Sunday, September 2, 2012

ലീഗ് ആസ്ഥാനത്തേക്ക് 2266 കോടിയുടെ പദ്ധതി




തിരു: എമര്‍ജിങ് കേരളക്കെതിരെ യുഡിഎഫിനകത്തും പ്രതിഷേധം ശക്തമാകുന്നതിനിടെ ലീഗ് ആസ്ഥാനത്തേക്ക് 2266 കോടിയുടെ എഡ്യൂ-ഹെല്‍ത്ത് സിറ്റി പദ്ധതി. മന്ത്രി കുഞ്ഞാലിക്കുട്ടി ചെയര്‍മാനായ ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള ലിമിറ്റഡ് (ഇന്‍കെല്‍) ആഭിമുഖ്യത്തില്‍ മലപ്പുറത്തെ പാണക്കാട് വില്ലേജില്‍ 183 ഏക്കറിലാണ് പദ്ധതി നടപ്പാക്കുക.

വ്യവസായ വകുപ്പിന്റെ ഭൂമി ദീര്‍ഘകാലത്തേക്ക് സ്വകാര്യ മേഖലയ്ക്ക് പാട്ടത്തിനു നല്‍കി നടപ്പാക്കുന്ന എഡ്യൂ-ഹെല്‍ത്ത് സിറ്റി എമര്‍ജിങ് കേരളയില്‍ അവതരിപ്പിക്കുന്ന വന്‍ പദ്ധതിയാണ്. മുസ്ലിംലീഗ് നേതാക്കളുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് പദ്ധതി എമര്‍ജിങ് കേരളയില്‍ അവതരിപ്പിക്കുന്നത്. 2017നകം പൂര്‍ത്തിയാകത്തക്കവിധമാണ് പദ്ധതിയുടെ ഘടന. റോഡ്, വൈദ്യുതി വിതരണം, തെുരുവുവിളക്കുകള്‍, ജലവിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ 73.81 കോടി മുടക്കി വന്‍കിട സംരംഭകര്‍ക്കായി ഒരുക്കിക്കൊടുക്കും. പദ്ധതിയുടെ അവശേഷിക്കുന്ന മുതല്‍മുടക്കാണ് 2266 കോടി രൂപ. ഇത് സംരംഭകര്‍ മുടക്കണം. 89 ലക്ഷം ചതുരശ്രഅടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. സെന്റര്‍ ഓഫ് എക്സലന്‍സ്, നേഴ്സിങ് കോളേജ്, ഫാര്‍മസി കോളേജ്, പാരാമെഡിക്കല്‍-ആയുര്‍വേദ വിഭാഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന മെഡിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം, ആയിരം കിടക്കകളുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, ക്യാന്‍സര്‍ ആശുപത്രി തുടങ്ങിയവ ഉള്‍പ്പെടുന്ന ആരോഗ്യപരിപാലന വിഭാഗം, ടെക്നോളജിയിലും മാനേജ്മെന്റിലും അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം അടങ്ങുന്നതാണ് പദ്ധതി. ഹോട്ടലുകള്‍, ഗസ്റ്റ്ഹൗസുകള്‍, ടൗണ്‍ഷിപ്പുകള്‍ തുടങ്ങിയവയും സ്ഥാപിക്കും.

വിദ്യാഭ്യാസമേഖലയിലെ ലീഗ്വല്‍ക്കരണത്തിന്റെ വിവാദം കെട്ടടങ്ങുന്നതിനു മുമ്പാണ് എമര്‍ജിങ് കേരളയിലെ വമ്പന്‍ പദ്ധതി മുസ്ലിം ലീഗ് കൈക്കലാക്കുന്നത്. റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങളാണ് ഇതിനു പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് 26 ശതമാനവും സ്വകാര്യമേഖലയ്ക്ക് 74 ശതമാനവും ഓഹരിയുള്ള ഇന്‍കെലിന് അങ്കമാലിയിലും വല്ലാര്‍പാടത്തും പദ്ധതികളുണ്ടെങ്കിലും അതൊന്നും എമര്‍ജിങ് കേരളയില്‍ സ്ഥാനംപിടിച്ചില്ല. വാണിജ്യ സമുച്ചയങ്ങള്‍ സ്ഥാപിക്കാന്‍ സുപ്രധാന കേന്ദ്രങ്ങളില്‍ ഇന്‍കെല്‍ റവന്യൂവകുപ്പിനോട് ഭൂമി ആവശ്യപ്പെട്ടത് വിവാദമായിരുന്നു. തിരുവനന്തപുരം, കോഴിക്കോട് അടക്കമുള്ള കേന്ദ്രങ്ങളിലെ കണ്ണായ ഭൂമി 99 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കണമെന്നായിരുന്നു ആവശ്യം. പാട്ടവ്യവസ്ഥകളുടെ നഗ്നമായ ലംഘനമായിരിക്കും ഇതെന്നു ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് ഈ ആവശ്യം നിരസിക്കുകയായിരുന്നു.

No comments:

Post a Comment