Wednesday, September 26, 2012

അമിതമായി ആളെ കയറ്റിയാല്‍ ഇന്‍ഷുറന്‍സും കിട്ടാതാകും അഡ്വ. കെ ആര്‍ ദീപ




  • അനുവദിച്ചതിലേറെ യാത്രക്കാരെ കുത്തിനിറച്ചു പോകുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ യാത്രക്കാര്‍ക്കെല്ലാം ഇന്‍ഷുറന്‍സ് ആനുകൂല്യം കിട്ടുമോ? ചെറിയ വാഹനങ്ങള്‍മുതല്‍ വലിയ വാഹനങ്ങള്‍വരെ അപകടത്തില്‍പ്പെടുമ്പോള്‍ ഈ തര്‍ക്കം ഉയരും. തര്‍ക്കം മുറുകി കോടതികയറും. എന്നാല്‍ യാത്രക്കാര്‍ക്ക് അനുകൂലമായ തീര്‍പ്പ് പ്രതീക്ഷിക്കേണ്ട. കാരണം സുപ്രീം കോടതി 2007ല്‍ ഈ വിഷയം പരിഗണിച്ച് തീര്‍പ്പാക്കിയിട്ടുണ്ട്. അപകടം ഉണ്ടാകുന്ന ഒരു വാഹനത്തിലെ യാത്രക്കാരുടെ ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കുമ്പോള്‍ ഇന്‍ഷുര്‍ചെയ്ത അത്രയും എണ്ണം യാത്രക്കാര്‍ക്കു മാത്രമേ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടതുള്ളൂ എന്ന് സുപ്രീം കോടതി അന്ന് വിധിച്ചു.

