Sunday, June 9, 2024

ചാഞ്ഞ മരത്തിൽ പാഞ്ഞു കയറുമ്പോൾ ഓർക്കേണ്ട ചില കാര്യങ്ങൾ © P S Ramsad



ആര്‍ക്കും എപ്പോഴും പാഞ്ഞു കയറാവുന്ന ചാഞ്ഞ മരങ്ങളില്‍ ഒന്നാം സ്ഥാനത്താണ് കേരളത്തിലെ ഇടതുപക്ഷം, പ്രത്യേകിച്ചു സിപിഎം. അവരെ തിരുത്താനും നന്നാക്കാനും നേര്‍വഴി നടത്താനും ജീവിതം ഉഴിഞ്ഞു വച്ചവര്‍ കുറച്ചൊന്നുമല്ല. നിങ്ങളിലാണ് പ്രതീക്ഷ എന്ന ആമുഖത്തോടെയാണ് പ്രതിസന്ധി ഘട്ടങ്ങളിലും, പ്രതിസന്ധി എന്ന് ഇക്കൂട്ടര്‍ ചിന്തിച്ചുണ്ടാക്കുന്ന ഘട്ടങ്ങളിലും ഇടതുപക്ഷത്തെ നന്നാക്കാനും നവീകരിക്കാനും ഇറങ്ങുന്നത്; എം എന്‍ കാരശ്ശേരിയെയൊക്കെ കടത്തി വെട്ടി ഇപ്പോള്‍ മാര്‍ കൂറിലോസ് മുന്നിലെത്തി എന്നേയുള്ളു. ക്യൂവില്‍ പലരുമുണ്ട്. ഏതെങ്കിലും കാലത്ത് ഇടതുപക്ഷത്തെ അതിന്റെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ അഭിനന്ദിക്കുകയോ നല്ല വാക്കു പറയുകയോ ചെയ്തിട്ടുണ്ടെങ്കില്‍ തെരഞ്ഞെടുപ്പു തോല്‍വിയുടെ ഘട്ടത്തില്‍ കുരിശിലേറ്റാനുള്ള അര്‍ഹതയായി എന്നാണ് വിചാരം. തെരഞ്ഞെടുപ്പു ഫലം വന്ന ദിവസം ഏഷ്യാനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സുഹൃത്ത് ആര്‍. അജയഘോഷ് പറയുന്നതു കേട്ടു, 'സിപിഎമ്മിന്റെ മുസ്‌ലിം പ്രീണനത്തിനെതിരേ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. പാര്‍ട്ടിക്കുള്ളില തന്നെ ആ നയത്തോട് എതിര്‍പ്പുള്ളവരുണ്ട്'. സത്യത്തില്‍ അമ്പരന്നു പോയി. പ്രിയപ്പെട്ട ഘോഷേ, ഇടതുപക്ഷത്തിന് എതിരേ മുസ്‌ലിം പ്രീണന ആക്ഷേപം ഉന്നയിക്കുന്നതും അതൊരു രാഷ്ട്രീയ അജന്‍ഡ തന്നെയാക്കി കൊണ്ടു നടക്കുന്നതും ആരാണ്? സംഘപരിവാര്‍ അല്ലേ ? മുസ്‌ലിം പ്രീണനം എന്ന വിശേഷണം തന്നെ അവരുടെ പദാവലിയിലുള്ളതല്ലേ? ഇടതുപക്ഷം മുസ്‌ലീങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും ആദിവാസികളുടെയും നീതിക്കു വേണ്ടി നിലകൊള്ളുന്നത് പ്രീണനമാണോ? സ്ത്രീ തുല്യതയ്ക്കു വേണ്ടി ഇടപെടുന്നത് സ്ത്രീ പ്രീണനമാകുമോ? മര്‍ദിത, പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്കൊപ്പം നിലകൊള്ളുന്ന എല്ലാ രാഷ്ട്രീയ ശരികളും കെട്ടിപ്പൊക്കിയിരിക്കുന്നത് നീതിയോടുള്ള ഉറച്ച പ്രതിബദ്ധതയില്‍ നിന്നാണ്. ആ പ്രതിബദ്ധത ഇടതുപക്ഷം  മുസ്‌ലീങ്ങളോടും പ്രകടിപ്പിക്കുന്നത് മതനിരപക്ഷേ, ജനാധിപത്യ ശക്തികള്‍ എന്ന നിലയ്ക്കു കൂടിയാണ്. മതത്തിന്റെയും സമുദായത്തിന്റെയും പേരിലുള്ള വിവേചനത്തിന് ആരെയും വിട്ടുകൊടുക്കില്ല എന്ന ഭരണഘടന തൊട്ടുള്ള പ്രഖ്യാപനമാണ് അത്. പൗരത്വ നിയമ ഭേദഗതി ഈ കേരളത്തില്‍ നടപ്പാക്കില്ല എന്ന് 82 വയസ്സായ ഒരു മനുഷ്യന്‍ ( പിണറായി വിജയൻ എന്നാണ് പേര്) തന്റെ എല്ലാ അനാരോഗ്യ സ്ഥിതിയും അവഗണിച്ച് കേരളത്തിന്റെ മുക്കു മൂലകളില്‍  പോലും എത്തി ആത്മവിശ്വാസം പകര്‍ന്നത് പ്രീണനമാണോ അത് മതേതര പ്രതിബദ്ധതയാണോ എന്ന് ചിന്തിക്കുക.

