Saturday, September 29, 2012

നേതാവിനു വഴങ്ങാത്തതിന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകയ്‌ക്ക് നിരന്തര പീഡനം‍‍


കോഴിക്കോട്‌: പ്രാദേശിക കോണ്‍ഗ്രസ്‌ നേതാവിന്റെ പീഡനത്തെതുടര്‍ന്ന്‌ ജീവിതം വഴിമുട്ടിയ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക രാഷ്‌ട്രീയം അവസാനിപ്പിക്കുന്നു. തൊഴിലാളികള്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച പ്രമുഖ കോണ്‍ഗ്രസ്‌ നേതാവിന്റെ മകള്‍ക്കാണ്‌ ജയില്‍വാസം അടക്കമുള്ള ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നത്‌.

നിരന്തരം ശല്യം ചെയ്യല്‍, അസമയത്തുള്ള ഫോണ്‍വിളി, പാര്‍ട്ടി ഓഫീസ്‌ മുറിയില്‍ അടച്ചിട്ടു മാപ്പുപറയിപ്പിക്കാന്‍ ശ്രമം, വാടക ഗുണ്ടകളെ വിട്ടു വധശ്രമം. ഒന്നിനും വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ വ്യാജ ചെക്ക്‌ കേസില്‍ കുടുക്കി ജയിലിലടയ്‌ക്കല്‍. പ്രാദേശിക നേതാവിന്റെ ഇംഗിതത്തിനു വഴങ്ങാതിരുന്ന, രണ്ടു കുട്ടികളുടെ അമ്മയായയുവതിക്കു നേരിടേണ്ടി വന്നത്‌ ഞെട്ടിക്കുന്ന അനുഭവങ്ങളാണ്‌.

കെ. കരുണാകരനൊപ്പം തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്‌ പ്രസ്‌ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ച കൊടുങ്ങല്ലൂരിലെ ടി.കെ. സീതിസാഹിബിന്റെ മകള്‍ സുലൈഖ അഷ്‌റഫിനാണു നേതാവിന്റെയും കൂട്ടരുടെയും പീഡനം കാരണം കോണ്‍ഗ്രസ്‌ രാഷ്‌ട്രീയം അവസാനിപ്പിക്കേണ്ടിവന്നത്‌. പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയിട്ടും ഫലമില്ലാത്തതിനാലാണ്‌ സുലൈഖ പൊതുസമൂഹത്തിനുമുമ്പാകെ തന്റെ അനുഭവങ്ങള്‍ തുറന്നുപറയുന്നത്‌.

ഐ.എന്‍.ടി.യു.സി. തൃശൂര്‍ ജില്ലാ പ്രസിഡന്റും ഡി.സി.സി. വൈസ്‌ പ്രസിഡന്റുമായിരുന്നു സീതി സാഹിബ്‌. ബാപ്പയുടെ പാതയിലൂടെ പൊതുപ്രവര്‍ത്തനത്തില്‍ തല്‍പ്പരയായ സുലൈഖ സ്‌കൂളില്‍ പഠിക്കുമ്പോള്‍ കെ.എസ്‌.യു. പ്രവര്‍ത്തകയായിരുന്നു. വിവാഹശേഷം ഭര്‍ത്താവ്‌ കേരളം വിട്ടപ്പോള്‍ സുലൈഖയും ഒപ്പംപോയി.

തൃശൂരില്‍ മടങ്ങിയെത്തിയതോടെ സാമൂഹ്യപ്രവര്‍ത്തന രംഗത്ത്‌ സജീവമായി. നാലുവര്‍ഷമായി മനുഷ്യാവകാശ സംഘടനയുമായി ബന്ധപ്പെട്ടാണു പ്രവര്‍ത്തിച്ചത്‌. ടി.കെ. സീതിസാഹിബ്‌ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്‌റ്റ് രൂപീകരിച്ച്‌ അഗതികള്‍ക്കും അനാഥര്‍ക്കും ആശ്വാസം പകര്‍ന്നു.

സംസ്‌ഥാനത്തു 'ജനശ്രീ' തുടങ്ങിയപ്പോള്‍ സുലൈഖ ജനശ്രീയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചു. കൊടുങ്ങല്ലൂര്‍ മേത്തല മണ്ഡലം ജനശ്രീ പ്രസിഡന്റായി. ഇടതുപക്ഷത്തിന്റെ കോട്ടയായ കൊടുങ്ങല്ലൂരില്‍ ജനശ്രീ സംഘടിപ്പിക്കുന്നതില്‍ മുന്നില്‍നിന്നു പ്രവര്‍ത്തിച്ചു. മണ്ഡലത്തില്‍ 150 യൂണിറ്റുകള്‍ രൂപീകരിച്ചതിനു പൊന്നാട ചാര്‍ത്തി ആദരിക്കുകയും ചെയ്‌തു.

ജനശ്രീയിലും മഹിളാ കോണ്‍ഗ്രസിലും സജീവമായപ്പോഴാണ്‌ കൊടുങ്ങല്ലൂരിലെ പ്രാദേശിക കോണ്‍ഗ്രസ്‌ നേതാവ്‌ പ്രലോഭനവും ഭീഷണിയുമായി വന്നത്‌. സുലൈഖയെ തന്റെ വഴിക്കു കൊണ്ടുവരാന്‍ ഇയാള്‍ പലവിധ ശ്രമങ്ങളും നടത്തി. ഫോണ്‍ കോള്‍, ഇടക്കിടെ യോഗം വിളിച്ചുചേര്‍ക്കല്‍, ഒരുമിച്ചു യാത്രചെയ്യാന്‍ പ്രേരിപ്പിക്കല്‍ എന്നിങ്ങനെയായിരുന്നു രീതി.