    വാഹനത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ഉത്തരവാദിത്തം കമ്പനിക്കില്ലെന്ന് ജ. എ കെ മാത്തൂറും ജ. പി കെ ബാലസുബ്രഹ്മണ്യനും ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചു. 2007 ആഗസ്ത് 20 നായിരുന്നു വിധി. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ അനുവദിച്ചായിരുന്നു ഉത്തരവ്. ഹിമാചല്‍പ്രദേശിലെ ഒരു സഹകരണ സ്ഥാപനത്തിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് ബസില്‍ 90 യാത്രക്കാരെങ്കിലും ഉണ്ടായിരുന്നു. ഡ്രൈവറും കണ്ടക്ടറുമടക്കം 44 പേരെ കയറ്റാനുള്ള അനുമതിയാണ് ഉണ്ടായിരുന്നത്. ഡ്രൈവറടക്കം 26 പേര്‍ അപകടത്തില്‍ മരിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും അവകാശികള്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലില്‍ പരാതി നല്‍കി. അപകടസമയത്ത് ബസില്‍ അമിതമായി യാത്രക്കാരുണ്ടായിരുന്നെന്നും ഡ്രൈവര്‍ ആവശ്യമായ യോഗ്യതയില്ലാത്തയാളായിരുന്നുവെന്നും ഇന്‍ഷുറന്‍സ് കമ്പനി വാദിച്ചു. അതുകൊണ്ട് നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിക്ക് ബാധ്യതയില്ലെന്നും വാദമുണ്ടായി. ട്രിബ്യൂണല്‍ ഇതൊന്നും അംഗീകരിക്കാതെ നഷ്ടപരിഹാരം അനുവദിച്ചു. കമ്പനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഹിമാചല്‍ സംസ്ഥാന സര്‍ക്കാരിനെക്കൂടി കേസില്‍ കക്ഷിചേര്‍ക്കണമെന്നുകൂടി അവര്‍ വാദിച്ചു. കാരണം ബസ് അമിതമായി ആളെ കയറ്റിയത് തടയാത്തതിന് ഉത്തരവാദി സര്‍ക്കാര്‍കൂടിയാണെന്നാണ് കമ്പനി ഇതിനു പറഞ്ഞ ന്യായം. കൂടുതല്‍ യാത്രക്കാരെ കയറ്റിയ സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ്കമ്പനിയും സര്‍ക്കാരും വാഹന ഉടമയും ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കണമെന്ന നിലപാടും കമ്പനി എടുത്തു. നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് അപകടത്തില്‍പ്പെട്ടവരുടെ അവകാശികളും ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജികളെല്ലാം കോടതി തള്ളി. സര്‍ക്കാരിനെ കക്ഷിചേര്‍ക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. ഈ വിധിക്കെതിരെയാണ് ഇന്‍ഷുറന്‍സ് കമ്പനി സുപ്രീം കോടതിയിലെത്തിയത്. അനുവദനീയമായതില്‍ കൂടുതലായി കയറ്റിയ യാത്രക്കാരുടെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കമ്പനി വാദിച്ചു. സുപ്രീം കോടതി മോട്ടോര്‍വാഹന നിയമത്തിലെ വിവിധ വ്യവസ്ഥകള്‍ പരിഗണിച്ചശേഷമാണ് കേസില്‍ വിധി പറഞ്ഞത്. രജിസ്ട്രേഷന്‍ സംബന്ധിച്ച നിയമത്തിലെ വ്യവസ്ഥപ്രകാരം വാഹനത്തില്‍ കയറ്റാവുന്ന യാത്രക്കാര്‍ മാത്രമേ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരികയുള്ളൂ. രജിസ്ട്രേഷന്‍ വ്യവസ്ഥകള്‍ക്കു വിരുദ്ധമായും പെര്‍മിറ്റിലെ നിര്‍ദേശങ്ങള്‍ ലംഘിച്ചും വാഹനത്തില്‍ കയറ്റുന്ന യാത്രക്കാര്‍ക്ക് അപകടമുണ്ടായാല്‍ അവരുടെ ഇന്‍ഷുറന്‍സ്ബാധ്യത കമ്പനിക്കില്ല. മൂന്നാം കക്ഷി എന്ന നിലയില്‍ യാത്രക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് ഇന്‍ഷുറന്‍സ്വ്യവസ്ഥ എന്ന വാദം കോടതി ശരിവച്ചു. എന്നാല്‍ ഇന്‍ഷുറന്‍സ് വ്യവസ്ഥയില്‍പ്പെടാത്ത കാര്യങ്ങളുടെ ബാധ്യത കമ്പനികളുടെ ചുമലില്‍ വയ്ക്കാനാകില്ല. ഒരു വാഹനത്തിലെ യാത്രക്കാരെ ഇന്‍ഷുര്‍ചെയ്യുന്നു എന്നതിനര്‍ഥം നിയമവിധേയമായി ആ വാഹനത്തില്‍ യാത്രചെയ്യാവുന്ന യാത്രക്കാരെ ഇന്‍ഷുര്‍ചെയ്യുന്നു എന്നാണ്. കമ്പനിയും ബസ് ഉടമയുമായുള്ള കരാര്‍ അനുസരിച്ചാണ് കമ്പനി ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കുന്നത.് അതുകൊണ്ടുതന്നെ കരാറിനു പുറത്തുള്ള കാര്യങ്ങള്‍ക്ക് കമ്പനിക്ക് ബാധ്യതയില്ല. ഈ സാഹചര്യത്തില്‍ 42 യാത്രക്കാര്‍ക്കേ കമ്പനിക്ക് ഇന്‍ഷുറന്‍സ് തുക നല്‍കാനാകൂ. അപ്പോള്‍ ഉയരുന്ന പ്രശ്നം ഏതൊക്കെ യാത്രക്കാരാണ് ഇന്‍ഷുറന്‍സിന് അര്‍ഹര്‍ എന്നത് എങ്ങനെ കണ്ടുപിടിക്കും എന്നതാണ്.

    ട്രിബ്യൂണല്‍ ആകെയുള്ള 90 യാത്രക്കാര്‍ക്കുമുള്ള നഷ്ടപരിഹാരം നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടിയ തുകയുള്ള 42 പേര്‍ക്ക് അനുവദിച്ച ആകെ തുക കമ്പനി നല്‍കണം. ഈ തുക 90 യാത്രക്കാര്‍ക്കായി ടിബ്യൂണല്‍ വീതിക്കണം. ട്രിബ്യൂണല്‍ ഉത്തരവുപ്രകാരം അപകടത്തില്‍പ്പെട്ടവരുടെ അവകാശികള്‍ക്കു കിട്ടേണ്ട ബാക്കി തുക ബസുടമയില്‍നിന്ന് ഈടാക്കാന്‍ അവകാശികളെ അനുവദിക്കണമെന്നും സുപ്രീം കോടതി വിധിച്ചു. ഇത്തരം കേസില്‍ അധികമായി കയറ്റുന്ന യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരം വാഹനം ജപ്തിചെയ്തോ മറ്റു മാര്‍ഗങ്ങളിലൂടെയോ വാഹന ഉടമയില്‍നിന്ന് ഈടാക്കണമെന്നും വിധിയില്‍ ട്രിബ്യൂണലുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

    advocatekrdeepa@gmail.com

No comments:

Post a Comment