Sunday, September 9, 2012

സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് സിപിഐ എമ്മിനെ വേട്ടയാടാന്‍: കാരാട്ട്




ന്യൂഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് പാര്‍ടി സംസ്ഥാന നേതാക്കളെയും കള്ളക്കേസില്‍ കുടുക്കാനാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പ്രത്യേക അന്വേഷണസംഘം കേസില്‍പ്പെടുത്തിയിട്ടില്ലാത്ത നേതാക്കളെക്കൂടി ഉള്‍പ്പെടുത്തുക എന്ന രാഷ്ട്രീയലക്ഷ്യമാണ് ഈ ആവശ്യത്തിനു പിന്നില്‍. ഈ ഗൂഢാലോചന തിരിച്ചറിയണമെന്ന് കാരാട്ട് ജനങ്ങളോട് അഭ്യര്‍ഥിച്ചു. ദ്വിദിന പൊളിറ്റ്ബ്യൂറോ യോഗത്തിനുശേഷം എ കെ ജി ഭവനുമുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കാരാട്ട്. സിപിഐ എമ്മിന്റെ സംസ്ഥാന നേതൃത്വത്തെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നു കാണിച്ച് ആര്‍എംപിയാണ് സിബിഐ അന്വേഷണം എന്ന ആവശ്യം ഉന്നയിച്ചത്. സംസ്ഥാന ആഭ്യന്തരമന്ത്രിയാകട്ടെ സിബിഐ അന്വേഷണത്തോട് എതിര്‍പ്പില്ലെന്ന് അറിയിച്ചിട്ടുണ്ട്. വ്യാജകേസുകളില്‍ കുടുക്കി സിപിഐ എം നേതാക്കളെ വേട്ടയാടുന്ന സമീപനം യുഡിഎഫ് സര്‍ക്കാര്‍ തുടരുകയാണ്. പാര്‍ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെയും മറ്റു രണ്ട് സംസ്ഥാനകമ്മിറ്റി അംഗങ്ങളെയും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ജില്ലാ സെക്രട്ടറിയറ്റ്, ഏരിയ, ലോക്കല്‍ കമ്മിറ്റി അംഗങ്ങളെയും ഇത്തരം കേസുകളില്‍ പെടുത്തി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളാക്കിയ 76 പേരില്‍ സിപിഐ എം കേഡര്‍മാരെയും തെറ്റായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വധവുമായി സിപിഐ എമ്മിന് ബന്ധമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ശരിയായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും സിപിഐ എം തുടക്കംമുതലേ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന പൊലീസിനുമേല്‍ നടന്ന രാഷ്ട്രീയസമ്മര്‍ദത്തിന് വിധേയമായ അന്വേഷണത്തിനുശേഷമാണ് സിബിഐ അന്വേഷണത്തിന് ആവശ്യമുയര്‍ന്നിട്ടുള്ളത്. ഇത് വീണ്ടും സിപിഐ എമ്മിനെ വേട്ടയാടാനാണ്- പിബി പ്രസ്താവനയില്‍ വ്യക്തമാക്കി. ആഗസ്ത് 22ന് കലക്ടറേറ്റുകളും സെക്രട്ടറിയറ്റും ഉപരോധിച്ചുള്ള പ്രക്ഷോഭം വന്‍ വിജയമാക്കിയ സിപിഐ എം കേരളഘടകത്തെ പിബി അഭിനന്ദിച്ചു. ഭക്ഷ്യസുരക്ഷ, സാര്‍വത്രിക പൊതുവിതരണസമ്പ്രദായം എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തിയ പ്രക്ഷോഭത്തില്‍ സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികംപേര്‍ പങ്കെടുത്തുവെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു. പിബി യോഗത്തില്‍ കേരളത്തില്‍നിന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment