻ കമ്യൂണിസ്റ്റ് പാർടിയുടെ നിർദേശങ്ങൾ' എന്ന രേഖ അംഗീകരിച്ചത്. അതിൻ്റെ അടിസ്ഥാനത്തിലാണ് കമ്യൂണിസ്റ്റ് പാർടിയെ ജനങ്ങൾ അധികാരത്തിൽ എത്തിച്ചത്. ബാലറ്റിലൂടെ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ എത്തിയതോടെ കേരളം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രവുമായി.

സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ അധികാരത്തിൽ എത്തുന്ന അനുഭവം കമ്യൂണിസ്റ്റ് പാർടിക്ക് അക്കാലത്തുണ്ടായിരുന്നില്ല. ഈ പ്രശ്‌നത്തെ വിജയകരമായി അതിജീവിച്ച് ആധുനിക കേരളത്തിന് അടിത്തറപാകാനും ഇക്കാലത്ത് കഴിഞ്ഞു. നിലവിലുള്ള വ്യവസ്ഥയ്ക്കകത്ത് അധികാരത്തിൽ എത്തുമ്പോൾ കമ്യൂണിസ്റ്റ് പാർടിയുടെ പരിപാടികൾ നടപ്പാക്കാനാകില്ലെന്ന് ജനങ്ങളോട് തുറന്നു പറഞ്ഞു അതോടൊപ്പം പറ്റാവുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രയോഗത്തിലൂടെ കാണിക്കുകയും ചെയ്തു. അത് പ്രായോഗികമാക്കുന്നതിനുള്ള ഇടപെടലും നടത്തി. ഭൂപരിഷ്‌കരണം, സാമൂഹ്യനീതി ഉറപ്പാക്കൽ, ആരോഗ്യ- വിദ്യാഭ്യാസ മേഖലയെ സൗജന്യമാക്കൽ, ഭരണയന്ത്രത്തെ നവീകരിക്കൽ, അധികാര വികേന്ദ്രീകരണം, സാംസ്‌കാരിക മേഖലയിലെ ഇടപെടൽ തുടങ്ങി ക്രിയാത്മകമായ പരിഷ്കാരങ്ങളുടെ പരമ്പരയിലൂടെ കേരളം മുന്നേറി പാർടിയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ പ്രവർത്തനവും ശക്തമായ ജനകീയ പോരാട്ടങ്ങളും കേരളത്തിൽ ജന്മിവർഗത്തെതന്നെ ഇല്ലാതാക്കി. സാമൂഹ്യവളർച്ചയുടെ ഭാഗമായി ഇടത്തരം വിഭാഗങ്ങൾ വളർന്നുവന്നു. ആഗോളവൽക്കരണ നയങ്ങൾ തൊണ്ണൂറുകളിൽ ശക്തിപ്പെട്ടതോടെ ജനജീവിതം കൂടുതൽ ദുസ്സഹമായി. കേരളത്തിലെ 20 ശതമാനത്തോളം ജനതയുടെ ജീവിതം ഈ കാലയളവിൽ മെച്ചപ്പെട്ടു. എന്നാൽ, ഏറ്റവും താഴെക്കിടയിലെ 30 ശതമാനത്തിന്റെ ജീവിതം കൂടുതൽ ദുരിതപൂർണമായി. ഇതിനിടയിലുള്ള 50 ശതമാനം ജനത തങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും അതേസമയം, പിന്നണിയിൽ തള്ളപ്പെടാതിരിക്കാനുമുള്ള ഇടപെടലുകളും നടത്തി. ഈ സാഹചര്യത്തെ മനസ്സിലാക്കി നയം തിരുത്തുന്നതിനു പകരം ആഗോളവൽക്കരണത്തെ പിൻപറ്റി യുഡിഎഫ് മുന്നോട്ടു പോയി. കേരളത്തിൻ്റെ കാർഷികമേഖലയെ തകർക്കുന്ന ആസിയൻ കരാറിനെ യുഡിഎഫ് പിന്തുണച്ചു. ഈ നിലപാടുകൾ കേരളത്തെ പിന്നോട്ടടിപ്പിച്ചു

2011-16 കാലത്തെ കേരളത്തിൻ്റെ സ്ഥിതി പരിശോധിച്ചാൽ ഇത് വ്യക്തമാകും. വാർഷിക സാമ്പത്തിക വളർച്ച മൂന്നുമുതൽ നാലുവരെ ശതമാനമായി ഇടിഞ്ഞു കാർഷിക വളർച്ചയാകട്ടെ -4.6 ശതമാനമായി. പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്‌ടം 460 കോടി രൂപയായി. പുതിയ വ്യവസായങ്ങൾ വന്നില്ല. സർക്കാരാകട്ടെ വാർഷിക അടങ്കലിൽ 61 ശതമാനം മാത്രം ചെലവാക്കുന്ന സ്ഥിതിയാണുണ്ടായത്. ഇങ്ങനെ ജനജീവിതം ദുരിതപൂ ർണമായ ഘട്ടത്തിലാണ് 2016 ലെ തെരഞ്ഞെടുപ്പിൽ കേരള വികസനത്തെ സംബന്ധിച്ച ക്രിയാത്മകമായ പദ്ധതികൾ എൽഡിഎഫ് മുന്നോട്ടു വച്ചത്.