ശരിയാണ് : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഒരു സീറ്റേ ഇത്തവണയും കിട്ടിയുള്ളു. അതിനെ രാഷ്ട്രീയ എതിരാളികള്‍ പരിഹസിക്കുന്നതും ഇടതുപക്ഷം ഇതാ തകര്‍ന്നു തരിപ്പണമായിരിക്കുന്നു എന്ന് ആശ്വാസം കൊള്ളാന്‍ ശ്രമിക്കുന്നതുമൊക്കെ മനസ്സിലാക്കാം. അതു സ്വാഭാവികമാണല്ലോ. അതല്ലാതെ, തോല്‍വിയെ രാഷ്ട്രീയ സത്യസന്ധതയോടെ വിലയിരുത്താന്‍ യുഡിഎഫോ ബിജെപിയോ തയാറാകും എന്നു വിചാരിക്കാന്‍ പറ്റുമോ? സ്വന്തം തോല്‍വി തന്നെ ശരിയായി വിലയിരുത്താന്‍ കഴിയാത്തവരാണ് അവര്‍ എന്ന് പലവട്ടം തെളിയിച്ചിട്ടുമുണ്ട്. പക്ഷേ, ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രസക്തിയെയും ഫാസിസ്റ്റുവിരുദ്ധ, വര്‍ഗ്ഗീയ വിരുദ്ധ രാഷ്ട്രീയ പരിസരം രൂപപ്പെടുത്തുന്നതില്‍ അവരുടെ അതിനിര്‍ണായക പങ്കിനെയും കുറിച്ച് ശരിയായി അറിയാവുന്നവര്‍ അതിനു വിരുദ്ധമായ എന്തെങ്കിലുമൊക്കെ പറയുന്നത് വിമര്‍ശനത്തിന്റെയും സംവാദത്തിന്റെയും ശരിയായ രീതി അല്ല. "ധാര്‍ഷ്ട്യവും ധൂര്‍ത്തും; കിറ്റ് രാഷ്ട്രീയം; എപ്പോഴും പ്രളയവും മഹാമാരിയും രക്ഷക്കെത്തില്ല " തുടങ്ങിയ പ്രയോഗങ്ങള്‍ക്ക് തലക്കെട്ടു കിട്ടും; തല്‍ക്കാലത്തേക്കു മാത്രമുള്ള കയ്യടികളും കിട്ടും. അത്രതന്നെ. കിറ്റും പ്രളയവുമാണോ ഇടതുപക്ഷത്തിനു ഭരണത്തുടര്‍ച്ച കിട്ടിയതിന്റെ കാരണങ്ങള്‍? ആ നിരീക്ഷണം വി ഡി സതീശനും കെ സുധീകരനും കെ സുരേന്ദ്രനും യോജിക്കും; കാര്യങ്ങളെ വസ്തുതാപരമായി മനസ്സിലാക്കി വിലയിരുത്തുന്നവര്‍ക്കു ചേരില്ല. ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടിട്ട് വലത്തോട്ട് വണ്ടി തിരിക്കരുത് എന്ന് കുറിലോസ് തിരുമേനി തന്നെ സ്വയം മനസ്സിലാക്കുകയല്ലേ വേണ്ടത്?