ഇതിനെയെല്ലാം സുലൈഖ ചെറുത്തപ്പോള്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. കൊടുങ്ങല്ലൂര്‍ താനാണു ഭരിക്കുന്നതെന്നും പറയുന്നതു കേട്ടെങ്കില്‍ മാത്രമേ പ്രസ്‌ഥാനത്തില്‍ തുടരാന്‍ കഴിയൂവെന്നും ഭീഷണി മുഴക്കി. ജനശ്രീയുടെ അവാര്‍ഡ്‌ തിരിച്ചുവാങ്ങുമെന്നുവരെയായി സ്വരം. യോഗങ്ങളില്‍ സുലൈഖക്കെതിരേ മോശമായി സംസാരിച്ചു. അവഹേളനങ്ങള്‍ നടത്തി.

പിന്നീട്‌ ഇവരെ തളര്‍ത്താനായി നീക്കം. മൂന്നു കേന്ദ്രങ്ങളില്‍ ജനശ്രീയുടെയും രണ്ടിടത്തു മഹിളാ കോണ്‍ഗ്രസിന്റെയും യോഗം ഒന്നിച്ച്‌ ഇയാള്‍ വിളിച്ചു ചേര്‍ത്തു. നാലെണ്ണത്തില്‍ പങ്കെടുത്ത സുലൈഖ അഞ്ചാമത്തേതിന്‌ എത്താന്‍ വൈകി. അവിടെ അവര്‍ എത്തും മുമ്പു യോഗം അവസാനിപ്പിച്ചു. പിറ്റേന്നു കൊടുങ്ങല്ലൂര്‍ ഇന്ദിരാഭവനിലെത്തി മഹിളാ കോണ്‍ഗ്രസ്‌ നേതാവിനോടു മാപ്പുപറയണമെന്ന്‌ ഇയാള്‍ നിര്‍ബന്ധിച്ചു. രാവിലെ പത്തിനു യോഗത്തിനെത്തിയ സുലൈഖയെ ഉച്ചവരെ ഇരിക്കാന്‍ അനുവദിച്ചില്ല. ഓഫീസിന്റെ വാതില്‍ പൂട്ടി. മാപ്പുപറയില്ലെന്ന്‌ ഉറച്ച നിലപാടെടുത്തപ്പോള്‍ ഭീഷണിയായി, കൈയേറ്റമായി. ബോധം കെട്ടു വീണ സുലൈഖയെ പിന്നീട്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭയം കാരണം പോലീസില്‍ പരാതി നല്‍കാന്‍ സുലൈഖ തയാറായില്ല.

വാടകഗുണ്ടയെ ഉപയോഗിച്ചു കൈകാര്യം ചെയ്യാനും ശ്രമം നടന്നുവെന്നു സുലൈഖ പറയുന്നു. കത്തിയുമായെത്തിയ ഗുണ്ടയെ സുലൈഖ നാട്ടുകാരുടെ സഹായത്തോടെ കീഴ്‌പ്പെടുത്തി. ഇതിനു ശേഷമാണു സുലൈഖയുടെ സൃഹൃത്തുക്കളെ സ്വാധീനിച്ചു വ്യാജ ചെക്ക്‌കേസില്‍ പോലീസീനെക്കൊണ്ട്‌ അറസ്‌റ്റ് ചെയ്യിപ്പിച്ചത്‌. അഞ്ചു ദിവസം വിയ്യൂര്‍ ജിയിലില്‍ കഴിഞ്ഞു. 30 സെന്റ്‌ സ്‌ഥലം കോടതി ജപ്‌തി ചെയ്‌തു. സാമൂഹ്യ പ്രവര്‍ത്തനവും ജനശ്രീ പ്രവര്‍ത്തനവും ലക്ഷങ്ങളുടെ ബാധ്യതയാണ്‌ ഇവര്‍ക്കു വരുത്തിവച്ചത്‌. ഒമ്പതു ലക്ഷം രൂപ കടം വന്നു. സ്വര്‍ണം പണയംവക്കേണ്ടിവന്നു. ഭീഷണിയും കേസുകളും ഇതിനു പുറമെ. പൊതുപ്രവര്‍ത്തനരംഗത്തെ ദുരനുഭവങ്ങള്‍ തളര്‍ത്തിയ ഇവര്‍ സമാധാനം തേടിയാണു കോഴിക്കോട്ടെത്തിയത്‌. പ്രതിസന്ധിയിലും ഭര്‍ത്താവ്‌ നല്‍കുന്ന പിന്തുണയാണ്‌ ഇവര്‍ക്കു കരുത്ത്‌.

കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയ്‌ക്കും ജനശ്രീമിഷന്‍ ചെയര്‍മാന്‍ എം.എം. ഹസനും പരാതി നല്‍കിയിട്ടും ചെവികൊണ്ടില്ലെന്നു സുലൈഖ പറയുന്നു. ഇപ്പോള്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനു പരാതി നല്‍കി കാത്തിരിക്കുകയാണ്‌.

എം. ജയതിലകന്‍

No comments:

Post a Comment