"വേണം നമുക്കൊരു പുതുകേരളം, മതനിരപേക്ഷ - അഴിമതി രഹിത- വികസിത കേരളം' എന്നതായിരുന്നു ആ മുദ്രാവാക്യം. അതിന്റെ അടിസ്ഥാനത്തിൽ ഒരു കർമപദ്ധതിതന്നെ അവതരിപ്പിച്ചു. പുതിയ വ്യവസായങ്ങളും ആധുനിക കൃഷിയും അതിവേഗത്തിൽ വളരണം. സ്വകാര്യ മൂലധനത്തെ ആകർഷിക്കണമെങ്കിൽ പശ്ചാത്തല സൗകര്യം വികസിപ്പിക്കുക എന്നത് പ്രധാനമാണെന്ന് കാണണം. നമ്മുടെ പരമ്പരാഗത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് സമ്പൂർണ സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തണം കേരളത്തിലെ മതനിരപേക്ഷ ജനാധിപത്യ പൗരബോധത്തിൻ്റെ അടിത്തറയായ പൊതുവിദ്യാഭ്യാസ, ആരോഗ്യ മേഖലകൾ ഉൾപ്പെടെയുള്ള പൊതു സംവിധാനങ്ങൾ വികസിക്കണം. അവയുടെ ഗുണനിലവാരം ഉയർത്തണം. അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കണം. ഒന്നാം പിണറായി സർക്കാർ ഈ കാഴ്ചപ്പാട് അനുസരിച്ച് പ്രവർത്തിച്ചു. ബദൽ സാമ്പത്തിക സംവിധാനങ്ങളെ വികസിപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചു. കിഫ്ബിയുടെയും പെൻഷൻ ഫണ്ടിൻ്റെയുമെല്ലാം രൂപീകരണം ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു. ഇക്കാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളെയും അതിജീവിക്കാൻ സർക്കാരിനായി. വലതുപക്ഷം തകർത്തെറിഞ്ഞ കേരളത്തെ മുന്നോട്ട് നയിക്കുകയെന്ന ഉത്തരവാദിത്വം എൽഡിഎഫ് സർക്കാർ ഫലപ്രദമായി നടപ്പാക്കി രാജ്യത്തെമ്പാടും വർഗീയ സംഘർഷങ്ങളും ധ്രു വികരണങ്ങളും രൂപപ്പെട്ടപ്പോൾ മത സൗഹാർദത്തിന്റെ തുരുത്തായി കേരളം നിലകൊണ്ടു. ഇത്തരം ഇടപെടൽ പിണറായി സർക്കാരിനെ തുടർ ഭരണത്തിലേക്ക് നയിച്ചു

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയതോടെ കൂടുതൽ ക്രിയാത്മക പദ്ധതികൾ കൊണ്ടുവന്നു. വൈജ്ഞാനിക സമ്പദ്‌ഘടന കെട്ടിപ്പടുക്കുകയെന്ന കാഴ്ചപ്പാട് സ്വീകരിച്ചു പരമ്പരാഗത അറിവുകൾക്കൊപ്പം ആധുനിക അറിവുകളെ ഉൽപ്പാദന മേഖലയിൽ വിന്യസിക്കുക എന്നതായിരുന്നു അതിൻ്റെ അടിസ്ഥാനം. ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിച്ച് നീതിയുക്തമായി വിതരണം ചെയ്യുകയെന്നതാണ് ലക്ഷ്യം അതിനായി ഉന്നത വിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തുന്ന പദ്ധതികൾ ആവിഷ്‌കരിച്ചു . അങ്ങനെ, നവകേരളം രൂപപ്പെടുത്താനുള്ള നടപടികളിലേക്കും തുടർഭരണത്തിൻ്റെ പശ്ചാത്തലത്തിൽ നീങ്ങി.

ജനജീവിതത്തെ പടിപടിയായി ഉയർത്തി  കൊണ്ടുവരുന്ന നടപടിയാണ് സംസ്ഥാന സർക്കാർ മുന്നോട്ടുവച്ചത്. എന്നാൽ, രാഷ്ട്ര‌ീയ താൽപ്പര്യത്തോടെ കിഫ്ബിയെയും പെൻഷൻ ഫണ്ടിനെയും ഇല്ലാതാക്കാനുള്ള നടപടി കേന്ദ്രസർക്കാർ സ്വീകരിച്ചു കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. എന്തിനേറെ, വൈജ്ഞാനിക സമൂഹസൃഷ്‌ടിക്ക് സന്ദജ്ജമാക്കിയ സർവലാശാലകളെ ഗവർണറെ ഉപയോഗിച്ച് തകർക്കുന്ന സമീപനവും സ്വീകരിച്ചു. കാവിവൽക്കരണ അജൻഡകൾ നടപ്പാക്കാൻ ശ്രമിച്ചു നിയമസഭ പാസാക്കിയ ബില്ലുകൾ പോലും തടഞ്ഞുവച്ചു സംസ്ഥാനത്തിന് എതിരായുള്ള കേന്ദ്രസർക്കാരിൻ്റെ ഇത്തരം നീക്കങ്ങൾക്കൊപ്പം യൂഡിഎഫും നിലകൊണ്ടു.