തോല്‍വിക്കു കാരണമായി കുറ്റപ്പെടുത്തലുകളുടെ ഒരു പട്ടിക തന്നെ അദ്ദേഹം നിരത്തുന്നു. അതേ പട്ടിക കോണ്‍ഗ്രസുകാരുടെയും ബിജെപിക്കാരുടെയും കൈയില്‍ അങ്ങനെ തന്നെ ഇരിക്കുന്നത് കേരളം കണ്ടതാണ്. ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമായിരുന്നത്രേ. ശരിയാ, തിരുമേനീ, പ്രകടനമികവ് അപ്പപ്പോള്‍ മാധ്യമങ്ങളിലൂടെ നാട്ടുകാരില്‍ എത്തിക്കുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടിട്ടുണ്ട്. പക്ഷേ, ജനങ്ങള്‍ക്ക് അവരുടെ ഏതെങ്കിലും കാര്യത്തില്‍ ഈ സര്‍ക്കാരിലെ ഏതെങ്കിലും മന്ത്രിയെ കിട്ടാതെ വന്നിട്ടുണ്ടോ? തെറ്റായ സാമ്പത്തിക നയത്തേക്കുറിച്ചുള്‍പ്പെടെ അങ്ങ് പറഞ്ഞല്ലോ. കേന്ദ്ര സര്‍ക്കാര്‍ ഈ സര്‍ക്കാരിനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുമ്പോള്‍ അരുത് കാട്ടാളന്മാരേ എന്ന് ഒരു വട്ടമെങ്കിലും പറഞ്ഞിട്ടുണ്ടോ? പ്രളയവും മഹാമാരിയുമാണ് ജനപിന്തുണയ്ക്കു കാരണം എന്ന മഹാ അബദ്ധം പറയുമ്പോള്‍ അത് വിവരദോഷമാണ് എന്ന് ചൂണ്ടിക്കാണിച്ചു പോകുന്നത് സങ്കടം കൊണ്ടാണ്; പിണറായിയുടെ വിദ്വേഷ പ്രസംഗമല്ല അത്.

ശരിയാണ്, എണ്ണത്തില്‍ കുറവാണ് ഇടതുപക്ഷം. പക്ഷേ, എണ്ണത്തില്‍ കൂടുതലുള്ളവരേക്കാള്‍ അതിശക്തമായി നിന്ദിതരുടെയും പീഡിതരുടെയും തൊഴിച്ചെറിയപ്പെടുന്നവരുടെയും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ വേട്ടയാടപ്പെടുന്നവരുടെയും നാവും നായകരുമായി മാറാന്‍ അവര്‍ക്കു കഴിയുന്നുണ്ട്. കാലമാണ് സാക്ഷി, അനുഭവങ്ങളാണ് തെളിവ്. ഇനിയും അത് അങ്ങനെ തന്നെയായിരിക്കും. ഇന്ത്യാ മുന്നണി എന്ന ഫാസിസ്റ്റു വിരുദ്ധ രാഷ്ട്രീയ കൂട്ടായ്മയുടെ രൂപീകരണത്തിലുള്‍പ്പെടെ ഇടതുപക്ഷം വഹിച്ച വലിയ പങ്കിന്റെ റിസല്‍റ്റാണ് ബിജെപിക്ക് കേവല ഭൂരിപക്ഷം ഇല്ലാതെ വന്നതും രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കപ്പെടും എന്ന ഉറപ്പുണ്ടായിരിക്കുന്നതും അധികാരം  ഉപയോഗിച്ച് എന്തും ചെയ്തു കളയാം എന്ന ധാര്‍ഷ്ട്യത്തിനു കടിഞ്ഞാണിടാന്‍ കഴിയുന്ന ശക്തമായ ഒരു പ്രതിപക്ഷം രാജ്യത്ത് ഉണ്ടാകുന്നതും.

കേരളത്തില്‍ ബിജെപിക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു എംപി ഉണ്ടായതിനെക്കുറിച്ചും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ ഒന്ന് പത്താകുന്നതു തടയാന്‍ എന്തു രാഷ്ട്രീയ ഉദ്‌ബോധനമാണ് കേരളത്തിനു നല്‍കേണ്ടത് എന്നും ചിന്തിക്കേണ്ട സമയമാണ്; അതിനു പകരം, കേരളത്തെ കേരളമായി നിലനിര്‍ത്താന്‍ നെട്ടോട്ടം ഓടിക്കൊണ്ടിരിക്കുന്നവരുടെ കാല്‍പ്പാദത്തില്‍ ആണിയടിച്ച് തറയ്ക്കാന്‍ ശ്രമിക്കരുത്. പലവട്ടം അളന്നു തൂക്കിയും ഉരച്ചു നോക്കിയും രാഷ്ട്രീയശരികള്‍ നിശ്ചയിക്കേണ്ട കാലമാണെന്നു മറക്കരുത്. നമുക്ക് ഇടതുപക്ഷത്തിനൊപ്പം തന്നെ ശരിയായ തിരിച്ചറിവുകളോടെ നിൽക്കണം, പിതാവേ.
അത് ഈ നാടിൻ്റെ , ഈ കാലത്തിൻ്റെ ഏറ്റവും വലിയ ശരിയാണ്.

(തുടരും)
https://www.facebook.com/share/p/b7iECYH7jHiDq8kP/?mibextid=oFDknk

No comments:

Post a Comment