സാമ്പത്തികവും രാഷ്‌ടീയവുമായി കേന്ദ്രം സൃഷ്ടിച്ച തടസ്സങ്ങളെ തട്ടി മാറ്റുന്നതിനുള്ള ശക്തമായ ഇടപെടൽ സംസ്ഥാന സർക്കാർ നടത്തി. കേരളത്തിന് അർഹതപ്പെട്ട വിഭവങ്ങൾക്കായി കോടതികളിലുൾപ്പെടെ തുടർച്ചയായി ഇടപെട്ടു ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ നയത്തിനെതിരായുള്ള പൊതുമുന്നേറ്റമായി അത് മാറി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പാസാക്കിയതു പോലുള്ള പ്രമേയങ്ങൾ മതനിരപേക്ഷ തയ്ക്കുള്ള പോരാട്ടത്തിൻ്റെ സാക്ഷ്യപത്രമായി.

കേന്ദ്ര നയത്തിനെതിരെ ശക്തമായി പൊരുതുമ്പോഴും ജനജീവിതത്തിന് പോറൽ ഏൽക്കാതിരിക്കാനുള്ള ബദൽനയങ്ങൾ നടപ്പാക്കി നീതി ആയോഗിന്റെ കണക്കുകളിലെല്ലാം ഇന്ത്യയിലെ മികച്ച സംസ്ഥാനമായി ഇന്നും കേരളമാണ് നിൽക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, വികേന്ദ്രീകൃത ഭരണനിർവഹണം, ദാരിദ്ര്യ നിർമ്മാർജനം എന്നീ മേഖലകളിൽ മാതൃകാപരമായ വഴി കേരളം സൃഷ്ട‌ിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം, വ്യവസായവളർച്ച, മാലിന്യ സംസ്കരണം തുടങ്ങിയവയിലെല്ലാം വലിയ മുന്നേറ്റം ഇക്കാലത്തുണ്ടായി. നിക്ഷേപത്തിന് ഒട്ടും അനുയോജ്യമല്ലാത്ത സംസ്ഥാനമാണ് കേരളമെന്ന വലതുപക്ഷ പ്രചാരണത്തെ മറികടന്നു നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന് ഇന്ത്യയിലെ ഏറ്റവും മികച്ച സാഹചര്യം നിലനിൽക്കുന്ന ഇടമാണ് കേരളമെന്ന അംഗീകാരം നേടാനും സാധിച്ചു. ഭരണയന്ത്രത്തെ ആധുനികവൽക്കരിക്കാനുള്ള പ്രവർത്തനങ്ങളും സജീവമായി നടക്കുകയാണ്. ജന്മിവർഗത്തെ ഇല്ലാതാക്കിയ കേരളത്തിൽ അതിദാരിദ്ര്യം പരിഹരിക്കാനുള്ള നടപടികളും തുടരുന്നു.

കേന്ദ്രം സൃഷ്‌ടിക്കുന്ന പ്രതിസന്ധികളെ മറികടന്ന് അടിസ്ഥാന ജനവിഭാഗത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും കേരളത്തിൻ് സമ്പദ്ഘ ടന കൂടുതൽ ചലനാത്മകമാക്കാനുമുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. അതിന് കൂടുതൽ കരുത്ത് പകരുന്നതാണ് വാർഷികാ ഘോഷ പരിപാടികളെന്ന് നിസ്സംശയം പറയാം. ഭാഷാ സംസ്ഥാന രൂപീകരണംതൊട്ട് കേരളത്തി ൻ്റെ സർവതോമുഖമായ കാര്യങ്ങളിലും ഇടപെട്ട കമ്യൂണിസ്റ്റ് പാർടി അതിദാരിദ്ര്യം പരിഹരിച്ച് കേരളീയ സമൂഹത്തിൽ പുതിയൊരധ്യായം എഴുതിച്ചേർക്കുകയാണ്. ഇങ്ങനെ മുന്നോട്ടു പോകുന്ന സർക്കാരിനെയും മുഖ്യമന്ത്രിയെയും ദുർബലപ്പെടുത്താനുള്ള വലതുപക്ഷ ശക്തികളുടെയും ഒരുവിഭാഗം മാധ്യമങ്ങളുടെയും ശ്രമങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടത് കേരളത്തിന്റെ ഭാവിക്ക് അനിവാര്യമാണ്. ആഗോളവൽക്കരണത്തിനെതി രെയും മതനിരപേക്ഷത സംരക്ഷിക്കാനും രാജ്യ ത്ത് ഉയർന്നുവരുന്ന പോരാട്ടങ്ങളിൽ എൽഡിഎ ഫ് സർക്കാരിൻ്റെ പങ്ക് സുപ്രധാനമാണെന്നതും വിസ്‌മരിക്കാനാകില്ല.


No comments:

Post a Comment